07/08/2023
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 14-ാം വാര്‍ഷികം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം : സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്‍റെ 14-ാമത് വാര്‍ഷികാഘോഷവും സംസ്ഥാനതല ക്വിസ് മത്സരങ്ങളും ചൊവ്വാഴ്ച തിരുവനന്തപുരത്ത് വഴുതക്കാട് ഗവണ്‍മെന്‍റ് വിമൻസ് കോളേജില്‍ നടക്കും. എസ്.പി.സി ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മണിക്ക് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ് ഉദ്ഘാടനം ചെയ്യും. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചക്കിലം, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ ആര്‍.നിശാന്തിനി, ആംഡ് പോലീസ് ബറ്റാലിയന്‍ കമാണ്ടന്റ് ജയദേവ്.ജി, പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കിരണ്‍ നാരായണന്‍, കേരള സായുധ വനിതാ ബറ്റാലിയന്‍ കമാണ്ടന്‍റ് അബ്ദുള്‍ റഷീദ്.എന്‍, എസ്.എ.പി ബറ്റാലിയന്‍ കമാണ്ടന്‍റ് സോളമന്‍. എല്‍, കേരള പോലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടര്‍ ട്രെയിനിങ് വാഹിദ്. പി എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാനതല ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ 9.30 മുതല്‍ 10 മണി വരെയാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ രാവിലെ 10.30 മുതല്‍ നടക്കും. സെമിഫൈനല്‍ മത്സരങ്ങള്‍ 11.30ന് ആരംഭിക്കും. ഗ്രാന്‍ഡ് ഫൈനല്‍ മത്സരങ്ങള്‍ 1.30ന് തുടങ്ങും.
വൈകിട്ട് നാലുമണിക്ക് നടക്കുന്ന സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ദിനാഘോഷ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി, സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ്, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചക്കിലം, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ ആര്‍. നിശാന്തിനി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.