15/04/2023
- തെയ്യത്തിൻ്റെ പിന്നിലെ കീഴാള ചരിത്രം -
പ്രൊഫ.എം.ദാസൻ മാഷിൻ്റെ തെയ്യം: ജാതിയും അധികാരവും എന്ന ഗവേഷണ ഗ്രന്ഥം, തെയ്യാരാധനയുടെ പിന്നിലെ കീഴാള ചരിത്രത്തെ കൂടുതൽ ദൃശ്യതയിലേക്കു കൊണ്ടുവരുന്നു.സമൂഹാരാധനയുടെയും പ്രാക്തന മനുഷ്യരുടെ പ്രപഞ്ചാവബോധത്തിൻ്റെയും ജൈവ നാടകവേദിയുടെയും നിഗൂഢ ലിപികൾ അങ്കനം ചെയ്തിരിക്കുന്ന തെയ്യത്തെ അവലംബമാക്കി നിരവധി ജ്ഞാനങ്ങൾ നിർദ്ധാരണം ചെയ്തിട്ടുണ്ട്. നരവംശ വിജ്ഞാനീയം, നാടോടി വിജ്ഞാനീയം മതപഠനം സംസ്കാരപഠനം ഇവയുടെയെല്ലാം രീതിശാസ്ത്രം മുൻനിർത്തി തെയ്യത്തെ അപഗ്രഥിക്കുന്ന ഗവേഷണങ്ങൾ നിരവധിയുണ്ടെങ്കിലും, അക്കാദമിക് കൃത്യതയോടെ തെയ്യത്തിൻ്റെ അകപ്പൊരുളുകൾ അനാവരണം ചെയ്യുന്ന ഈ ഗവേഷണം വേറിട്ടു നിൽക്കുന്നു.
തെയ്യങ്ങളുടെ ഉത്ഭവം ,രൂപാന്തരീകരണം, വികാസം ഇവയെ യുക്തിഭദ്രമായി അപഗ്രഥിക്കുന്നു. അതിനു പിന്നാലെ കീഴാള ചരിത്രം വ്യക്തത നേടുന്നു .തെയ്യത്തിലൂടെ സമൂഹ ചരിത്രവും, സമൂഹ ചരിത്രത്തിലൂടെ തെയ്യവും കണ്ടെടുക്കപ്പെടുകയാണ് എന്നു പറയാം
പ്രാക്തന സമൂഹങ്ങളുടെ അമ്മ / പ്രകൃതി / പൂർവികാരാധനയിലേക്കാണ് തെയ്യങ്ങളുടെ ഉറവിടാന്വേഷണങ്ങൾ നയിക്കുന്നത്. കാടുകളിലും മരങ്ങളിലും പവിത്രമെന്നു കരുതുന്ന ഇടങ്ങളിലുമൊക്കെ ആത്മാക്കൾ കുടികൊള്ളുന്നു എന്ന വിശ്വാസവും അതിൻ്റെ അടിസ്ഥാനത്തിലുള്ള ആരാധനയുമൊക്കെ ആദിമജനതയുടെ സമൂഹാവബോധത്തിൻ്റെ ഭാഗമാണ്.ഇതിൻ്റെ നിഗൂഡലിപികൾ ഓരോ തെയ്യങ്ങളിൽ നിന്നും വായിക്കുന്നു, പ്രൊഫ.ദാസൻ.ഓരോ കാലത്തും മാറി മാറി വന്ന സാമൂഹിക രാഷ്ട്രീയ സാംസ്കാരിക അവസ്ഥകളും അതുമായി പൊരുത്തപ്പെട്ടു വളർന്നു വന്ന തദ്ദേശീയ ആത്മാവിഷ്കാരങ്ങളുടെ സഞ്ചാരപഥങ്ങളുംകൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.
ജാതി ജന്മി അധികാരമായിരുന്നുതെയ്യത്തിൻ്റെ രക്ഷാകർത്തൃത്വം വഹിച്ചിരുന്നത് .ഓരോ കാലങ്ങളിൽ തെയ്യംഘടനയിൽ അപഹരണവും കൂട്ടിച്ചേർക്കലും ഇടയിലെഴുത്തും ഒക്കെ വരുത്തിയിട്ടുണ്ട് ഇവയെക്കുറിച്ചെല്ലാം നടത്തിയ ഏകാഗ്രമായ അന്വേഷണങ്ങൾ ഒട്ടുമിക്ക നിഗൂഢതകളെയും വെളിച്ചത്തിലേക്ക് നയിക്കാൻ പര്യാപ്തമായിത്തീരുന്നുണ്ട്. ജാതി വ്യവസ്ഥയ്ക്കും കീഴാള ചരിത്രത്തിനും സവിശേഷ ഊന്നൽ കൊടുക്കുന്നു. തെയ്യത്തിൻ്റെ ആരാധനയുടെയും അനുഷ്ഠാനത്തിൻ്റെ യുംഅവതരണത്തിൻ്റെയും ചടങ്ങുകളെ അപനിർമ്മിക്കുന്നുണ്ട്. ജാതി മതാതീതമാണ് തെയ്യം എന്ന സാമാന്യവൽക്കരണത്തെ ഗവേഷകൻ റദ്ദാക്കുന്നു. ജാതി വ്യവസ്ഥയുടെ കിരാത നിയമങ്ങൾ തെയ്യാവതരണത്തെയും നിയന്ത്രിച്ചിരുന്നു. അധഃസ്ഥിത ജാതികൾ കെട്ടിയാടുന്ന തെയ്യങ്ങളിൽ കലാശവും കർമ്മവും കഴിഞ്ഞ് ഭക്തരെ അഭിസംബോധന ചെയ്യുമ്പോൾ അവരോഹ ക്രമമാണ് പിന്തുടർന്നിരുന്നത്. അത് തെറ്റിപ്പോയാൽ കോലക്കാരൻ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.അതു പോലെ തെയ്യവുമായി ബന്ധപ്പെട്ട ജാതീയതയെ വിലയിരുത്തുമ്പോൾ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ദൈവക്കരുവായി മാറുന്നതിൻ്റെ രാഷ്ട്രീയം. കീഴാള ജനത ജന്മിത്തകാലത്ത് നേരിട്ട ദുരിതാനുഭവങ്ങൾ പല തോറ്റംപാട്ടുകളിലും വിവരിക്കുന്നു. കീഴാള നായകന് എന്തു സംഭവിച്ചു എന്ന് തോറ്റങ്ങളുടെ അവസാനം പറയുന്നില്ല. ദൈവക്കരുവായി മാറി, മായയായി എന്നൊക്കെയാണ് ആഖ്യാനം. സവർണനാൽ അവർണൻ കൊല്ലപ്പെട്ടു എന്നതിൻ്റെ പരോക്ഷ സൂചനയായി ഇതിനെ കാണാം. ഹിംസിക്കപ്പെട്ട കീഴാളൻ്റെ ആത്മാക്കളിൽ നിന്നുള്ള പ്രതികാരത്തെ സവർണൻ ഭയപ്പെട്ടിരുന്നു. കീഴാളരുടെ ക്രോധവും പ്രതികാരവും ഒതുക്കി നിർത്താനുള്ള സവർണ തന്ത്രം തന്നെയാണ് ദൈവക്കരു എന്ന് ഗവേഷകൻ സ്ഥാപിക്കുന്നു. ചരിത്രത്തോടു നീതി പുലർത്തുന്ന ഒരു ഗവേഷണ രചനയാണിത് എന്നു തന്നെ പറയാം.നിരീക്ഷണങ്ങൾ സുതാര്യവും സത്യസന്ധവുമാണ്.വസ്തുതകൾ സംഭരിച്ചും ക്രോഡീകരിച്ചും വിശകലനം ചെയ്തും എത്തിച്ചേർന്ന നിഗമനങ്ങളാണ് ഈ ഗ്രന്ഥത്തിൻ്റെ ശക്തി.
വർത്തമാനകാലത്ത് തെയ്യത്തിന് സംഭവിച്ച വിപര്യയത്തെയും ഗവേഷകൻ അഭിസംബോധന ചെയ്യുന്നു. നാടക രൂപത്തിലുള്ള തെയ്യാവതരണങ്ങൾ ,വിനോദ വ്യവസായത്തിന് ഭാഗമായുള്ള അവതരണങ്ങൾ ,ഇങ്ങനെ അനുഷ്ഠാനത്തിൽ നിന്ന് കാഴ്ചയിലേക്കുള്ള പരിണാമം, ഒക്കെ വിശകലനം ചെയ്യുന്നു.
ആദിമജനതയുടെ വിശ്വാസങ്ങളിൽ നിന്നും ആത്മീയാവിഷ്കാരങ്ങളിൽ നിന്നും തുടങ്ങി ജാതി ജന്മി അധികാരഘടനകളും കാർഷിക സംസ്കൃതിയുമായി ബന്ധപ്പെടുത്തി, തെയ്യവിചാരങ്ങളെ വികസിപ്പിച്ച് അതിൻ്റെ സാംസ്കാരികതയെ യുക്തിയുക്തം വിശകലനം ചെയ്യുന്ന ഈ കൃതി തെയ്യത്തെക്കുറിച്ച് നാളിതുവരെയുണ്ടായിട്ടുള്ള ഗ്രന്ഥങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. തെയ്യത്തെ ചൂഴ്ന്നു നിൽക്കുന്ന സാംസ്കാരികവും രാഷ്ട്രീയവും നരവംശപരവും സാമ്പത്തിക വർഗ്ഗപരവുമായ ദുരൂഹതകളെ തൃപ്തികരമായി വിശകലനം ചെയ്യാനും അതിൽ നിന്ന് എത്തിച്ചേർന്ന നിഗമനങ്ങളെ ജ്ഞാനസാന്ദ്രമായി രേഖപ്പെടുത്താനും പ്രൊഫ.എം.ദാസൻ മാഷിനു കഴിഞ്ഞിരിക്കുന്നു
( കാഞ്ഞങ്ങാട് 'ചെമ്പരത്തിപ്രസാധനം' പ്രസിദ്ധീകരിച്ച ,പ്രൊഫ എം.ദാസൻ്റെ 'തെയ്യം: ജാതിയും അധികാരവും എന്ന ഗ്രന്ഥത്തിന് ഞാൻ എഴുതിയ അവതാരികയിലെ പ്രസക്തഭാഗങ്ങൾ )