1895 ഡിസംബർ 28-നാണ് ലൂമിയർ സഹോദരന്മാർ പാരീസിലെ ഒരു കഫേയിൽ ലോകത്തിലെ ആദ്യത്തെ ചലച്ചിത്ര പ്രൊജക്ഷൻ പ്രദർശനം നടത്തിയത്. ആറു മാസങ്ങൾക്കു ശേഷം, 1896 ജൂലൈ ഏഴിന് പ്രദർശനം ഇന്ത്യയിൽ ആരംഭിച്ചു. ലൂമിയർ സഹോദരന്മാരുടെ സഹായിയായിരുന്ന മാരിയസ് സെസ്റ്റിയറായിരുന്നു ഇന്ത്യയിലെ പ്രദർശനത്തിനു പിന്നിൽ. ബോംബെയിലെ എസ്പ്ലനേഡ് മാൻഷനിലുള്ള വാട്സൺ ഹോട്ടലിലായിരുന്നു ആദ്യ പ്രദർശനം. ഒരു മണിക്കൂറിൽ താഴെ പ്രദർശനസമയം കൊണ്ട് ആറു ഹ
്രസ്വചിത്രങ്ങളാണു പ്രദർശിപ്പിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ചലച്ചിത്രപ്രദർശനങ്ങൾ ആരംഭിച്ചു. 1906-ൽ കോയമ്പത്തൂരിലെ പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥനാണ് കേരളത്തിലെ ആദ്യ പ്രദർശനം നടത്തിയത്. ഒരു ഫ്രഞ്ചുകാരനിൽ നിന്നു വാങ്ങിയ ബയോസ്കോപ്പും ഫിലിമും ഉപയോഗിച്ചായിരുന്നു പ്രദർശനം. 1907-ൽ ഈ ബയോസ്കോപ് കാട്ടൂർക്കാരൻ വാറുണ്ണി ജോസഫ് (കെ.ഡബ്ല്യു. ജോസഫ്) സ്വന്തമാക്കി. ആ വർഷത്തെ തൃശ്ശൂർ പൂരത്തിന്അദ്ദേഹം ചിത്രപ്രദർശനം നടത്തി. കേരളത്തിലെ പ്രദർശനവിജയത്തെ തുടർന്ന് ദക്ഷിണേന്ത്യയൊട്ടാകെ ജോസഫ് ബയോസ്കോപ് പ്രദർശനങ്ങൾ നടത്തി. അദ്ദേഹമാണ് കേരളത്തിലെ ചലച്ചിത്രപ്രദർശനവ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്നത്. റോയൽ എക്സിബിറ്റേർസ് എന്ന കേരളത്തിലെ ആദ്യ പ്രദർശനക്കമ്പനി സ്ഥാപിച്ചതും അദ്ദേഹമാണ്. ഈ കമ്പനിയുടെ കീഴിലാണ് പിന്നീട് ആദ്യകാല തിയേറ്ററുകളായ തൃശ്ശൂർ ജോസ്, കോഴിക്കോട് ഡേവിസൺ എന്നിവ സ്ഥാപിക്കപ്പെട്ടത്. ആദ്യ ഇന്ത്യൻ ചലച്ചിത്രമായ രാജാ ഹരിശ്ചന്ദ്ര 1913 മേയ് 3-നാണ് പ്രദർശനത്തിനെത്തിയത്. ഇതിനും 12 വർഷങ്ങൾക്കു ശേഷം, 1925-ലാണ് കേരളത്തിൽ ആദ്യ തിയേറ്റർ വന്നത്—കോഴിക്കോട് ക്രൗൺ. തൃശ്ശൂർ രാമവർമ്മ (1930), തൃശ്ശൂർ ജോസ് (1931), തിരുവനന്തപുരം ചിത്ര (1931) എന്നിവയും ആദ്യകാല തിയേറ്ററുകളാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷാചിത്രങ്ങളായിരുന്നു പ്രധാനമായും പ്രദർശിപ്പിച്ചത്.