20/09/2024
18+ ഓൺലി
ഈ ഡ്രൈവിംഗ് എന്ന് പറയുന്ന സംഭവം വളരെ വളരെ ലളിതമാണ്, ഒരല്പം ശ്രദ്ധിച്ചാൽ ഇത് വളരെ വളരെ ആസ്വാദ്യകരമാക്കാം.
1. നമ്മൾ ഇടുങ്ങിയ ഒരു വഴിയിലൂടെ പോകുന്നു എന്ന് വിചാരിക്കുക, ഓപ്പോസിറ്റ് ഒരു വണ്ടി വരുന്നു എന്നും വിചാരിക്കുക, നമ്മൾ ഒന്നും ചെയ്യേണ്ടതില്ല, വെറുതെ വണ്ടി ഒന്ന് സ്ലോ ചെയ്താൽ മതി, ബാക്കി എല്ലാം ഡ്രൈവിംഗ് അറിയാവുന്ന മറ്റേ വണ്ടിക്കാരൻ നോക്കിക്കോളും. ഇനിയിപ്പോൾ അയാൾക്കും ഡ്രൈവിംഗ് അറിയില്ല എന്ന് വിചാരിക്കുക, നാട്ടിലുള്ള ഏതെങ്കിലും ഒരു മനുഷ്യസ്നേഹി വന്ന് ഡയറക്ഷൻസ് തന്ന് നമ്മളെ സഹായിക്കും.
2. രണ്ട് വണ്ടിയുടെ നടുക്ക് പാർക്ക് ചെയ്യുന്നത് അല്പം ശ്രമകരമാണല്ലോ, ചെറുതായൊന്ന് പ്രാക്ടീസ് ചെയ്താൽ വളരെ എളുപ്പമുള്ള കാര്യമാണ്. പാർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്പേസിന്റെ തൊട്ട് മുന്നിലെ വണ്ടിയുടെ മിററിന്റെ ലെവലിൽ എത്തുമ്പോൾ നമ്മൾ വണ്ടി നിർത്തുക, റിവേഴ്സ് ഇടുക, ഉറപ്പായും വണ്ടി പാർക്കിംഗ് സ്പേസിലേക്ക് കയറില്ല, മുന്നോട്ട് എടുക്കുക, പുറകോട്ട് എടുക്കുക, മൂന്നാല് തവണ മുന്നോട്ടും പുറകോട്ടും എടുക്കുമ്പോൾ നേരത്തെ പറഞ്ഞ ആ മനുഷ്യസ്നേഹി വന്ന് വിശാലമായ വേറൊരു പാർക്കിംഗ് സ്പേസ് കാണിച്ചു തരും, അങ്ങോട്ട് കൊണ്ട് പോയി പാർക്ക് ചെയ്യുക.
3. സേഫ്റ്റി ഡ്രൈവിംഗ് നമ്മൾ വളരെ പ്രാക്ടീസ് ചെയ്ത് കൈവശപ്പെടുത്തേണ്ട ഒന്നാണ്. ഓവർടേക്ക് ചെയ്യുമ്പോൾ ധാരാളം സ്പേസ് എടുക്കുക, ഇടക്കിടെ ഒരാവശ്യവും ഇല്ലാതെ ബ്രേക്ക് ചവിട്ടുക, സിഗ്നലിൽ നിൽക്കുമ്പോൾ റിവേഴ്സ് ഗിയർ ഇട്ട് വണ്ടി ഒരു പൊടിക്കൊന്ന് പുറകോട്ട് എടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ പുറകിൽ വരുന്നവർക്ക് കാര്യം മനസ്സിലാകുകയും, അവർ സേഫ് ഡിസ്റ്റൻസ് സൂക്ഷിയ്ക്കുകയും ചെയ്യുന്നതാണ്.
4. ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളിലെ പാർക്കിംഗ്, എക്സ്പീരിയൻസ് ഉള്ളവർക്ക് പോലും ബുദ്ധിമുട്ടാണ്, അങ്ങനെയുള്ള സ്ഥലങ്ങളിൽ എളുപ്പത്തിൽ പാർക്ക് ചെയ്യാൻ ഉള്ള മാർഗമാണ് വാലെ പാർക്കിംഗ്, എവിടെയെങ്കിലും ഒതുക്കി വണ്ടി നിർത്തിയാൽ മതി, ബാക്കി അവർ നോക്കിക്കൊള്ളും.
5. നമ്മൾ വളരെ ഇടുങ്ങിയ ഒരു വഴിയിൽ പെട്ടു പോയി എന്ന് വിചാരിക്കുക, ഒരിക്കലും മനഃസാന്നിധ്യം കൈവിടരുത്, അല്പം കാത്ത് നിൽക്കുക, ട്രാഫിക്ക് ബ്ലോക്ക് തുടങ്ങുമ്പോൾ ഹോണടികൾക്ക് ഒടുവിൽ മനുഷ്യസ്നേഹികൾ വരികയും നമുക്ക് ഡയറക്ഷൻ പറഞ്ഞു തരുകയും ചെയ്യും, അവർ ഇടത്തോട് വളയ്ക്കാൻ പറയുമ്പോൾ നമ്മൾ വലത്തോട്ട് വളയ്ക്കുക, മുന്നോട്ട് എടുക്കാൻ പറയുമ്പോൾ പുറകോട്ട് എടുക്കുക. അതിന് ശേഷം ശാന്തമായി ചില്ലൊന്നു താഴ്ത്തി ചേട്ടാ (ചേച്ചി) ഇതൊന്ന് ശരിയാക്കാമോ എന്ന് ചോദിക്കുക, ഡോർ തുറന്നു വണ്ടിയിൽ നിന്ന് ഇറങ്ങിക്കൊടുക്കുക, പിന്നെല്ലാം അവർ നോക്കിക്കോളും.
6. മാനുവൽ വാഹനങ്ങൾ സത്യത്തിൽ മനുഷ്യർക്ക് ഓടിക്കാനായി ഡിസൈൻ ചെയ്യപ്പെട്ടവയല്ല, അല്ലെങ്കിൽ രണ്ട് കാലുള്ള മനുഷ്യർക്ക് ചവിട്ടാൻ ആരെങ്കിലും മൂന്ന് പെഡലുകൾ വെക്കുമോ? അത് കൊണ്ട് കഴിയുമെങ്കിൽ ഓട്ടോമാറ്റിക് വാഹനങ്ങൾ മാത്രം ഓടിക്കുക.
7. ഡ്രൈവിംഗ് അറിയാവുന്ന ഒരാൾ ഫ്രണ്ട്സീറ്റിൽ ഒപ്പം ഉണ്ടാകുന്നത് എപ്പോഴും നല്ലതായിരിക്കും, “ഇന്നലെ രാത്രി ഉറങ്ങാൻ പറ്റിയില്ല, സാരമില്ല, നമ്മൾ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു” എന്ന ഡയലോഗിൽ മനസ്സലിയുന്നവരാണ് സാധാരണ ഡ്രൈവർമാർ. ഓരോ തവണ പറയുമ്പോഴും പുതിയ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുക.
8. യാത്രാമധ്യേ വണ്ടി പഞ്ചർ ആകുകയാണെങ്കിൽ, ബൂട്ടിൽ നിന്ന് വണ്ടിയുടെ ടൂള് സെറ്റ് എടുത്തശേഷം ഒരു ഓട്ടോ പിടിച്ച് അടുത്തുള്ള ഏതെങ്കിലും പഞ്ചർ ഷോപ്പിൽ പോയി ആളെ വിളിച്ചു കൊണ്ട് വന്ന് പഞ്ചർ ഒട്ടിക്കുകയോ, വീൽ മാറ്റി ഇടുകയോ ചെയ്യുക, ഓർക്കുക പണി അറിയാവുന്നവർ നാട്ടിൽ ഒരുപാടുണ്ട്,നമ്മളായി പണി ചെയ്ത് പണി വാങ്ങേണ്ടതില്ല.
9. ഡ്രൈവിംഗ് സമയത്ത് ബ്രൈറ്റ് ലൈറ്റ് അടിച്ചോ, അനാവശ്യമായി ഹോണടിച്ചോ, വെറുതെ ഓവർടേക്ക് ചെയ്തോ മറ്റു വണ്ടിക്കാരെ പ്രകോപിപ്പിക്കാതിരിക്കുക, നമ്മുടെ വണ്ടി പാർക്ക് ചെയ്യാനോ, കേടായാൽ നന്നാക്കാനോ അവരുടെ സഹായം വേണ്ടി വന്നേക്കാം.
10. സീറ്റ് ബെൽറ്റ് ഇടാതെ ഒറ്റ ഒരണ്ണത്തിനെ വണ്ടിയിൽ കയറ്റരുത്, അത് പ്രവർത്തിക്കുന്നുവെന്ന് ആഴ്ചയിൽ ഒരിക്കൽ ഉറപ്പ് വരുത്തുക. നല്ല ഡ്രൈവർ ആണെങ്കിൽ ആദ്യത്തെ പത്ത് മിനിറ്റിന് ശേഷം ലാസ്റ്റ് റോയിൽ ഉള്ളവർ വരെ സീറ്റ് ബെൽറ്റ് അന്വേഷിക്കുന്നതാണ് സാധാരണ കാണാറുള്ളത്.
അടിക്കുറിപ്പ്: ലേഖകന്റെ 18 വർഷത്തെ ഡ്രൈവിംഗ് ജീവിതത്തിൽ നിന്നുള്ള അനുഭവപാഠങ്ങളിൽ ഊന്നിയുള്ള മാർഗനിർദ്ദേശങ്ങൾ ആണിത്. എല്ലാം ഒറ്റ ദിവസം കൊണ്ട് സ്വയത്തമാക്കണം എന്ന് വാശി പിടിക്കരുത്, തുടക്കക്കാർക്ക് ബുദ്ധിമുട്ടാണ്. ഓർക്കുക, ക്ഷമ ഡ്രൈവിങ്ങിന് അത്യന്താപേക്ഷിതമാണ്.
- sarath