12/09/2022
*തെരുവ് നായ ആക്രമണം: നഷ്ടപരിഹാരം ലഭിക്കും*
വര്‍ഷത്തില്‍ ഏകദേശം ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നത്. തെരുവുനായ ആക്രമിക്കുകയോ തെരുവുനായയെ ഇടിച്ച് വാഹനാപകടം സംഭവിക്കുകയോ ചെയ്താല്‍ ഗവണ്‍മെന്റില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുമെങ്കിലും ചുരുക്കം ആളുകള്‍ മാത്രമാണ് ഇതിനായി അപേക്ഷിക്കുന്നത്.
ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റിയാണ് തെരുവു നായയുടെ അക്രമം മുഖേനയുണ്ടാകുന്ന അപകടങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം തെരുവുനായ കടിച്ചാല്‍ അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് വില്ലേജ്, പഞ്ചായത്ത്, കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവ നശഷ്ടപരിഹാരം നല്‍കേണ്ടതാണ്.
ജസ്റ്റിസ് സിരി ജഗന്‍ അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ച 3 അംഗ കമ്മിറ്റിയാണ് ഇത്തരം കേസുകള്‍ പരിഗണിക്കുന്നത്.
പോസ്റ്റല്‍ വഴിയോ, ഇ-മെയില്‍ വഴിയോ ഈ പരാതി നല്‍കാം. ഒരു വെള്ളക്കടലാസില്‍ എവിടെവെച്ച് നായുടെ കടിയേറ്റു, എന്തൊക്കെ പരിക്കുകള്‍ പറ്റി, എന്തൊക്കെ നഷ്ടങ്ങള്‍ സംഭവിച്ചു, ആശുപത്രി ചെലവ്, മെഡിക്കല്‍ ബില്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരാതി എഴുതേണ്ടത്.
അപേക്ഷ പരിഗണിക്കുന്ന സമിതി ഹിയറിങ്ങിനായി വിളിക്കും. വസ്തുതകള്‍ പരിശോധിച്ച ശേഷം ബന്ധപ്പെട്ട അധികൃതര്‍ വഴി നഷ്ടപരിഹാരം എത്തിച്ചു നല്‍കും.
തെരുവുനായ കുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞു മരിച്ച വ്യാപാരിയുടെ കുടുംബത്തിന് കഴിഞ്ഞ ദിവസം ഒറ്റപ്പാലം നഗരസഭ 24.11 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയിരുന്നു. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി. 18.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കമ്മിറ്റിയുടെ ഉത്തരവ്. പലിശ ഉള്‍പ്പടെയാണ് 24.11 ലക്ഷം രൂപ കൈമാറിയത്.
പരാതി നല്‍കേണ്ട വിലാസം.
ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റി, യുപിഎഡി ബില്‍ഡിങ്, പരമാര റോഡ്, കൊച്ചിന്‍ 682018.