24/06/2024
49 വർഷം തികയുന്ന പുന്നത്തൂർ ആനത്താവളം.! ഓർമ്മയിലൊരു ആനയൂട്ടും,ആനകളുടെ ഘോഷയാത്രയും അത്യപൂർവമായൊരു "ഗൃഹപ്രവേശനചടങ്ങും!! ജൂൺ 26 ന് ദേവസ്വം പെൻഷൻകാരുടെ സ്നേഹവായ്പ്.!
___________________________
രാമയ്യർ പരമേശ്വരൻ
____________________________
1975 ജൂൺ 26 ഗജരാജൻ കേശവന്റെ നേതൃത്വത്തിൽ 19 ഗജവീരന്മാർ പങ്കെടുത്ത ഗജഘോഷയാത്ര !!
____________________________
ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിന്നും രുദ്രതീർത്ഥപ്രദക്ഷിണത്തോടെ പുന്നത്തൂർ കോട്ടയിലേക്ക് !
____________________________
ഘോഷയാത്രക്കിടയിൽ പുന്നത്തൂർ കോട്ടക്കടുത്തെത്തിയ കേശവൻ പുതിയ പാലത്തിൽ കയറി ശങ്കിച്ചു നിന്നു!!
____________________________
ഘോഷയാത്രയിലില്ലാതെതാരയും, പത്മനാഭനും, രാമചന്ദ്രനും,നാരായണനും,ലക്ഷ്മിയും, രവീന്ദ്രനും
____________________________
ഗുരുപവനപുരത്തിൽ വീണ്ടുമൊരു ജൂൺ 26!...അതെ, ഗുരുവായൂരപ്പന്റെ ഭക്തൻമാർക്കും,ഗുരുവായൂർ പ്രദേശവാസികൾക്കും,ഗജസ്നേഹികൾക്കും,അതൊരു ആഘോഷദിനത്തിന്റെ ഓർമ്മകളാണ്. ലോകത്തെവിടേയും കാണാത്ത ഒരു അപൂർവ്വ ഘോഷയാത്ര നടന്ന സുദിനം.! ഗജസംരക്ഷകനും,ഗജപ്രേമിയുമായ ഗുരുവായൂരപ്പന്റെ ഗജരാജൻ ,ഗുരുവായൂർ കേശവനും,പത്മനാഭനും,രാമചന്ദ്രനും,നാരായണനും, വേണുഗോപാലനും,കുട്ടിശ്ശങ്കരനും, രാമൻകുട്ടിയും, ലക്ഷ്മിക്കുട്ടിയും ഉൾപ്പെടെ എണ്ണം 26 ലെത്തിയ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത്.!
ഗുരുവായൂരപ്പന്റെ ഗജകേസരികൾ തെക്കെ നടയിലെ സാമൂതിരി കോവിലകത്തുനിന്നും പുന്നത്തൂർ കോവിലകത്തെ ആനത്താവളത്തിലേക്ക് 49 വർഷംമുമ്പ് "ഗൃഹപ്രവേശം" നടന്ന ദിവസം , അനുസ്മരണ ദിനമായി ഗുരുവായൂർ ദേവസ്വത്തിൽ ആനത്താവളത്തിൽ ജോലിചെയ്ത ദേവസ്വം പെൻഷനേഴ്സ് കൂട്ടായ്മ ജൂൺ 26 ബുധനാഴ്ച ഗുരുവായൂരപ്പന്റെ ഗജങ്ങൾക്കെല്ലാം വിഭവസമൃദ്ധമായ ആനയൂട്ടോടെ ആചരിക്കും.
എട്ടുകെട്ടു മാളികയും,കുളപ്പുരയും,പടിപ്പുരയും ചേർന്ന ഗുരുവായൂരിലെ സാമൂതിരി കോവിലകത്ത്(ഇന്നത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ്) കെട്ടിയിരുന്ന ആനകളുടെ എണ്ണം വർദ്ധിച്ചു 25 ലെത്തിയപ്പോഴാണ് സ്ഥലപരിമിതി രൂക്ഷമായ സാഹചര്യത്തിൽ 1975 ൽ പുന്നത്തൂർ രാജകുടുംബം വക 9 ഏക്ര 75 സെന്റ് സ്ഥലവുംപുന്നത്തൂർ കോവിലകവും,1,60,000/_ രൂപക്ക് ഗുരുവായൂർ ദേവസ്വം വിലക്ക് വാങ്ങി ഗുരുവായൂരപ്പന്റെ ഗജകേസരികൾക്ക് വിസ്താരമേറിയ പുതിയ വാസസ്ഥലം ഒരുക്കിയത്.അങ്ങനെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാമൂതിരി കോവിലകം പറമ്പിൽ നിന്നും പുന്നത്തൂർ രാജവംശത്തിന്റെകൊട്ടാരംപറംമ്പിലേക്കൊരു ഘോഷയാത്രയും ഗൃഹപ്രവേശവും.! 1975 ജൂൺ 26 ന്.... ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് വഹിക്കാൻ മുടക്കം വരാതെ ശീവേലി ക്കു ഡ്യൂട്ടിയുണ്ടായിരുന്ന " താര" യും, മദംപാടിലായിരുന്ന പത്മനാഭനും, രാമചന്ദ്രനും,ചികിത്സ യിലായിരുന്ന നാരായണൻകുട്ടി (എലൈറ്റ്), ജൂനിയർ ലക്ഷ്മി, രവീന്ദ്രൻ, എന്നിങ്ങനെ 6 ആനകൾ ഒഴികെ, ഗജരാജൻ കേശവന്റെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെയും,നാട്ടുകാരുടേയും ദേവസ്വം ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ 19 ഗജവീരന്മാർ പങ്കെടുത്ത വളരെ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു "ഗൃഹപ്രവേശന" ചടങ്ങ് നടന്നത്. ഭഗവാന്റെ കളഭവും,മാലയും അണിഞ്ഞ് ദീപസ്തംഭത്തിനടുത്തുനിന്നും ഗുരുവായൂരപ്പനെ വണങ്ങി രുദ്രതീർത്ഥം വലം വെച്ച് വരിവരിയായി പടിഞ്ഞാറെ നടയിലൂടെ യായിരുന്നു ചരിത്രം രേഖപ്പെടുത്തിയ ഘോഷയാത്ര. വഴിനീളെ ഭക്തജനങ്ങളുടേയും,നാട്ടുകാരുടേയും വീഥികൾ അലംകരിച്ചുള്ള സ്വീകരണം.വാദ്യഘോഷങ്ങൾ, പുന്നത്തൂർ റോഡിലൂടെ കോട്ടക്കടുത്തെത്തിയപ്പോൾ ഗജഘോഷയാത്രക്ക് നേതൃത്വം നൽകിയ കേശവൻ കോട്ടക്കടുത്ത് പുതുക്കിപണിത പുതിയ പാലത്തിനു സമീപം ഒന്ന് നിന്നു.അതെ,പാലത്തിനുമീതെ അല്പസമയം ഒന്ന് ശങ്കിച്ചു നിന്നു...ഇളക്കമുണ്ടോ..... തന്നെ
അനുഗമിക്കുന്നഗുരുവായൂരപ്പന്റെ ഗജകുടുംബാംഗങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണെന്നു തോന്നുന്നു, രണ്ടു തവണ മുൻകാലുകൾ പതുക്കെ പതുക്കെ ചവിട്ടി നോക്കി.....പാലത്തിന്റെ ഉറപ്പിൽ ബോധ്യം വന്നശേഷമേ സ്നേഹനിധിയായ കേശവൻ പാലം കടന്നുള്ളൂ. കണ്ടുനിന്നവർ അത്ഭുതസ്തബ്ധരായി.ഭക്തൻമാർ അത്ഭുതംകൂറി....പ്രമുഖവ്യക്തികളും, നാട്ടുകാരും ആനകളെ അനുഗമിച്ചിരുന്നു.അവരും ആശ്ചര്യഭരിതരായി. വഴി സുഖമമാണെന്ന് ഉറപ്പിച്ചു.കേശവൻ നടത്തം തുടങ്ങി....തുടർന്ന് ആനകൾ കോട്ടയിലെ വിശാലമായ പുന്നത്തൂർ കോവിലകം പറമ്പിൽ പ്രവേശിച്ചപ്പോൾ ഗംഭീരമായ വെടിക്കെട്ടുണ്ടായി. എല്ലാംകൊണ്ടും ആനകൾക്കും ആനക്കാർക്കും വളരെ ആഹ്ളാദമായി. ദേവസ്വം വകയായി ആനകളുടെ പരിചരണത്തിൽ മുഴുകിക്കഴിയുന്ന ആനക്കാർക്കും,മറ്റും വിഭവസമൃദ്ധമായ സദ്യ പുന്നത്തൂർ കോട്ടയിൽ വെച്ച് നൽകി. വർഷം 49 ആയി, 66 ആനകൾ വരെ ഉണ്ടായിരുന്ന ഗജസമ്പത്തിൽ ഗുരുവായൂരപ്പന് ഇപ്പോൾ ആനകൾ 38 ഉണ്ട്.അന്നത്തെ അത്യപൂർവ്വമായ ഗൃഹപ്രവേശനത്തിനും,ആനയൂട്ടിനും ആഘോഷത്തിനും പങ്കാളികളായ ഗജകേസരികളിൽ ഇന്നും ജീവിച്ചിരിക്കുന്ന നന്ദിനിയും, രാധാകൃഷ്ണനും, ,ദേവിയും ഇന്നും ഓർക്കുന്നുണ്ടാകും...തന്റെ മുൻഗാമികളേയും,സഹപ്രവർത്തകരേയുംകുറിച്ചുള്ള നല്ലകാലം... 49വർഷം മുമ്പ്.. ഒരിക്കലും മായാതെ,മറയാതെ നടന്നൊരു "ഗൃഹപ്രവേശം"!! ചരിത്രത്തിൽ ആദ്യമായി ട്ടായിരുന്നു ഇത്തരമൊരു ചടങ്ങ്.അത് ഗുരുവായൂരപ്പന്റെ ആനകൾക്ക് മാത്രം,ഗുരുവായൂരിൽ മാത്രം.അന്നത്തെ ആ ചരിത്ര സംഭവങ്ങൾ, ആയതിനെ അനുസ്മരിച്ചു കൊണ്ട് ഗുരുവായൂരപ്പന്റെ ഗജകേസരികളെ അനവധി കാലം സ്നേഹത്തോടെ പരിലാളിച്ചും,പരിചരിച്ചും ദേവസ്വത്തിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥാനുദ്യോഗസ്ഥരുടെ വകയായി ഇന്നും,2024 ജൂൺ 26 ന് ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പുന്നത്തൂർ കോട്ടയിലെ ആനകൾക്കെല്ലാം ആനയൂട്ട് നടക്കും.ആനകളെ ഊട്ടാനും,സ്നേഹംപങ്കുവെക്കാനും ചടങ്ങിൽ അത്യുത്സാഹത്തോടെ പങ്കെടുക്കാൻ പല വിധമാണ് ഓർമ്മകളിൽ ദേവസ്വം പെൻഷൻകാരും പങ്കുചേരും.അന്ന് 49 വർഷംമുമ്പ്, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയും,ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടും, അഡ്മിനിസ്ട്രേറ്റർ എൻ.കെ.നാരായണകുറുപ്പും , പുന്നത്തൂർകോവിലകം തറവാട്ടിലെ കാരണവർ ഗോദശങ്കരവലിയരാജ, യും,അന്നത്തെ ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.ടി.മോഹനകൃഷ്ണൻ,വടേക്കര ബാലകൃഷ്ണൻനായർ,കെ.കുട്ടികൃഷ്ണൻ,ഇ.സി.മാധവൻനമ്പ്യാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു .
ഗുരുവായൂരപ്പന്റെ ഗജകേസരികൾക്ക് പുതിയ വാസസ്ഥലം ലഭിച്ചിട്ട് 49 വർഷം പിന്നിടുമ്പോൾ ഗൃഹപ്രവേശന ദിനമായ ബുധനാഴ്ച ഗുരുവായൂരപ്പന്റെ ഗജകേസരികളെ അനവധികാലം സ്നേഹിച്ചും,പരിചരിച്ചും ദേവസ്വം സർവീസിൽ നിന്നും വിരമിച്ച ദേവസ്വം ജീവനക്കാർക്കൊപ്പം പുന്നത്തൂർ കോട്ടയിൽ ഗുരുവായൂരപ്പന്റെ ഗജവീരന്മാർ ക്കുള്ള ആനയൂട്ടിൽ പുന്നത്തൂർ ആനത്താവളത്തിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.ആനകളുടെ ഗൃഹപ്രവേശം..അതും ഗുരുവായൂരപ്പന്റെ ഗജകേസരികൾക്കുള്ള വാസസ്ഥലം സൗകര്യപ്പെടുത്തൽ ആനയൂട്ട്, സുഖചികിത്സ,ഗജരാജ ബഹുമതി നൽകി ആദരിക്കൽ,ഗജക്ഷേ നടപടികൾ,ആധുനികമായ ഷവർ സംവിധാനം, റബ്ബർ ഷീറ്റുകൊണ്ടുള്ള അത്യാധുനികകെട്ടുതറി സംവിധാനം,ഇത്തരം അപൂർവ്വങ്ങളിൽ അപൂർവ്വമായ ചടങ്ങുകൾ , സംവിധാനങ്ങൾ ഗുരുവായൂരിൽ മാത്രം...ഗുരുവായൂരപ്പന്റെ സന്നിധിയിൽ മാത്രം.