11/01/2023
പ്രിയമിത്രങ്ങളേ, സംഗീതാസ്വാദകരേ,
രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് നിരവധി പ്രശസ്ത പിന്നണി ഗായകരെയും കലാകാരന്മാരെയും അണിനിരത്തിക്കൊണ്ട്, ഞാൻ ഡയറക്ടറായി ആരംഭിച്ച സംഗീത - കലാ ട്രൂപ്പാണ് 'കലാകേരളം'.
മുൻമുഖ്യമന്ത്രിമാരായ ഇ.കെ.നായനാർ, പി.കെ.വാസുദേവൻ നായർ, പ്രൊഫ. ഓ.എൻ.വി. കുറുപ്പ്, എം.എ.ബേബി, ജി.കാർത്തികേയൻ, പന്ന്യൻ രവീന്ദ്രൻ, കെ.വി.സുരേന്ദ്രനാഥ്, പന്തളം സുധാകരൻ, സംഗീത സംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്, ബിച്ചു തിരുമല, ഗായകരായ കെ.പി.ഉദയഭാനു, കെ.പി. ബ്രഹ്മാനന്ദൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പി.കെ.മേദിനി, ശ്രീകാന്ത്, സി.ജെ. കുട്ടപ്പൻ, പി.സുശീലാദേവി, എം.എസ്. നസീം,കല്ലറ ഗോപൻ, ശ്രീറാം, ഭാവനാ രാധാകൃഷ്ണൻ, രവിശങ്കർ തുടങ്ങിയവർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് 2002 ഡിസംബർ 16-ാം തീയതി തിരുവനന്തപുരം എ.കെ.ജി. ഹാളിലാണ് നടന്നത്.
അതിനുശേഷം കേരളത്തിലങ്ങോളമിങ്ങോളം വളരെ വ്യത്യസ്തവും ബൃഹത്തുമായ സംഗീത പരിപാടികളും സ്റ്റേജ് ഷോകളും 'കലാകേരളം' നടത്തുകയുണ്ടായി. ഇതിൽ മലയാളത്തനിമയുള്ള ചലച്ചിത്ര - നാടക ഗാനങ്ങളെയും നാടൻപാട്ടുകളെയും കോർത്തിണക്കി അവതരിപ്പിച്ച ' ഞാറ്റുവേല' എന്ന പരിപാടിയും നാടൻ പാട്ടുകളും മാപ്പിളപ്പാട്ടുകളും കോർത്തിണക്കിയ 'മണ്ണും മയിലാഞ്ചിയും' എന്ന പരിപാടിയും വിവിധ ഭാഷാ യുഗ്മഗാനങ്ങളെയവതരിപ്പിച്ച 'ഹൃദയഗീതങ്ങൾ' എന്ന പരിപാടിയും വമ്പിച്ച ജനപ്രീതി നേടി.
സംസ്ഥാന ടൂറിസം വകുപ്പ്, വിവിധ ടി.വി.ചാനലുകൾ, സ്വരലയ, ഡി.റ്റി.പി.സി, പ്രേംനസീർ ഫൗണ്ടേഷൻ, ദേശീയ ബാലതരംഗം, ഓണാഘോഷ പരിപാടികൾ, വിവിധ ബീച്ച് ഫെസ്റ്റിവലുകൾ, അവാർഡ് നിശകൾ തുടങ്ങിയവയ്ക്കായി ഒട്ടേറെ സംഗീത - കലാപരിപാടികൾ 'കലാകേരളം' നടത്തിയിട്ടുണ്ട്.
ഞാൻ ചലച്ചിത്രരംഗത്ത് സജീവമായപ്പോൾ കലാകേരളത്തിന്റെ സംഗീതപരിപാടികൾ ഗണ്യമായി കുറയ്ക്കേണ്ടി വന്നു.
കോവിഡ് മഹാമാരിയ്ക്കുശേഷം മൂന്നു വർഷത്തോളമായി 'കലാകേരളം' പരിപാടികൾ അവതരിപ്പിക്കുന്നുമില്ല.
എന്നാൽ കലാകേരളത്തിന്റെ വേദികളിൽ സജീവമായിരുന്ന പിന്നണി ഗായകരടക്കമുള്ള നിരവധി ഗായകരും സംഗീത ഉപകരണങ്ങൾ വായിക്കുന്നവരും സാങ്കേതിക പ്രവർത്തകരും ഒരുപോലെ അഭ്യർത്ഥിച്ചതനുസരിച്ച് വീണ്ടും ഗാനമേളകളും മറ്റു സംഗീത പരിപാടികളും ഏറ്റെടുത്തു നടത്താൻ 'കലാകേരളം' തീരുമാനിച്ചിരിക്കുകയാണ്. ചെറുതും വലുതുമായ ഏതുതരം സംഗീത പരിപാടികളും ഇനിമുതൽ 'കലാകേരളം' അവതരിപ്പിക്കും. പത്മശ്രീ. കൈതപ്രത്തിന്റെ നേതൃത്വത്തിൽ പ്രശസ്ത പിന്നണി ഗായകരും ഗസൽ ഗായകരും നാടൻ പാട്ടുകാരും മറ്റും ഒന്നിക്കുന്ന 'കലാകേരള' ത്തിന്റെ പരിപാടികൾ സംഘാടകരുടെ താല്പര്യത്തിനും ബഡ്ജറ്റിനുമനുസൃതമായി രൂപകല്പന ചെയ്ത് അവതരിപ്പിക്കാനാകും.
പുതുവത്സരാശംസകളോടെ,
സ്വന്തം,
അനിൽ വി. നാഗേന്ദ്രൻ
We are an entertainment company based in Thiruvananthapuram, producing a diverse variety of original