25/01/2024
സിനിമയുടെ നട്ടെല്ല് തിരക്കഥയാണെന്നു വിശ്വസിക്കുന്ന പ്രേക്ഷകനെ നിരാശപ്പെടുത്തുന്ന വാലിബൻ.
പ്രതിഭകൾ ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളം ഉയരുക സ്വാഭാവികം. പ്രത്യേകിച്ചു മോഹൻലാൽ എന്നൊരു മഹാ പ്രതിഭായോടോപ്പം ലിജോ ജോസ് പെല്ലിശ്ശേരിയെ പോലെ ക്രാഫ്റ്റ് ഉള്ള ഒരു സംവിധായകൻ ചേരുമ്പോൾ പ്രത്യേകിച്ചും. പക്ഷെ ആ പ്രതീക്ഷയെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയല്ല എനിക്ക് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ എന്ന നടന്റെ മികവ് പ്രകടമാകുന്ന ഒരു മുഹൂർത്തം പോലും ഉണ്ടായില്ല എന്നത് വലിയ നിരാശ നൽകി.. എന്നാൽ അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസെന്റസ് ഗംഭീരമായിരുന്നു.. ഒരുപക്ഷേ ഒരുപാട് കാലത്തിനു ശേഷം ലാലേട്ടന്റെ വ്യത്യസ്തമായ, മനോഹരമായ ഒരു കാഴ്ച.
രചനാപരമായി മനസ്സിന് തൃപ്തി നൽകുന്ന ഒരു സീൻ പോലും സൃഷ്ടിക്കാൻ തിരക്കഥാകൃത്തിനു സാധിച്ചില്ല. എന്നാൽ ദുർബലമായ ഒരു തിരക്കഥയെ അളവും അഴകും കൃത്യമായ ഷോട്ടുകളിലൂടെ, അതിമനോഹരമായ ഫ്രെയിമുകളിലൂടെ ഒരു വിഷ്വൽ ട്രീറ്റായി നൽകാൻ സിനിമക്ക് കഴിയുന്നുണ്ട്.. സിനിമയുടെ ഏറ്റവും വലിയ പോസറ്റീവ് മധു നീലകണ്ഠന്റെ ഛായാഗ്രഹണമാണ്. വ്യത്യസ്തമായ ഒരു ഭൂമികയെ വളരെ മനോഹരമായി പകർത്തി വച്ചിട്ടുണ്ട് ക്യാമറാമാൻ. കലാസംവിധാനവും വസ്ത്രാലങ്കാരവും ചമയവും മികച്ച നിലവാരം പുലർത്തി.. പശ്ചാത്തല സംഗീതം വിഷയത്തോട് ചേർന്നു നിൽക്കുന്നുവെങ്കിലും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താനുള്ള മികവൊന്നും പ്രകടിപ്പിക്കുന്നില്ല.. മോഹൻലാൽ ഒഴികെയുള്ള കഥാപാത്രങ്ങൾ എല്ലാവരും അഭിനയത്തിൽ ഒരു നാടകീയ സ്വഭാവമുള്ളവരായി അനുഭവപ്പെട്ടു..
ലിജോക്ക് ഇതാണ് എന്റെ സിനിമ, അല്ലെങ്കിൽ എന്റെ സിനിമ ഇങ്ങനെയാണ് എന്നു പറയാമെങ്കിലും പ്രേക്ഷകർ അത് എത്രമാത്രം അംഗീകരിക്കും എന്ന് സംശയമാണ്.. ഒരുപക്ഷേ ലിജോയുടെ സ്ഥിരം ഓഡിയൻസ് ഡയറക്ടർ ബ്രില്യൻസ് പൊക്കിയടിച്ചു വാഴ്ത്തുപാട്ടുകൾ പാടിയേക്കാം. എന്നാൽ മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗത്തിന് അവർ ഇതിൽ കൂടുതൽ അർഹിച്ചിരുന്നു എന്ന നിരാശ തീർച്ചയായും ഉണ്ടായേക്കാം. ക്ലാസ്/ മാസ്സ് എന്ന വേർതിരിവുകൾക്കപ്പുറം മനസ്സിനെ സ്പർശിക്കുന്ന, തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയായിരുന്നു ആഗ്രഹിച്ചിരുന്നത്.. അത് നഷ്ടമായിരിക്കുന്നു.
NB: ടിനു പാപ്പച്ചനോടാണ്...
താങ്കൾ പറഞ്ഞ, തിയറ്റർ നിന്നു കത്തുന്ന ആ Intro scene ഏതായിരുന്നു...?
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ...