21/12/2024
ഇടുക്കി ജില്ലാ വാര്ത്തകള്
(21 ഡിസംബർ 2024)
**'കരുതലും കൈത്താങ്ങും' താലൂക്കുതല പരാതി പരിഹാര അദാലത്ത് പീരുമേട്
ജനങ്ങള്ക്കിടയില് പരാതികള് കുറഞ്ഞു വരുന്നു : മന്ത്രി റോഷി അഗസ്റ്റിന്
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ജനങ്ങള്ക്കിടയില് പരാതികള് കുറഞ്ഞു വരുന്ന കാഴ്ചയാണ് ഇപ്പോള് കണ്ടുവരുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തില് മന്ത്രിമാരുടെ നേതൃത്വത്തില് നടന്ന പീരുമേട് താലൂക്കുതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023 ലെ 'കരുതലും കൈത്താങ്ങും' അദാലത്ത്, 'നവകേരള സദസ്സി'ലൂടെ നടപ്പാക്കിയ പരാതി പരിഹാരപ്രവര്ത്തനങ്ങള് തുടങ്ങിയവ വലിയ മാറ്റങ്ങളാണ് പൊതുസമൂഹത്തില് സൃഷ്ടിച്ചത്. നിയമങ്ങളും ചട്ടങ്ങളും ജനങ്ങള്ക്ക് ഏറ്റവും അനുഗുണമാകുന്ന വിധം എങ്ങനെ മാറ്റാം, വേഗത്തില് പ്രയോജനപ്രദമാക്കാം എന്നതാണ് ഓരോ അദാലത്തിന്റെയും ലക്ഷ്യം. അത് കൈവരിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില് സഹകരണ -ദേവസ്വം - തുറമുഖവകുപ്പ് മന്ത്രി വി എന് വാസവന് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലങ്ങളില് നടത്തിയ അദാലത്തുകള് വഴിയുള്ള പ്രശ്നപരിഹാരത്തിനു ശേഷം അവശേഷിച്ച പരാതികള് തീര്പ്പാക്കുന്ന പ്രക്രിയയാണ് ഇപ്പോള് 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തില് നടക്കുന്നതെന്നും ഏറ്റവും വേഗത്തില് പ്രശ്നപരിഹാരം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
വാഴൂര് സോമന് എം എല് എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ കളക്ടര് വി വിഗ്നേശ്വരി, സബ് കളക്ടര് അനൂപ് ഗാര്ഗ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് ദിനേശന്, എ ഡി എം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടര്മാരായ അതുല് എസ് നാഥ്, അനില് ഫിലിപ്പ് തുടങ്ങിയവര് പങ്കെടുത്തു.
ഡിസംബര് 23 ന് രാവിലെ 10 മുതല് ഉടുമ്പഞ്ചോല - സെന്റ് സെബാസ്റ്റ്യന്സ് പാരിഷ് ഹാള് നെടുങ്കണ്ടം, അന്ന് ഉച്ചക്ക് ഒരു മണി മുതല് ഇടുക്കി - പഞ്ചായത്ത് ടൗണ്ഹാള് ചെറുതോണി, ജനുവരി ആറിന് രാവിലെ 10 മുതല് തൊടുപുഴ - മര്ച്ചന്റ് ട്രസ്റ്റ് ഹാള് എന്നിങ്ങനെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.
പൊതുജനങ്ങള്ക്ക് അക്ഷയ കേന്ദ്രങ്ങള് മുഖേനയോ ഓണ്ലൈന് വഴിയോ പരാതികളും അപേക്ഷകളും നല്കാം. karuthal.kerala.gov.in വഴിയാണ് ഓണ്ലൈനായി അപേക്ഷ സ്വീകരിക്കുക. പേര്, വിലാസം, മൊബൈല് നമ്പര്, ജില്ല, താലൂക്ക് എന്നിവ പരാതിയില് ഉള്പ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികള് മാത്രമാണ് സ്വീകരിക്കുക.
**പീരുമേട് താലൂക്ക് *'കരുതലും കൈത്താങ്ങും' അദാലത്ത്: 97 അപേക്ഷകളില് തീരുമാനമായി
ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, സഹകരണ -ദേവസ്വം -തുറമുഖവകുപ്പ് മന്ത്രി വി എന് വാസവന് എന്നിവരുടെ നേതൃത്വത്തില് പീരുമേട് താലൂക്കു തലത്തില് നടന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തില് 97 അപേക്ഷകളില് തീരുമാനമായി.
ഡിസംബര് 20 വരെ അദാലത്തിലേക്ക് ആകെ ലഭിച്ചത് 150 അപേക്ഷകളാണ്. ഇതില് 53 എണ്ണത്തില് നടപടി സ്വീകരിച്ചു വരികയാണന്ന് കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തില് നടന്ന അദാലത്തിനു ശേഷം മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.
അദാലത്ത് ദിവസം 58 അപേക്ഷകള് പുതുതായി ലഭിച്ചു. ഈ അപേക്ഷകള് പരിശോധിച്ച് 15 ദിവസത്തിനകം തീരുമാനം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതു കൂടാതെ അദാലത്ത് വേദിയില് മന്ത്രിമാരുടെ നേതൃത്വത്തില് 16 പേര്ക്ക് ആനുകൂല്യങ്ങളും വിതരണം ചെയ്തു.
വാഴൂര് സോമന് എം എല് എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു, ജില്ലാ കളക്ടര് വി വിഗ്നേശ്വരി, ഇടുക്കി സബ് കളക്ടര് അനൂപ് ഗാര്ഗ്, എ ഡി എം ഷൈജു പി ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു.
**അദാലത്ത് തുണച്ചു; 16 കുടുംബങ്ങള്ക്ക് റേഷന് കാര്ഡ്
പീരുമേട് താലൂക്കിലെ 'കരുതലും കൈത്താങ്ങും' അദാലത്തില് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, സഹകരണ - തുറമുഖ - ദേവസ്വം വകുപ്പ് മന്ത്രി വി എന് വാസവന് എന്നിവരുടെ നേതൃത്വത്തില് 16 കുടുംബങ്ങള്ക്ക് റേഷന് കാര്ഡുകള് വിതരണം ചെയ്തു.
എട്ട് അന്ത്യോദയ അന്നയോജന (എഎവൈ) റേഷന് കാര്ഡുകളും എട്ട് മുന്ഗണനാ (പ്രയോറിറ്റി ഹൗസ്ഹോള്ഡ് -പി എച്ച് എച്ച്) റേഷന് കാര്ഡുകളുമാണ് വിതരണം ചെയ്തത്.
പി എച്ച് എച്ച് റേഷന് കാര്ഡ് ലഭിച്ച ഉപ്പുതറ സ്വദേശിനി കുട്ടിയമ്മ ഏറെ സന്തോഷത്തോടെയാണ് അദാലത്തില് നിന്നു മടങ്ങിയത്. 'എന്റെ ഭര്ത്താവ് വൃക്ക - ഹൃദയസംബന്ധിയായ അസുഖങ്ങള്ക്ക് ചികിത്സയിലാണ്. ആഴ്ചയില് രണ്ടു ദിവസം നിലവില് ഡയാലിസിസ് ചെയ്യണം. ഞങ്ങള്ക്ക് എ പി എല് കാര്ഡായിരുന്നു. ഞാനും എന്റെ ഭര്ത്താവും ഇപ്പോള് തൊഴില് രഹിതരാണ്. ഡിസംബര് 19 ന് ഞങ്ങള് പി എച്ച് എച്ച് കാര്ഡിനായി താലൂക്കുതല അദാലത്തിലേക്ക് അപേക്ഷ നല്കി. ഒട്ടും വൈകാതെ
പീരുമേട് അദാലത്തില് കാര്ഡ് അനുവദിച്ചു കിട്ടി . ഇത് എന്റെ ഭര്ത്താവിന്റെ ചികിത്സയ്ക്ക് വളരെയധികം ഉപകാരമായിരിക്കും. ഒത്തിരി നന്ദിയുണ്ട്.' കുട്ടിയമ്മ പറഞ്ഞു.
എഎവൈ റേഷന് കാര്ഡ് അനുവദിച്ച് കിട്ടിയവര്: ബല്ക്കീസ്, പീരുമേട്, രാജേശ്വരി, വണ്ടിപെരിയാര്, അമ്മിണി ഉപ്പുതറ , രാഖിമോള്, ഉപ്പുതറ , രതീഷ് ശര്മ്മ, പീരുമേട്, ശോശാമ്മ , കൊക്കയാര് , അഞ്ജു, കുമളി, ശ്യാമള , പീരുമേട്.
പി എച്ച് എച്ച് റേഷന് കാര്ഡ് ലഭിച്ചവര്: വിജയമ്മ, ഉപ്പുതറ, സരിത, ഏലപ്പാറ, അജിത, ഉപ്പു തറ, മേരിക്കുട്ടി ജോസഫ്, മുറിഞ്ഞ പുഴ, സീന, പീരുമേട്, മിന്സി, പീരുമേട്, കുട്ടിയമ്മ, ഉപ്പുതറ , സരള്, പെരുവന്താനം.
**വില്ലേജ് അധികാരികള് നിഷേധിച്ച ജാതി സര്ട്ടിഫിക്കറ്റ് ആന് മരിയക്ക് ലഭിക്കും
വില്ലേജ് അധികാരികള് സാങ്കേതികത്വം പറഞ്ഞ് നിഷേധിച്ച ജാതി സര്ട്ടിഫിക്കറ്റ് 'കരുതലും കൈത്താങ്ങും' അദാലത്തിലൂടെ ലഭ്യമാകുന്നതിന്റെ സന്തോഷത്തിലാണ് പീരുമേട് പഴയ പാമ്പാര് ജനിയല് ഇല്ലത്ത് ആന്മരിയ.
മന്ത്രി റോഷി അഗസ്റ്റിനാണ് ജാതി സര്ട്ടിഫിക്കറ്റ് അനുവദിച്ച് നല്കാന് വില്ലേജ് അധികാരികള്ക്ക് നിര്ദ്ദേശം നല്കിയത്.
ഈ വര്ഷം നവംബര് 19 നാണ് ആന് മരിയ ജോലി ആവശ്യത്തിനായി ജാതി സര്ട്ടിഫിക്കറ്റിന് പീരുമേട് വില്ലേജ് ഓഫീസില് അപേക്ഷിച്ചത്. ലത്തീന് കത്തോലിക്ക വിഭാഗത്തില്പ്പെട്ട ആന് മരിയക്ക് 2019 മെയ് 31 ന് ഇതേ ഓഫീസില് നിന്നു ജാതി സര്ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. എന്നാല് പുതിയ അപേക്ഷയിന്മേല് ആന് മരിയയുടെ പിതാമഹന് 1947 ന് മുമ്പ് ലത്തീന് കത്തോലിക്കന് ആണ് എന്ന് തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ് ഹാജാരക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നിരസിച്ചു. തുടര്ന്നാണ് ആന്മരിയ അദാലത്തില് പരാതി നല്കിയത്.
2019-ല് ജാതി സര്ട്ടിഫിക്കറ്റ് അനുവദിച്ചിരിക്കേ ആന് മരിയക്ക് പുതിയ സര്ട്ടിഫിക്കറ്റിന് അര്ഹതയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന് ചൂണ്ടിക്കാട്ടി. ഉടന് ജാതി സര്ട്ടിഫിക്കറ്റ് അനുവദിക്കാന് മന്ത്രി നിര്ദ്ദേശിച്ചു. ആന് മരിയയെ സന്ദര്ശിച്ച അദ്ദേഹം അവരില് നിന്നു വിവരങ്ങളാരാഞ്ഞു. ഇക്കാര്യത്തില് സര്ക്കാറിന്റെ പൂര്ണ്ണ പിന്തുണയുണ്ടെന്നും മന്ത്രി അവരെ അറിയിച്ചു.
**കുടിവെള്ളപദ്ധതിക്കായി ഭൂമി സൗജന്യമായി നല്കിയവര്ക്ക് വെള്ളക്കരം : നടപടി പുനഃപരിശോധിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്
കുടിവെള്ളപദ്ധതിക്ക് ടാങ്ക് കെട്ടാന് അഞ്ചു സെന്റ് പട്ടയഭൂമി സൗജന്യമായി നല്കിയ കുടുംബത്തിന്, ധാരണയ്ക്കു വിരുദ്ധമായി വെള്ളക്കരം ഏര്പ്പെടുത്തിയ വാട്ടര് അതോറിറ്റിയുടെ നടപടി പുനഃപരിശോധിച്ച് മാനേജിങ് ഡയറക്ടര്ക്ക് റിപ്പോര്ട്ട് നല്കാന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ നിര്ദ്ദേശം.
പെരുവന്താനം പാറയ്ക്കല് റഹീമ യൂസഫ് നല്കിയ പരാതിയിലാണ് തീരുമാനം. സ്ഥലം നല്കിയാല് സൗജന്യമായി കുടിവെള്ളം നല്കുമെന്നായിരുന്നു വാട്ടര് അതോറിറ്റിയുടെ വാഗ്ദാനം. എന്നാല് കഴിഞ്ഞ രണ്ട് വര്ഷമായി വീട്ടുകണക്ഷന് വിഭാഗത്തില് ഉള്പ്പടുത്തി പതിനായിരം രൂപ കരമേര്പ്പെടുത്തി. മൂന്ന് തവണയായി അവര് തുക അടച്ചു. തുടര്ന്ന് 10,677 രൂപയുടെ ബില് കൂടി ലഭിച്ചു. ആറു മാസമായി ഇവര് കണക്ഷന് ഉപയോഗിക്കുന്നില്ല. ഇതേത്തുടര്ന്നാണ് അദാലത്തില് പരാതി നല്കിയത്.
സ്ഥലം സൗജന്യമായാണോ നല്കിയതെന്ന് അടിയന്തരമായി പരിശോധിക്കാന് മന്ത്രി വാട്ടര് അതോറിറ്റി എക്സിക്യൂട്ടീവ് എന്ജിനീയര്ക്ക് നിര്ദ്ദേശം നല്കി. സൗജന്യമായാണെങ്കില് കുടുംബത്തിന് സൗജന്യ കണക്ഷന് നല്കുന്നതിന് എം ഡിക്ക് കത്തെഴുതാനും അദ്ദേഹം നിര്ദേശിച്ചു.
**വാഹനം ആവശ്യമുണ്ട്
കേരള നെല്വയല് തണ്ണീര്ത്തട സംരക്ഷണ നിയമം-2008 പ്രകാരമുള്ള ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീര്പ്പാക്കല് നടപടികളുമായി ബന്ധപ്പെട്ട് ഫീല്ഡ് പരിശോധനയ്ക്കായി വില്ലേജ് ആഫീസുകളില് വാഹനം ലഭ്യമാക്കുന്നതിന് സര്ക്കാര് ഉത്തരവായിട്ടുള്ളതാണ്. ഇടുക്കി റവന്യു ഡിവിഷണല് ആഫീസിലും തൊടുപുഴ താലൂക്കിന്റെ പരിധിയിലുള്ള വില്ലേജ് ആഫീസുകളിലും മേല് ആവശ്യത്തിലേയ്ക്കായി 2 വാഹനങ്ങള് (കാര്, ജീപ്പ്, ബൊലേറോ) 1 വര്ഷത്തേയ്ക്ക് കരാര് അടിസ്ഥാനത്തില് ആവശ്യമായിട്ടുണ്ട്. ഫീല്ഡ് പരിശോധനയ്ക്കായി കരാര് അടിസ്ഥാനത്തില് വാഹനങ്ങള് വാടകയ്ക്ക് നല്കുവാന് താല്പര്യമുള്ളവരില് നിന്നും ടെന്ഡര് ക്ഷണിച്ചു. ഒരു വര്ഷത്തെ ഉപയോഗത്തിനായി വാഹനവാടക, ഇന്ധനചെലവ്, ഡ്രൈവറുടെ വേതനം, എന്നിവ ഉള്പ്പെടെ 35000/- രൂപയില് കൂടാത്ത തുക പ്രതിമാസ വാടക ഇനത്തില് ഉള്പ്പെടുത്തിയ ടെന്ഡര്, വാ...
**ഇടുക്കി ജില്ലാ കേരളോത്സവം ഡിസംബര് 28,29,30 തീയതികളില് ചെറുതോണിയില്
ഇടുക്കി ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ കേരളോത്സവം ഡിസംബര് 28,29,30 തീയതികളില് ചെറുതോണിയില് വെച്ച് നടക്കും. ജില്ലാ കേരളോത്സവത്തില് വായ്പ്പാട്ട്(ക്ലാസ്സിക്കല് ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡിസി, സിത്താര്, ഫ്ളൂട്ട്, വീണ, ഹാര്മോണിയം(ലൈറ്റ്), ഗിത്താര്, സ്റ്റോറി റൈറ്റിംഗ് (ഇംഗ്ളീഷ്, ഹിന്ദി) എന്നീ ഇനങ്ങളില് മത്സരാര്ത്ഥികള്ക്ക് നേരിട്ട് മത്സരിക്കാവുന്നതാണ്. ഈ ഇനങ്ങളില് പങ്കെടുക്കാന് താല്പര്യമുള്ളവര് ഡിസംബര് 26 നുള്ളില് keralotsavam.com വെബ്സൈറ്റ് മുഖേന രജിസ്റ്റര് ചെയ്യേണ്ടതാണ്. ഫോണ്: 9895183934, 04862 228936.
**സക്ഷം നവീകരണ പദ്ധതി ടെന്ഡര് ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴില് ദേവികുളം ഐസിഡിഎസ് പരിധിയിലുളള 49 അങ്കനവാടികളിലേക്ക് സക്ഷം നവീകരണ പദ്ധതിയില് ഉള്പ്പെടുത്തി പോഷന് വാടിക നടപ്പിലാക്കുന്നതിനായി വ്യക്തികള്/ സ്ഥാപനങ്ങളില് നിന്ന് ടെന്ഡര് ക്ഷണിച്ചു. ടെന്ഡര് ഫോമുകള് 2025 ജനുവരി 3 ന് ഉച്ചക്ക് 12.30 വരെ ലഭിക്കും. അന്ന് ഒരു മണി വരെ ടെന്ഡര് അപേക്ഷകള് സ്വീകരിക്കും. മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. ഫോണ്: 04865 264550.
**'കരുതലും കൈത്താങ്ങും' ചേറ്റുപാറ പുതിയ പാലം നിർമ്മിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചു - മന്ത്രി റോഷി അഗസ്റ്റിൻ
വണ്ടിപ്പെരിയാർ 63 - ാം മൈൽ ചേറ്റുപാറ തോടിനു കുറുകേ പുതിയ പാലം നിർമ്മിക്കുന്നതിന് സമർപ്പിച്ച 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിക്കാൻ ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി.
കഴിഞ്ഞ പ്രളയത്തിലാണ് ചേറ്റുപാറ തോടിനു കുറുകെയുള്ള പാലവും അപ്രോച്ച് റോഡും തകർന്നത്. പുതിയ പാലത്തിനായി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് ആറാം വാർഡംഗം അയ്യപ്പദാസ് സമർപ്പിച്ച പരാതിയിലാണ് മന്ത്രിയുടെ തീരുമാനം.
**'കരുതലും കൈത്താങ്ങും' പൊതുജനങ്ങൾക്കു വേണ്ടി അദാലത്തിൽ അപേക്ഷ; ഫണ്ട് അനുവദിക്കാൻ മന്ത്രി വി എൻ വാസവൻ്റെ തീരുമാനം
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആളുകൾക്ക് ഉപകാരപ്രദമാകാൻ വേണ്ടി പീരുമേട് താലൂക്ക് 'കരുതലും കൈത്താങ്ങും' അദാലത്തിൽ താൻ സമർപ്പിച്ച അപേക്ഷയിൽ സഹകരണ - തുറമുഖ - ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉടനടി നടപടി എടുത്തതിൽ സംതൃപ്തനായാണ് എബ്രഹാം ഈറ്റക്കൽ എന്ന പൊതു പ്രവർത്തകൻ അദാലത്തിൽ നിന്നു മടങ്ങിയത്.
പെരുവന്താനത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആളുകൾക്കും അതുവഴി പോകുന്ന വിനോദസഞ്ചാരികൾക്കും തീർഥാടകർക്കുമായി പൊതുശൗചാലയം നിർമിക്കണമെന്ന ആവശ്യവുമായാണ് എബ്രഹാം അദാലത്തിൽ എത്തിയത്. മന്ത്രി വി എൻ വാസവൻ അപേക്ഷ പരിഗണിക്കുകയും ഫണ്ട് അനുവദിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് പീരുമേട് താലൂക്ക് അദാലത്തിൽ എത്തിയതെന്ന്
എബ്രഹാം ഈറ്റക്കൽ പറഞ്ഞു. "ഇപ്പോൾ എൻ്റെ അപേക്ഷ ഫലം കണ്ടതിനാൽ വളരെയധികവും സന്തോഷവും സംതൃപ്തിയുമുണ്ട്" - അദ്ദേഹം പറഞ്ഞു.
**'കരുതലും കൈത്താങ്ങും' മന്ത്രി വി എൻ വാസവൻ്റെ ഇടപെടൽ: ക്ഷീരകർഷകന് ധനസഹായം ലഭിക്കും
സഹകരണ - തുറമുഖ - ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ്റെ ഇടപെടലിനെ തുടർന്ന്, വാഗമൺ സ്വദേശിയായ ക്ഷീരകർഷകൻ്റെ ധനസഹായത്തിനുള്ള കാത്തിരിപ്പിന് വിരാമം.
അനിത ഭവനിലെ യേശുദാസിൻ്റെ ബ്രൗൺ സ്വിസ് ഇനത്തിൽ പെട്ട കറവപ്പശു കയറിൽ കുരുങ്ങി 2022 നവംബറിൽ ചത്തിരുന്നു. തുടർന്ന് കന്നുകാലികളുടെ അപകടമരണത്തിനുള്ള ധനസഹായത്തിനായി അദ്ദേഹം അപേക്ഷ നൽകിയെങ്കിലും നാളിതുവരെ നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. അങ്ങനെയാണ് പീരുമേട് താലൂക്ക് 'കരുതലും കൈത്താങ്ങും' അദാലത്തിൽ അപേക്ഷ സമർപ്പിച്ചത്.
ധനസഹായത്തിനു വേണ്ടിയുള്ള അപേക്ഷ പരിഗണിച്ച മന്ത്രി വി എൻ വാസവൻ എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകാൻ മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി. മന്ത്രി തൻ്റെ അപേക്ഷ പരിഗണിച്ച് ഉടനെ നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് യേശുദാസ് പറഞ്ഞു.
**കരുതലും കൈത്താങ്ങും'
കുട്ടിയാർ തോടിനു കുറുകേ പാലം; റവന്യൂ - കെ എസ് ഇ ബി സംയുക്തപരിശോധന നടത്തണം: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുട്ടിയാർ ഡൈവേർഷൻ പദ്ധതിയിലെ കുട്ടിയാർ തോടിനു കുറുകേ ചോറ്റുപാറക്കരകളെ ബന്ധിപ്പിക്കും വിധം പാലം നിർമ്മിക്കണമെന്ന അപേക്ഷയിന്മേൽ പീരുമേട് തഹസിൽദാറും കെ എസ് ഇ ബി ഡാം സേഫ്റ്റി വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറും സംയുക്തപരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശിച്ചു.
വാഗമൺ മേസ്തിരി പറമ്പിൽ ജ്ഞാനദാസിൻ്റെ പരാതിയിലാണ് ഉത്തരവ്. പദ്ധതിക്കായി നാട്ടുകാരിൽ നിന്നു സ്ഥലം ഏറ്റെടുക്കുന്ന സമയത്ത് തോടിൻ്റെ ഇരുകരകളേയും ബന്ധിപ്പിക്കാൻ പാലം പണിയുമെന്ന് കെ എസ് ഇ ബി അധികൃതർ രേഖാമൂലം ഉറപ്പ് നൽകിയതായി പരാതിയിൽ പറയുന്നു. എന്നാൽ കാലമിത്രയായിട്ടും നടപടിയുണ്ടായില്ല.
നാട്ടുകാർ ഉപയോഗിച്ചു വരുന്ന റോഡ് മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്നതിനാൽ അഞ്ചു മാസക്കാലം അക്കരെയുള്ള കൃഷിസ്ഥലത്തേക്ക് പോകാൻ അവർക്കു സാധിക്കാത്ത സ്ഥിതിയാണുള്ളത്. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് ജ്ഞാനദാസ് അദാലത്തിലെത്തിയത്. അദാലത്തിലെ തീരുമാനം പ്രതീക്ഷയ്ക്ക് വകനൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.