21/05/2023
കർണാടകയിൽ ഉപരിപഠനത്തിന് ട്രസ്റ്റിന്റെ പേരിൽ സഹായം വാഗ്ദാനം.അഡ്‌മിഷൻ തട്ടിപ്പിന് ഇരകളായി മലയാളി വിദ്യാർത്ഥികൾ.
കർണാടകയിൽ ഉപരിപഠനത്തിന് ട്രസ്റ്റിന്റെ പേരിൽ സഹായം വാഗ്ദാനം; വിദ്യാഭ്യാസ വായ്‌പ്പ തരപ്പെടുത്തി നൽകി പണം കൈക്കലാക്കും; കോളേജ് - ഹോസ്റ്റൽ ഫീസുകൾ നൽകാതെ വഞ്ചിച്ചതോടെ വിദ്യാർത്ഥികൾ പെരുവഴിയിൽ; അഡ്‌മിഷൻ തട്ടിപ്പിന് ഇരകളായി മലയാളി വിദ്യാർത്ഥികൾ; കൊല്ലത്തെ തട്ടിപ്പു സംഘത്തിനെതിരെ കേസ്.
പ്ലസ്ടു കഴിഞ്ഞാൽ ഇനി എന്തു ചെയ്യണം എന്ന സംശയം കേരളത്തിലെ മിക്ക വിദ്യാർത്ഥികൾക്കും ഉണ്ടാകും. ഇത് മുതലെടുത്ത് തട്ടിപ്പ് സംഘവും നമ്മുടെ നാട്ടിൽ പെറ്റു പെരുകുകയാണ്. അത്തരമൊരു വമ്പൻ തട്ടിപ്പിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കർണാടകത്തിലും തമിഴ്‌നാട്ടിലും അടക്കം ബിരുദ പഠനത്തിലായി പോകുന്ന വിദ്യാർത്ഥികൾ ചതിക്കപ്പെട്ട കഥകളും പലതവണ പുറത്തു വന്നിട്ടുണ്ട്. എന്നാൽ, ഏതുവിധേനയും വിദ്യാഭ്യാസം നേടാനുള്ള മലയാളികളുടെ ശ്രമങ്ങൾ തുടരുമ്പോൾ തട്ടിപ്പു സംഘം കൂടുതൽ ശക്തമായി വിലസുകയാണ് ചെയ്യാറ്. സമാനമായി ഒരു അഡ്‌മിഷൻ തട്ടിപ്പു സംഘത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കർണാടകത്തിലെ ഒരു ട്രസ്റ്റിന്റെ മറവിൽ വിദ്യാർത്ഥികൾക്ക് അഡ്‌മിഷൻ തരപ്പെടുത്താമെന്ന് പറഞ്ഞ് വിദ്യാഭ്യാസ ലോൺ എടുപ്പിച്ചു വിദ്യാർത്ഥികളെ കെണിയിലാക്കുന്ന സംഘത്തിനെതിരെയാണ് പരാതി.
കർണ്ണാടകയിലെ ദേവാമൃത ട്രസ്റ്റിന്റെ മറവിൽ കർണാടക കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് സയൻസിൽ അഡ്‌മിഷൻ തരപ്പെടുത്തി തരാമെന്നും, പഠനത്തിനാവശ്യമായ സ്‌കോളർഷിപ് ശരിയാക്കി തരാമെന്നും പറഞ്ഞ് വഞ്ചിച്ചതു കൊല്ലം സ്വദേശികളാണ്. കൊട്ടാരക്കര കുന്നിക്കോട് ശ്യാം നിവാസിൽ ശ്യാം, ലിജോ, നിബിൻ, ഗൗരി ശങ്കർ, തോമസ് എന്നിവരാണ് തട്ടിപ്പിന് കുടപിടിക്കുന്നത്. ഇവർക്കെതിരെ തട്ടിപ്പിന് ഇരയായവർ നൽകിയ പരാതിയിൽ ചാത്തന്നൂർ പൊലീസ് കേസെടുത്തു.
പലിശ രഹിത വിദ്യാഭ്യാസ വായ്‌പ്പാ പദ്ധതിയെന്ന് പത്രങ്ങളിൽ പരസ്യം നൽകിയാണ് സംഘം വിദ്യാർത്ഥികളെയും രക്ഷിതാക്കെളെയും കെണിയിൽ വീഴ്‌ത്തുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ഉപരിപഠനം നടത്താൻ ബുദ്ധിമുട്ടുള്ളവർക്ക് ദേവാമൃത ചാരിറ്റബിൾ ട്രസ്റ്റ് യാതൊരു ഈടും കൂടാതെ പ്രമുഖ ബാങ്കുകളിൽ നിന്നും പലിശ രഹിത വിദ്യാഭ്യാസ വായ്‌പ്പ സംഘടിപ്പിച്ചു നൽകുമെന്ന് പറഞ്ഞാണ് ഈ സംഘം സമീപിക്കുന്നത്. വെബ്സൈറ്റിലൂടെ അപേക്ഷ നൽകാനും നിർദ്ദേശിക്കുന്നു. ഈ പരസ്യം വിശ്വസിച്ചു ഉപരിപഠനത്തിനായി പരിശ്രമിക്കുന്നവരാണ് വെട്ടിലാകുന്നത്. ഇവരുടെ തട്ടിപ്പിന് ഇരയായി 12 പേരാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
ബിബിഎ വിത്ത് ഏവിയേഷൻ എന്ന കോഴ്സിനാണ് തിരുമനഹള്ളി കർണ്ണാടക കോളേജിൽ 4,20000 ലോണോടു കൂടി അഡ്‌മിഷൻ വാഗ്ദാനം ചെയ്തത്. എന്നാൽ അഡ്‌മിഷൻ ലഭിച്ചെങ്കിലും വിദ്യാർത്ഥികളുടെ ഫീസ് ദേവാമൃത ട്രസ്റ്റ് അടച്ചില്ല. ഫീസ് അടക്കേണ്ട സമയം ട്രസ്റ്റ് മുഖേന പണം അടയ്ക്കും എന്നതായിരുന്നു വാഗ്ദാനം. എന്നാൽ ഫീസ് അടക്കാതെ വന്നതോടെ വിദ്യാർത്ഥികളുടെ പഠനം വഴിമുട്ടുകയാണ് ഉണ്ടായത്. പലിശരഹിത ലോണാണ് തട്ടിപ്പ് സഘം വാഗ്ദാനം ചെയ്തത്. രക്ഷിതാക്കളുടെ പേരിൽ പേഴ്സണൽ ലോണെടുത്ത് പണം തട്ടുകയാണ് സംഘത്തിന്റെ രീതി. ആദിത്യ ബിർളയുടെ കീഴിലുള്ള ഫിനാൻസ് സ്ഥാപനം വഴിയാണ് ലോൺ എടുപ്പിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ശ്യാമും സംഘവും ആദ്യം വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും, പാൻകാർഡ്, ആധാർ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കോപ്പി എന്നിവ കൈക്കലാക്കി. തുടർന്ന് പ്രതികൾ ഡൽഹിയിലുള്ള ആദിത്യ ബിർളാ കമ്പനിയിൽ നിന്നും 4,75000 രൂപ ലോൺ എടുത്തതിനു ശേഷം തിരിച്ചടച്ചില്ല. ഭക്ഷണവും ഹോസ്റ്റൽ സൗകര്യവും വാഗ്ദാനം ചെയ്ത ശ്യാമും സംഘവും അതിലും കള്ളക്കളി കാണിച്ചു. തുടർന്ന് വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നും ഇറക്കിവിട്ടു. 10 പേർ അടങ്ങുന്ന വിദ്യാർത്ഥികൾ തട്ടിപ്പ് സംഘത്തെ ഭയന്ന് സ്വന്തം വീടുകളിൽ പോലും പോകാതെ എറണാകുളത്ത് തങ്ങേണ്ട സാഹചര്യം വരെയുണ്ടായി. ആദ്യം മൂന്ന് മാസം മാത്രമാണ് ട്രസ്റ്റിൽ നിന്നും ഹോസ്റ്റൽ ഫീസ് എത്തിയത്. എന്നാൽ പിന്നീട് ഇവർ ഫീസ് അടക്കാത്ത സാഹചര്യമാണ് ഉണ്ടായത്.
ഒന്നര വർഷമായി കോളേജിൽ പഠനം തുടർന്നു പോന്ന നിരവധി വിദ്യാർത്ഥികൾ ഇപ്പോൾ പഠനം പാതിവഴിയിൽ നിർത്തി നാട്ടിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. നാട്ടിലേക്ക് വന്നാൽ ജീവനോടെ തിരിച്ച് പോകില്ലെന്നും തട്ടിപ്പ് വീരന്മാർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി. 100 ൽ അധികം വിദ്യാർത്ഥികൾ ഇവരുടെ തട്ടിപ്പിൽ വീണിട്ടുണ്ട്. ഇതിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പരാതി നൽകി രംഗത്തുവന്നത്.
അതേസമയം വർഷങ്ങൾക്ക് മുൻപ് എം ബി ബി എസിനു പ്രവേശന വാഗ്ദാനം ചെയ്ത് 35,63,000 രൂപ തട്ടിയെടുത്ത കേസിൽ ശ്യാം കുമാർ കൊട്ടാരക്കര ജയിലിലായിരുന്നു. നിലവിൽ ഒരു വിദ്യാർത്ഥി ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 5 പ്രതികൾക്കെതിരെ എഫ് ഐ ആർ ഇട്ടിട്ടുണ്ട്. അതേസമയം പരാതിയുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയതോടെ ശ്യാം ഉൾപ്പടെ ഉള്ള സംഘം തങ്ങളെ വെള്ളപൂശിക്കൊണ്ടുള്ള ഓഡിയോയും പുറത്തു വിട്ടിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ചാത്തന്നൂർ പൊലീസ് പറഞ്ഞു.
ന്യൂസ് ബ്യുറോ കൊല്ലം