27/09/2017
ഷെയ്ഖ് സുൽത്താനു മുന്നിൽ ഏഴു പദ്ധതികളുമായി കേരളംTuesday 26 September 2017
തിരുവനന്തപുരം∙ ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും നടത്തിയ ചർച്ചയിൽ കേരളം മുന്നോട്ടുവച്ചത് ഏഴു പദ്ധതികൾ.ഷാർജയിലെ മലയാളികൾക്കു തൊഴിൽ സുരക്ഷയും മികച്ച ശമ്പളവും ഷെയ്ഖ് സുൽത്താൻ ഉറപ്പു നൽകി. ആവശ്യമായ മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തും. രാജ്ഭവനിലെ യോഗത്തിൽ കയ്യടിയോടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ മന്ത്രിസഭാംഗങ്ങൾ സ്വീകരിച്ചത്.
മുഖ്യമന്ത്രിയാണു ചർച്ചയ്ക്കു തുടക്കമിട്ടത്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിനു സർക്കാർ സ്ഥലം നൽകുമെന്നു പിണറായി അറിയിച്ചു. തുടർന്നു മന്ത്രിസഭയെ പ്രതിനിധീകരിച്ചു ഡോ.തോമസ് ഐസക്, മാത്യു ടി.തോമസ്, സി.രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.കേരളത്തിന്റെ ആവശ്യങ്ങൾ അനുഭാവത്തോടെ പരിഗണിക്കുമെന്നു ഷെയ്ഖ് സുൽത്താൻ അറിയിച്ചു. തന്നെ അനുഗമിച്ച വകുപ്പുമേധാവികളോട് ഇക്കാര്യം പരിശോധിക്കാൻ അദ്ദേഹം നിർദേശിച്ചു. തുടർനടപടികൾക്കായി ഇന്ത്യയിലെ യുഎഇ അംബാസഡറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗം ഒരു മണിക്കൂർ നീണ്ടു.
∙നിർദേശിച്ച പദ്ധതികൾ:
ഷാർജ ഫാമിലി സിറ്റിയാണു കേരളം മുന്നോട്ടുവച്ച ഒരു നിർദേശം. രാജ്യാന്തര നിലവാരമുള്ള പബ്ലിക് സ്കൂളുകൾ, എൻജിനീയറിങ് മെഡിക്കൽ കോളജുകൾ, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങൾ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങൾ ആരംഭിക്കാനാണു രണ്ടാമത്തെ നിർദേശം. കേരള സംസ്കാരവും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രത്തിനുള്ള പദ്ധതി, ഷാർജയിൽ നിന്നെത്തുന്ന അതിഥികൾക്കായി കേരളത്തിൽ ആയുർവേദ ടൂറിസം പാക്കേജുകൾ എന്നിവയും നിർദേശിച്ചു. പശ്ചാത്തല വികസന പദ്ധതികളിൽ ഷാർജയുടെ സഹകരണവും പങ്കാളിത്തവും കേരളം പ്രതീക്ഷിക്കുന്നു. ഷാർജയിലെ യുവജനങ്ങളിൽ സാങ്കേതിക സംരംഭകത്വം വളർത്തിയെടുക്കുന്നതിൽ കേരളത്തിലെ സ്റ്റാർട്ട് അപ്പ് മിഷനു പങ്കുവഹിക്കാൻ കഴിയും.
ആരോഗ്യപരിപാലനവും വിദ്യാഭ്യാസവും സംബന്ധിച്ചാണു മറ്റൊരു നിർദേശം.