14/04/2022
കരാറുകാരന്റെ മരണത്തിൽ ആരോപണ വിധേയനായതിന് പിന്നാലെ മന്ത്രി സ്ഥാനം രാജിവച്ച് കെ.എസ്. ഈശ്വരപ്പ. കർണ്ണാടകയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി. നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കെ.എസ്. ഈശ്വരപ്പ കൈമാറും. അതേസമയം പ്രതിഷേധങ്ങൾ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും പ്രാഥമിക അന്വേഷണം പൂർത്തിയാകാതെ മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ നടപടി എടുക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ പറഞ്ഞിരുന്നത്. നേരത്തെ കരാറുകാരൻ ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷിനെ അറിയില്ലെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെ ഈശ്വരപ്പയുമായി സന്തോഷ് കൂടിക്കാഴ്ച നടത്തിയതിന്‍റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. 4 കോടിയുടെ ബില്ല് പാസാകാൻ നാൽപ്പത് ശതമാനം കമ്മീഷൻ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് മന്ത്രിക്കെതിരെ പരാതി നല്‍കാനുള്ള തീരുമാനത്തിലായിരുന്നു സന്തോഷ്. ഇതിനായി ബിജെപി നേതാക്കൾ വഴി കേന്ദ്രമന്ത്രിയുടെ സമയം നേടിയ ശേഷം ചൊവ്വാഴ്ച ദില്ലിക്ക് പോകാനായി ടിക്കറ്റ് എടുത്തതിന് പിന്നാലെയായിരുന്നു ദുരൂഹസാഹചര്യത്തിൽ ഉഡുപ്പിയിലെ ലോഡ്ജിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസ് റിപ്പോർട്ടെങ്കിലും നടന്നത് കൊലപാതകമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സുതാര്യമായ അന്വേഷണം നടക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതിനെ തുടര്‍ന്ന് കുടുംബം മൃതദേഹം ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു.