28/01/2024
നെഗറ്റീവ് റിവ്യൂകൾക്ക് ചെവി കൊടുക്കാതെയാണ് ഞാൻ മലൈക്കോട്ടെ വാലിബൻ കണ്ടത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം അതിഗംഭീരം.. ഏത് സംവിധായകനും ചെയ്യാൻ കൊതിച്ചു പോകുന്ന ഒരു അതിമനോഹരമായ സിനിമ. 100% വും തിയറ്റർ അനുഭവം സാധ്യമാക്കുന്ന ഈ ചിത്രം ഏതൊരു സ്പെക്റ്റാകുലർ വിദേശ സിനിമയ്ക്കും ഒപ്പം നിൽക്കാവുന്നതാണ്. ഓരോ ഷോട്ടും അമ്പരപ്പോടെ നോക്കി കാണേണ്ടതാണ്. മധു നീലകണ്ഠന്റെ ഛായാഗ്രഹണം ഈ സിനിമയ്ക്കും മുകളിൽ പോയി എന്നുള്ളതാണ് ഈ സിനിമയ്ക്ക് ഉള്ള ഒരേയൊരു ന്യൂനത. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഓരോ ഫ്രെയിമിന്റെയും മാസ്മരിക മനോഹാരിത യിൽ നമ്മൾ അഭിരമിച്ചു പോകും. പക്ഷേ അത് സിനിമയിൽ നിന്ന് പ്രേക്ഷകനെ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കും. ഇപ്പോഴത്തെ കാലത്തെ കുട്ടികൾക്ക് അന്യം നിന്നു പോയ, പണ്ടത്തെ മുത്തശ്ശി കഥകളിൽ, കേട്ടിരുന്ന,, പണ്ട് പണ്ട്,.... ഒരിടത്ത് ഒരിടത്ത് ആയിരം മല്ലന്മാരുടെ ശക്തിയുണ്ടായിരുന്ന ഒരു മല്ലൻ ജീവിച്ചിരുന്നു എന്ന് തുടങ്ങുന്ന ഒരു കഥയുടെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ. ഇന്നത്തെ കാലത്ത് തീയേറ്ററിൽ വന്ന് കൂവിയാർക്കുന്ന പ്രേക്ഷകർക്ക് വേണ്ട, തെലുങ്ക് കന്നട തമിഴ് തട്ടുപൊളിപ്പൻ മസാല ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഒരു ചിത്രമേ അല്ല ഇത്. അവർക്ക് ഈ ചിത്രം കാണുമ്പോൾ നിരാശപ്പെടേണ്ടി വരുന്നത് സ്വാഭാവികം. ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭാധനനായ ഒരു സംവിധായകനിൽ നിന്ന് അത്തരം ഒരു ചിത്രം പ്രതീക്ഷിക്കേണ്ടതില്ലല്ലോ. ഭാവാഭിനയത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് എത്തുന്ന രംഗങ്ങൾ ഈ ചിത്രത്തിൽ കുറവാണെങ്കിലും, കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നതിൽ 100% ലിജോ വിജയിച്ചിട്ടുണ്ട്. പതിഞ്ഞ താളത്തിൽ തുടരുന്ന എഡിറ്റിംഗ് ചിത്രത്തിൽ ഉടനീളം പ്രകടമാണെങ്കിലും, സംഘട്ടന രംഗങ്ങളിലും ക്ലൈമാക്സിലും അല്പം വേഗത കൈവരിക്കുന്നുണ്ട്. പ്രശാന്ത് പിള്ളയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിനോട് വളരെ യോജിച്ച് നിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ സിനിമയിലെ ഇതിഹാസ ഹിന്ദി ചിത്രമായ "ഷോലെ" യിലെ മെഹബൂബ എന്ന ഗാനത്തിന്റെ ശൈലിയും ഈണവും, ചിത്രീകരണവും , ഒഴിവാക്കാമായിരുന്നു എന്നാണ് തോന്നിയത്. അതുപോലെ തന്നെയാണ് പശ്ചാത്തല സംഗീതത്തിൽ ലോക ക്ലാസിക് സിനിമകളിൽ ഒന്നായ the good, bad and ugly എന്ന ചിത്രത്തിന്റെ തീം മ്യൂസിക്കിന്റെ സാമ്യവും. മലയാള സിനിമ ചരിത്രത്തിൽ ഇത്തരം ഒരു ജോണറിൽ ഉള്ള ഒരു സിനിമ അപൂർവ്വമാണ്. മലയാളത്തനിമയുള്ള, കേരളത്തിലെ വീരന്മാരുടെ കഥകൾ പാടിപ്പുകഴ്ത്തുന്ന വടക്കൻ പാട്ട് ചിത്രങ്ങളിലെ, ഒരു വടക്കൻ വീരഗാഥ എന്ന ചിത്രമായും ഈ ചിത്രത്തിനെ താരതമ്യപ്പെടുത്താൻ സാധിക്കില്ല. മറിച്ച് എംടിയും വേണുവും ചേർന്നൊരുക്കിയ ദയ എന്ന ചിത്രമാണ് കുറച്ചെങ്കിലും ഇതിനോട് ചേർന്ന് നിൽക്കുന്നത്. ഇത്തരം ഒരു ചിത്രം ഒരുക്കുവാൻ ധൈര്യം കാണിച്ച സംവിധായകൻ ലിജോയ്ക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ. തീയറ്ററിലെ തിരക്കും ആരവങ്ങളും ഒഴിയുമ്പോൾ 100% വും തിയറ്റർ അനുഭവം തരുന്ന ഈ സിനിമ വീണ്ടും കാണാൻ കാത്തിരിക്കുകയാണ് ഞാൻ.