ചെറുപുഴ ചരിത്രം:
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ പയ്യന്നൂര്‍ ബ്ളോക്കിലാണ് ചെറുപുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബര്‍ 2-ാം തീയതി രൂപീകൃതമായ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 75.64 ചതുരശ്ര കിലോമീറ്റര്‍ ആണ്. ചെറുപുഴ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് കര്‍ണ്ണാടക സംസ്ഥാനം, ഉദയഗിരി, ആലക്കോട് ഗ്രാമപഞ്ചായത്തുകള്‍, വടക്ക് കര്‍ണ്ണാടക സംസ്ഥാനം, ഈസ്റ്റ് എളേരി (കാസര്‍കോഡ്) ഗ്രാമപഞ്ചായത്
ത്, തെക്ക് ആലക്കോട് ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് പെരിങ്ങോം-വയക്കര, ആലക്കോട്, ഈസ്റ്റ് എളേരി (കാസര്‍കോഡ്) ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. കുന്നുകളും ചെരിവുപ്രദേശങ്ങളും വിശാലമായ താഴ്വരകളും തീരസമതലങ്ങളും ചതുപ്പുനിലങ്ങളും കണ്ടല്‍പ്രദേശങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈ സങ്കരഭൂമി. വാനംമുട്ടെ തലയുര്‍ത്തിനില്‍ക്കുന്ന കൊട്ടത്തലച്ചിമലയും ചരിത്രപ്രസിദ്ധമായ ഏഴിമലയും രാജവംശങ്ങളുടെ പോര്‍ക്കളത്തിന്റേയും സന്ധിസംഭാഷണങ്ങളുടേയും മൂകസാക്ഷിയായി നില്‍ക്കുന്ന മാടായിപ്പാറയും അനവദ്യസുന്ദരങ്ങളായ കാഴ്ചകളാണ്. പ്രകൃതിരമണീയമായ ഈ ഭൂപ്രദേശം വിനോദസഞ്ചാരികളുടെ പറുദീസയാണ്. കുന്നുകളുടെയും താഴ്വരകളുടെയും നാടാണ് ചെറുപുഴ. സമുദ്രനിരപ്പില്‍ നിന്നും ആയിരം മീറ്റര്‍ വരെ ഉയരമുള്ളതും വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ സമൃദ്ധവുമായ ഭൂപ്രദേശമാണ് ചെറുപുഴ. കാര്‍ഷിക പ്രാധാന്യമുള്ള പഞ്ചായത്ത് പ്രദേശങ്ങളില്‍ വിവിധങ്ങളായ ഭക്ഷ്യനാണ്യവിളകള്‍ കൃഷി ചെയ്തുവരുന്നു. പ്രകൃത്യായുള്ള തോടുകളും അരുവികളും മറ്റു ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമാണ് പഞ്ചായത്ത് പ്രദേശം. കോക്കോട്ട് രാജവംശത്തിന്‍ കീഴിലായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് ചെറുപുഴ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തട്ടുമ്മല്‍ ഗുഹയും പുളിങ്ങോത്തിനടുത്തുള്ള അമ്പലംപള്ളിയും, പ്രാപ്പൊയിലിനടുത്തുള്ള കൂലോത്തുംപൊയിലും ചെറുപുഴയുടെ സാസ്കാരിക മഹത്വം ഉയര്‍ത്തിക്കാട്ടുന്നവയാണ്. പല വഴികളില്‍ നിന്ന് വന്ന് പലയിടങ്ങളില്‍ ഒത്തുചേര്‍ന്ന് ചെറിയ പുഴയായി ഒഴുകി വലിയ പുഴയോട് ചേരുന്ന സംഗമസ്ഥാനമാണ് ചെറുപുഴ. പുഴകളുടെയും മലകളുടെയും കൊച്ചു ഗ്രാമമാണ് ചെറുപുഴ. കുടകുമലയില്‍ നിന്നും ഉത്ഭവിച്ച് അരുവികളെയും തോടുകളെയും സ്വീകരിച്ച് ധന്യമായിഒഴുകി അറബിക്കടലില്‍ പതിക്കുന്ന വലിയ പുഴയാണ് കാര്യങ്കോട് പുഴ. കൊട്ടത്തലച്ചി, ചട്ടിവയല്‍, മരുതുംപാടി, മുതുവം തുടങ്ങിയ മലമടക്കുകളില്‍ നിന്നും കിനിഞ്ഞിറങ്ങി പല വഴികളില്‍ വന്ന് പലയിടങ്ങളില്‍ വച്ച് ഒത്തു ചേര്‍ന്ന് ചെറിയ പുഴയായി ഒഴുകി വലിയ പുഴയോട് ചേരുന്ന സംഗമ സ്ഥലത്തിന് പഴമക്കാര്‍നല്കിയ ഓമന പേരാണ് “ചെറുപുഴ”. മലനാടിനോട് ചേര്‍ന്ന് കിടക്കുന്ന, കുന്നിന്‍ ചെരിവോട് കൂടിയ, കാഴ്ചക്കാരന് സുന്ദര ദൃശ്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു മലയോര പ്രദേശമാണ് ചെറുപുഴ.
ഒട്ടേറെ കലാ-സാഹിത്യ-സാംസ്ക്കാരിക നായകന്മാര്‍ക്ക് ജന്മം നല്‍കിയ പ്രദേശമാണ് ഈ പഞ്ചായത്ത്. ഈ പ്രദേശം മഹത്തായ ഒരു സാംസ്കാരിക പൈതൃകത്തിന്റെ ഉറവിടമാണ്. സംഘകാല ചരിത്രം തൊട്ട് കോലത്തിരി വരെ തുടരുന്ന രാജവംശങ്ങളുടെ സ്മാരകങ്ങള്‍ പേറുന്ന പ്രദേശമാണിത്. മഹാശിലസംസ്ക്കാര കാലം തൊട്ടുള്ള വിവിധ സാംസ്കാരിക കാലഘട്ടങ്ങളുടെ മുദ്രകള്‍ ഇവിടെ ചിതറിക്കിടക്കുന്നു. ചരിത്രാതീതകാലം തൊട്ട് മാനവ സമുദായം കടന്നു വന്ന് ജീവിതത്തിന്റെ മുദ്രകള്‍ ആചാരങ്ങളില്‍, അനുഷ്ഠാനങ്ങളില്‍, ജീവിതചര്യകളില്‍ ഇന്നും നിലനിര്‍ത്തുന്ന ജനാവലിയാണ് ഇവിടെ ഉള്ളത്. ആര്യ-ദ്രാവിഡ സംസ്ക്കാരങ്ങളുടെ കലര്‍പ്പും തനിമയുമുള്ള വിവിധങ്ങളായ ജീവിത രീതികള്‍ ഇന്നും ഇവിടെ നിലനില്‍ക്കുന്നു. ക്ഷേത്രങ്ങളും അവയോട് ബന്ധപ്പെട്ട ആര്യജന വീക്ഷണവും അവ വളര്‍ത്തിയെടുത്ത കലകളും (കഥകളി, കൂത്ത് മുതലായവ) ഉത്സവങ്ങളും ഒരു ഭാഗത്ത്, ആദിവാസി ജീവിതവുമായി ബന്ധപ്പെട്ട് അധിനിവേശ ജനത വളര്‍ത്തിയെടുത്ത തെയ്യം, പൂരക്കളി, കോല്‍ക്കളി, ആടിവേടന്‍, കോതാമൂരി, ഓണത്താറ്, കര്‍ക്കിടോത്തി തുടങ്ങിയവ മറ്റൊരു ഭാഗത്ത്. തികച്ചും ആദിവാസി കലകളെന്ന് പറയാവുന്ന മംഗലക്കളി, ചിമ്മാനക്കളി തുടങ്ങിയവ വേറൊരു ഭാഗത്ത്. ഗ്രാമീണ ജീവിതത്തിന്റെയും സംസ്ക്കാരത്തിന്റെയും ചൈതന്യം തുടിക്കുന്ന അനേകം നാടന്‍ കലാരൂപങ്ങളും നാടന്‍ പാട്ടുകളും ജനജീവിതത്തിന്റെ ഭാഗമായിരുന്നു. തെയ്യം ആണ് അതില്‍ പ്രധാനം. തെയ്യം കലയ്ക്ക് ഉന്നതമായ സ്ഥാനം നേടിക്കൊടുത്ത നിരവധി കലാകാരന്മാര്‍ക്ക് ജന്മം കൊടുത്ത പ്രദേശമാണ് കണ്ണൂര്‍. കുറത്തിയാട്ടം, ഗന്ധര്‍വ്വന്‍ പാട്ട്, കണ്ണേറ് പാട്ട്, വടക്കന്‍പാട്ട്, തച്ചുമന്ത്രം, കളംപാട്ട് തുടങ്ങി ഒട്ടനേകം നാടന്‍ സാഹിത്യരൂപങ്ങളും ഇവിടങ്ങളില്‍ നിലനിന്നിരുന്നു. ആയുര്‍വേദ വൈദ്യരംഗത്ത് ഇടവലത്ത് കണ്ണന്‍ വൈദ്യരെപ്പോലെ പ്രശസ്തരായ നിരവധി ആയുര്‍വേദ ആചാര്യന്മാരെയും, നാട്ടുവൈദ്യന്മാരെയും സംഭാവന ചെയ്ത പ്രദേശമാണിത്. പുളിങ്ങോം മഖാം, സെന്റ് മേരീസ് ചര്‍ച്ച് ചെറുപുഴ, അയ്യപ്പക്ഷേത്രം-ചെറുപുഴ, ശങ്കരനാരായണക്ഷേത്രം പുളിങ്ങോം എന്നിവ ഇവിടുത്തെ ഏറെ പഴക്കമുള്ള പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഇവിടങ്ങളില്‍ പണ്ടുമുതല്‍ തന്നെ ഉത്സവങ്ങള്‍ കൊണ്ടാടുന്നുണ്ട്. ആമന്തറ കുഞ്ഞിരാമന്‍, എം.എം.വര്‍ഗ്ഗീസ് എന്നിവര്‍ സ്വാതന്ത്ര്യസമരരംഗത്തെ പ്രമുഖരാണ്.