23/08/2022
സോളമൻ്റെ തേനീച്ചകൾ....
ഒരു സ്ഥിരം ക്യാമ്പസ് സിനിമ എന്ന പ്രതീക്ഷ വച്ച് കാണുവാൻ കയറിട്ട് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു റൊമാൻ്റിക് ത്രില്ലർ സിനിമ നൽകി എന്നിലെ പ്രേക്ഷകനെ അൽഭുതപ്പെടുത്തിയ ഒരു സംവിധായകൻ ആയിരുന്നു ലാൽ ജോസ്... പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം അയാളും ഞാനും തമ്മിൽ എന്ന ക്ലാസിക്ക് ഐറ്റം ആയി വന്ന് വീണ്ടൂം തൻ്റെ കാലിബർ തെളിയിച്ച ആളാണ്... എന്നാൽ പിന്നീട് ഇങ്ങോട്ട് ചെയ്ത സിനിമകളിൽ എനിക്കു വ്യക്തിപരമായി ഇഷ്ട്ടപെട്ട ചിത്രങ്ങൾ ഏഴ് സുന്ദര രാത്രികളും, നീനയും മാത്രം ആയിരുന്നു....ഇത്രയും പറയാൻ കാരണം കുറച്ചു നാളുകൾ ആയി വരുന്ന ലാൽ ജോസ് സിനിമകൾ പലതും ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് നീതി പുലർത്താൻ കഴിയാത്തവ ആണ് എന്ന് തോന്നിയിട്ടുണ്ട്... അതിലേക്ക് ഒന്നു കൂടി എന്നേ സോളമൻ്റെ തേനീച്ചകളെ കുറിച്ച് പറയാൻ ഒള്ളൂ...
രണ്ടു വനിതാ പോലീസുകാരും അവരുടെ പോലീസ് സ്റ്റേഷനും പരിസരവും, അവരിൽ ഒരാളുടെ ഒരു കൊച്ചു പ്രണയവും ഒക്കെ ആയി മുന്നേറുന്ന സിനിമ യിൽ നടക്കുന്ന ഒരു കൊലപാതകം ഈ പോലീസുകാരിൽ ഒരാളുടെ ജീവിതം തന്നെ താളം തെറ്റിക്കുന്നു...തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ് സിനിമ പറയുന്നത്...വഴിയേ പോകുന്ന ഒരുവൻ ഒരു ശവശരീരം കാണുന്നു തുടർന്ന് അന്വേഷണം നടക്കുന്നു, ഒടുവിൽ ഒരു ഫ്ലാഷ് ബാക്കിൽ കൊലപാതകിയുടെ മോട്ടീവ് പറയുന്നു എന്ന കുറച്ച് കാലം ആയി കണ്ടൂ വരുന്ന സ്ഥിരം ത്രില്ലർ പാറ്റേണിൽ നിന്നും മാറി ,കൊലപാതകത്തിന് ഉള്ള സാഹചര്യം ഒരുക്കി അതിനു ചുറ്റും പ്രതി എന്ന് സംശയിക്കാവുന്ന കുറച്ച് പേരെ നിരത്തി, അതിൽ നിന്നും യഥാർത്ഥ പ്രതിയിലേക്ക് എത്തുന്ന രീതി ആണ് സിനിമ സ്വീകരിച്ചു ഇരിക്കുന്നത്....
മേല്പറഞ്ഞ ഈ അവതരണ രീതി തന്നെ ആണ് സിനിമക്ക് വിനയായത് എന്നാണ് എനിക്ക് തോന്നിയത്...സിനിമയുടെ തിരക്കഥ ആവശ്യത്തിൽ കൂടുതൽ കാര്യങ്ങളെ കാണികൾക്ക് പറഞു കൊടുക്കുന്ന പോലെ പലപ്പോഴും... അത് കൊണ്ട് തന്നെ യഥാർഥ കൊലപാതകി ആരായിരിക്കും എന്നും അതിൻ്റെ കാരണം എന്തായിരിക്കും എന്നു കൃത്യമായി ഊഹിക്കാൻ പ്രേക്ഷകന് സാധിക്കുകയും ചെയ്യുന്നുണ്ട്... അത് പോലെ വിൻസിയും, ദർശനയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് അല്ലാതെ ആർക്കും കാണികളും ആയി ഒരു ബന്ധം സ്ഥാപിക്കാൻ പറ്റാതെ പോയത് പോലെ തോന്നി... കൊല്ലപ്പെടുന്നവനോ , പ്രതി എന്ന് സംശയിക്ക പ്പെടുന്നവനോ കാനികൾക്ക് ആരും അല്ലാതെ ആകുന്ന ഒരു സിനിമ കൂടി ആണ് ഇത്...സോളമൻ ആയി വരുന്ന ജോജു പോലും ഒരു ബിൽഡ് അപ്പിന് അപ്പുറം ഒന്നും ചെയ്യാൻ ഇല്ലാതെ നിൽക്കുന്ന പല സന്ദർഭങ്ങളും സിനിമയിൽ ഉണ്ട്...
സിനിമയുടെ തിരക്കഥ കൈകാര്യം ചെയ്ത പ്രജീഷിൻ്റെ എഴുത്തിൽ ഒട്ടും തന്നെ ആത്മാർഥ ഇല്ലാത്തത് പോലെ തോന്നി... കണ്ട് മറന്ന പല സിനിമകളിലും ഉള്ള സീനുകൾ കൂട്ടി ചേർത്ത് വളരേ അലസമായി എഴുതിയത് പോലെ തോന്നി... അതേ ഒഴുക്കൻ മട്ടിലള്ള അവതരണവും കൂടി ആയപ്പോൾ സിനിമ നല്ല രീതിയിൽ ബോറടിപ്പിച്ചു എന്ന് പറയാതെ വയ്യ...സിനിമയുടെ ആദ്യ പകുതി അസഹനീയം ആണ്....
പ്രകടനങ്ങളിൽ വിൻസി അലോഷ്യസും, ജോജുവും ആണ് തങ്ങളുടെ കഥാപാത്രങ്ങളോട് പൂർണമായും നീതി പുലർത്തിയതായി തോന്നിയത്... ദർശന എസ് നായർ ഓകെ എന്നതിന് അപ്പുറം ഒന്നും ഇല്ല... എന്നാൽ മറ്റു രണ്ടു പുതുമുഖങ്ങൾ ആയ ശംഭു മേനോനും ആഡിസ് ആൻ്റണിയും മോശം പ്രകടനം ആയിരുന്നു .. അതിൽ തന്നെ ആഡിസ് ആൻ്റണി നല്ല രീതിയിൽ ഓവർ ആക്ട് ചെയ്യുന്നുണ്ട്...
ആകെ തുകയിൽ സോളമൻ്റെ തേനീച്ചകൾ എന്നിലെ പ്രേക്ഷകനെ നല്ല രീതിയിൽ നിരാശപ്പെടുത്തിയ സിനിമ ആണ്... ചിത്രം കണ്ടവർ ഉണ്ടെങ്കിൽ അഭിപ്രായം അറിയിക്കുക...