ഒരു പത്രം തുടങ്ങുന്ന കാര്യം ചിന്തിക്കുന്നതുപോലും സാഹസമായിരുന്ന കാലഘട്ടത്തിൽ 1955-ലാണ് ക്രാന്തദർശിയായ കെ.വി.ഡാനിയേൽ തൃശ്ശൂരിൽ നിന്ന് കേരളത്തിലെ ആദ്യ സായാഹ്ന പത്രമായ 'ടെലഗ്രാഫ്' ആരംഭിച്ചത്. ബോംബെയിൽ അന്ന് ഇറങ്ങിയിരുന്ന സായാഹ്ന പത്രങ്ങളായിരുന്നു അദ്ദേഹത്തിന് പ്രചോദനം. 1926 ഒക്ടോബറിൽ വടക്കാഞ്ചേരിയിൽ ജനിച്ച ഡാനിയേൽ ഇൻഷുറൻസ് ഏജന്റായി ഔദ്യോഗികജീവിതം ആരംഭിച്ചു. തുടർന്ന് കേരളഭൂഷണം തൃശൂർ ലേഖകനായി. ഇടക്ക് വെ
ച്ച് ഗോമതി പത്രം വിലക്ക് വാങ്ങി പ്രഭാതപത്രമായി തൃശ്ശൂരിൽ നിന്ന് വർഷങ്ങളോളം പ്രസിദ്ധീകരിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം 40 വർഷത്തോളം 'ടെലഗ്രാഫ്' പത്രാധിപരായിരുന്നു. 1978-ൽ ഏറ്റവും നല്ല സായാഹ്നപത്രത്തിനും മികച്ച പത്രാധിപർക്കുമുള്ള അവാർഡ് നേടി. കേരളത്തിലെ ആദ്യത്തെ സായാഹ്നപത്രമായ ടെലഗ്രാഫിനെ കുറഞ്ഞനാൾക്കകം തൃശൂർ നഗരത്തിന്റെയും ജില്ലയുടെയും വികസനത്തിൽ ശക്തമായ പങ്കാളിയാക്കാൻ ഡാനിയേലിന്റെ തൂലികയും ദൂരക്കാഴ്ചയും നേതൃത്വപരമായ പങ്കുവഹിച്ചു. കേരളത്തിൽ ഇന്നും പ്രചാരംകൊണ്ടും ഉള്ളടക്കംകൊണ്ടും പത്രധർമ്മത്തോടുള്ള തീക്ഷ്ണമായ പ്രതിബദ്ധതകൊണ്ടും മുൻനിരയിൽ നിൽക്കാൻ ടെലഗ്രാഫിന് ശേഷി നൽകുന്നത്, അതുല്യനായ പത്രാധിപർ, അർപ്പണബോധമുള്ള പത്രപ്രവർത്തകൻ എന്നീ നിലകളിൽ സത്യസന്ധത പുലർത്തിയ അദ്ധേഹത്തിന്റെ കഠിന പ്രയത്നമാണ്.
തൃശൂർ പ്രസ്സ് ക്ളബ് എന്ന ആശയം പ്രാവർത്തികമാക്കാൻ മാതൃഭൂമിയുടെ ആർ.കൃഷ്ണൻകുട്ടിനായർ, മനോരമയിലെ എം.ഡി.മാണി എക്സ്പ്രെസ്സിലെ എം.ആർ.നായർ എന്നിവരോടൊപ്പം തോളോടുതോൾ ചേർന്ന് ഡാനിയേൽ കഠിനാധ്വാനം ചെയ്തു. തൃശ്ശൂരിന്റെ മനസ്സിനെ കുത്തിനോവിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എന്നെന്നും മുൻപന്തിയിൽ നിന്നിട്ടുള്ള അദ്ദേഹം വികസന സംരംഭങ്ങൾക്ക് പൂർണ്ണപിന്തുണ നൽകാനും പുതിയ പദ്ധതികൾ വിഭാവനം ചെയ്യാനും അധികാരികളുടേയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാനും ശ്രദ്ധിച്ചു. മാസങ്ങളോളം നീണ്ടുനിന്ന അങ്ങാടിസമരം, സൗത്ത് ഇന്ത്യൻ ബാങ്ക് സമരം എന്നിവ ഒത്തുതീർക്കാൻ അദ്ദേഹം പരമാവധി പരിശ്രമിച്ചു. ജീവിതസായാഹ്നത്തിൽ വ്യാപാര രംഗത്തും ശക്തമായ സാന്നിധ്യം അറിയിച്ചു. തൃശ്ശൂരിലും എറണാകുളത്തും ഗൾഫിലും വ്യാപാരസ്ഥാപനങ്ങൾ തുടങ്ങുന്നതിനും വളർത്തുന്നതിനും നിർണായകപങ്ക് വഹിച്ചു. 1998 മാർച്ച് 6 ന് അന്തരിച്ചു.
അദ്ധേഹത്തിന്റെ ഇളയമകനായ വില്യംസ് ഡാനിയേൽ ആണ് ഇപ്പോഴത്തെ പത്രാധിപർ.