18/12/2024
ശ്രീമദ് നാരായണീയം
മേൽപ്പത്തൂർ ശ്രീ നാരായണ ഭട്ടതിരി
(1559.- 1632) -
ഷൊർണൂരിനടുത്ത് ഭാരതപ്പുഴക്കരയിൽ സ്ഥിതി ചെയ്യുന്ന മേൽപ്പത്തൂർ ഇല്ലത്ത് 1559 -ൽ ജനിച്ച ശ്രീ നാരായണ ഭട്ടതിരി, തൻ്റെ പിതാവ് മാതൃദത്തനിൽ നിന്ന് ശാസ്ത്രങ്ങളും മറ്റൊരു ഗുരുവായ മാധവാചാര്യനിൽ നിന്ന് വേദങ്ങളും അച്യുത പിഷാരടിയിൽ നിന്ന് വ്യാകരണവും നേടി. കാലക്രമേണ, അച്യുത പിഷാരഡി ഭട്ടതിരിയുടെ തത്ത്വചിന്തകനായി. പിഷാരഡി തൻ്റെ മരുമകളെ പ്രിയശിഷ്യന് വിവാഹം ചെയ്തു കൊടുത്തു.
ഗുരു-ശിഷ്യ ബന്ധം വളരെ തീവ്രമായിരുന്നു, ഗുരു പക്ഷാഘാതത്തിന് ഇരയായപ്പോൾ, ഭട്ടതിരി വളരെ സ്നേഹത്തോടെയും കരുതലോടെയും തൻ്റെ ഗുരുവിനെ സമീപിച്ചു. തൻ്റെ ഗുരു കഷ്ടപ്പെടുന്നത് കാണാൻ കഴിയാതെ തൻ്റെ ഗുരുവിൻ്റെ അസുഖം സ്വയം ഏറ്റെടുക്കാൻ തയ്യാറാവുകയും,
'ഛായാദാന' ത്തിലൂടെ അത് സംഭവിക്കുകയും ചെയ്തു. ശ്രീ പിഷാരടി സുഖം പ്രാപിക്കുകയും, അദ്ദേഹത്തിൻ്റെ ശിഷ്യൻ ഭട്ടതിരിക്ക് പക്ഷാഘാതം പിടിപെടുകയും ചെയ്തു. (ഛായാദാനം - ഒരു തുണിയിൽ എള്ള് വിതറി അതിന് മീതെ ഇരുമ്പു കൊണ്ടുള്ള ഒരു പരന്ന പാത്രത്തിൽ ശുദ്ധമായ എണ്ണയൊ നെയ്യൊ ഒഴിച്ച് രോഗിയുടെ പ്രതിബിംബത്തെ അതിൽ കാണിച്ച് ഗ്രഹദോഷങ്ങളും രോഗദുരിതങ്ങളും ഒഴിഞ്ഞെന്ന് സങ്കൽപ്പിച്ച് സ്വർണ്ണം രത്നങ്ങൾ തുടങ്ങി വലിയ ദക്ഷിണയോടും മന്ത്രജപത്തോടും കുടി ഈ തുണിയും പാത്രവും ഒരു ബ്രാഹ്മണനു് ദാനം ചെയ്യുന്നു).
വാതരോഗത്താൽ കഷ്ടപ്പാട് അനുഭവിച്ചിരുന്ന മേൽപ്പുത്തൂരിന് പണ്ഡിതനും കവിയുമായ എഴുത്തച്ഛൻ പ്രതിവിധിയായി ‘മീൻ തൊട്ടു കൂട്ടുക’ എന്ന ഉപദേശം നൽകി. എന്നാൽ മേൽപ്പത്തൂർ അതിന്റെ അർത്ഥം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗവാൻ വിഷ്ണുവിന്റെ മത്സ്യം മുതൽ ഉള്ള ദശാവതാരം ആണ് മനസ്സിൽ കണ്ടത്. തന്റെ വാതരോഗം മാറുവാനായി തന്റെ സ്നേഹിതൻ
ഉപദേശിച്ചതനുസരിച്ച് മേൽപ്പുത്തൂർ നാരായണ ഭട്ടതിരി മലയാള വർഷം 763 ചിങ്ങം 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തിൽ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
18000 ശ്രീമദ് ഭാഗവത ശ്ലോകങ്ങൾ 1036 ശ്ലോകങ്ങളിലാക്കി മേൽപ്പത്തൂർ ഭട്ടതിരി ഗുരുവായൂരപ്പന് സമർപ്പിച്ചു. എന്നാൽ ശ്രീകൃഷ്ണൻ്റെ സ്വർഗ്ഗാരോഹണം നാരായണീയത്തിൽ കാണാൻ കഴിയില്ല.
നാരായണീയം എഴുതുന്ന വേളയിൽ ഗുരുവായൂരപ്പൻ പല തവണ പല രൂപങ്ങളിൽ ഭട്ടതിരിക്ക് ദർശനം നൽകിയിട്ടുണ്ട്. (അവ വഴിയെ എഴുതാം). മാംസചക്ഷുക്കളോടെ ഗുരുവായൂരപ്പനെ കാണാൻ ഭാഗ്യമുണ്ടായ ഭട്ടതിരി എങ്ങനെ ഭഗവാൻ്റെ സ്വർഗ്ഗാരോഹണം വിവരിക്കും ?
അദ്ദേഹം സൃഷ്ടിച്ച 'നാരായണീയം' അദ്ദേഹത്തിൻ്റെ രോഗത്തിന് പ്രതിവിധി മാത്രമല്ല, മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനുള്ള വഴികാട്ടിയായി. നാരായണീയത്തിലെ പല ശ്ലോകങ്ങളും, പ്രത്യേകിച്ചും ദശകം -1, ദശകം - 69 രാസലീല, നൂറാം അദ്ധ്യായം - കേശാദിപാദവർണ്ണനം, തുടങ്ങിയ
കാളിദാസൻ്റെ ശാകുന്തളം, വിക്രമോർവ്വശീയം തുടങ്ങിയ കാവ്യങ്ങളുമായി കിടപിടിക്കാൻ പറ്റുന്നതാണെന്നാണ് പല സംസ്കൃത പണ്ഡിതന്മാരുടെയും അഭിപ്രായം.
ഗുരുവായൂരപ്പൻ്റെ ധ്യാന ശ്ലോകം !!
പീതാംബരം കരവിരാജിത ചക്ര-ശംഖ-
കൗമുദകി-സരസിജം കരുണ സമുദ്രം,
രാധ സഹായം, അതിസുന്ദര മന്ദഹാസം
വാതാലയേഷാം അനിഷം ഹൃദി ഭാവയാമി !
അർത്ഥം: ഞാൻ ഗുരുവായൂർ ഭഗവാനെ നിരന്തരം ധ്യാനിക്കുന്നു. മഞ്ഞ പട്ട് ധരിച്ച്, കൈകളിൽ, ചക്രം, ശംഖ്, കൗമോദകി എന്ന ഗദ, ഒപ്പം താമരപ്പൂവും പിടിക്കുന്നവൻ, കാരുണ്യത്തിൻ്റെ സമുദ്രവും, രാധയുടെ സഹായിയും വളരെ മനോഹരമായ മന്ദഹാസവും !