30/11/2023
ഇരമത്തൂർ പാട്ടമ്പലം ആദിച്ച വട്ടം ശ്രീ സൂര്യ ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലും ചെങ്ങന്നൂര്‍ താലൂക്കിലെ മാന്നാര്‍ പഞ്ചായത്തിലുമായി അതിരുകള്‍ പങ്കിടുന്ന ഇരമത്തൂര്‍ എന്ന സ്ഥലത്താണ് അതിപുരാതനമായ സൂര്യക്ഷേത്രവും ഭദ്രകാളിക്ഷേത്രവും സ്ഥിതിചെയ്യുന്നത്. ഇരുക്ഷേത്രത്തിന്‍റെയും മദ്ധ്യഭാഗത്തുകൂടി ചെട്ടികുളങ്ങര തട്ടാരമ്പലം വലിയപെരുമ്പുഴ- തിരുവല്ല ഭാഗത്തുളള സ്വാമി വിവേകാനന്ദ റോട് കടന്നു പോകുന്നു. റോടിന് കിഴക്കുവശത്തായി പടിഞ്ഞാറോട്ട് ദര്‍ശനമായി സൂര്യക്ഷേത്രവും കിഴക്കോട്ട് ദര്‍ശനമായി ഭദ്രകാളീക്ഷേത്രവും സ്ഥിതിചെയ്യുന്നു.
ഇരുക്ഷേത്രങ്ങളുടെയും അവകാശികള്‍ 3405-ാം നമ്പര്‍ ദേവി വിലാസം എന്‍ എസ്സ് എസ്സ് കരയോഗവും 2294-ാം നമ്പര്‍ അംബികാ വിലാസം എന്‍ എസ്സ് എസ്സ് കരയോഗവുമാണ്. ഭാരതത്തിലെ അതിപ്രശസ്തമായ സൂര്യക്ഷേത്രങ്ങളില്‍ ഒന്നാണ് ഇരമത്തൂര്‍ സൂര്യക്ഷേത്രം. സമീപത്തുളള ക്ഷേത്രങ്ങളുടെ പഴക്കമനുസരിച്ച് ഇവിടുത്തെ ക്ഷേത്രം 13-ാം നൂറ്റാണ്ടിലുളളതാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ചരിത്രപരമായി തെളിവുകള്‍ ഒന്നും ലഭ്യമല്ല.
വരരുചി പുത്രനായ നാറാണത്തു ഭ്രാന്തന്‍ തന്‍റെ ദേശസഞ്ചാരത്തിനിടെ. ഈ പ്രദേശത്ത് എത്തിചേര്‍ന്നിരുന്നതായും. അദ്ദേഹത്തിന്‍റെ ഉപാസനാ മൂര്‍ത്തിയായിട്ടുളള സൂര്യദേവക്ഷേത്രം ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം ഇവിടെ താമസിച്ചിരുന്നു എന്ന ഐതീഹ്യം. അതിനുളള തെളിവുകളായി സൂര്യക്ഷേത്രത്തിന്‍റെ അല്പം അകലെ തെക്കുകിഴക്കുഭാഗത്ത് അതിവിപുലമായ ഒരു കുളവും, കുന്നും ഇപ്പോഴും ഉണ്ട്. ചുറ്റുവട്ടം താമസിച്ചിരുന്നവരുടെ കയ്യേറ്റം മൂലം കുന്നും കുളത്തിന്‍റെ കുറെ ഭാഗങ്ങളും നഷ്ടപ്പെട്ടു എന്നാല്‍ ഒരു ഏക്കറിലധികം വരുന്ന നാറാണത്തുകുളം എന്നപേരില്‍ തന്നെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് കരിങ്കല്‍ സംരക്ഷിണ ഭിത്തി നിര്‍മ്മിച്ച് സംരക്ഷിച്ചിരിക്കുന്നു. ഈ പ്രദേശത്തെ വീടുകളുടെ പേരും നാറാണത്തുകുന്നേല്‍ എന്നും കുളത്തിന് നാറാണത്തുകുളം എന്നും ഇപ്പോഴും അറിയപ്പെടുന്നത്.
നാറാണത്തു ഭ്രാന്തന്‍ ഇവിടെ താമസിക്കുകയും കുളത്തില്‍ നിന്നും മീന്‍ പിടിച്ച ഭക്ഷിച്ച്, സൂര്യദേവനെ ഉപാസിച്ച് ജീവിച്ചിരുന്നു. ഈ സമയത്ത് അമ്പലപ്പുഴ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പ്രതിഷ്ഠ നടന്നതായും പ്രതിഷ്ഠ ഉറയ്ക്കാതെ വരികയും തുടര്‍ന്ന പ്രശ്നവിധിപ്രകാരം നാറാണത്തു ദേവനെ കൂട്ടികൊണ്ടുപോയി, അദ്ദേഹം വെറ്റില മുറുക്കി തുപ്പി (താമ്പൂലം) ഇരി കൃഷ്ണാ എന്നു പറഞ്ഞ് പ്രതിഷ്ഠ ഉറപ്പിച്ചതായും ഐതീഹ്യം, താമ്പൂലപ്പുഴ ലോപിച്ച് പിന്നീട് അമ്പലപ്പുഴയായി എന്നും വിശ്വാസം.
ക്ഷേത്രത്തിന്‍റെ താന്ത്രികസ്ഥാനീയര്‍ അടിമുറ്റത്തു മഠത്തിനാണ്. ഇപ്പോഴത്തെ തന്ത്രി ബ്രഹ്മശ്രീ സുരേഷ്കുമാര്‍ ഭട്ടതിരിപ്പാടാണ്. ക്ഷേത്രപ്രതിഷ്ഠ ചതുര്‍ബാഹുക്കളോടുകൂടി വെണ്‍പവിഴ ശിലയിലുളള മൂന്ന് അടിപൊക്കത്തിലുളളതും തേജോമയമായ ഈ വിഗ്രഹത്തിന്‍റെ കാലപ്പഴക്കത്തിന്‍റെതായ യാതൊരുവിധ കേടുപാടുകളും ഇല്ലാത്തതാകുന്നു. ക്ഷേത്രത്തിന്‍റെ പൗരാണികത നിലനിര്‍ത്തി ഭരണസമിതി സംരക്ഷിച്ചു പോരുന്നു. സൂര്യക്ഷേത്രത്തില്‍ കൊടിയേറി ഉത്സവം നടന്നീട്ടുളളതിന്‍റെ അടയാളങ്ങള്‍ കാണുന്നുണ്ട്. ബലിക്കല്ലുകളും അഷ്ടദിക്ക്പാലകര്‍ക്ക് തൂവുന്ന കല്ലുകള്‍ ശീവേലിക്കല്ലുകള്‍ ക്ഷേത്രത്തിനു ചുറ്റും ഉണ്ട്. എന്നാല്‍ ഉപദേവതാ പ്രതിഷ്ഠകളില്ല. ദേവപ്രശ്നത്തില്‍ നാറാണത്തു ദേവന്‍റെ സാന്നിദ്ധ്യം ഉളളതായി ദേവപ്രശ്നത്തില്‍ പണ്ഡിതന്മാര്‍ സ്ഥിതികരിച്ചിട്ടുണ്ട്.
PATTAMBALAM DEVI TEMPLE
ദേവീ ക്ഷേത്രത്തില്‍ ദേവിയുടെ തിരുനാളായ എല്ലാ ആശ്വതി നാളിലും ഭാഗവത പാരായണവും കളമെഴുതി പാട്ടും നടന്നു വരുന്നു. മകരഭരണിക്ക് കൈനീട്ടപ്പറക്കായി എഴുന്നള്ളിയ്ക്കുന്നു. ഇരമത്തൂര്‍ പാട്ടമ്പലത്തിലെ അന്‍പൊലി അരിപ്പറ മഹോത്സവം വളരെ ആകര്‍ഷകവും വര്‍ണ്ണശബളവുമാണ്. മേടം 10 ാം തീയതി മതല്‍ 14 ാം തീയതി വരെ പറ സ്വീകരിച്ച് അന്‍പൊലിപ്പറ മഹോത്സവത്തോടുകൂടി അകത്തെഴുന്നെള്ളിക്കുന്നു. ഈ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ രണ്ടു എന്‍.എസ്.എസ് കരക്കാര്‍ ചേര്‍ന്നു ഭംഗിയായി നടത്തുന്നു. എന്‍.എസ്.എസ് അംബികാ വിലാസം കരയോഗം, 3405 ദേവീ വിലാസം എന്‍.എസ്.എസ് കരയോഗം).
ഇരമത്തൂരിന്‍റെ ഇരു കൈകളിലുമായി നൂറ്റിയെട്ടു ബ്രാഹ്മണ കുടുംബങ്ങള്‍ അധിവസിച്ചിരുന്നതായി പരക്കെ വിശ്യസിക്കപ്പെട്ടു, ഇന്നും ബ്രാഹ്മണ മഠങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വടക്കേ അറ്റത്തുളള നമ്പീമഠത്തിനും തെക്കേ അറ്റത്തുള്ള പട്ടരു മഠത്തിനും ഉള്ളിലായി വടശ്ശേരി മഠം , മുളവന മഠം , ഇടവന മഠം കീച്ചേരി മഠം, ഉളിയനാ മഠം,മൂക്കത്ത് എളിയ മഠം എന്നിവ നിലനില്‍ക്കുന്നെങ്കിലും ഒറ്റ ബ്രാഹ്മണന്‍ പോലും ഇപ്പോള്‍ ഈ സ്ഥലത്തില്ല . ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ വടക്കായി ഒറ്റയില്‍ മനയെന്ന പേരില്‍ ഒരില്ലം നിലവിലുണ്ട്. ഈ പ്രദേശത്തിനു പടിഞ്ഞാറുഭാഗം അപ്പര്‍ കുട്ടനാടന്‍ പുഞ്ച പാടങ്ങളാണ്.വടക്കു ഭാഗത്തുകൂടി പമ്പാ നദിയും , തെക്കുഭാഗത്തുകൂടി അച്ഛന്‍ കോവിലാറും ഒഴുകിയെത്തി ഈ പ്രദേശത്തിന്‍റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ സംഗമിച്ച് ഒന്നായി കുട്ടനാട്ടിലേക്ക് ഒഴുകുന്നു. സംഗമ സ്ഥലത്തിനു കിഴക്കുഭാഗത്തുള്ള സ്ഥലം പണ്ട് കായല്‍ ആയിരിക്കാനാണ് സാദ്ധ്യത. കിഴക്കേ അറ്റത്തായി മാതേര്‍ കടവും തെക്കേഅറ്റത്തുള്ള കടവിലും തൃപ്പെരും തുറയെന്ന പേരും തുറയും ഇന്നും അതേ പേരില്‍ നിലനില്‍ക്കുന്നു. മാതേര്‍ക്കടവിനു സമീപത്തായി വാക്കയില്‍ കളമെന്ന പേരില്‍ ഇപ്പോഴുള്ള സ്ഥലം യുദ്ധക്കളമായിരുന്നതായി അനുമാനിക്കാം. വിദേശീയരായ കൊള്ളക്കാര്‍ അവിടെ പായ്ക്കപ്പലില്‍ വന്നിറങ്ങി കൊലയും കൊള്ളി വയ്പും നടത്തിയതിനാല്‍ സ്ഥലവാസികളായ ബ്രാഹ്മണരും തദ്ദേശീയരും സ്ഥലം വിട്ടുപോയിരുന്നു. വിദേശീയരായ കൊള്ളക്കാര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്ത് ഒറ്റിക്കൊടുത്തതിനാലോ ഒറ്റപ്പെട്ടു നില്‍ക്കുന്നതിലോ ആകാം ആ മനക്ക് ഒറ്റയില്‍ എന്ന പേരു ലഭിക്കുവാന്‍ ഇട വന്നത്.
സ്ഥലവാസികളും ബ്രാഹ്മണരും കൊള്ളക്കാരെ ഭയന്നു സ്ഥലം വിട്ടു പോയതിനാല്‍ അനാഥമായി കിടന്ന ഇവിടെ ക്ഷേത്രോത്സവമോ പൂജകളോ നടന്നിട്ടില്ലന്നനുമാനിക്കാം. ഇങ്ങനെ അനാഥമായ കിടക്കുന്ന സഥലം അധികാരാതിര്‍ത്തിയില്‍ പ്പെട്ടതായിരുന്നു, ക്ഷേത്രത്തിനു രണ്ടു കിലോമീറ്റര്‍ തെക്കായി അതിമനോഹരമായ ഇടപ്പള്ളി തമ്പുരാന്‍റെ ഒരു കൊട്ടാരമുണ്ടായിരുന്നു. മഠത്തും പടി എന്ന സ്ഥലത്തുണ്ടായിരുന്ന കൊട്ടാരവും അതിനോട് ചേര്‍ന്നുള്ള തമ്പുരാന്‍റെ ഉപാസന മൂര്‍ത്തിയുടെ ക്ഷേത്രവും നടത്തിക്കൊണ്ടു പോകുവാന്‍ ബുദ്ധി മുട്ടായതിനാല്‍ തൃപ്പെരുന്തുറ 96 ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിനു വിട്ടുകൊടുത്തു. ഈ കാലഘട്ടത്തില്‍ തമ്പുരാന്‍റെ സന്തതി പരമ്പരയില്‍പെട്ട മുട്ടാട്ടു കുറുപ്പന്‍മാര്‍ തൃപ്പുലിയൂരില്‍ സ്വന്തമായി കളരിയും മറ്റും സ്ഥാപിച്ചു യുദ്ധകാലങ്ങളില്‍ തമ്പുരാനെ സഹായിച്ചു കൊണ്ടിരുന്നു. അക്കാലത്ത് പുലിയൂര്‍ ക്ഷേത്രോത്സവത്തിന് ബ്രാഹമണര്‍ ശൂദ്രരായ മുട്ടാട്ടു കുറുപ്പന്‍മാരെ കാലു കഴുകിച്ച് വെള്ളയും പട്ടും വിരിച്ച് ആദരിച്ച് ഇരുത്തിയശേഷം അനുവാദം വാങ്ങിമാത്രമേപുലിയൂര്‍ ക്ഷേത്രത്തില്‍ കൊടിയേറിയിരുന്നുള്ളു. അന്നുശൂദ്രരെ ആദരിച്ച് ഇരുത്തിയശേഷം അനുവാദം വാങ്ങി മാത്രമേ പുലിയൂര്‍ ക്ഷേത്രത്തില്‍ കൊടിയേറിയിരുന്നുള്ളു. അന്നു ശൂദ്രരെ ആദരിച്ചു ആനുവാദം വാങ്ങുന്നത് ബ്രാഹ്മണര്‍ക്ക് ആക്ഷേപമായിരുന്നതിനാല്‍ മുട്ടാട്ടു കുറുപ്പന്‍മാരെ ആദരിച്ച് ഇരുത്താനുപയോഗിച്ചിരുന്ന പീഠത്തിനിടയില്‍ നാരായം വച്ചു കാര്‍ന്നവരെ വക വരുത്തുകയുണ്ടായി. ആ പക മനസ്സില്‍ വച്ചു കൊണ്ട് മരിച്ചുപോയ കാര്‍ന്നവരുടെ ആണ്ടടിയന്തിരത്തിന് ബ്രാഹ്മണസദ്യയും ദാനവും പ്രഖ്യാപിച്ചു കൊണ്ട് മുട്ടാട്ടു കുറുപ്പന്‍മാര്‍ ബ്രാഹ്മണരെ മുഴുവന്‍ ക്ഷണിച്ച് ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ സദ്യ നടത്തി. സദ്യ പകുതിയായപ്പോള്‍ കുറുപ്പന്‍മാരുടെ തലമുറയിലെ മൂത്തകാരണവര്‍ ക്ഷേത്ര കവാടങ്ങള്‍ ബന്ധിച്ചു കൊണ്ടു ബ്രാഹമണരെ ഒന്നൊന്നായി വെട്ടി കൊന്നു കൊണ്ടിരുന്നു അതില്‍ ഒരാള്‍ ക്ഷേത്രത്തിലെ ബിംബത്തിനു പിന്നില്‍ ഒളിച്ചു. ഒളിച്ചയാളെ വെട്ടിയത് വിഗ്രഹത്തിന് ഏറ്റിരുന്നൂന്നും ആ ഭാഗം ചന്ദനം തേച്ചു ശരിയാക്കിയാണ് പിന്നീട് പൂജകള്‍ നടത്തിയിരുന്നൂന്നും ,ദേവനെ വെളിയിലേക്ക് എഴുന്നുള്ളിക്കുമ്പോള്‍ മുട്ടാളന്‍ മാരുണ്ടോയെന്നു വിളിച്ചു ചോദിച്ച് ഇല്ലയെന്നു ഉറപ്പു വരുത്തിയശേഷമേ എഴുന്നള്ളിയ്ക്കുമായിരുന്നുള്ളു വെന്നുമാണ് ഐതിഹ്യം.
ബ്രഹമഹത്യാപാപം മൂലം കുറുപ്പന്‍മാരുടെ കുടുംബത്തില്‍ അടിക്കടി നാശവും ദുര്‍നിമിത്തവും വന്നു ഭവിച്ചതിന് പരിഹാരമായി പിതൃസ്ഥാനീയനായ ഇടപ്പള്ളി തമ്പുരാന്‍റെ ഉപദേശകപ്രകാരം അവിടെ ഉണ്ടായിരുന്ന വസ്തുവകകള്‍ എല്ലാം ബ്രാഹ്മണര്‍ക്കു ദാനം ചെയ്തിട്ട് തമ്പുരാന്‍റെ അധീനതയിലുള്ള ഇരമത്തൂര്‍ വല്ല്യത്തു വീട്ടില്‍ സ്ഥിര വാസമുറപ്പിച്ചു. ഇവിടെ സ്ഥിരതാമസമുറപ്പിച്ചെങ്കിലും കുടുംബത്തില്‍ പല വിധത്തിലുള്ള ദുര്‍ നിമിത്തങ്ങളും നാട്ടില്‍ ദുര്‍മൂര്‍ത്തികളുടെ ഉപദ്രവങ്ങളും മൂലം സ്വൈര്യത നഷ്ടപ്പെട്ടതില്‍ ദു:ഖിതനായ കുടുംബത്തിലെ യോഗീശ്വരനായ കാരണവര്‍ പിതൃസ്ഥാനീയനായ തമ്പുരാന്‍റെ അനുഗ്രഹാശ്ശിസ്സുക്കളോടെ തന്‍റെ സന്തത സഹചാരികളായ കരയിലെ മറ്റു കാരണവന്‍മാരെയും കൂട്ടി കൊടുങ്ങല്ലൂര്‍ പോയി ഭജനം പാര്‍ത്ത് സര്‍വ്വസംഹാരരുദ്രയായ ഭഗവതിയെ ആവാഹിച്ചു കൊണ്ടുവന്നു. പക്ഷെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകാതിരുന്നതിനാലും പ്രതിഷ്ഠക്ക് അനുയോജ്യനായ തന്ത്രിയെ ലഭിക്കാതിരുന്നതിനാലും താത്ക്കാലികമായി വല്ല്യത്തു പടിക്കലുള്ള ചുറ്റമ്പലത്തില്‍ കുടിയിരുത്തി . അക്കാലത്ത് രാമപുരത്തുകാരനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠന്‍ ഈ വഴി വരുകയും അദ്ദേഹത്തിന്‍റെ ദിവ്യ ദൃഷ്ടിയില്‍ ദേവീ രൂപം കാണാനിടയാവുകയും അദ്ദേഹം ദേവിയെ ആവാഹിച്ച് ഇന്നു കാണുന്ന രാമപുരം ദേവീക്ഷേത്രത്തില്‍ കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ നടത്തുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് രാവിലെ ശ്രീകോവിലില്‍ ദേവിയുടെ പ്രതിഷ്ഠ വടക്കോട്ട് ദര്‍ശനമായിരിക്കുന്നത് കണ്ടതിനാല്‍ ആയതിന് കാരണം ചിന്തിച്ചതില്‍ ഇരമത്തൂരിലെ ജനങ്ങളെ നോക്കി മാത്രമേ ഇരിക്കുകയുള്ളൂവെന്നും, വിശേഷാവസരങ്ങളില്‍ അവര്‍ക്കുകൂടി എന്തെങ്കിലും കൊടുത്തതിനുശേഷമേ നിവേദ്യം സ്വീകരിക്കുകയുള്ളൂവെന്നും വെളിപാടറിഞ്ഞു. വിവരങ്ങളറിഞ്ഞു ദു:ഖിതനായ തമ്പുരാന്‍ തന്ത്രി മുഖ്യരായ അടിമുറ്റത്ത് ഭട്ടതിരിമാരെ സമീപിച്ച് സൂര്യക്ഷേത്രത്തിന്‍റെ ജന്മാവകാശവും താന്ത്രികാവകാശവും നല്കി. തന്ത്രിമാരുടെ ഉപേദേശാനുസരണം വീണ്ടും കൊടുങ്ങല്ലൂര്‍ പോയി ദേവിയെ ആവാഹിച്ചു കൊണ്ടുവന്ന് ഇന്നു കാണുന്ന പാട്ടമ്പലത്തില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണുണ്ടായത്.
രണ്ടാമത് കൊടുങ്ങല്ലൂരില്‍ നിന്നും ദേവിയെ ആവാഹിച്ചു താളമേളങ്ങളോടെ ദേവീ സ്തുതി ആലപിച്ചുകൊണ്ടുവന്നപ്പോള്‍ സ്തുതി ഗീതങ്ങളും താളമേളങ്ങളും ഇരമത്തൂര്‍ കരയുടെ തെക്കേ അറ്റത്തുള്ള കടവില്‍ കേള്‍ക്കാനിടയായി . ധനാഡ്യരായ കടവില്‍ ചാന്നാന്‍മാര്‍ ഇടപ്പള്ളി തമ്പുരാന്‍റെ ആജ്ഞാനുസരണം പത്തേമാരികളിലും ചെറിയ പായ്ക്കപ്പലുകളിലും അന്യദേശങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്തും ഇവിടുത്തെ ഉല്പ്പന്നങ്ങള്‍ ശേഖരിച്ച് അന്യനാടുകളില്‍ വിറ്റും വ്യാപാരം നടത്തിയിരുന്നു. അവിടുത്തെ തലമൂത്ത ചാന്നാടി കൊട്ടുമേളത്തിന്‍റെ വിവരം തിരക്കിയപ്പോള്‍ വല്ല്യത്തു കാരണവര്‍ ഭഗവതിയെ കൊടുങ്ങല്ലൂരില്‍ നിന്നും ആവാഹിച്ച് കൊണ്ടുവരുന്നതാണെന്ന് ആരോ പറഞ്ഞറിഞ്ഞു. ഇതു കേട്ടതും ചാന്നാടി ഇപ്രകാരം പറഞ്ഞു. ശക്തിയുള്ള ഭഗവതിയാണെങ്കില്‍ എന്‍റെ കടവില്‍ അടുക്കട്ടെ അങ്ങനെയടുത്താല്‍ ഞാന്‍ ഒരുവട്ടിപ്പണവും ഒരു കുത്തുപട്ടും കാണിക്ക അര്‍പ്പിക്കാം. ഇങ്ങനെ പറഞ്ഞതും വള്ളം പങ്കായക്കാരുടെ നിയന്ത്രണം വിട്ട് നേരെ തെക്കോട്ട് കുതിച്ചു. കടവില്‍ വന്നടുത്തു. കൂടെയുണ്ടായിരുന്ന വെളിച്ചപ്പാട് അനുഗ്രഹിച്ച് തുള്ളി ചാന്നാട്ടിയെ സമീപിച്ചു. ചാന്നാട്ടി ഭയഭക്തി ബഹുമാനത്തോടു പറഞ്ഞപ്രകാരം പ്രവര്‍ത്തിച്ചു. ചാന്നാട്ടിയുടെ ഉപഹാരം സ്വീകരിച്ച് തിരികെ പോരാന്‍ തുടങ്ങുമ്പോള്‍ എനിക്കൊന്നുമില്ല - എന്ന് ചാന്നാടി ചോദിച്ചു. എന്‍റെ ഭൂതഗണങ്ങളില്‍ രണ്ടുപേരെ നിന്‍റെ രക്ഷക്കായി ഇവിടെ നിര്‍ത്തിയിട്ട് ഞാന്‍ പോകുന്നു. ആണ്ടില്‍ ഒരിക്കല്‍ നിന്നെ വന്നു കണ്ടുകൊള്ളാമെന്ന് അരുളപ്പാടുണ്ടായി അതാണ് ഇന്നത്തെ വലിയ വീട്ടില്‍ ദേവീ ക്ഷേത്രം. പഴയ ആചാരം അനുസരിച്ച് പറയ്ക്കെഴുന്നുള്ളുമ്പോള്‍ അവിടെ എഴുന്നിള്ളിച്ചിരുത്തി വട്ടപ്പണത്തിന്‍റെയും പട്ടിന്‍റെയും സ്മരണക്കായി പത്തു പണവും ഉടയാടയും അവിടെ നിന്നു നല്കുന്നുണ്ടായിരുന്നു. അവിടെ പറയിടാറില്ല പകരം സ്ത്രീകള്‍ കുത്തലയില്‍ നെല്ലുകൊണ്ടുവന്നു സമര്‍പ്പിക്കുകയാണ് ഇന്നത്തെ തലമുറ അത് വേണ്ടവിധത്തില്‍ ചെയ്യാത്തതിന്‍റെ ദോഷഫലങ്ങളും ദൃശ്യമാകാറുണ്ട്. ഉപദേവതകളായി കന്യാട്ട് ഗണപതി പ്രതിഷ്ഠയും ഇടതുഭാഗത്ത് യക്ഷി പ്രതിഷ്ഠയും മായാ യക്ഷിയമ്മയായ ദേവിയുടെ ദൃഷ്ടി വരത്തക്കവിധം പ്രതിഷ്ഠിച്ചിരി ക്കുന്നു.
ദേവീക്ഷേത്രത്തില്‍ ഉപദേവകളായി വലതു വശത്ത് കന്യാമൂലേല്‍ ഗണപതിയും ഇടതുവശത്ത് പിന്നിലായി യക്ഷിയും വലതു വശത്ത് ദേവിയുടെ ദര്‍ശനത്തില്‍ മായ യക്ഷിയെയും കുടിയിരുത്തിയിട്ടുണ്ട്. ദേവീക്ഷേത്രത്തില്‍ ദേവിയുടെ തിരുനാളായ എല്ലാ അശ്യതി നാളിലും ഭാഗവത പാരായണവും കളമെഴുതി പാട്ടും നടന്നുവരുന്നു . ചിങ്ങമാസത്തിലെ ഓണം വിശേഷാല്‍ കന്നിമാസത്തിലെ നവരാത്രിപൂജ , വിദ്യാരംഭം, വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന മണ്ഢലം ചിറപ്പ് 41 ന് ഗുരുതിയോടുകൂടി സമാപിക്കുന്നു. മകര ഭരണിക്ക് കൈനീട്ടപ്പറയ്ക്കായി എഴുന്നള്ളിക്കുന്നു. അന്നു നാലു പറകള്‍ മാത്രമെ സ്വീകരിക്കുകയുള്ളു. ആദ്യ പറ വല്ലയത്ത് നിന്നും ഉള്ളതാണ്. അതു വീടിന് വെളിയിലുള്ള പടിപ്പുരക്ക് വെളിയില്‍ നിന്നു മാത്രമേ സ്വീകരിക്കു. പടിപ്പുര കടന്ന് ഉള്ളിലേക്ക് കടന്നാല്‍ ദേവി തിരികെ വരില്ല എന്നുള്ള വിശ്വാസത്തിലാണ് അങ്ങനെ ചെയ്യുന്നത്. മറ്റുള്ളവ ശാന്തിക്കാരന്‍റെ ഇല്ലത്തും ഇരമത്തൂര്‍ മഹാദേവക്ഷേത്രം തന്ത്രി ഇല്ലം ആയിരുന്ന വടശ്ശേരി മഠം എന്നിവിടങ്ങളില്‍ നിന്നുമാണ്. മേടം 10-ാം തീയതി മുതല്‍ 14-ാം തീയതി വരെ പറ സ്വീകരിച്ച് അന്‍പൊലി വലിയകാണിക്ക മഹോത്സവത്തോടുകൂടി അകത്തെഴുന്നള്ളിയ്ക്കുന്നു.