08/10/2022
കൊച്ചിയുടെ സമൃദ്ധിക്ക് ഒരു വയസ്സ് തികഞ്ഞു.
വാര്‍ഷികാഘോഷം നടത്തി
പത്ത് രൂപയ്ക്ക് ഊണ് നല്‍കുന്ന കൊച്ചി നഗരസഭയുടെ ജനകീയ ഹോട്ടല്‍ സമൃദ്ധി @ കൊച്ചി പ്രവര്‍ത്തനമാരംഭിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 നാണ് വിശപ്പുരഹിത കൊച്ചി എന്ന നഗരസഭയുടെ ആശയത്തിന് സമൃദ്ധിയിലൂടെ തുടക്കം കുറിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി നഗരസഭ ആരംഭിച്ച പദ്ധതി വിശക്കുന്നവര്‍ക്ക് ഭക്ഷണവും, നഗരത്തിലെ സ്ത്രീകള്‍ക്ക് തൊഴിലും നല്‍കി ഇതിനോടകം തന്നെ ജനശ്രദ്ധ നേടികഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം സമൃദ്ധിയിലെത്തിയ 8,78,555 പേര്‍ക്കാണ് 10 രൂപയ്ക്ക് ഉച്ച നേരത്തെ വിശപ്പടക്കുവാന്‍ സാധിച്ചത്. ആദ്യ ഘട്ടത്തില്‍ 13 വനിതകള്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന ഈ ജനകീയ ഹോട്ടലില്‍ നിലവില്‍ 48 വതിനാ ജീവനക്കാരുണ്ട്. കുടുംബശ്രീയുടെ പ്രധാന ഏജന്‍സിയായ ഐഫ്രം (എ.ഐ.എഫ്.ആര്‍.എച്ച്.എം.) ആണ് ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കിവരുന്നത്. തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷം 77,66,313/- രൂപ വേതനം നല്‍കുവാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു. നിലവില്‍ മികച്ച വേതനം ഇവര്‍ക്ക് ഉറപ്പുവരുത്താനുമാകുന്നുണ്ട്. സമൃദ്ധിയിലേക്ക് സാമഗ്രികള്‍ ലഭ്യമാക്കുന്ന അനുബന്ധ മേഖലയിലുളളവര്‍ക്കും തൊഴില്‍ ലഭ്യമാക്കുവാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു.
ആധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച അടുക്കളയില്‍ പാകം ചെയ്ത സാമ്പാറും, തോരനും, പപ്പടവുമുള്‍പ്പെടെ 30 രൂപ ചെലവ് വരുന്ന ഊണാണ് സമൃദ്ധിയില്‍ പത്ത് രൂപയ്ക്ക് നല്‍കുന്നത്. ഇതില്‍ ഒരു ഊണിന് 10 രൂപ സംസ്ഥാന സര്‍ക്കാരില്‍ നിന്നും സബ്സിഡി ലഭിക്കും. പത്ത് രൂപ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്നത് കഴിച്ചാല്‍ ഊണൊന്നിന് പത്ത് രൂപ നഷ്ടം സഹിച്ചാണ് നഗരസഭ ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്.
ഈ നഷ്ടം മറികടക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഊണിനൊപ്പം മത്സ്യവും, മാംസവുമുള്‍പ്പെടെയുളള സ്പെഷ്യല്‍ വിഭവങ്ങളും, ഈ വര്‍ഷം ജനുവരി മുതല്‍ പ്രാതലും, ജൂണ്‍ മാസം മുതല്‍ അത്താഴവും മിതമായ നിരക്കില്‍ നല്‍കുവാന്‍ ആരംഭിച്ചു. ഊണിനൊപ്പം സമൃദ്ധിയിലെ സ്പെഷ്യല്‍ വിഭവങ്ങള്‍ 20 രൂപ മുതല്‍ ലഭിക്കും. വിഭവസമൃദ്ധമായ സ്പെഷ്യല്‍ പൊതിചോറുകളും, കാറ്ററിംഗ് സേവനങ്ങളും ഇപ്പോള്‍ സമൃദ്ധി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ നഷ്ടം കുറയ്ക്കുവാന്‍ സമൃദ്ധിക്ക് ലഭിച്ച സംഭാവനകളും സഹായകമായി.
ദിവസേന 3200 പേര്‍ക്ക് 10 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സമൃദ്ധിയില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും, ഗുണമേډയും ഉറപ്പുവരുത്തുന്നതിനായി നിരന്തര പരിശീലനവും, ഗുണമേډാ ഓഡിറ്റിംഗും വിട്ടുവീഴ്ചയില്ലാതെ നടന്നു വരുന്നുണ്ട്. വിശപ്പടക്കുന്നതിനോടൊപ്പം അമ്പതോളം വനിതകള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കി നഗര ദാരിദ്ര്യ ലഘൂകരണത്തിനും സമൃദ്ധി @ കൊച്ചി എന്ന നഗരസഭയുടെ അഭിമാന സംരംഭം മാതൃകയാവുകയാണ്.
ഇന്ന് നടന്ന വാര്‍ഷികാഘോഷ ചടങ്ങ് കൊച്ചിന്‍ ഷിപ് യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അദ്ധ്യക്ഷനായി. ഐഫ്രം (എ.ഐ.എഫ്.ആര്‍.എച്ച്.എം.) പ്രതിനിധികളെയും, സമൃദ്ധി ജനകീയ ഹോട്ടലിലെ ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. അതോടൊപ്പം കഴിഞ്ഞ ഒരുവര്‍ഷക്കാലമായി എല്ലാ അവധി ദിവസങ്ങളിലും സമൃദ്ധി ജനകീയ ഹോട്ടലില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന തേവര കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബാലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സമൃദ്ധി ഹോട്ടലിലെ ജീവനക്കാരി ജീന വിജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാډാരായ പി.ആര്‍. റെനീഷ്, സുനിത ഡിക്സണ്‍, വി.എ. ശ്രീജിത്ത്, കൗണ്‍സിലര്‍ മനു ജേക്കബ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പ്രീതി എം.ബി., കോര്‍പ്പറേഷന്‍ സെക്രട്ടറി ഷിബു വി.പി., സിറ്റി പ്രോജക്ട് ഓഫീസര്‍ ചിത്ര വി.ആര്‍., സി.ഡി.എസ്. പ്രൊജക്ട് ഓഫീസര്‍ നിസ എ., സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി സുജ പി. സൈമണ്‍, എഡ്രാക് പ്രസിഡന്‍റ് രംഗദാസ പ്രഭു എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ്. പ്രസിഡന്‍റ്മാരായ മിനി ജോഷി സ്വാഗതവും ലത നന്ദിയും രേഖപ്പെടുത്തി.