17/04/2020
പി.സി 4632-ഉം പിന്നെ ശാസ്താവും.
------------------------------------------------------
സമയം രാത്രി 9.55. മ്യൂസിയം പോലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോൾ ബൈക്ക് തന്റെ ഓട്ടം സ്വന്തം ഇഷ്ടം പ്രകാരം നിർത്തി. രണ്ടുദിവസമായി അതിനു തുള്ളി‘വെള്ളം‘ കൊടുത്തിട്ടില്ല. ഇരുമ്പ് നിർമ്മിതമായ ആമാശയം വിശന്ന് തുരുമ്പിച്ചു തുടങ്ങിയിരിക്കണം.
നിയോൺ ലൈറ്റിന്റെ പ്രകാശത്തിൽ ഞാൻ മഞ്ഞളിച്ചു നിന്നു. പെട്രോൾ പമ്പ് 10 മണിവരയേ ഉള്ളു. ഞാൻ പഴ്സ് തുറന്നു നോക്കി. ഏഴെട്ട് വിസിറ്റിംഗ് കാർഡ്, പണയം വച്ചതിന്റെ റസീത്, ഒരു സിനിമാ ടിക്കറ്റ്. പേഴ്സ് യഥാസ്ഥാനത്ത് മടക്കിവയ്ക്കുമ്പോൾ സ്വന്തമായി കമ്മട്ടമില്ലാതെ പോവുന്ന ഓരോ ഭാരതീയ ദരിദ്രവാസികളെടെയും കഷ്ടപ്പാടുകളോർത്ത് രണ്ടു തുള്ളി ഫ്രെഷ് കണ്ണുനീർ ഞാൻ റോഡിൽ പൊഴിച്ചു. അതിനുമേളിലൂടെ പുത്തനൊരു ഓഡി Q7 പാഞ്ഞുപോയി. ഫോർ രജിസ്ട്രേഷൻ.
ചെരിച്ചു കിടത്തുക, ടാങ്ക് തുറന്ന് പള്ളയിൽ ഊതുക തുടങ്ങിയ ചെപ്പടിവിദ്യകളൊക്കെ നോക്കിയിട്ടും ബൈക്ക് പിണങ്ങിത്തന്നെ നിൽക്കുന്നു. തലേന്ന് രാത്രി 9 ബൈക്കുകൾ സിറ്റിയിൽ നിന്നുമാത്രം മോഷണം പോയെന്ന വാർത്ത ഇന്നത്തെ പത്രത്തിൽ വായിച്ചതേയുള്ളു. പെട്രോൾ ഇല്ലാത്ത വണ്ടിയാണെങ്കിലും തീരുമാനിച്ചാൽ കള്ളന്മാർ അതുകൊണ്ട് കടക്കും.
ബൈക്ക് നടപ്പാതയുടെ ഓരം ചേർത്തുവച്ച് ഞാൻ പോലീസ് സ്റ്റേഷനിലേയ്ക്ക് നടന്നു. അർദ്ധരാത്രി അനാഥമായി സ്റ്റേഷനുമുന്നിലിരിയ്ക്കുന്ന ബൈക്കിനെ അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കാൻ പോലീസിനു തോന്നരുതല്ലോ. നാഥനുണ്ടെന്ന് വെളിപ്പെടുത്തണം.
സ്റ്റേഷനകത്ത് പഴകിയ മേശയ്ക്കുപിന്നിലെ മരക്കസേരയിൽ ഒരു പി.സി തീപ്പെട്ടിക്കൊള്ളികൊണ്ട് ചെവി ക്ലീനാക്കി ഇരിയ്ക്കുന്നു. തല അല്പം ചെരിച്ച് പുരികം ഉയർത്തി കണ്ണുകൾ ഏതോ ആലസ്യത്തിലെന്ന പോലെ പാതി കൂമ്പി അങ്ങനെ.... മേശയ്ക്കു കുറച്ചു പിന്നിലായി വലിയൊരു വാട്ടർ ബോട്ടിൽ വച്ചിട്ടുണ്ട്. അതിന്റെ ടാപ്പിൽ നിന്നും വെള്ളത്തുള്ളികൾ ചെറിയ ആവർത്തിയിൽ ഇറ്റുന്നുണ്ട്. അതുശേഖരിയ്ക്കാൻ താഴെ, നിലത്തുവച്ചിരുന്ന പാത്രത്തിൽ ട്യൂബ്ലൈറ്റിന്റെ പ്രതിബിംബം കഷണങ്ങളായി ഇളകിക്കളിക്കുന്നു.
കുറച്ചുമാറി നിലത്ത് ശബരിമല ശാസ്താവിനെപ്പോലെ കുത്തിയിരിക്കുന്ന ഒരുവൻ. ആള് ആ സ്റ്റേഷന്റെ സ്വന്തം പ്രതി ആണെന്ന് തോന്നുന്നു. മുഖത്ത് യാതൊരു പരിഭ്രമവുമില്ല. ഇതൊക്കെ എത്ര കണ്ടിരിക്കുന്ന എന്ന ഭാവം ശാന്തതയായി മുഖത്ത് ഓളം വെട്ടുന്നു. പിൻവശത്തെ ഭിത്തിയിൽ ഗാന്ധിജിയുടെ ചിത്രമുള്ള സർക്കാർ കലണ്ടർ. ജനുവരി മാസം കാറ്റിലിളകിയാടി എന്നെ മാടി വിളിയ്ക്കുന്ന പോലെ.
അല്പം സമയം ഞാനവിടെ പതറിനിന്നു. തീപ്പെട്ടിക്കൊള്ളി മറുചെവിയിലേയ്ക്ക് ഇടുന്നതിനിടയിൽ പി.സി എന്നെ നോക്കി ചോദ്യരൂപത്തിൽ മൂളി. വീണ്ടും എതിർവശത്തേയ്ക്ക് തലചെരിച്ച് കണ്ണുകളും പുരികവും പഴയപടിയാക്കി. അങ്ങനെ...
നിലത്തിരിയ്ക്കുന്ന ശാസ്താവ് കുഴിനഖമുള്ള തള്ളവിരൽ ചൊറിഞ്ഞ് എന്നെ നോക്കുന്നു.
- സാർ, എന്റെ ബൈക്ക്...
ഞാൻ പൂർത്തിയാക്കും മുൻപേ യാതൊരു ഭാവഭേദവുമില്ലാതെ പി.സി ചോദിച്ചു.
- എവിടെ വച്ച്?
- എന്ത്? (എനിയ്ക്കു മനസ്സിലായില്ല. ഞാൻ വിക്കി.)
- മോഷണം പോയത്? – പി.സി
- സാർ, എന്തു മോഷണം പോയെന്ന്? - ഞാൻ.
- തന്റെ അമ്മായിയമ്മയുടെ അരയേക്കറോളം പുഞ്ചപ്പാടം.
പി.സി. ശരിയായ ആർ.പി.എമ്മിൽ കർമ്മനിരതനായിരിക്കുന്നു.
അയാൾ ചെവിയിൽ നിന്നും തീപ്പെട്ടിക്കൊള്ളി ഊരി എന്നെ നോക്കി . ഒരു നെല്ലിക്ക വലിപ്പത്തോളം ‘മരുന്ന് കൊള്ളിയിലുണ്ടെന്നത് ഞാൻ അറപ്പോടെ കണ്ടു.
“എടോ മഴുവാ..എവിടെനിന്നാണ് തന്റെ ബൈക്ക് മോഷണം പോയതെന്ന്?“ - അയാൾ ഡെസിബൽ കണക്കിന് ശബ്ദം പുറപ്പെടുവിപ്പിച്ച് ചോദിച്ചു.
- ഏമ്മാനേ, മോഷ്ടിക്കപ്പെട്ടിട്ടില്ല. ബൈക്കിലെ പെട്രോൾ തീർന്നതാണ്. - പരമാവധി വിനയം പുരട്ടി വാക്കുകളെ വെണ്ണപ്പരുവത്തിൽ ചെവിക്കായം പോക്കിനിൽക്കുന്ന ഏമ്മാന്റെ കാതിൽ ഞാൻ നിക്ഷേപിച്ചു.
- എന്തിനാടാ “ # #%@@**^മോനേ “ അതിനിങ്ങോട്ട് കെട്ടിയെടുക്കുന്നത്?
പി.സി-യുടെ വായിൽ നിന്നും ഭൂജാതരായ സരസ്വതികൾ എനിയ്ക്കു ചുറ്റും കുച്ചിപ്പിടി നടത്തി.
- അതല്ല സാർ.. രാത്രി വണ്ടി ഇവിടെ വച്ചിട്ട് പോട്ടെ എന്നു ചോദിയ്ക്കാൻ...
- നീ ഇവിടെ വച്ചിട്ട് പോയാൽ..? നിന്റെ കുണ്ടിയ്ക്ക് ഞാനെന്താടാ പാറാവ് നിക്കണോ?
- വേണ്ട ഏമ്മാനേ. അങ്ങനെയല്ല.
- അല്ല നിക്കാമെടാ # #%@@**^.. മോനേ..
എന്നും പറഞ്ഞ് പി.സി കസേരയിലിരുന്നു. പിന്നെ ഒരു വലിയ ബുക്കും പേനയുമെടുത്ത് ചോദിച്ചു...
- എന്താടാ പേര്?
(ഞാൻ പേര് പറഞ്ഞു)
- മേൽവിലാസം?
(അതും പറഞ്ഞു)
അച്ഛന്റെ പേര്?
(പറഞ്ഞു)
അമ്മേടെ പേര്
(പറഞ്ഞു)
തിരിച്ച് പേരുകൂട്ടി അച്ചനും അമ്മയ്ക്കും ഏമ്മാനും പറഞ്ഞു.
വണ്ടിയ്ക്ക് ബുക്കും പേപ്പറും ഉണ്ടോടാ?
- ഉണ്ട്.
- ഉണ്ടില്ലെങ്കിൽ, നിന്നെ ഞാൻ ഊട്ടാമെടാ..
(ഞാൻ തലകുനിച്ചു)
- എന്താടാ നിന്റെ പണി?
- ഒന്നുമില്ല!
- കൂലി?
- നയാപൈസയില്ല!
- വരുമാനം?
(ഇല്ലെന്ന് ചുമൽ കുലുക്കി)
- ജീവിയ്ക്കാൻ?
- ആശ്രയിക്കും!
- ആരെ?
- ആരെയും!
- നാണം?
- ഇല്ല
- മാനം?
- അനുഭവപ്പെട്ടിട്ടില്ല.
- സമയം പോക്കാൻ?
- ഉറങ്ങും?
- ഉണർന്നാൽ?
- ഉണ്ണും.
- ഊ...?
- ഇല്ല.
- വൈ?
- (ദിസ് കൊലവെറി ഡാ എന്ന് മനസ്സിൽ ചോദിച്ച് പറഞ്ഞു)
സഹധർമ്മിണി നാട്ടിലാണ്.
- നീ മുല്ലപ്പെരിയാർ പ്രക്ഷോഭത്തിൽ പങ്കാളിയായിട്ടുണ്ടോ?
- ഇല്ല
- കാരണം.
- പങ്കെടുക്കാനുള്ള മെഴുകുതിരി കിട്ടിയില്ല.
- സാമൂഹിക പ്രതിബദ്ധത?
- കമ്മിയാണ്.
- മറ്റു ജനദ്രോഹങ്ങൾ?
- ബ്ലോഗ് എഴുതും
- എന്നുവച്ചാൽ ഇന്ദുമേനോൻ പറഞ്ഞപോലെ കക്കൂസ് സാഹിത്യം രചിയ്ക്കുമെന്നർത്ഥം.?
- ഞാൻ നായരാണ്. മേനോൻ മാരുടെ വാക്കുക്കൾ നായന്മാർ കാര്യമാക്കാറില്ല.
പി.സി എഴുത്ത് മതിയാക്കി എഴുന്നേറ്റ് എന്റെ നേർക്ക് നടന്നടുത്തു. എന്റെ ധൈര്യം മൂത്രത്തുള്ളികളായി ഇറ്റുന്നുവോ? ഞാൻ ഭയത്തോടെ ശാസ്താവിനെ നോക്കി. ശാസ്താവ് ഭിത്തിയോട് ചേർന്ന് അന്തിക്രിസ്തുവായി രൂപാന്തരം പ്രാപിച്ച് നിൽക്കുകയാണ്. കിട്ടിയ തക്കത്തിന് ശാസ്താവും മതം മാറിയോ?! – ഞാൻ അതിശയിച്ചു.
പി.സി ഇരുകൈകളും എന്റെ തോളിൽവച്ചു. ഞാൻ ആ കണ്ണുകളിൽ നോക്കി. അപ്പോൾ, അവിടെ പോലീസുകാരുടെ കണ്ണിൽ സാധാരണ കാണാത്തവിധമുള്ള ശാന്തത. ആ കണ്ണുകളിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറക്കുന്നു. കണ്ണിലെ നേർത്ത ഞരമ്പുകൾ ഇഴപിരിഞ്ഞ് ബോധിവൃക്ഷത്തെ അനുസ്മരിപ്പിക്കുന്നു. ഞാൻ കൈകൂപ്പി. കാക്കിയിട്ട മഹാത്മാവേ അങ്ങേയ്ക്ക് പ്രണാമം. ഞാൻ ആ മനുഷ്യനെ മനസ്സുകൊണ്ട് നമസ്കരിച്ചു.
വിശേഷണങ്ങൾ ഒന്നും ചേർക്കാതെ “മോനേ“ എന്ന പി.സി.യുടെ വിളി പ്രാവിന്റെ കുറുകലായി എന്റെ കാതിൽ വന്നുചേക്കേറി. അദ്ദേഹത്തിന്റെ കണ്ണുകൾ എന്തിനാണ് നിറഞ്ഞിരിയ്ക്കുന്നത്?
സാവധാനം പി.സി അകത്തേയ്ക്ക് നടന്നു.
ഏതാനും നിമിഷം കഴിഞ്ഞ് പുറത്തുവന്ന പി.സിയെ കണ്ട് ഞാൻ ഞെട്ടി.
കൈയ്യിൽ ഒരു വലിയ തോക്ക്! ആഡംബരം കുറയാതിരിയ്ക്കാനെന്നവണ്ണം അറ്റത്തൊരു കത്തിയും പിടിപ്പിച്ചിരിയ്ക്കുന്നു. അത് ചെറുതായി തുരുമ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ പച്ചമാംസത്തിൽ പുളഞ്ഞുനടന്നിട്ട് കാലമേറെയായെന്നു തോന്നുന്നു.
തോക്കേന്തിയ പി.സിയുടെ മുഖത്ത് അപ്പോഴും ശാന്തതയായിരുന്നല്ലോ എന്ന് ഭയത്തിലും ഞാൻ അതിശയിച്ചു. അദ്ദേഹം സാവധാനം എന്നോട് പറഞ്ഞു...
“മോനേ, ഈ കാക്കിയിട്ടതിൽ പിന്നെ ഒരു നല്ലകാര്യം എനിയ്ക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. സമാധനമോ സന്തോഷമോ ജീവിതത്തിലുണ്ടായിട്ടില്ല. പിള്ളേർക്ക് കരപ്പനും ചിരങ്ങും ആറ്റടുന്നില്ല. പെറ്റുപെറ്റിപ്പോൽ പെണ്ണുമ്പിള്ളയ്ക്ക് നടുവനക്കാനും വയ്യ. കോണ്ടം പോലും കരുണകാണിയ്ക്കുന്നില്ല. എനിക്കറിയാം. എല്ലാം ഈ ശാപംകിട്ടിയ പണിയുടേതാണ്. മൂത്ത കുറ്റവാളികൾക്ക് സല്യൂട്ടടിക്കുകയും കുഞ്ഞുകുഞ്ഞു കള്ളന്മാരെ പിടിച്ച് എല്ലൊടിക്കുകയും ചെയ്യുന്നതിന്റെ ശിക്ഷ. എനിക്കിനി വയ്യ മോനേ.. എനിയ്ക്കിനി വയ്യ.. “
- മോഡുലേഷൻ കൊണ്ട് പോലീസാവും മുൻപ് ഇയാൾ സൂര്യസോമയിലെ നാടക നടനായിരുന്നോ എന്നു സംശയിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു..
“പോട്ടെ സാർ, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നോക്കൂ..... “
ഞാൻ പറഞ്ഞു തീരും മുൻപേ പുലിയെക്കണ്ട ശിക്കാരി ശംഭുവിനെപ്പോലെ അയാൾ എന്റെ നേരേ തോക്കു ചൂണ്ടിക്കൊണ്ട് അലറി...
“(വിശേഷണത്തോടെ)മോനേ...., ആരാടാ ആത്മഹത്യ ചെയ്യുന്നത്. നിന്നെപ്പോലൊരുത്തനെ ഈ ഭൂമിയില് വച്ചുവാഴിക്കില്ലെടാ ഞാൻ. മേലനങ്ങാതെ തിന്നുമുടിയ്ക്കുന്നവനേ... നിന്നെ കൊല്ലാൻ എനിയ്ക്ക് അങ്ങ് മേളീന്നുള്ള ഓർഡറൊന്നും വേണ്ടടാ പൊണ്ണാ.... വെടിയുണ്ടകയറ്റി നിന്റെ തലമണ്ട തുരന്നാൽ എന്റെ കർമ്മമണ്ഠലം പുഷ്ടിപ്പെടും. കാക്കിയിട്ട് ആദ്യമായി ഞാനൊരു നല്ലകാര്യം ചെയ്യട്ടെ. എന്റെ മക്കടെ കരപ്പൻ മാറട്ടെ. പെണ്ണുമ്പിള്ളയുടെ നടുവ് ഏതൊരു കടുത്തനീക്കത്തെയും നേരിടാൻ പ്രാപ്തമാവട്ടെ. കോണ്ടം കരുണകാണിയ്ക്കട്ടെ. നിന്നെ ചരിത്രമാക്കിയാൽ ഞാൻ ചെയ്ത സകലപാപങ്ങളും തീരും. നീ പോലീസുകാരന് ശാപമോക്ഷം നൽകുന്ന ഗംഗയാണ്. മോനേ കാട്ടെടാ നിന്റെ തല... തെങ്ങിൻ പൂക്കുല പോലെ നിന്റെ തലച്ചോറ് ഞാനീ സ്റ്റേഷനിൽ ചിതറുന്നത് കാണിയ്ക്കാം...”
അയാൾ എന്റെ നേരേ കാഞ്ചിവലിച്ചു. അപ്പോൾ കർത്താവ് വീണ്ടും മതം മാറി അനന്തശയനത്തിലായത് ഞാൻ കണ്ടു. ഭയം കൊണ്ട് അനന്തന്റെ നെഞ്ച് തിരമാല പോലെ ഉയർന്നുതാഴുന്നു...
ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു നിന്നു. ചിതറിത്തെറിയ്ക്കുന്ന തലച്ചോറ് എനിയ്ക്കുചുറ്റും ഇപ്പോൾ പൂക്കളം തീർക്കും. ഞാൻ അതിനുനടക്ക് തലയില്ലാത്ത ഓണത്തപ്പനാവും.
“എടോ നാൽപ്പത്തിയാറ് മുപ്പത്തിരണ്ടേ..അതിൽ ഉണ്ടയില്ലെടോ...” വെടിപൊട്ടും പൊലെ ഒരു ശബ്ദമായിരുന്നു അത്. ഞാൻ കണ്ണുതുറന്നു നോക്കി. തോക്കുചൂണ്ടിയ പോലീസുകാരനു പിന്നിൽ മറ്റൊരുവൻ.
-ഉണ്ടയില്ലെന്നോ!! തെല്ലൊരു നിരാശയോടെ പിസി. കുറച്ചു സമയം തോക്കിലേയ്ക്ക് നോക്കി നിന്നു. പിന്നെ മറ്റേ പോലീസുകാരനോട് ചോദിച്ചു.
“അത്യാവശ്യമാണെന്ന് പറഞ്ഞാൽ നമ്മുടെ സഖാവ് ഒരുണ്ട കടം തരുമോടോ?”
“സഖാവ് ഇപ്പോൾ ഉണ്ടയൊന്നും കൊണ്ടുനടക്കാറില്ലടോ. താൻ അവനോട് ഉണ്ട വരുമ്പോൾ വന്ന് വെടികൊണ്ടിട്ട് പോവാൻ പറ.“- മറ്റേ പോലീസ് അകത്തേയ്ക്ക് കയറിപ്പോയി.
പി.സി 4632 എന്നോടായി പറഞ്ഞു.
“പറഞ്ഞത് കേട്ടല്ലോ ഉണ്ടവരുമ്പോൾ അറിയ്ക്കും. അപ്പോൾ മോൻ വന്ന് വെടികൊണ്ടിട്ട് പൊയ്ക്കോണം. കേട്ടല്ലോ. “
കേട്ടു – ഞാൻ പറഞ്ഞു.
പിന്നെ പി.സി 4632-നെ താണുതൊഴുത് മടങ്ങി. പടിയിറങ്ങുമ്പോൾ ഒന്നുകൂടി തിരിഞ്ഞു നോക്കി.
അനന്തൻ അപ്പോൾ വീണ്ടും ശാസ്താവായി മാറി കുഴിനഖമുള്ള തള്ളവിരൽ ചൊറിയുകയായിരുന്നു.
ഞാൻ ശാസ്താവിനെയും തൊഴുതുനമസ്കരിച്ച് നടന്നു.
(2012)