25/09/2022
പെഡ്രൊ അൽമൊദോവർക്ക് ജന്മദിനാശംസകള്‍
(Pedro Almodóvar, ജനനം : 1949 സെപ്റ്റംബർ 25)
സ്വേച്ഛാധിപത്യഭരണാനന്തര സ്പെയിനിലെ ഏറ്റവും മികച്ച സാംസ്കാരിക ബിംബം എന്ന നിലയിൽ വിലയിരുത്തപ്പെടുന്ന പെഡ്രൊ അൽമൊദോവാർ ലോകം മുഴുവൻ ഉറ്റുനോക്കുന്ന മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളാണ്. തിരക്കഥാകൃത്ത്, നിർമാതാവ്, നടൻ എന്നീ നിലകളിലും അൽമൊദോവാർ ശ്രദ്ധേയനാണ്.
മധ്യ-തെക്കൻ സ്പെയിനിലെ ലാ മാഞ്ച എന്ന പ്രദേശത്താണ് അൽമൊദോവാർ ജനിച്ചത്. ഒരുപാട് അംഗങ്ങളുള്ള എന്നാൽ ദരിദ്രമായ ഒരു കർഷകകുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ഇക്കാലം അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ച ഒരു കാലമാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പലപ്പോഴും നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ഒരു ആശ്വാസത്തിനായി വരുന്നത് ചിത്രീകരിച്ചിട്ടുണ്ട്. ഗ്രാമീണതയുടെ നിഷ്കളങ്കതയിലുള്ള അദ്ദേഹത്തിന്റെ താൽപര്യവും വിശ്വാസവുമാണ് ഇത്തരത്തിൽ ആവർത്തിക്കുന്ന ദൃശ്യങ്ങളിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്. എട്ടുവയസ്സുള്ളപ്പോൾ അദ്ദേഹം കുടുംബത്തോടൊപ്പം സ്പെയിനിന്റെ പശ്ചിമപ്രദേശമായ എക്സ്ട്രമഡൂറയിലേക്ക് താമസം മാറുന്നു. കടുത്ത കത്തോലിക്കന്മാരായിരുന്ന കുടുംബം അൽമൊദോവാറെ ചേർത്തത് ഒരു കാത്തലിക് വിദ്യാലയത്തിൽ തന്നെയായിരുന്നു. ആ കാലത്തെ, അങ്ങേയറ്റം മൃഗീയതയുടെ പര്യായമായാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. പിൽക്കാലത്ത് അദ്ദേഹം എഴുതി സംവിധാനം ചെയ്ത ദ് ബാഡ് എജ്യുക്കേഷൻ എന്ന ചിത്രം സ്വന്തം വിദ്യാലയകാലത്തെ ഓർമകളിൽ നിന്ന് മെനഞ്ഞതാണ്. എന്നാലിക്കാലത്ത് ആ പ്രദേശത്ത് ഉണ്ടായിരുന്ന സിനിമാ തിയറ്റർ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്ക് ചിറക് മുളപ്പിച്ചത് ഈ തിയറ്ററിലെ സിനമാകാഴ്ചക്കലമായിരുന്നു. അക്കാലത്തും പിൽക്കാലത്തും അദ്ദേഹത്തെ ഏറ്റവുമധികം പ്രചോദിപ്പിച്ച സംവിധായകൻ ല്യുയി ബുനുവേലായിരുന്നു.
1960കളുടെ അവസാനത്തോടെ അൽമൊദോവാർ മാഡ്രിഡിലെത്തുന്നു. അവിടത്തെ സിനിമാസ്കൂളിൽ പഠിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും, ഫ്രാങ്കൊയുടെ സ്വേച്ഛാധിപത്യഭരണകാലത്ത് ഈ സ്കൂൾ അടച്ചുപൂട്ടിയിരുന്നു. പട്ടാളവിദ്യാഭ്യാസത്തിന് ശേഷം ടെലിഫോണിയ എന്നു പേരായ ടെലഫോൺ ഓപറേറ്റിങ് കമ്പനിയിൽ അദ്ദേഹത്തിന് ഗുമസ്തനായി നിയമനം ലഭിക്കുന്നു. പിന്നീടുള്ള പത്തുവർഷക്കാലം ആ ഉദ്യോഗത്തിലാണ് അദ്ദേഹം ചെലവഴിച്ചത്. അതിനിടയിൽ 1975ൽ ഫ്രാങ്കോയുടെ മരണത്തോടെ സ്പെയിനിൽ സ്വേച്ഛാധിപത്യത്തിന് അവസാനമാകുന്നു. ഇക്കാലത്ത് മാഡ്രിഡിൽ ബദൽ സാംസ്കാരികപ്രസ്ഥാനങ്ങൾ സജീവമാകുവാൻ ആരംഭിക്കുന്നു. ഇതിന്റെ പിന്നണിയിൽ സജീവമായി പ്രവർത്തിച്ചിരുന്നു അൽമൊദോവാർ. ലാ മൊവിദ എന്ന പേരിൽ പിൽക്കാലത്ത് വിഖ്യാതമായ ഈ പ്രസ്ഥാനത്തിന്റെ സുപ്രധാന ആസൂത്രകരിൽ ഒരാളായി അൽമൊദോവാർ ഉയരുകയായിരുന്നു. അക്കാലത്ത് സ്പെയിനിലെ തിയറ്റർ രംഗത്തും അദ്ദേഹം സജീവമാകുവാനാരംഭിച്ചു. സിനിമാ മേഖലയിലെ പല പ്രമുഖരെയും പരിചയപ്പെടുന്നത് ഇക്കാലത്താണ്. ഫ്രാങ്കൊയുടെ ഫാഷിസത്തിന്റെ ഗതകാലത്തിൽ നിന്ന് മുക്തി നേടി ജനാധിപത്യത്തിലേക്ക് ചുവടുമാറിയ പുതിയ സ്പെയിനിനെ ഒരു ആഘോഷമാക്കുക എന്നതായിരുന്നു ഇക്കാലത്ത് അൽമൊദോവാറിന്റെ പ്രധാനലക്ഷ്യം. അദ്ദേഹത്തിന്റെ പിൽക്കാല സിനിമകളിലെല്ലാം ഇതിന്റെ അലയൊലികൾ നമുക്ക് കാണാവുന്നതുമാണ്. അക്കാലത്ത് പേരുകേട്ട ‘പങ്ക് റോക്’ ഗ്രൂപ്പുകളിൽ അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിരുന്നു. പുറമേ ധാരാളമായി പോർണോഗ്രഫിക് ഫോട്ടോനോവലുകളും രചിച്ചിരുന്നു.
ആദ്യകാലത്ത് കിട്ടിയ വരുമാനമുപയോഗിച്ച് ഒരു സൂപർ-8 കാമറ വാങ്ങിയ അൽമൊദോവാർ ധാരാളമായി ഹ്രസ്വചിത്രങ്ങൾ എടുക്കുവാനാരംഭിച്ചു. ഒടുവിൽ 1980ൽ തന്റെ ആദ്യ ഫീച്ചർ ചിത്രമായ Pepi, Luci, Bom y otras chicas del montón (പെപി, ലൂസി, ബോം ഏന്റ് അദർ ഗേൾസ് ലൈക് മം) സംവിധാനം ചെയ്തു. ഓട്ടേറെ സാമ്പത്തികപ്രശ്നങ്ങൾ അലട്ടിയിരുന്ന ഈ ചിത്രം സാങ്കേതികമായും ധാരാളം പിഴവുകളുള്ളതായിരുന്നു. ഏതാണ്ട് പതിനെട്ട് മാസങ്ങളെടുത്തു ഈ സിനിമ പൂർത്തീകരിക്കുവാൻ. ഈ സിനിമ ഉണ്ടാക്കിയ ബാധ്യതകൾ കാരണം അൽമൊദോവാർക്ക് ടെലഫോൺ എക്സ്ചേഞ്ചിലെ ജോലിയിലേക്ക് തന്നെ തിരിച്ചുപോകേണ്ടതായും വന്നിരുന്നു. എന്നലതേ സമയം പിഴവുകൾ എന്തൊക്കെ ഉണ്ടായിരുന്നാലും ഈ ചിത്രം ആ കാലത്തിന്റെ സത്തയെ ഉൾക്കൊള്ളുന്ന ഒന്നായിരുന്നു. സാംസ്കാരികവും ലൈംഗികവുമായ സ്വാതന്ത്ര്യത്തെ ഈ ചിത്രം ഉദ്ഘോഷിച്ചു. അതോടൊപ്പം അൽമൊദോവാർ എന്ന വിഖ്യാത ചലച്ചിത്രകാരന്റെ സാധ്യതകളെ ലോകം തിരിച്ചറിയുകകൂടിയായിരുന്നു.
Laberinto de pasiones (ലാബിറിന്ത് ഓഫ് പാഷൻ, 1982), Entre tinieblas (ഡാർക് ഹാബിറ്റ്സ്, 1983), ¿Qué he hecho yo para merecer esto? (വാട് ഹാവ് ഐ ഡൺ റ്റു ഡിസർവ് ദിസ്, 1984), Matador (മാറ്റഡൊർ, 1986), La ley del deseo (ലൌ ഒഫ് ഡിസയ്ർ, 1987), Mujeres al borde de un ataque de nervios (വിമൻ ഓൺ ദ് വേർജ് ഒഫ് എ നെർവസ് ബ്രേക്ഡൌൺ, 1988), ¡Átame! (ടൈ മി അപ്! ടൈ മി ഡൌൺ!, 1989), Tacones lejanos (ഹൈ ഹീൽസ്, 1991), Kika (കിക, 1993), La flor de mi secreto (ദ് ഫ്ലവർ ഒഫ് മൈ സീക്രട്ട്, 1995), Carne trémula (ലൈവ് ഫ്ലഷ്, 1997), Todo sobre mi madre (ഓൾ എബൌട് മൈ മദർ, 1999), Hable con ella (ടോക് റ്റു ഹേർ, 2002), La mala educación (ബാഡ് എഡ്യുക്കേഷൻ, 2004), Volver (ബ്രോക്കൺ എംബ്രേയ്സ്, 2006), Los abrazos rotos (വോൾവർ, 2009), La piel que habito (ദ് സ്കിൻ ഐ ലിവ് ഇൻ, 2011), Los amantes pasajeros (ഐം സൊ എക്സൈറ്റഡ്!, 2013), Julieta (ജൂലിയെറ്റ, 2016), Dolor y gloria (പെയിൻ ഏന്റ് ഗ്ലോറി, 2019), Madres paralelas (പാരലൽ മദേഴ്സ്, 2021) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ഫീച്ചർ ചിത്രങ്ങൾ. 1974 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ നിരവധി ഹ്രസ്വചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
രണ്ട് ഓസ്കാർ പുരസ്കാരങ്ങൾ (ഓൾ എബൌട്ട് മൈ മദറിന് 1999ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം, ടോക് റ്റു ഹേറിന് 2002ൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം) ലഭിച്ചതിലൂടെ സ്പെയിനിൽ നിന്ന് രണ്ട് തവണ ഓസ്കാർ പുരസ്കാരം നേടുന്ന ഓരേയൊരു സംവിധായകനായി അദ്ദേഹം മാറി. അഞ്ച് ബാഫ്റ്റ പുരസ്കാരങ്ങൾ, അഞ്ച് ഗോയ പുരസ്കാരങ്ങൾ എന്നിങ്ങനെ അദ്ദേഹം നേടിയിട്ടുള്ള പുരസ്കാരങ്ങളുടെയും ബഹുമതികളുടെയും എണ്ണം അനവധിയാണ്.
ഫ്രാൻസിസ്കൊ ഫ്രാങ്കൊ എന്ന ഏകാധിപതി സ്പെയിനിൽ ജീവിച്ചിരുന്നില്ല എന്ന മട്ടിൽ അയാളെ പാടേ അവഗണിച്ചുകൊണ്ട് തന്റെ സിനിമകളിലൂടെ അയാൾക്ക് ഒരു നടുവിരൽ നമസ്കാരം നൽകാനുള്ള ശ്രമങ്ങളായിരുന്നു ആദ്യകാലത്ത് സ്വന്തം സിനിമകളിലൂടെ താൻ ശ്രമിച്ചിരുന്നത് എന്ന് അൽമൊദോവാർ പറയുന്നുണ്ട്. ആ സിനിമകൾ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ തുറന്ന് വിമർശിക്കുകയുണ്ടായില്ല; 1975ൽ മരിക്കുന്നതുവരെ മുപ്പത്തിയൊമ്പത് വർഷക്കാലം സ്പെയിൻ അടക്കിഭരിച്ചിരുന്ന ഫ്രാങ്കോയെ ആ ചിത്രങ്ങൾ നേരിട്ട് ചീത്തവിളിച്ചില്ല; അങ്ങനെയൊരാൾ നിലനിന്നേയിരുന്നില്ല എന്ന് വിശ്വസിക്കാനായിരുന്നു ആ ചിത്രങ്ങൾ ആഗ്രഹിച്ചിരുന്നത്. അക്കാലത്ത് ഫാഷിസത്തെക്കുറിച്ചോ ഫ്രാങ്കോയെക്കുറിച്ചോ ചിന്തിക്കുവാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. “അയാളോട് അങ്ങിനെ പ്രതികാരം ചെയ്യാനാണ് എനിക്ക് തോന്നിയത്. പക്ഷെ ആ കാലം ഞാൻ പാടേ മറന്നു എന്ന് ഒരു രീതിയിലും സൂചിപ്പിക്കുവാൻ ഞാൻ ആഗ്രഹിച്ചിരുന്നേയില്ല.” എന്ന് അൽമൊദോവാർ പറയുന്നു. എന്നാൽ ചിത്രം മാറിമറിഞ്ഞിരിക്കുന്നു. ഇക്കാലത്ത് ഫ്രാങ്കോയെക്കുറിച്ച് പറയണമെന്ന് മാത്രമല്ല അത് അങ്ങേയറ്റം പ്രസക്തവും കാലത്തിന്റെ ആവശ്യവുമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഫ്രാങ്കൊ ഇല്ലാതാക്കിയ പതിനായിരക്കണക്കിന് ആളുകളെ മറന്നാലും ഫ്രാങ്കൊയെ മറക്കരുതെന്നാണ് ഇന്ന് അദ്ദേഹം ഓർമിപ്പിക്കുന്നത്. പാരലൽ മദേഴ്സ് എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ഈ വിഷയമാണ് അദ്ദേഹം വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത്. ഫാഷിസം എന്നെന്നേക്കുമായി ഇല്ലാതാക്കിയ മനുഷ്യരുടെ ശവശരീരങ്ങൾ തിരയുന്ന സ്ത്രീകളെക്കുറിച്ചാണ് ആ ചിത്രം സംസാരിക്കുന്നത്.
പാരലൽ മദേഴ്സ് എന്ന ചിത്രത്തിന്റെ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്യുകയുണ്ടായി. കഥാപാത്രത്തിന്റെ മുലഞെട്ട് കാണിച്ചു എന്ന കാരണം പറഞ്ഞാണ് ആ പോസ്റ്റർ അവർ നീക്കം ചെയ്തത്. നഗ്നതയെക്കുറിച്ചുള്ള തങ്ങളുടെ നയങ്ങൾ ലംഘിക്കുന്നവയാണ് ആ പോസ്റ്ററുകൾ എന്നതാണ് ഇൻസ്റ്റഗ്രാമിന്റെയും അവരുടെ ഉടമസ്ഥരായ ഫേസ്ബുക്കിന്റെയും അഭിപ്രായം. ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് കലാപരമായ ആവിഷ്കാരം എന്ന നിലയിൽ അത് വീണ്ടും പ്രസിദ്ധീകരിക്കുകയും അൽമൊദോവാറിനോട് ക്ഷമാപണം നടത്തുകയും ചെയ്യേണ്ടതായി വന്നു ഇൻസ്റ്റഗ്രാമിന്.
സ്വത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അൽമൊദോവാർ ചിത്രങ്ങൾ നിരന്തരം ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയം. മാതൃരാജ്യവുമായി അദ്ദേഹത്തിനുണ്ടായിരുന്ന തീവ്രവും അങ്ങേയറ്റം സങ്കീർണവുമായ ബന്ധമാണ് അദ്ദേഹത്തിന്റെ സിനിമകൾ മിക്കപ്പോഴും കൈകാര്യം ചെയ്യുന്നത്.
അദ്ദേഹത്തിന്റെ സഹോദരനായ അഗസ്റ്റിനുമായി ചേർന്ന് എൽ ദെസിയൊ എന്ന ചലച്ചിത്രനിർമാണക്കമ്പനിയും അദ്ദേഹം നടത്തുന്നുണ്ട്. അഭിനിവേശം (desire) എന്നാണ് ഈ സ്പാനിഷ് വാക്കിന്റെ അർത്ഥം. അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിരന്തരം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് അഭിനിവേശം. ജീവിതത്തോട്, പ്രണയത്തോട്, ലൈംഗികതയോട്, ഉൾക്കൊള്ളലിനോട്, സത്യത്തോട് ഒക്കെയുള്ള ഒരു തരം അഭിനിവേശം അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മുഖമുദ്രയാണ്. കഥാപാത്രങ്ങളുടെ പല രീതിയിലുള്ള പരിവർത്തനവും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ചർച്ച ചെയ്യുന്നു. ശസ്ത്രക്രിയകൾ, അപകടങ്ങൾ, പ്രകടനം എന്നിങ്ങനെ പല രീതിയിലും പരിവർത്തനം സംഭവിക്കുന്ന കഥാപാത്രങ്ങളെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലയിടത്തും കാണാം.
ഇറാഖ് അധിനിവേശത്തിൽ സ്പെയിനിന്റെ പങ്കിനെ അതിനിശിതമായി വിമർശിച്ച ഒരു കലാകാരൻ കൂടിയാണ് അൽമൊദോവാർ. ഈ വിഷയവുമായി ബന്ധപ്പെട്ട് 2004ൽ സ്പെയിനിൽ നടന്ന കൂറ്റൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത് അൽമൊദോവാർ ആയിരുന്നു. ഇതിനെതിരെ വലതുപക്ഷത്തിന്റെ തീവ്രമായ ആക്രമണം അദ്ദേഹത്തിന് നേരിടേണ്ടിവന്നിരുന്നു. ദ് ബാഡ് എജ്യുക്കേഷൻ എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന് എത്തിയവരെ ചീഞ്ഞ പച്ചക്കറികൾ കൊണ്ട് എറിഞ്ഞും കൂകിവിളിച്ചും ഇക്കൂട്ടർ അപമാനിക്കുകയുണ്ടായി.
ആധുനികലോകത്ത് ഈ രീതിയിൽ ഇപ്പോഴും സജീവമായ ഇടപെടലുകൾ നടത്തുന്ന ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽക്കൂടി തുടരുന്നതോടൊപ്പം പുതിയ ചിത്രങ്ങൾ ഒരുക്കുന്നതിൽ വ്യാപൃതനുമാണ് പെഡ്രൊ അൽമൊദോവർ.
ആര്‍ നന്ദലാല്‍, പി പ്രേമചന്ദ്രൻ