05/01/2024
ശ്രീ നാരായണീയാമൃതരസം
ദശകം - ആറ്
ശ്ലോകം ഏഴ്
--------
പൃഷ്ഠം ത്വധർമ്മ ഇഹ ദേവ! മന:സുധാംശു:
അവ്യക്തമേവ ഹൃദയാംബുജമംബുജാക്ഷ!
കുക്ഷി: സമുദ്രനിവഹാ വസനം തു സന്ധ്യേ,
ശേഫ: പ്രജാപതിരസൗ വൃഷണൗ ച മിത്ര:.
🌹🌹🌹🌹🌹🌹🌹🌹🌹
ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം
ഈ ശ്ലോകവും കഴിഞ്ഞ ശ്ലോകത്തിന്റെ തുടർച്ച തന്നെയാണ്.
അല്ലയോ താമരക്കണ്ണനായ, താമരയുടെ ഇതളുകൾ പോലെ, അതീവമനോഹരമായ, വശ്യതയുള്ള കണ്ണുകളോടു കൂടിയവനേ എന്നാണ് ഭട്ടതിരിപ്പാട് ഭഗവാനെ സംബോധന ചെയ്യുന്നത്. താമരയുടെ ഇതളുകൾ പോലെ നീണ്ട കണ്ണുകളാണ് ഭഗവാനുള്ളത്. ആ മനോഹരമായ കണ്ണുകളിലേക്ക് നോക്കിയാൽ തന്നെ നമ്മുടെ ഹൃദയാഗ്നി താനേ ശമിച്ചുപോകും. അത്രയ്ക്കും കരുണാർദ്ര മാണ് ഭഗവാൻറെ കണ്ണുകൾ.
അല്ലയോ ഭഗവാനെ അവിടുത്തെ പൃഷ്ഠഭാഗം അഥവാ പുറംഭാഗം അധർമ്മമാകുന്നു. അതുകൊണ്ടുതന്നെയാണ് ആരും എവിടേയും മറ്റുള്ളവരുടെ മുമ്പിൽ പുറം തിരിഞ്ഞു നിൽക്കരുത് എന്ന് പഴമക്കാർ പറയുന്നത്. പഴഞ്ചൊല്ലിൽ പതിരില്ലല്ലോ.
അവിടുത്തെ ചേതോമോഹനമായ വിഗ്രഹത്തിലെ (വിശേഷണ ഗ്രഹിക്കുന്നതാണ് വിഗ്രഹം) മനസ്സ് ചന്ദ്രനാണ്. എന്നാൽ ഹൃദയമാകുന്ന താമര അവ്യക്തമാണ്. ത്രിഗുണങ്ങളുടെ (സത്വ രജ തമോഗുണങ്ങൾ) സാമ്യാവസ്ഥയാണ് ഇതിനു കാരണം. അപ്പോ, പ്രപഞ്ചം ഉണ്ടാകുന്നതിനു മുൻപാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രപഞ്ചസൃഷ്ടിക്ക് "മായ" ആവശ്യമാണല്ലോ. ത്രിഗുണങ്ങൾ സാമ്യാവസ്ഥയിൽ നിൽക്കുമ്പോൾ മായക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ.
അല്ലയോ ഭക്തവത്സലാ, അങ്ങയുടെ ഉദരം അഥവാ വയറ് സമുദ്രങ്ങളാണ്. വസ്ത്രം സന്ധ്യകളും. രണ്ട് സന്ധ്യകളാണ് പ്രാധാന്യം. പ്രഭാതസന്ധ്യയും (പ്രാതസന്ധ്യ) സായംസന്ധ്യയും. സായം എന്നുവെച്ചാൽ വൈകുന്നേരത്തെ സന്ധ്യാസമയം.
അല്ലയോ ഭഗവാനെ അവിടുത്തെ ശേഫം അഥവാ ജനനേന്ദ്രിയം പ്രജാപതി അഥവാ ബ്രഹ്മാവാണ്. എന്നാൽ അങ്ങയുടെ വൃഷണങ്ങളാകട്ടെ മിത്രദേവനുമാകുന്നു. ദ്വാദശാദിത്യന്മാരിൽ ഒരാളാണ് മിത്രൻ. (ധാതാവ്, ആര്യമാവ്, മിത്രൻ, രുദ്രൻ, വരുണൻ, സൂര്യൻ, ഭഗൻ, വിവസ്വാൻ, പൂഷാവ്, സവിതാവ്, ത്വഷ്ടാവ്, വിഷ്ണു ഇവരാണ് ദ്വാദശ ആദിത്യന്മാർ). സൂര്യദേവന്റെ പര്യായമാണിത്.
ഹരേ കൃഷ്ണ!
#ശ്രീ_നാരായണീയാമൃതരസം
നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻