01/08/2021
Review of Vruthantham by Subhashini
ഡോ ജോഷ് .എസ് .ചാന്നാർ രചിച്ച " വൃത്താന്തം : ഒരു പ്രൊഫസറുടെ മധ്യമാനുഭവങ്ങൾ " എന്ന പുസ്തകത്തിന്റെ ആസ്വാദനമാണ് താഴെ . ശ്രീമതി സുഭാഷിണി യാണ് ആസ്വാദനം നടത്തിയിരിക്കുന്നത് !
Review of Vruthantham
മുഖമെഴുത്തും, ഉടുത്തു കെട്ടും, കിരീടവുമണിഞ്ഞ്, ആടാനുള്ള വേഷം മനസ്സിലാവാഹിച്ച്, തിരനോട്ടം കഴിഞ്ഞ് അതിഗംഭീരമായി ആടി തീർത്ത് ഹർഷാരവങ്ങൾക്കിടയിലൂടെ എല്ലാം മതിയാക്കി ഒരു തിരിച്ചു പോക്ക്.
വേണ്ടിയിരുന്നോ?
" അതെ " എന്നായിരുന്നു മനസ്സ് പറഞ്ഞത്. മനസ്സാക്ഷിക്കൊപ്പം ഒരു പിൻ നടത്തം.
ആയിത്തീരലോ, ആയിക്കഴിയലോ അല്ലാ, നിരന്തരമായ ആയിക്കൊണ്ടിരിക്കലാണല്ലോ ജീവതത്വം'
ജോഷ്' എസ്.ചാന്നാറിൻ്റെ "വൃത്താന്തം" ഒരു പ്രൊഫസറുടെ മാധ്യമാനുഭവങ്ങൾ " എന്ന പുസ്തകം തീർച്ചയായും ആത്മകഥാനുബന്ധിയായ ഒരു സർവ്വീസ് സ്റ്റോറിയിൽ ഉൾപ്പെടുന്നു.
ഐഡ്സ് ഓഫ് മാർച്ച് എന്ന ജൂലിയസ് സീസറിലെ ഈ വാചകം ആദ്യ അദ്ധ്യായത്തിൻ്റെ തലക്കെട്ടായത് തികച്ചും യാദൃശ്ചികം എന്ന് പറയാം' പത്രങ്ങൾ അരിച്ചുപെറുക്കി വായിച്ചിരുന്ന ഒരു വിദ്യാർത്ഥി കാലം പോകെ പത്രപ്രവർത്തകനാവാൻ കൊതിച്ച് , അതിനായി ജർണലിസം പുതുതായി തുടങ്ങുന്ന , കോഴിക്കോട്ടെ ആർട്സ് കോളേജിൽ ചേരുക, തുടർന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും എം.എ, എം.ജെ തുടങ്ങിയ ബിരുദാനന്തര കോഴ്സുകളിൽ റാങ്ക് ഉൾപ്പെടെ ഉന്നതം വിജയം നേടുകയും, മതിപ്പുളവാക്കും വിധം പത്രപ്രവർത്തന മേഖലയിൽ പ്രവ,ർത്തിച്ചതിന് ശേഷം ഒരു വൃത്തം പൂർത്തീകരിച്ച് കോളേജ് അദ്ധ്യാപകനാവാനുള്ള ഇൻ്റർവ്യൂവിൽ ഐഡ്സ് ഓഫ് മാർച്ച് പഠിപ്പിച്ചിരുന്ന വാസുദേവൻ പോറ്റി സാറിൻ്റെ മുൻപിൽ തന്നെ എത്തിപ്പെട്ടപ്പോൾ , ആദ്യ അദ്ധ്യായത്തിന് ആ പേര് സമുചിതം തന്നെ '
പഠിക്കുന്ന സ്ഥലങ്ങളിൽ വെറും പഠിപ്പിസ്റ്റ് മാത്രമാവാതെ പോപ്പുലറാവുക എന്ന ജോഷിൻ്റെ നിർബ്ബന്ധമാണ് അദ്ദേഹത്തെ ഒരു വിദ്യാർത്ഥി യൂനിയൻ നേതാവാക്കിയത്., നേതൃപാoവം പഠന കാലത്തെന്നപോൽ മനോരമയിൽ ജർണലിസ്റ്റ് ഇൻ്റർവ്യൂവിലും വിഘാതമായി.എന്നാൽ മാതൃഭൂമിയിൽ മെറിറ്റിലും മികച്ച പ്രകടനത്താലും പത്രപ്രവർത്തന ട്രെയ്നിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ ട്രെയ്നിംഗ് കാലഘട്ടം ജോഷിലെ പത്രപ്രവർത്തകൻ്റെ ഏറ്റം മികച്ച കാലങ്ങളിലൊന്നു തന്നെയായിരുന്നു എന്ന് തുടർന്നുള്ള " വൃത്താന്തം: വായനയിൽ എനിക്ക് ബോദ്ധ്യമായി.
മാതൃഭൂമിയിൽ ന്യൂസ് എഡിറ്ററായിരുന്ന ശ്രീധരൻ നായരുടെ കീഴിലുള്ള ട്രെയ്നികളുടെ പരിശീലനം തുടങ്ങും മുൻപ് മിസ്റ്റർ.നായർ പൊട്ടിച്ച വെടിയാണ് ജോഷ് രസകരമായി വിവരിച്ചത്. താൻ ശ്രീധരൻ നായർ ആണെന്നും നിങ്ങൾക്കും അങ്ങിനെ തന്നെ വിളിക്കാമെന്നും, അല്ലാ, അങ്ങി നേ യേ വിളിക്കാവൂ എന്നും '
പത്രമാധ്യമത്തിൻ്റെ വിവിധ രീതികൾ ഇക്കാലത്ത് ടെയ് നികൾ മനസ്സിലാക്കി വരുമ്പോൾ "വൃത്താന്തം" വായനക്കാരനും രചയിതാവിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. ഒരു പത്രം വായനക്കാരൻ്റെ കൈയ്യിലെത്തും വരെയുള്ള കറിക്കരിയൽ മുതൽ കടുക് വറുക്കും വരെയുള്ള പ്രോസസ്സ്.ഇതോടൊപ്പം തന്നെ പത്രപ്രവർത്തനമേഖലയിലെ സ്ത്രീ വിവേചനവും ,പിന്നീട് കവയത്രിയായി അറിയപ്പെട്ട റോസ് മേരിയുടെ ട്രെയ്നിംഗ് സമയത്തെ പിരിച്ചുവിടൽ, ഉദാഹരണം.
ബോംബെയിൽ പരിചയപ്പെട്ട ബ്ലീറ്റ്സ് എഡിറ്റർ കരഞ്ചിയ, പത്രപ്രവർത്തകർക്കിടയിൽ ജോഷിനെ ഇംപ്രസ്സ് ചെയ്ത ഒരു ജേർണലിസ്റ്റായിരുന്നു' അദ്ദേഹത്തിൻ്റെ ഊർജ്ജം പകർന്ന് കിട്ടിയ പോൽ ട്രെയ്നിംഗ് സമയത്ത് വി.പി.ആർ എന്നറിയപ്പെട്ടിരുന്ന വി.പി.രാമചന്ദ്രനോട് '"സാർ, നമുക്കൊരു സിനിമാ പ്രസിദ്ധീകരണം തുടങ്ങിയാലോ " എന്ന് ചോദിക്കാൻ ജോഷ് ഊറ്റം കാട്ടിയത് എന്നെ വല്ലാതെ ഇപ്രസ്സ് ചെയ്തു. ജോഷിൻ്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ മാതഭൂമി പോലുള്ള ,സ്വാതന്ത്യ സമരം പോലുള്ള വലിയ കാര്യങ്ങൾക്കായി തുടങ്ങിയ കുലീനമായ ഒരു പത്രസ്ഥാപനത്തിൽ "മ്ലേച്ഛ" മായ ഒരു സിനിമാ പ്രസിദ്ധീകരണം തുടങ്ങുകയോ?
എന്നാൽ അത് തുടങ്ങുകയും ജോഷ് കൂടുതൽ സമയം ആ പ്രസിദ്ധീകരണത്തിന്നായി ചെലവഴിക്കയും ചെയ്തു അത് പത്രപ്രവർത്തനത്തിന് ഒരു പുതിയ താളം നല്കി എന്ന് ജോഷ് സാക്ഷ്യപ്പെടുത്തുന്നു.
ചിത്ര ഭൂമിക്ക് വേണ്ടി അക്കാലത്തെ പല പ്രമുഖ സിനിമാ പ്രവർത്തകരേയും ജോഷ് ഇൻ്റർവ്യൂ ചെയ്തത് വൃത്താന്തത്തിൻ്റെ ഏടുകളിൽ കാണാം. ശങ്കറിനെ കാണാൻ ചെന്ന് മോഹൻലാലിൻ്റെ അഭിമുഖമെടുത്തതും, പ്രിയദർശനോട് പ്രസിദ്ധനായി വരൂ എന്നിട്ടാവാം അഭിമുഖം എന്ന് പറഞ്ഞത് രസകരമായി വിവരിച്ചതും, ഒരിക്കൽ അക്കാലത്തെ സൂപ്പർ വില്ലനായിരുന്ന ജോസ് പ്രകാശിനെ ഇൻ്റർവ്യൂ ചെയ്യാൻ '' മുതലക്കുട്ടി' യായി പോയി തിരിച്ച് സിംഗപ്പൂർ മദ്യത്തിൽ കുഴഞ്ഞ് 'സുഹൃത്തുക്കൾ നട്ടപ്പാതിരക്ക് തൈർ അന്വേഷിച്ച് പോയതും , ജോഷ് നർമം കലർത്തി വിവരിച്ചത് വായനക്ക് കൂടുതൽ പോസിറ്റിവിറ്റി നൽകുന്നു.
ഇൻവെസ്റ്റിഗേറ്റീവ് ജർണലിസത്തിൻ്റെ ഭാഗമായി മിൽമ യെ പത്ര ദ്വാരേ വിമർശിച്ച് കാര്യങ്ങൾ പുറത്ത് കൊണ്ട് വന്നത് " പാലിൽ ഒഴുക്കിയ പത്ത് ലക്ഷം'' എന്ന തലക്കെട്ടിൽ അക്കാലത്തെ മാതൃഭൂമി പത്രത്തിലെ ജോഷിൻ്റെ ഒരു മികച്ച പരമ്പരയായിരുന്നു.
റിപ്പോർട്ടിംഗ് രംഗത്തെ ചില കൗതുകകരമായ സംഭവങ്ങൾ വൃത്താന്തത്തിൽ വിവരിക്കുന്നുണ്ട്. അതിൽ അമിതാബ് ബച്ചനും, എസ്.കെ.പൊറ്റെക്കാടും, നവാബ് രാജേന്ദ്രനും, ചെന്നിത്തലയും,
പി.എ. ബക്കറുമെല്ലാം നായകരാവുന്നു.
രാഷ്ട്രപതി സെയിൽ സിംഗിൻ്റെ ഇംഗ്ലീഷ് പ്രസംഗം റിപ്പോർട്ട് ചെയ്യാൻ പോയി, സിക്കുകാരെ കണ്ട് ആവേശം കൊണ്ടദ്ദേഹം പ്രസംഗം പഞ്ചാബി യിലാക്കിയതിൻ്റെ തമാശ വിവരിക്കുമ്പോൾ ജോഷിൻ്റെ എഴുത്തിലെ നർമ്മം വായനക്കാരനിൽ ചിരി വളർത്തുന്നു.
പത്രപ്രവർത്തകരെ ' ജാക്ക് ഓഫ് ഓൾ ഡ് ട്രേഡ് " എന്നത്രേ പൊതുവേ വിശേഷിപ്പിക്കാറ്. അതായത് വിഷയത്തിലെ അറിവ് പരന്നേ ഉണ്ടാവൂ, ആഴത്തിലുണ്ടാവില്ല. കൊച്ചിയിലെ കലാപീഠത്തിൻ്റെ ഒരു പെയ്ൻ്റിംഗ് എക്സിബിഷൻ കവർ ചെയ്ത് റിപ്പോർട്ട് ചെയ്യാൻ ജോഷ് പോവുകയും, ഒരു സാഹിത്യ വിദ്യാർത്ഥി മാത്രമായിരുന്നു ജോഷ് എങ്കിലും, അദ്ദേഹത്തിൻ്റെ പത്രത്തിലെ ഫീച്ചർ പ്രകീർത്തിച്ച് ഹൈക്കോടതി ജഡ്ജ്. ജസ്റ്റിസ് നരേന്ദ്രൻ സംസാരിച്ചത് , നടേ പറഞ്ഞ നിൽക്കുന്നിടത്ത് പോപ്പുലറാവുക എന്ന ജോഷിൻ്റെ മിടുക്ക് വെളിവാകുന്നു.
ഏതെങ്കിലും തരത്തിൽ പ്രശസ്തരായവരെ ഇൻ്റർവ്യൂ ചെയ്യുക എന്നത് തനിക്കൊരു ഹോബിയായിരുന്നെന്ന് ജോഷ് പറയുന്നു. ഗദ്ദാഫിയേയും, ഖൊമേനിയേയും, താച്ചറേയും, നിക്സനേയുമൊക്കെ സാഹസികമായി ഇൻ്റർവ്യൂ ചെയ്തവരുടെ സാഹസികകഥകൾ കേട്ട് വശംവദനായാണ് ' ഗാൽ ബ്രേയ്ത്ത് എന്ന ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറുടെ അഭിമുഖമെടുക്കാൻ ജോഷ് പോകയും,
So in | Kerala you can become a
journalist at this youഗg age
എന്ന് കണ്ട മാത്രയിൽ അത്ഭുതം കൂറിയ അദ്ദേഹത്തിൽ നിന്നും വളരെ മര്യാദയോലുന്ന സ്വീകരണം ഏറ്റുവാങ്ങാൻ കഴിഞ്ഞത് ജോഷ് എന്ന പത്രപ്രവർത്തകൻ്റെ തൂവലിലെ പൊൻതൂവൽ തന്നെ '.
ഒടുവിൽ മനസ്സ് മടുത്തു തുടങ്ങുന്നു. മറ്റുള്ളവർക്ക് വേണ്ടി പായാതെ, തനിക്ക് വേണ്ടി മാത്രം, വായിക്കാനും, എഴുതാനും.സംസാരിക്കാനും, സംവദിക്കാനും - ഇനിയുള്ള കാലം എന്ത് കൊണ്ടായിക്കൂടാ എന്ന ഉള്ളിലെ ത്വര യുണർന്നു. അതോടെ കൂട് വിട്ട് കൂട് മാറാനുള്ള തീരുമാനം പ്രായോഗികമാക്കുന്നു.
ഒരു ജർണലിസ്റ്റ് എന്ന നിലയിൽ ഒന്നാന്തരം എന്ന് തന്നെ വിലയിരുത്തണം ജോഷ് എന്ന പത്രപ്രവർത്തകനെ .
എങ്കിലും ഞാൻ പ്രതീക്ഷിക്കുന്നു , ഒരു ഫ്രീലാൻസറായി ഇനിയും ജോഷ് എന്ന പത്രപ്രവർത്തകനെ തുടർന്നു കാണാമെന്ന്.തന്നെ .
ഒഴുക്കുള്ള ഭാഷയിൽ, നർമ്മം മേമ്പൊടി ചേർത്തെഴുതിയ ഈ പുസ്തകം നല്ലൊരു വായനാനുഭവം നൽകി.
എൻ്റെ സഹപാഠി എന്ന നിലക്ക് എൻ്റെ അഭിമാനം 'ഒപ്പം ഇനിയുള്ള പ്രവർത്തനങ്ങൾക്ക് ആശംസകളും'
സ്നേഹത്തോടെ,
സുഭാഷിണി
കോഴിക്കോട്
30/07/2021