11/06/2024
തൻ്റെ സഹോദരി പ്രിയങ്ക ഗാന്ധി വാരാണസി ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രണ്ടോ മൂന്നോ ലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തുമായിരുന്നെന്ന് റായ്ബറേലി എംപി രാഹുൽ ഗാന്ധി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മൂന്ന് ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച റായ്ബറേലിയിലാണ് രാഹുൽ ഗാന്ധി പ്രസ്താവന നടത്തിയത്.
അഹങ്കാരം കൊണ്ടല്ല താനിത് പറയുന്നത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയത്തിൽ തൃപ്തരല്ലെന്ന സന്ദേശമാണ് ഇന്ത്യയിലെ ജനങ്ങൾ അറിയിച്ചത്. വിദ്വേഷത്തിനും അക്രമത്തിനും എതിരെ നിലകൊള്ളുന്നു എന്ന സന്ദേശമാണ് ജനങ്ങൾ നൽകിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്ന് മത്സരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായ മൂന്നാം തവണയും വിജയിച്ചു. എന്നാൽ അദ്ദേഹത്തിന്റെ വിജയ മാർജിൻ 2019ലേയും 2014നേക്കാളും കുറവായിരുന്നു. 2019ൽ മോദിക്ക് നാലര ലക്ഷത്തിൻ്റെ ഭൂരിപക്ഷമാണ് ഉണ്ടായത്. എന്നാൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അ ദ്ദേഹത്തിന്റെ ഭൂരിപക്ഷം ഒന്നര ലക്ഷമായി കുറഞ്ഞു. വാരണാസിയിൽ കോൺഗ്രസിൻ്റെ അജയ് റായിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്നു.
2014ന് ശേഷം ഉത്തർപ്രദേശിൽ ഭാരതീയ ജനതാ പാർട്ടിയുടെ ഏറ്റവും ദയനീയമായ പ്രകടനമായിരുന്നു ഈ തെരഞ്ഞെടുപ്പിലേത്. 33 ലോക്‌സഭാ സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. സമാജ്വാദി പാർട്ടി നേടിയതിനേക്കാൾ നാല് സീറ്റുകളുടെ കുറവാണിത്.
പ്രിയങ്ക ഗാന്ധി ഈ തെരഞ്ഞെടുപ്പിൽ അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരിലാൽ ശർമയുമായിരുന്നു കോൺഗ്രസ് സ്ഥാനാർഥികൾ. ഇരുവരും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്‌തു. ബിജെപിയുടെ സ്മൃതി ഇറാനിയെ 1.6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ എൽ ശർമ പരാജയപ്പെടുത്തിയത്