01/07/2022
ആരാണ് യുഎഇയിലെ ആദ്യ മലയാളം റേഡിയോ നായകൻ ?
----------------
ഓൺലൈൻ വാർത്തകളും ചില ഗൾഫ് മാധ്യമപ്രവർത്തകരുടെ ഫേസ്ബുക്ക് കുറിപ്പുകളും വായിച്ച ഒരുപാട് പേർ ഇന്നലെ വിളിച്ചിരുന്നു;
റാസൽ ഖൈമയിൽ നിന്നുള്ള പ്രഥമ മലയാളം റേഡിയോ പരിപാടിയും കഴിഞ്ഞ ദിവസം അന്തരിച്ച വെട്ടൂർ ജി ശ്രീധരനും തമ്മിലുള്ള ബന്ധമായിരുന്നു അവർക്കറിയേണ്ടത്. വാർത്തകളിലെല്ലാം അദ്ദേഹത്തെ ഗൾഫിലെ മലയാളം റേഡിയോ പ്രസ്ഥാനത്തിന്റെ സ്ഥാപകനാക്കിയും മറ്റും അവതരിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു ചോദ്യങ്ങൾ.
ഉത്തരം ലളിതമാണ്:
അദ്ദേഹത്തിന് റാസൽ ഖൈമയിൽ നിന്ന് തുടങ്ങിയ പ്രഥമ മലയാളം റേഡിയോ പരിപാടിയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. തുടക്കം കുറിച്ചവരുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. 1992 മെയ് മാസത്തിലാണ് ആദ്യ മലയാളം റേഡിയോ പിറക്കുന്നത്. അന്ന് അദ്ദേഹം റേഡിയോ രംഗത്തേയില്ല.
അദ്ദേഹത്തിന് കമ്പം നാടകത്തിലും മറ്റു ചില മേഖലകളുമായിരുന്നു. ജോലി റെസ്റ്ററന്റിലും.
ആദ്യ റേഡിയോ പരിപാടിക്ക് തുടക്കമിട്ടപ്പോൾ നാട്ടിലെ റേഡിയോ/ ടെലിവിഷൻ രംഗത്തുള്ള നൂറുകണക്കിന് പേർ, ടിവി രംഗത്തെ പ്രശസ്തമുഖമായ ശ്രീകണ്ഠൻ നായർ മുതൽ വാർത്തകൾ വായിക്കുന്ന രാമചന്ദ്രനടക്കം ആശംസകൾ അറിയിച്ചും സഹകരിക്കാമെന്നറിയിച്ചും എനിക്ക് കത്തുകൾ അയച്ചിരുന്നു(ചില കത്തുകളുടെ കോപ്പി താഴെ) . അങ്ങനെ ഒരു കത്തയച്ചവരുടെ കൂട്ടത്തിൽ പോലും വെട്ടൂർ ജി ശ്രീധരൻ ഇല്ലായിരുന്നു എന്നതാണ് സത്യം!
ആദ്യ മലയാളം റേഡിയോ പരിപാടിക്ക് അനുമതി തേടി റാസൽഖൈമ ടൂറിസം ആൻഡ് ഇൻഫർമേഷൻ ചെയർമാൻ ഷെയ്ഖ് ഹുമൈദ് അൽ ഖാസിമിയുമായി 1990 മെയ് മാസം മുതൽ തന്നെ ഞാൻ ചർച്ചകൾ ആരംഭിച്ചിരുന്നു. 1991 സെപ്റ്റംബർ മുതൽ എന്റെ കൂടെ ഓടാൻ സുഹൃത്ത് ബഷീർ അബ്ദുള്ളയുമുണ്ടായിരുന്നു.
ഗൾഫിലെ ആദ്യത്തെ മലയാള റേഡിയോ പരിപാടിയുടെ സംഘാടകർ ഞങ്ങൾ രണ്ടുപേരുമാണ്.
പ്രഥമറേഡിയോ പ്രോഗ്രാമിൻറെ അനുമതി കരാർ എന്റെയും ബഷീർ അബ്ദുല്ലയുടെയും പേരിലായിരുന്നു. (കോപ്പി ചുവടെ).
ഇതിലൊന്നും യാതൊരു പങ്കും ഇന്നലെ അന്തരിച്ച വെട്ടൂർ ജി ശ്രീധരനില്ല. 1994 അവസാനത്തിലോ മറ്റോ ആണ് വെട്ടൂർ ജി ശ്രീധരൻ റാസൽ ഖൈമ റേഡിയോവിൽ എത്തുന്നത്.
തുടങ്ങിയ മുതൽ (1992 മെയ് മാസം ) റേഡിയോ പ്രോഗ്രാം ഡയറക്റ്റർ കെ.പി.കെ വെങ്ങരയായിരുന്നു. അന്ന് വെറും രണ്ടു ഫുൾടൈം സ്റ്റാഫ് മാത്രമേ ഞങ്ങൾക്കുള്ളു. വെങ്ങരയും കെ.പി. ദേവസ്സിയും. പിന്നെ കുറെ പാർട്ട് ടൈമേഴ്സും. പ്രോഗ്രാമിന്റെ തുടക്കം മുതൽ തന്നെ അതുമായി സഹകരിച്ച ഒരുപാട് പേരുണ്ട്- ഇ.എം ഹാഷിം, ലിയാഖത്ത്, ഗ്ലാഡിസ്, മധു,പൊന്നമ്മ
ടി.കെ. വി. മണി തുടങ്ങിയവരൊക്കെ ഇതിനായി പ്രവർത്തിച്ചവരാണ്.
അന്ന് ഞങ്ങൾ തുടങ്ങിയത് ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയായിരുന്നു. വനിതകൾക്കും വിദ്യാർത്ഥികൾക്കുമുള്ള പ്രത്യേക പരിപാടികൾ, ചിത്രീകരണം,കായികരംഗം,നാട്ടുവിശേഷം , ചലച്ചിത്ര ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, പുതുമുഖ വേദി, അന്വേഷണം, യാത്രക്കിടയിൽ തുടങ്ങി ഒട്ടേറെ പരിപാടികളുമായിട്ടായിരുന്നു തുടക്കം.
പിന്നീട് 1993 ൽ ഞാനും ബഷീറും സംഘാടകസ്ഥാനത്തു നിന്ന് മാറി. അൽ അവതാർ സ്റ്റുഡിയോ ഉടമ കെ.പി. അബ്ദുള്ളയായിരുന്നു പിന്നെ പ്രോഗ്രാം നടത്തിയിരുന്നത്. അതും കഴിഞ്ഞു രണ്ടു വർഷത്തോട് അടുക്കുമ്പോഴാണ് വെങ്ങര ഉമ്മൽ ഖുവൈൻ മലയാളം റേഡിയോയിലേക്ക് മാറുന്നത്.
അതുവരെ സീനിൽ ഇല്ലാത്ത വെട്ടൂർ ജി ശ്രീധരൻ അപ്പോഴാണ് രംഗത്തെത്തിയത്. അപ്പോഴേക്കും മലയാളം റേഡിയോ, ഡോൾഫിൻ ഗ്രൂപ്പ് (റേഡിയോ ഏഷ്യ) ഏറ്റെടുക്കാനുള്ള നടപടികൾ ആയിരുന്നു.
ചുരുക്കി പറഞ്ഞാൽ, കൃത്യമായി സംവിധാനിച്ച ഒരു സിസ്റ്റത്തിലേക്ക് ഒരു ജോലിക്കാരനായി കടന്നു വരികയായിരുന്നു വെട്ടൂർ. അവിടെ പുതുതായി ഒന്നും തുടങ്ങാനില്ലായിരുന്നു. അല്ലെങ്കിലും 30 വർഷം മുൻപ് ഞങ്ങൾ തുടങ്ങിയപോലുള്ള പരിപാടികളല്ലാതെ എന്ത് പുതുമയുള്ള പരിപാടികളാണ് പിന്നീട് വന്നവർ കൊണ്ടുവന്നത്? .
ഗൾഫിൽ ആദ്യമായൊരു മലയാള റേഡിയോ പ്രസ്ഥാനം ആരംഭിച്ചതിന്റെ കഥകളെല്ലാം പല തവണകളിലായി പല ഇടങ്ങളിലായി എഴുതിയിട്ടുള്ളതാണ്. വീണ്ടും പറയേണ്ടിവരുന്നത് സുഖകരമായ കാര്യവുമല്ല. പക്ഷേ ഇടയ്ക്കിടെ "ഗൾഫ് റേഡിയോ പ്രസ്ഥാനത്തിന്റെ അമരക്കാരൻ", "കുലപതി", "റേഡിയോ ഇതിഹാസം" "ഗൾഫിൽ ആദ്യമായി മലയാളം തുടങ്ങിയാൾ" എന്നൊക്കെ പറഞ്ഞ് ചിലർ രംഗപ്രവേശം നടത്തുകയും ചിലരെ സ്ഥാപിക്കാനും സ്വാർത്ഥതാത്പര്യം മുൻനിർത്തി ചരിത്രം തന്നെ മാറ്റിയെഴുതാനും മുൻനിര മാധ്യമപ്രവർത്തകരിൽ ചിലർ ശ്രമിക്കുകയും ചെയ്യുമ്പോൾ പറയാതെ നിവൃത്തിയില്ല.
ചരിത്രം മാറ്റിയെഴുതി വെട്ടൂർ ജി ശ്രീധരനെ ഗൾഫ് റേഡിയോ പ്രസ്ഥാനത്തിന്റെ നായകനാക്കാൻ ശ്രമിക്കുന്നവർ ഒരുപക്ഷെ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണ നടത്തുന്നതാകാം. പക്ഷെ ഒരു അടിസ്ഥാനവുമില്ലാത്ത അവരുടെ കുറിപ്പ് നോക്കി, അതേപടി ചരമകുറിപ്പ് പ്രസിദ്ധീകരിച്ച് തലക്കെട്ടിടാൻ ചില മലയാള പത്രങ്ങളുമുണ്ടാവുമ്പോൾ, തെറ്റ് തിരുത്താതെ വയ്യല്ലോ.
അന്തരിച്ച ഗൾഫ് റേഡിയോ പ്രവർത്തകൻ വെട്ടൂർ ജി ശ്രീധരന് ആദരാഞ്ജലികൾ നേരുന്നു.
നേരാംവണ്ണം വാർത്തയെഴുതാനറിയാതെ ഫേസ്ബുക്ക് കുറിപ്പ് വസ്തുതയായി പ്രചരിപ്പിക്കുന്ന, സ്വാർത്ഥതാത്പര്യങ്ങൾ ലക്ഷ്യം വച്ച് മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് ലേശം വെളിവുണ്ടാകാൻ പ്രാർത്ഥനയും.
P.S: ഞങ്ങളോടൊപ്പം ആദ്യകാല റേഡിയോ പ്രോഗ്രാമുകളുടെ മുഖ്യഭാഗമായിരുന്ന, കെ.പി.കെ വെങ്ങര ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, അങ്ങ് കണ്ണൂരിൽ.
വോ അഭി ബീ സിന്ദാ ഹേ...
യെസ്
ടൈഗർ സിന്ദാ ഹേ