Payyanur Diaries

Payyanur Diaries പയ്യന്നൂരിൻ്റെ സ്വന്തം സൗഹൃദക്കൂട്ടായ്മ.
(1)

25/04/2024

അഗ്നിജ്വാലയിൽ തിളങ്ങി അഗ്നി ഘണ്ടാകർണ്ണൻ അഗ്നിയിൽ നൃത്തം വയ്ക്കുന്ന രംഗം ഏതൊരാൾക്കും ഭയ ഭക്തിയോടെ മാത്രമേ കാണാൻ കഴിയുകയുള്ളൂ.
പയ്യന്നൂരിനടുത്ത് വടശ്ശേരി പെരിങ്ങോട്ടില്ലത്ത് ആണ് ഈ അപൂർവ്വ തെയ്യം കെട്ടിയാടുന്നത്. ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് ഒത്ത് ചേരുന്നത്. അരയിൽ 16 പന്തങ്ങളും അത് പോലെ മുടിയിൽ 16 പന്തങ്ങളും നിറഞ്ഞു കത്തുന്ന അഗ്നി ശോഭയിൽ നിറഞ്ഞ് നിൽക്കുന്ന മനോഹരമായ കാഴ്ച ആസ്വദിക്കൂ.
കോലധാരി : അമൽ സി വി കൊറ്റാളി
കൂടുതൽ വിശദമായി കാണുന്നതിന് പയ്യന്നൂർ ഡയറീസ് യൂട്യൂബ് ചാനൽ സന്ദർശിക്കൂ
https://youtu.be/ksmRfJ5MMiM?si=pkl8dvZtlh4mw7Oy

23/04/2024

ഒരു മനോഹര ഗാനം ആസ്വദിക്കൂ... പയ്യന്നൂരിൻ്റെ പ്രിയപ്പെട്ട ഹരിഹർകുമാർ.

21/04/2024

മൂവാളംകുഴി ചാമുണ്ഡി തെയ്യം ഇറങ്ങിയപ്പോൾ...

16/04/2024

വെയിലത്ത് വണ്ടി നിർത്തുമ്പോൾ ശ്രദ്ധിക്കുക.
ബുള്ളറ്റിന് തീപിടിച്ചു. തൃക്കരിപ്പൂരിനടുത്ത് എടച്ചാക്കൈ നിർത്തിയിട്ട ബുള്ളറ്റിന് ആണ് തീപിടിച്ചത്.

16/04/2024

ചരിത്ര പ്രസിദ്ധമായ പഴയങ്ങാടി മാടായിപ്പള്ളിയില്‍ നടന്ന മോഷണം സി സി ടി.വി ദൃശ്യം.
ഭണ്ഡാരം കുത്തി തുറന്ന് ആണ് മോഷണം. ഭണ്ഡാരത്തിലെ പണം കവര്‍ന്നു.പഴയങ്ങാടി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

15/04/2024

ഇന്ന് മല്ലിയോട്ട് പോകണ്ടേ... കാഴ്ചയുടെ വിരുന്ന് കാണാം. കൂടെ വമ്പിച്ച കരിമരുന്ന് പ്രയോഗവും...

14/04/2024

തിരക്കുകൾക്കിടയിൽ അൽപസമയം മാറ്റിവച്ച് കൊണ്ട് പയ്യന്നൂരിൻ്റെ പ്രിയ ഡോക്ടർ ഉണ്ണികൃഷ്ണൻ എ എം [എം ഡി ജനറൽ മെഡിസിൻ, ഡയബിറ്റോളജിസ്റ്റ്]
പാടിയ ഒരു കൃഷ്ണ ഭക്തിഗാനം ഈ വിഷു ദിനത്തിൽ സമർപ്പിക്കുന്നു.
വിഷു ആശംസകൾ
#വിഷു

13/04/2024

പയ്യന്നൂരിലെ ടൂറിസം സാധ്യതകൾ വളരെ മികച്ചതാണ്. ഇനിയും ഇതൊക്കെ ആസ്വദിക്കാൻ ഒരു നിമിഷം പോലും വൈകണ്ട. എത്രയും പെട്ടെന്ന് തന്നെ ബുക്ക് ചെയ്യൂ. വേനലവധിക്ക് നാട്ടിൽ എത്തുന്ന സുഹൃത്തുക്കളോടൊപ്പം ബന്ധുക്കളോടൊപ്പം വേനൽ ആസ്വദിക്കൂ...

travel promotion group 094474 33557 7012459463

11/04/2024

ഈ വർഷത്തെ വിഷു സ്പെഷ്യൽ വൈറൽ ഇതാണ്.
ധനേഷ് മല്ലിയോട് രചനയും സംവിധാനവും നിർവഹിച്ച അജയൻ മല്ലിയോട് പ്രധാന വേഷത്തിൽ അഭിനയിച്ച വിഷു സ്പെഷ്യൽ ടെലിഫിലിം സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുന്നു.

10/04/2024

തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം അമൽചന്ദിന് പട്ടും,വളയും, പണിക്കർ സ്ഥാനവും നൽകി ആദരിക്കുന്നു
____________________________
തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം അമൽചന്ദിന് പട്ടും,വളയും, പണിക്കർ സ്ഥാനവും നൽകി ആദരിച്ചു

കുറിഞ്ഞി ക്ഷേത്രത്തിൽ കഴിഞ്ഞ കളിയാട്ടത്തിന് വിഷ്ണുമൂർത്തിയുടെ കോലം ധരിച്ച അമൽചന്ദിന് പട്ടും വളയും പണിക്കർ സ്ഥാനവും നൽകി ആചാരിച്ചു.

തെക്കെ ബസാറിലെ കരുവാച്ചേരിയിലെ കുഞ്ഞിമംഗലം മനയിൽ വെച്ച് ആണ് പട്ടും,വളയും, പണിക്കർ സ്ഥാനവും അമൽ ചന്ദിന് നൽകിയത്.

10/04/2024

പയ്യന്നൂർ ഇനിയും ടൂറിസം രംഗത്ത് വളരേണ്ടതുണ്ട്. നമ്മുടെ നാട്ടുകാരിൽ തന്നെ പലരും ഈ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടില്ല. കണ്ടവർ കമൻ്റ് ചെയ്യൂ.

09/04/2024

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സാദൃശ്യമുള്ള മാത്തിൽ കുറുവേലി പുതിയ റോഡിലെ പടിഞ്ഞാറെ കൊഴുമ്മൽ വീട്ടിൽ രാമചന്ദ്രന്റെ ഫോട്ടോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു 4 വർഷം മുൻപ്.

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിൽ മോദിയുമായി സാദൃശ്യമുള്ള രാമചന്ദ്രൻ നിൽക്കുന്ന ഫോട്ടോ എടുത്ത് മോദി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എന്ന അടിക്കുറിപ്പോടെ ഫെയ്സ്ബുക്കിൽ ഇട്ടപ്പോൾ അതു വൻതോതിൽ ഷെയർ ചെയ്യുകയും ഇതര സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയും ചെയ്തു.

രാമചന്ദ്രൻ ബെംഗളൂരുവിലുള്ള മകന്റെ അടുത്തേക്കു പോകാൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഒരാൾ എടുത്ത ഫോട്ടോ നവ മാധ്യമങ്ങളിലൂടെ വൈറലായപ്പോഴാണ് നാട്ടുകാർ ഇതുകാണുകയും രാമചന്ദ്രനാണെന്നു തിരിച്ചറിയുകയും ചെയ്യുന്നത്.

ഏറെക്കാലം വിദേശത്തായിരുന്ന രാമചന്ദ്രൻ നാട്ടിലെത്തി സ്ഥിരതാമസം തുടങ്ങിയത് അടുത്ത കാലത്താണ്. പലരും മോദിയുമായി സാദൃശ്യമുണ്ടെന്ന് പറയാൻ തുടങ്ങിയതെന്നും കേരളത്തിനു പുറത്തെത്തിയാൽ ഒന്നിച്ച് നിന്നു ഫോട്ടോയെടുക്കാനും കുശലം പറയാനും ആളുകൾ അടുത്തു കൂടാറുണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു. മാതൃഭൂമി ലേഖകൻ ഹാരിസ് നടത്തിയ അഭിമുഖം കാണാം.

അവധിക്കാലം ആസ്വദിക്കൂവലിയപറമ്പിലെ ഏറ്റവും വലിയ ആഡംബര ഹൗസ് ബോട്ടായ ഹാപ്പി ക്രൂയിസിനൊപ്പം.
08/04/2024

അവധിക്കാലം ആസ്വദിക്കൂ
വലിയപറമ്പിലെ ഏറ്റവും വലിയ ആഡംബര ഹൗസ് ബോട്ടായ ഹാപ്പി ക്രൂയിസിനൊപ്പം.

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, പയ്യന്നൂര്‍ കേന്ദ്രം മലയാളം ഗവേഷണ ജേർണൽ ചെങ്ങഴിയിൽ പയ്യന്നൂരിനേക്കുറിച്ച് ഡോ.ഇ. ശ്ര...
08/04/2024

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, പയ്യന്നൂര്‍ കേന്ദ്രം മലയാളം ഗവേഷണ ജേർണൽ ചെങ്ങഴിയിൽ പയ്യന്നൂരിനേക്കുറിച്ച് ഡോ.ഇ. ശ്രീധരൻ എഴുതിയ ലേഖനം. പേരും പൊരുളും
പയ്യന്നൂർ പൗരാണികകാലം മുതൽക്കുതന്നെ ജനശ്രദ്ധ നേടി പോന്നിട്ടുള്ള ഉത്തര കേരളത്തിലെ സാംസ്കാരിക കേന്ദ്രമാണ്. പഴങ്കഥകളിലും വാമൊഴിപ്പാട്ടുകളിലും നിറഞ്ഞുനില്ക്കുന്ന ഈ പ്രദേശത്തിന് രാജ തലസ്ഥാനം, തീർത്ഥാടനകേന്ദ്രം, വേദപഠന കേന്ദ്രം, സമുദായസൗഹാർദ്ദ ഗ്രാമം, ഫോക്ലോറിന്റെ പാരമ്പര്യ ഭൂമി, ജ്യോതിഷസംസ്കൃത സമ്പന്നദേശം, അധിനിവിഷ്ട ബ്രാഹ്മണഗ്രാമം, വാണിജ്യ കേന്ദ്രം, സാഹിത്യകാരന്മാർക്കും പണ്ഡിതന്മാർക്കും ജന്മം നല്കിയ നാട്, ദേശീയ പ്രസ്ഥാനത്തിന്നും കർഷക മുന്നേറ്റത്തിനും വേണ്ടി സമരം നയിച്ച മണ്ണ്—ഇങ്ങനെ പയ്യന്നൂരിന്ന് ചാർത്തിക്കൊടുക്കുവാനുള്ള വിശേഷണങ്ങൾ അനവധിയാണ്. കാലത്തിന്റെ ഗതിയിൽ പലതിന്നും തേയ്മാനങ്ങൾ സംഭവിച്ചിരിക്കാം, ചില വിശേഷണങ്ങൾ ഇന്ന് തീരെ ചേരാത്തതായും വന്നേക്കാം. എങ്കിലും തലമുറകളിലൂടെ കൈമാറി കിട്ടിയ പയ്യന്നൂരിന്റെ ഉദാത്തമായ സാംസ്കാരിക ബോധമുണ്ടല്ലോ അതു നിലനിർത്തുവാൻ സമകാലികസമൂഹവും ശ്രമിക്കുന്നുവെന്നത് വാസ്തവമാണ്. പാശ്ചാത്യസംസ്കൃതിയുടെ തിരതള്ളലിൽപ്പെട്ടു ദേശസംസ്കൃതി പിടിച്ചുനില്ക്കാനാകാതെ വിലപിക്കുമ്പോഴും പയ്യന്നൂരിന്റെ തനിമ നിലനില്ക്കുന്നു എന്നതാണ് പയ്യന്നൂരിന്റെ സവിശേഷത.

സംഘകാലമുദ്രകൾ
_________________________
മലയോരങ്ങളിൽ താമസം കൊണ്ട പ്രാചീനജനത ക്രമേണ താഴ് വാരങ്ങളിലെ ചതുപ്പു നിലങ്ങൾ കൃഷിഭൂമിയാക്കിയും വാസഭൂമികളാക്കിയും ജനപദങ്ങളെ രൂപപ്പെടുത്തിയതായി നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നുണ്ട്. നാടൻപാട്ടുകളിലും പുരാവൃത്തങ്ങളിലും ചരിത്രപണ്ഡിതരുടെ ഗവേഷണപാഠങ്ങളിലും ഇതിനെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നുമുണ്ട്. സ്ഥിരവാസമുറപ്പിക്കുന്നതുവരെ ഊരുചുറ്റി ജീവിച്ചുപോന്ന മനുഷ്യസമൂഹത്തെക്കുറിച്ചും ചരിത്രകാരന്മാർ പറഞ്ഞുവെച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഏഴിമലത്താഴ് വാരങ്ങളിൽ താമസം കൊണ്ട ആദിമ ജനസമൂഹം പിന്നീട് പ്രാന്ത പ്രദേശങ്ങളിൽ പുതിയ നാട്ടുമ്പുറങ്ങൾ സൃഷ്ടിച്ചെടുത്തതിന്റെ തുടർച്ചയായി രൂപപ്പെട്ടതായിരിക്കാം പയ്യന്നൂരെന്ന ഊരിടം. പടിഞ്ഞാറൻ കടലിലേക്ക് ഉന്തിനില്ക്കുന്ന ഏഴു മലകളും അവയുടെ പ്രാന്ത പ്രദേശങ്ങളും ചേർന്ന ഭൂമിക്ക് പഴയകാലം മുതൽ ലഭിച്ചുപോന്നിട്ടുള്ള പേര് ഏഴിമലയെന്നതാണ്. കോലത്ത്നാടെന്നും പാഴിനാടെന്നും കൊൾക്കാനച്ചേരിയെന്നും പല പേരുകളിൽ പലകാലത്തായി അറിയപ്പെട്ട നാടിന്റെ പില്ക്കാലനാമമാണ് പയ്യനൂരെന്നത്. സംഘകാലകൃതികൾ, മൂഷികവംശം പോലുള്ള ചരിത്രകൃതികൾ, പഴയ നാടൻപാട്ടുകൾ എന്നിവ ഏഴിമലയേയും പ്രാന്തപ്രദേശങ്ങളേയും നമുക്ക് അനാവരണം ചെയ്തുതരുന്നുണ്ട്.

പയ്യന്നൂരിന്റെ പഴയപേര് കൊൾക്കാനച്ചേരി എന്നാണെന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം കൊഴുത്ത കാനമാണ് കൊൾക്കാനം. കാനമെന്നാൽ തോട്, ചേരിയെന്നാൽ പ്രദേശം. കാങ്കോൽപ്പുഴ, പെരളംപുഴ, മാണിയാട്ട് തോട് എന്നീ പോഷകനദികൾ ചേർന്ന കവ്വായിപ്പുഴയുടെ പഴയപേരാണത്രേ കൊൾക്കാനമെന്നത്. അതിന്റെ തെക്കേ കരയിലുള്ള പ്രദേശമാണ് പയ്യന്നൂരായതെന്നു ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് കൊൾക്കാനച്ചേരിയെന്നത് പറഞ്ഞു പറഞ്ഞ് കൊക്കാനശ്ശേരി ആയതായി ഊഹിക്കാവുന്നതേയുള്ളൂ. കൊൾക്കാനമെന്ന പദം സംഘകാലകൃതികളിൽ സൂചിതമാണ്. നന്നനെന്ന രാജാവ് രാജ്യം ഭരിച്ചിരുന്നത് ഈ കൊൾക്കാനത്തിലാണെന്നും അവിടെ പറയുന്നുണ്ട്. അതേസമയം നന്നന്റെ രാജധാനി കൊൾകാനത്തിലല്ല കൊങ്കണത്തിലാണെന്ന് ഇതിനെ തിരുത്തിവായിക്കുകയും ഗോവയും സമീപപ്രദേശങ്ങളും ഉൾക്കൊള്ളുന്ന കൊങ്കണദേശമാക്കി വ്യാഖ്യാനിക്കുകയും ചെയ്യുന്നവരുണ്ട്. വേണ്ടത്ര തെളിവുകൾ ലഭിക്കാത്തിടത്തോളം തറപ്പിച്ചുപറയാൻ പ്രയാസമാണ്. നറ്റിണൈ എന്ന സംഘകൃതിയിലെ പാലൈപാടിയ പെരും കടുങ്കോ രചിച്ചതായി പറയുന്ന പാട്ടിലെ പത്താം ഭാഗം പരിശോധിച്ചുനോക്കുക.

പൊൻപടു കൊൺകാന നന്നൻ നന്നാട്ടു, ഏഴിൽ കുന്റം പെറിനും പൊരുൾവയിൻയാരോ
പിരികിർ പവരേ കവളൈ നീർവാർ നികർമലരന്നനിൻ
പേരമർമഴൈക്കൺതെൺപനികൊളവേ
കൊൺകാന ദേശത്തിന്ന് അധിപനായ നന്നന്റെ അനേകം നാട്ടിൻപുറങ്ങളിൽ ഏറെ ശോഭിക്കുന്ന ഏഴിമല സ്വന്തമായി ലഭിച്ചാൽ പോലും ആരെങ്കിലും നിന്നെ പിരിഞ്ഞിരിക്കാൻ ആഗ്രഹിക്കുമോ? എന്ന് പരിഭാഷ.

ഇവിടെ പറഞ്ഞ കൊൺകാനദേശം പയ്യന്നൂര് ആകാനാണ് സാദ്ധ്യത. കാരണം ഏഴിമലത്താഴ് വാരത്തിലെ നന്നന്റെ കൊട്ടാരം ഗോവയിലാകുന്നതെങ്ങനെ? അതുല്യമായ പരാക്രമം കൊണ്ട് രിപുക്കൾക്ക് അന്തകനും മിത്രങ്ങൾക്ക് ആരോമലുമായിരുന്നു നന്നൻ. ഭൂവിസ്തൃതികൂട്ടാനും കൊള്ക്കാനത്തെ കൊള്ളയടിക്കാനും കച്ചകെട്ടിയിറങ്ങിയ ചേരവംശരാജാക്കന്മാരെ പാഠംപഠിപ്പിച്ചുവിട്ട ചരിത്രം നന്നന്റേതായിട്ടുണ്ട്. സംഘം കൃതികളിൽ ചിലയിടത്ത് ഇത് പാഴിനാടെന്നും വ്യവഹരിക്കപ്പെട്ടിട്ടുണ്ട്. പാഴി പയ്യന്നൂരാകുന്നത് സ്വാഭാവികം മാത്രം.

ബ്രഹ്മാണ്ഡപുരാണചിഹ്നങ്ങൾ
ഏറ്റവും പ്രസിദ്ധങ്ങളായ പതിനെട്ടുപുരാണങ്ങളിൽ പ്രധാനപ്പെട്ടതാണ് ബ്രഹ്മാണ്ഡപുരാണം. ഈ കൃതിയിൽ ഇരുപത്തഞ്ചാം അദ്ധ്യായത്തിലായി പ്രതിപാദിക്കുന്ന സുബ്രഹ്മണ്യപുരീവർണ്ണന പയ്യന്നൂരിനെക്കുറിച്ചാണെന്ന് ഏ. കെ. കൃഷ്ണൻമാസ്റ്റരുടെ ലേഖനത്തിൽ കാണുന്നു. കള്ളച്ചൂതിൽ പരാജിതനായ ധർമ്മപുത്രർ സഹോദരരോടൊപ്പം ഗന്ധമാദന പർവ്വതത്തിൽ കഴിഞ്ഞുകൂടുന്ന കാലത്ത്, ഗർഗമഹർഷി ഇവിടെ എത്തിച്ചേരുന്നു. ശൗനകബ്രാഹ്മണന്റെ അഭ്യർത്ഥനയനുസരിച്ച് ഗർഗർ ഭാരതവർണ്ണന നടത്തുന്നതിനിടയിലാണ് പയ്യന്നൂർ കടന്നുവരുന്നത്. പയ്യന്നൂരിലെ സുബ്രഹ്മണ്യസ്വാമിക്ഷേത്രമടക്കം മൂന്ന് സുപ്രധാനക്ഷേത്രങ്ങൾ നിർമ്മിച്ചത് പരശുരാമനാണെന്ന് കൃതി പറയുമ്പോൾ, ബ്രാഹ്മണപ്രതിപുരുഷനായ പരശുരാമന്റേയും അനുയായികളുടേയും കുടിയേറ്റത്തിന്റെ വീരഗാഥാവിവരണമായി ഈ കൃതി മാറുകയാണ്.

തതസ്തുഭാർഗ്ഗവോരാമോമഹാഭാഗോമഹാപ്രഭുഃ
സുബ്രഹ്മണ്യപുരീം തത്ര കാരയാമാസ സത്വരം
എന്നു തുടങ്ങുന്ന ഭാഗം ക്ഷേത്രത്തിന്റെ വിസ്തൃതപ്രതിപാദനമാണ്. പാഴിനാട്ടിലെത്തിയ പരശുരാമനും കൂട്ടരും ഏഴിമലയിറക്കത്തിൽ ആശ്രമങ്ങളും ശങ്കരനാരായണന്റെ ക്ഷേത്രവും നിർമ്മിച്ച് ഇതിനെ തപോഭൂമിയാക്കി മാറ്റിയിരിക്കാം. കണ്വഭൂമിയായ കണ്ണമംഗലവും രാമഭൂമിയായ രാമന്തളിയും പരശുരാമകഥയുടെ ഭാഗങ്ങളാണ്. തൃക്കരിപ്പൂരിലെ ചക്രപാണിക്ഷേത്രം നിർമ്മിച്ചതിനുശേഷമാണ് പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നതെന്ന് കൃതിയിൽ പറയുന്നുണ്ട്. സുബ്രഹ്മണ്യപുരിയുടെ ദ്രാവിഡപരിഭാഷയാണ് പയ്യന്നൂരെന്നത്, പയ്യന്റെ ഊര് പയ്യന്നൂര്. പയ്യൻ സുബ്രഹ്മണ്യനാണ്.

💢മൂഷികവംശക്കുറിപ്പുകൾ
അതുലനെന്ന കവി സംസ്കൃതത്തിലെഴുതിയ ചരിത്രകാവ്യമാണ് മൂഷികവംശം. ശ്രീകണ്ഠനെന്ന കോലരാജാവിന്റെ ആസ്ഥാനകവിയായിട്ടാണ് അതുലനെ പണ്ഡിതർ സ്വീകരിക്കുന്നത്. മൂഷികവംശ സ്ഥാപകനായ രാമഘടൻ പിറന്നത് എലിമലയിലാണ്. കൃതിയിൽ മുഴുവൻ എലിമലയെന്നല്ലാതെ ഏഴിമലയെന്ന പദപ്രയോഗമില്ല. നന്നന്റെ ഏഴിമല എലിമലയായതെങ്ങനെ? ഒരിക്കൽ പർവ്വതം എലിയുടെ വേഷം ധരിച്ച് രമിച്ചുകൊണ്ടിരിക്കേ, അതേ പർവ്വതത്തിൽ തപസ്സുചെയ്യുകയായിരുന്ന കൗശികന്ന് അലോസരമുണ്ടാക്കിയതിനാൽ കോപിഷ്ഠനായ കൗശികൻ എലിയായിത്തന്നെ കഴിയുവാൻ പർവ്വതത്തെ ശപിച്ചുവത്രേ. പിന്നീട് ഹേഹേയരാജ്യത്തുനിന്നും പലായനം ചെയ്തുവന്ന ഗർഭിണിയായ രാജപത്നിയെ എലിയായ പർവ്വതം ഉപദ്രവിക്കുകയും, പതിവ്രതയായ രാജപത്നിയുടെ കോപാഗ്നിയിൽ പർവ്വതം ഭസ്മമായി ശാപമോക്ഷം നേടുകയും ചെയ്തു. സന്തുഷ്ടനായ പർവ്വതം പിന്നീട് രാജപത്നിയിൽ പിറന്ന രാമഘടന്ന് സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുകയായിരുന്നുവത്രേ. മൂഷികനായ പർവ്വതത്തിന്റെ അനുഗ്രഹം ലഭിച്ച രാമഘടൻ പിന്നീട് തന്റെ പേരോടുകൂടി പർവ്വതനാമവും ചേർക്കുകയായിരുന്നു [b5].

ഈ കഥയിൽ അത്യുക്തിയും അസംഭാവ്യതയും ഉണ്ടെന്നിരിക്കിലും ചേർത്തുവായിക്കാവുന്ന ചില കാര്യങ്ങളുണ്ട്. അതായത് നന്നന്റെ നാട് തമിഴ്സാഹിത്യത്തിൽ സുന്ദരമായിട്ടാണ് വർണ്ണിക്കപ്പെട്ടിരുന്നതെങ്കിലും, നന്നൻ പലയിടത്തും ക്രൂരനായിട്ടാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. അതുപോലെ നന്നന്റെ നാട്ടിലേക്ക് കുടിയേറിവന്ന ബ്രാഹ്മണരെ ഉൾക്കൊള്ളാൻ നന്നന്റെ പിൻതലമുറക്കാർ തയ്യാറാകാതിരിക്കുകയും അവിടെയൊരു സംഘർഷത്തിന്ന് വഴിയൊരുങ്ങുകയും ചെയ്തിരിക്കാം. എന്നാൽ നന്നന്റെ പിൻമുറക്കാർ നന്നനെപ്പോലെ കരുത്തരല്ലാത്തതുകൊണ്ട് ബ്രാഹ്മണക്കരുത്തിനുമുമ്പിൽ മുട്ടുമടക്കുകയും അവർക്കുവേണ്ടി പ്രതിപുരുഷനായി റാണിയുടെ പുതുതായി പിറന്ന മകനെ രാജാവാക്കുകയും ചെയ്തതായിരിക്കാം. അതിനാൽ ബ്രാഹ്മണരുടെ സംഭാവനയായിവേണം മൂഷികപദപ്രവേശമെന്നാണ് എനിക്കു തോന്നുന്നത്. അതേസമയം രാജചിഹ്നമായ വാകയുടെ സംസ്കൃതനാമമാണെതെന്ന് ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരിക്കാം. എന്നാൽ മൂഷികമെന്നത് എലിയുടെ സംസ്കൃതനാമമാണ്. കൃതിയിലവതരിപ്പിക്കുന്നതും മൂഷികനെയാണ്. മൂഷകമാണ് വാകമരം. മൂഷികമെന്നല്ല മൂഷകമെന്നാണെന്ന് തിരുത്തി വായിപ്പിക്കുന്ന ബാലകൃഷ്ണൻനായർ വാകപ്പൂവാണ് മൂഷകരാജാക്കന്മാരുടെ രാജചിഹ്നമെന്നും വാകയുടെ സംസ്കൃതനാമമാണ് മൂഷകമെന്നും പറയുന്നു. എന്നാൽ കാവ്യത്തിലുടനീളം മൂഷികമെന്നുതന്നെയാണ് കാണുന്നതെന്ന് ഓർക്കേണ്ടതുണ്ട്. ഏഴിമലയിലൂടെ സഞ്ചരിച്ച വിദേശസഞ്ചാരികളുടെ കുറിപ്പുകളിൽ പഴയകാലത്ത് പ്രബലമായി നിലനിന്നിരുന്ന എലിമലയുണ്ട്.

പരശുരാമന്റെ ആശ്രമം സ്ഥിതിചെയ്തിരുന്ന നാടാണ് രാമന്തളി. രാമന്റെ (പരശുരാമന്റെ) തളി (ആശ്രമദേശം) എന്ന അർത്ഥത്തിലാണ് ഈ പേരു വന്നിട്ടുള്ളത്. മൂഷികവംശത്തിൽ ഇതു വ്യക്തമായി പറയുന്നുണ്ട്. അതേസമയം എലിമലയിൽ ജനിച്ച രാമഘടൻ തന്റെ തലസ്ഥാനനഗരിയായ കോലത്തെ നിർമ്മിക്കുന്നത്, എലിമലയിൽനിന്നും അകലെയുള്ള കില്ലാനദിക്കരികേയാണ്. കില്ലാനദിയെന്നത് പഴയങ്ങാടിപ്പുഴയാണ്. അങ്ങനെയെങ്കിൽ അത് മാടായിക്കാവിന്നടുത്തുള്ള രാമപുരമോ പഴയങ്ങാടിയോ ആകാനേ തരമുള്ളൂ. കില്ലാനദിയും സമുദ്രവും ചേരുന്ന ദിക്കിൽ മാരാഹി (മാടായി) എന്ന പട്ടണത്തെ വല്ലഭനെന്ന രാജാവ് നിർമ്മിച്ചതായി കാവ്യത്തിൽ പറയുന്നുണ്ട്. അതിനാൽ രാമഘടന്റെ തലസ്ഥാനം രാമന്തളിയല്ല, മാടായിക്കാവിന്നടുത്താകാനേ തരമുള്ളൂ. കേരളോത്പത്തിയിലെ “ഏഴിമലയുടെ മുകളിൽനിന്ന് എഴുന്നള്ളിയ തമ്പുരാട്ടിക്ക് എഴുന്നള്ളിയിരിപ്പാൻ ഏഴിമലയുടെ താഴെ ഏഴോത്ത് കോവിലകം പണിതീർത്തു.” എന്ന ഭാഗം കൂടി ചേർത്തുവായിക്കുന്നത് നല്ലതായിരിക്കും. ഇവിടെനിന്നും എലിമലയിലെ ഭാർഗ്ഗവരാമനെ കാണാൻ രാമഘടൻ വരുന്നത് പല ഗ്രാമങ്ങളും കടന്നിട്ടാണെന്ന് കൃതിയിൽ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളോത്പത്തിയിലുടനീളം പരശുരാമകഥ വരുന്നുണ്ട്. വാസ്തവത്തിൽ ഈ പരശുരാമൻ പുരാണത്തിലെ പരശുരാമൻ തന്നെയോ? പുരാണത്തിലെ പരശുരാമനല്ലെങ്കിൽ അത്രയും പ്രഭാവമുണ്ടായിരുന്ന മറ്റേതെങ്കിലും ബ്രാഹ്മണനായിരിക്കാം മൂഷികവംശത്തിലെ താപസനായ രാമൻ.

ഈ കൃതിയിൽ ഒരിടത്തും പയ്യന്നൂർ കടന്നുവന്നിട്ടില്ല. രാമന്തളിയിലെ ശങ്കരനാരായണക്ഷേത്രം, തൃക്കരിപ്പൂരിലെ ചക്രപാണി ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം എന്നീ പ്രധാനക്ഷേത്രങ്ങളും പരാമൃഷ്ടങ്ങളാകുന്നില്ല. അതേസമയം തളിപ്പറമ്പെന്ന ചെല്ലൂരിലെ മഹാശിവക്ഷേത്രവും വടുകേശ്വരം ക്ഷേത്രവും പാപ്പിനിശ്ശേരി ക്ഷേത്രവും തൃച്ചംബരംക്ഷേത്രവും പരാമർശിക്കപ്പെടുന്നുണ്ടുതാനും. ഇപ്പറയപ്പെട്ട ക്ഷേത്രങ്ങൾ കോലരാജാക്കന്മാരാൽ നിർമ്മിക്കപ്പെട്ടവയോ പുനരുദ്ധരിക്കപ്പെട്ടവയോ ആണ്. ചെറുകുന്നമ്പലം, മാടായിക്കാവ്, പയ്യന്നൂരമ്പലം, രാമന്തളിയമ്പലം തുടങ്ങിയ ക്ഷേത്രങ്ങൾ ബ്രാഹ്മണാധിനിവേശം തുടങ്ങിയ നാളുകളിൽതന്നെ നിർമ്മിക്കപ്പെട്ടവയാണെന്നും അതേപോലെ വടക്കൻ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രബലമായ തളിപ്പറമ്പമ്പലം ബ്രാഹ്മണർ ആദ്യം സ്ഥാപിച്ച ക്ഷേത്രമാണെന്നും മനസ്സിലാക്കാവുന്നതാണ്. കോലരാജാക്കന്മാരെപ്പോലും വെല്ലുവിളിക്കുംവിധം സമ്പദ്സമൃദ്ധിയുണ്ടായിരുന്ന തളിപ്പറമ്പെന്ന ലക്ഷ്മീഗ്രാമത്തിലെ ബ്രാഹ്മണരുടെ പ്രീതിപിടിച്ചുപറ്റാൻ കോലരാജാവായ ശതസോമൻ പുനഃപ്രതിഷ്ഠ നടത്തിക്കുക മാത്രമായിരിക്കാം ചെയ്തത്.

രാമന്തളി ശങ്കരനാരായണക്ഷേത്രം, ചക്രപാണി ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമെന്നിവ മൂഷികവംശത്തിൽ പരാമർശിക്കപ്പെട്ട പരശുരാമൻ നിർമ്മിച്ചുവെന്നത് വിശ്വസിക്കാവുന്ന വിധം ഐതിഹ്യങ്ങൾ നിലനില്ക്കുന്നുണ്ട്. ഇവ മൂന്നും തളിക്ഷേത്രമായിട്ടെണ്ണുന്നതാണ് ശരിയായിരിക്കുകയെന്നു തോന്നുകയാണ്. പയ്യന്നൂരമ്പലത്തിലെ ആചാരക്രമം പരിശോധിക്കുമ്പോൾ ക്ഷത്രിയന്മാർക്ക് അവിടെ പ്രവേശനമില്ലെന്നതും ശ്രദ്ധേയമായ സംഗതിയാണ്.

💢ശ്രീകണ്ഠൻ മൂഷികവംശത്തിലെ അവസാനത്തെ രാജാവാണ്. ഈ വംശത്തിലെ ഒന്നാമത്തെ രാജാവായ രാമഘടന്നുശേഷം നൂറിലധികം രാജാക്കന്മാർ നാടു ഭരിച്ചതിനുശേഷമാണ് ശ്രീകണ്ഠന്റെ കാലം. രാമഘടനാകട്ടെ പരശുരാമനെന്ന ബ്രാഹ്മണാധിനിവേശനായകന്റെ കാലത്തുതന്നെ ഏഴിമലയിൽ താമസമാക്കിയ രാജാവാണ്. ഇദ്ദേഹത്തെ രാജാവായി അഭിഷേകം ചെയ്യിക്കുന്നതും പരശുരാമനാണ്. രാമനാൽ ഘടാഭിഷേകം ചെയ്യപ്പെട്ടവൻ രാമഘടൻ. പയ്യന്നൂർ സുബ്രഹ്മണ്യക്ഷേത്രം ബ്രാഹ്മണക്ഷേത്രവും വേദപഠനകേന്ദ്രവുമായതിനാൽ മൂഷികരാജാക്കന്മാരുടെ ഇടപെടൽ കുറഞ്ഞ ക്ഷേത്രമാകാനാണ് സാദ്ധ്യത. അതേപോലെ പരശുരാമാശ്രമത്തിന്റെ നേരിട്ട് ഇടപെടലുണ്ടായെന്നു വിശ്വസിക്കാവുന്ന മൂന്നു ക്ഷേത്രങ്ങളെയും—ശങ്കരനാരായണക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം, ചക്രപാണിക്ഷേത്രം—മൂഷികവംശമെന്ന കൃതിയിൽ പരാമർശിക്കാതെ ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്. മാത്രവുമല്ല, ശ്രീകണ്ഠന്റെ തലസ്ഥാനം തളിപ്പറമ്പിനടുത്ത ശ്രീകണ്ഠപുരമാണെന്നതിനാൽ പയ്യന്നൂരും പരിസരവും പരാമർശവിഷയമാകാതെയും പോയി.

💢പയ്യന്നൂർപാട്ടടയാളങ്ങൾ
മൂഷികവംശത്തിൽ നിന്നും നാം കടന്നുചെല്ലുക പയ്യന്നൂർ പാട്ടിലേക്കായിരിക്കും. ഡോ. ഹെർമൻ ഗുണ്ടർട്ടാണ് ഈ കൃതിയെ പൊതുജനസമക്ഷം ആദ്യം അവതരിപ്പിച്ചത്.

“This poem is certainly the oldest specimen of Malayalam composition which I have seen, the language is rich and bold, evidently of a time when the infusion from Sanskrit had not reduced the energy of the tongue by cramping it with hosts of unmeaning participles.” [b6]
എന്നാണ് ഗുണ്ടർട്ട് ഈ കൃതിയെക്കുറിച്ചു പറയുന്നത്. ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിൽ ഏ. ഡി. പതിമൂന്നോ പതിന്നാലോ നൂറ്റാണ്ടാണ് ഇതിന്റെ കാലമെന്നു പറഞ്ഞിരിക്കുന്നു. പ്രൊഫ. ഗുപ്തൻ നായരും ഈ അഭിപ്രായത്തോടു ചേർന്നുനില്ക്കുന്നുണ്ട്.

അഞ്ചാറു വിവാഹം കഴിച്ചിട്ടും ആൺമകനില്ലാത്തതിനാൽ വിഷമിച്ച നീലികേശി, മുജ്ജന്മദുരിതംകൊണ്ടാണ് പുത്രന്മാരില്ലാത്തതെന്നും ഊരുതെണ്ടി പാപമോക്ഷം നേടിയാൽ പുത്രഭാഗ്യമുണ്ടാകുമെന്നുള്ള ആങ്ങളമാരുടെ വാക്കുകേട്ട് പേരൂർനഗരിയുടെ ഭിക്ഷതേടി കച്ചിൽപട്ടണത്തിലെത്തി. അവിടെവെച്ച് നാട്ടിനും നഗരത്തിനും മികവോനായ നമ്പിച്ചെട്ടിയെന്ന വണിക്ക് അവളെ വിവാഹം കഴിക്കുന്നു. പേരൂരയ്യന്റെ കോവിലിൽ പ്രാർത്ഥനയിരുന്നതിന്റെ ഫലമായി ഇളന്തരിയൻ ജനിക്കുന്നു. പുത്രജനനം കെങ്കേമമായി കൊണ്ടാടുന്ന ചെട്ടി, പയെനൂരിൽവെച്ച് അന്നദാനവും കൂത്തും നടത്തുന്നു. ആ വഴി മരക്കപ്പലിൽ യാത്ര ചെയ്യവേ, നീലികേശിയുടെ ആങ്ങളമാർ കൂത്തൊരുക്കം കണ്ട് അവിടെയിറങ്ങുന്നു. കൂത്തിനു പാങ്ങറിയാത്തവർ ഒപ്പമിരിപ്പതു ശരിയല്ലെന്നു കണ്ട്, അവരെ അകറ്റിനിർത്തുവാൻ നാട്ടുകാർ ശ്രമിtexക്കുന്നു. ബഹളത്തിലെത്തുന്ന രംഗം ആങ്ങളമാരുടെ മരണത്തിലവസാനിക്കുന്നു. കോപംകൊള്ളുന്ന നീലികേശി എല്ലാത്തിന്നും ഹേതുഭൂതനായ മകന്റെ വധം പ്രതിജ്ഞ ചെയ്ത് നാടുവിടുന്നു. കാലമേറെക്കഴിഞ്ഞു, ഇളന്തരിയൻ പണ്ഡിതനും പരാക്രമിയും വാണിജ്യനിപുണനുമായി വളർന്നുവന്നു. പിന്നീടൊരിക്കൽ താപസിവേഷംപൂണ്ട നീലികേശി ഇളന്തരിയനെ കാണാനെത്തുന്നു. ഭിക്ഷുകിയായ അവൾക്ക് ഭിക്ഷനല്കണമെങ്കിൽ ശാസ്ത്രം പറഞ്ഞ് വിജയിക്കണമെന്ന് ഇളന്തരിയൻ. മതിയായ ഉത്തരം നല്കുന്ന നീലികേശിയുടെ മുന്നിൽ ചൂളിപ്പോകുന്ന അവൻ, പയെനൂരിലെ കൂത്തിൽ പങ്കെടുത്ത് ആണത്തം തെളിയിക്കുവാൻ വെല്ലുവിളിക്കപ്പെടുന്നു. ചതിയാണെന്നറിഞ്ഞിട്ടും അച്ഛനെതിർത്തിട്ടും ഇളന്തരിയൻ പോകാനൊരുങ്ങുന്നു (അപൂർണ്ണമായ കൃതി ഇവിടെ അവസാനിക്കുകയാണ്).

ഈ കൃതിയിൽ മൂന്നു സ്ഥലനാമങ്ങൾ പ്രധാനമായും കടന്നുവരുന്നു, പേരൂര്, പയെനൂര്, കച്ചിൽപട്ടണം. പേരൂർ നഗരിയാണ്, അവിടെ അയ്യൻ പെരുംകോവിലുണ്ട്, അവിടെ കൂത്ത് പ്രാർത്ഥനയായി കഴിപ്പിച്ചു വരാറുണ്ട്. തൊട്ടടുത്ത് തൃക്കൂറ്റെഴുമെമ്പെരുമാൻ കോവിലുണ്ട്. ഇത്രയും വിശേഷണങ്ങൾ വെച്ചുകൊണ്ട് ഗുപ്തൻനായരെപോലുള്ളവർ പറയുന്നു—സംശയം വേണ്ട, ഇതു തൃശ്ശിവപേരൂരെന്ന തൃശൂര് തന്നെ. എന്നാൽ ഈ വാദം ശരിയല്ലെന്നാണ് എന്റെ പക്ഷം. ഒന്നാമതായി, ഈ കൃതിയിലുടനീളം വണിക്കുകളായ ചെട്ടിയാൻമാരുടെ കഥയാണു പറയുന്നത്. പട്ടണവും കിരിയവും നഗരവും അവരുടെ സമുദായ സംഘങ്ങളാണ്. നാട്ടിന്നും നഗരത്തിന്നും മികവനാണ് നമ്പിച്ചെട്ടിയെന്നു പരാമർശിക്കുന്നതിൽ നിന്നും ഇവിടുത്തെ നഗരം ചെട്ടിമാരുടെ കൂട്ടക്കഴകത്തിന്റെ സാങ്കേതികനാമമായിരിക്കാമെന്നു തോന്നുന്നു. കൃതിയിലെ അയ്യൻ ശിവനാണെന്ന് തറപ്പിച്ചു പറയുന്നേടത്തും പ്രശ്നമുണ്ട്. അങ്ങനെയെങ്കിൽ, അയ്യൻ പെരിങ്കോവിലിൽ ചെന്നതിനുശേഷം വലത്തോട്ട് നടന്ന് തൃക്കുറ്റെഴുമെമ്പിരുമാൻ കൈയാൽ ചോറും തീർത്ഥവും തിരുവെണ്ണീറും വാങ്ങിയെന്നു പറഞ്ഞതെന്തിന്? രണ്ട് ശിവക്ഷേത്രങ്ങൾ ഒരിടത്ത് തന്നെ സ്ഥാപിക്കുമൊ? ഗുപ്തൻ നായർ പറയുന്നു—അത് പാറമേക്കാവിലുള്ള ശിവക്ഷേത്രമാണെന്ന്. എന്നാലെനിക്കു തോന്നുന്നത് ഇങ്ങനെയാണ്. അയ്യനെന്നിവിടെ പറഞ്ഞത് അയ്യപ്പനെ തന്നെയാണെന്നും പയ്യന്നൂരിന്നടുത്ത് പ്രശസ്തമായ അയ്യൻകോവിലുണ്ടായിരുന്നുവെന്നുമാണ്. ചിലപ്പോഴത് ചെട്ടിമാരുടെ മൂലസ്ഥാനമായ കീഴൂരിലെ ശാസ്താവായിരിക്കാം. കീഴൂരിന്റെ പഴയപേര് പേരൂരെന്നായിരിക്കാം. കോലത്തിരി രാജാവിന്റെ അധികാരദേശങ്ങളിൽ ഏറ്റവും കീഴെയുള്ള പ്രദേശമായതുകൊണ്ടാണ് കീഴൂരെന്ന പേരു വന്നത്. പഴയകാലത്ത് കീഴൂർ ശാസ്താക്ഷേത്രം എല്ലാ സമുദായങ്ങൾക്കും പ്രധാനപ്പെട്ട ക്ഷേത്രമാണ്. പടിഞ്ഞാറ് കടൽ, കിഴക്ക് കുന്നും കോട്ടയും വടക്ക് പുഴ, തെക്കുമാറി തൃക്കണ്യാവ് ശിവക്ഷേത്രം. കീഴൂരിൽ തൊഴാൻ വരുന്നവർ ശിവക്ഷേത്രത്തിലും ചെല്ലുന്നു. തൃക്കൂറ്റെഴുമെമ്പിരാനെന്നു കൃതിയിൽ പറഞ്ഞത് തൃക്കണ്യാവിലെ ശിവനെതന്നെയാകണം. വേറെയും കാരണങ്ങളുണ്ട്.

കൃതിയിലെല്ലായിടത്തും പേരൂരയ്യനെന്നും അയ്യപ്പനെന്നുമല്ലാതെ ശിവനെന്നു പറയുന്നേയില്ല.

രണ്ടാംപാട്ടിൽ ശങ്കരനാരായണനാന്മുഖന്മാരെ തൊഴുന്നതോടൊപ്പം അയ്യനെ പ്രത്യേകം എടുത്തു പറയുന്നുണ്ട്. അത് അയ്യപ്പനാകാനേ വഴിയുള്ളൂ.

എൺപത്തിയാറാമത്തെ പാട്ടിൽ അയ്യപ്പൻ കോയിൽക്കൽ കൂത്താടിച്ചേൻ എന്നു വ്യക്തമായി പറയുന്നുണ്ട്.

പത്തൊമ്പതാം പാട്ടിൽ,

പുലരെപുലരെപ്പോവിനൂടോ, പൊൽക്കൂത്താടുവാൻ ശാങ്കിമാരേ
അലസാതെ ചെന്നപ്പേരൂർ നഗരിൽ അയ്യൻപെരിങ്കൊയിൽ പുക്കെല്ലാരും
എന്ന പ്രസ്താവം കച്ചിൽപട്ടണത്തിൽ നിന്നും വളരെ അകലെയല്ലെന്ന് ബോദ്ധ്യപ്പെടുത്തുന്നുണ്ട്. ഇനി, പേരൂരിലെ കൂത്തിനെക്കുറിച്ച്—പൂരക്കളി, ശാസ്ത്രം ചൊല്ലൽ, നാടകമാടൽ, ഭാരതം ചൊല്ലൽ, ഇവയെയെല്ലാം പഴയകാലത്ത് കൂത്താടുക എന്നുതന്നെയാണു പറഞ്ഞിരുന്നത്. പ്രാർത്ഥനയായിട്ടും മറ്റും ഇത്തരം കൂത്തുകളാടിയിരുന്നു. 59-ാമത്തെ പാട്ടിൽ കൂത്തിനെക്കുറിച്ചു പരാമർശിക്കുന്നേടത്ത്,

കൂത്തു കെട്ടവൻ കെട്ടവന്നാശയാൽ,
കൊണ്ടെൽമാളിക കീഴറങ്ങിനാൻ
ചാത്തിരത്തിലോ കൂത്തു ശൊൽ,
ചാത്തിരത്തിലോ പാരതത്തിലോ
നാടകത്തിലോ കൂത്തു താൻ,
ആത്തിയം പറെയാതെ ശൊൽ,
ആർക്കുറിച്ച കൂത്തുമികെ.
എന്നു പറയുന്നുണ്ട്. കച്ചിൽപട്ടണത്തിലെത്തി, ഇളന്തരിയനെ കാണാൻ വന്ന താപസിയോടാണ് അവന്റെ ചോദ്യം. ഇപ്പറയപ്പെട്ട കൂത്തുകളെല്ലാം ഇപ്പോഴും നമ്മുടെ നാട്ടിലെ മറുത്തുകളിയിൽ കാണാൻ കഴിയുന്നുണ്ട്. മാത്രമല്ല, ഇളന്തരിയൻ താപസിയോട് ശാസ്ത്രം ചൊല്ലി വിജയിക്കുവാൻ വെല്ലുവിളിക്കുന്നേടത്ത് മറുത്തുകളിയുടെ പകർപ്പു തന്നെയാണു അവതരിപ്പിക്കപ്പെടുന്നതുതാനും. പയെന്നൂരിലെ കൂത്തിൽ പങ്കെടുക്കാൻ താപസി ഇളന്തരിയനെ വെല്ലുവിളിക്കുന്നേടത്ത്,

അന്നാളെ കൂത്തിനു വന്നുണ്ടോ നീ,
വാരായ്കിലാണല്ല പെണ്ണൊടൊക്കും
എന്ന് താപസി കളിയാക്കുന്നതും അച്ഛനെതിർത്തിട്ടും ഇളന്തരിയൻ അഭിമാനം നിലനിർത്താൻ പോകാനൊരുങ്ങിയതും കൂട്ടിവായിക്കേണ്ടതാണ്. മാത്രമല്ല, പയെന്നൂരിലെ മായക്കൂത്തെന്നു കൃതിയിൽ വിശേഷിപ്പിച്ചത് മായന്മാരുടെ കൂത്തായ പൂരക്കളിയെ തന്നെ. ചുരുക്കത്തിൽ പയ്യന്നൂർ പാട്ടിലെ പേരൂരയ്യൻ കീഴൂരിലെ ശാസ്താവ് തന്നെയായിരിക്കണം.

കീഴൂരിനെക്കുറിച്ചന്വേഷിച്ചപ്പോൾ പേരൂരെന്ന പേര് അന്നാട്ടിന്നുള്ളതായി ആരും സമ്മതിക്കുന്നില്ല. അതിനാൽ മറ്റൊന്നു കൂടി ഇവിടെ ചിന്തിക്കാവുന്നതാണ്. അതിതാണ്. പേരൂരിലെ മുതുകാട്ട്കാവെന്ന പ്രസിദ്ധമായ ശാസ്താവിന്റെ ക്ഷേത്രമായിരിക്കാം പേരൂരമ്പലം. നാമിന്നറിയുന്ന പേരൂൽ യഥാർത്ഥത്തിൽ പേരൂലല്ലെന്നും പേരൂരാണെന്നും സ്ഥലപുരാണകോശത്തിൽ പറയുന്നുണ്ട്. ഇവിടെ തൊട്ടടുത്തായി ശിവക്ഷേത്രവുമുണ്ട്. സാഹചര്യത്തെളിവുകൾ പലതും ഇത്തരമൊരു ചിന്തയ്ക്കു് അനുകൂലവുമാണ്.

ഇനി ഒരു കാര്യം കൂടി. പയ്യന്നൂർ പട്ടോല കണ്ടുകിട്ടിയാലേ ഇതു തറപ്പിച്ചു പറയാൻ പറ്റൂ. എങ്കിലും പറയാം. സൂചന ഏ.കെ.പി.യുടെ പഴയലേഖനത്തിൽനിന്നാണ്. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിനു തെക്കായി പട്ടറാട്ടുകൊവ്വലിൽ വലിയൊരു ശിവക്ഷേത്രവും തെരുവിന്ന് തെക്കായി അയ്യപ്പക്ഷേത്രവുമുണ്ടായിരുന്നുവത്രേ. തളിപ്പറമ്പ് ബ്രാഹ്മണരുമായുള്ള വിരോധത്തിൽ ഈ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടതായി പട്ടോലയിൽ പറഞ്ഞിട്ടുണ്ടത്രേ. എങ്കിൽ സംശയം വേണ്ടാ—പേരൂരയ്യപ്പനും തൃക്കൂറ്റെഴുമെമ്പെരുമാനും ഇവിടെത്തന്നെ. പയ്യന്നൂർപാട്ട് സൂക്ഷ്മമായി പഠിച്ചാൽ മനസ്സിലാകും—പയെന്നൂരും പേരൂരും അകലെയല്ലെന്ന്.

പയ്യന്നൂർ എന്ന പേര് കൃതിയിലെവിടെയും ഉപയോഗിച്ചിട്ടില്ലെങ്കിലും പയ്യന്നൂർ പാട്ട് എന്ന പേരിലാണ് ഈ കൃതി ഇന്ന് അറിയപ്പെടുന്നത്. പയ്യന്നൂരിൽ നിന്നും ഗുണ്ടർട്ടിന്ന് ഇത് കിട്ടിയെന്നതുകൊണ്ടാണ് അത്തരമൊരു പേരിട്ടത് എന്ന് വാദിക്കുന്നവരുണ്ട്. വാസ്തവത്തിൽ ഈ കൃതി ഗുണ്ടർട്ടിന്ന് കിട്ടിയത് പയ്യന്നൂരിൽനിന്നല്ല തളിപ്പറമ്പിൽനിന്നാണെന്ന് ഡോ. സ്കറിയ സക്കറിയ ആമുഖത്തിൽ പറയുന്നുണ്ട്.

പഴെനൂർ (അഞ്ചടി, 24, 60,58), പഴെയെനൂർ, (21, 25), പയെന്നൂർ (79) എന്നിങ്ങനെയാണ് കൃതിയിലെ പരാമർശങ്ങൾ. ഇവിടെ പരിശോധിച്ചാൽ മനസ്സിലാകുന്നു പേരിലെ നേരിയ വ്യത്യാസങ്ങൾ. ചെട്ടിയാന്മാരുടെ പതിന്നാലു നഗരങ്ങളിലൊന്ന് പയ്യന്നൂരിലേതാണ്. അതുകൊണ്ട് ഈ പേരുകൾ പുതിയ പയ്യന്നൂരിനെ സൂചിപ്പിക്കുന്നവ തന്നെയായിരിക്കാം.

💢കേരളോത്പത്തിസൂചനകൾ
പയ്യന്നൂരിലെ ബ്രാഹ്മണാധിവേശത്തെക്കുറിച്ച് സൂചന തരുന്ന കൃതിയാണ് കേരളോത്പത്തി. പരശുരാമൻ ഉത്തരഭൂമിയിൽ ചെന്ന് ആര്യപുരത്തിങ്കൽ നിന്ന് ആര്യബ്രാഹ്മണരെ കേരളത്തിലേക്കു കൊണ്ടുവന്ന് അറുപത്തിനാല് ഗ്രാമങ്ങൾ തീർത്തുവത്രേ. അവയിൽ പ്രധാനപ്പെട്ട ഒരു ഗ്രാമമാണ് പയ്യന്നൂർ ഗ്രാമം. ഇവിടെ രണ്ടായിരത്തോളം ബ്രാഹ്മണർ പരശുരാമനിൽനിന്നും വാളും ഭൂമിയും വാങ്ങി വാഴൂരന്മാരായി (ഊരാന്മയ്ക്കാർ) വാണുവത്രേ. ഈ അറുപത്തിനാലു ഗ്രാമങ്ങളിൽ പയ്യന്നൂർഗ്രാമമായിരുന്നു സമൃദ്ധി കൊണ്ടും ദൈവാനുഗ്രഹംകൊണ്ടും മുന്നിൽ. “പയ്യന്നൂർഗ്രാമത്തിനു നമ്പിക്കൂറും കല്പിച്ചു കൊടുത്തു. അനുഗ്രഹവും കടാക്ഷവും പയ്യന്നൂര് ഗ്രാമത്തിനു വളരെ വളരെയുണ്ട്” (കേര. പുറം.4). പരശുരാമന്റെ നിർദ്ദേശമനുസരിച്ച് പയ്യന്നൂർ ബ്രാഹ്മണർ മാതൃസമ്പ്രദായം അനുസരിച്ചു. അറുപത്തിനാലു ഗ്രാമത്തിന്നും പൊതുവായി നാലു കഴകത്തെ കല്പിച്ചപ്പോൾ അതിലൊന്ന് പയ്യന്നൂരായി നിശ്ചയിച്ചു. പയ്യന്നൂർ ഗ്രാമമെന്ന നമ്പിടി ഖണ്ഡത്തിൽ ആയിരം നായന്മാരെ ചുരിക കെട്ടിച്ച് സേനാനായകരാക്കി. വളരെക്കാലത്തിനുശേഷം ഉദയവർമ്മൻകോലത്തിരി 237 ഇല്ലം ബ്രാഹ്മണരെയും ആറു വാദ്ധ്യന്മാരെയും കൊണ്ടുവന്ന് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ കഴകമൊപ്പിച്ച് സഭയിരുത്തി.

💢വിദേശസഞ്ചാരിരേഖകൾ
വടക്കൻ കേരളത്തിന്റെ ദേശചരിത്രരചനയിൽ സഞ്ചാരികളുടെ കുറിപ്പ് വളരെയേറെ സഹായകങ്ങളായി നിലകൊള്ളുന്നുണ്ട്. പെരിപ്ലസ് ഓഫ് എറിത്രിയൻ സീ എന്ന ഗ്രന്ഥത്തിൽ (ഏ. ഡി. 80) പരാമർശിച്ചിട്ടുള്ള Buzantion പയ്യന്നൂരാണെന്ന് ഡോ. പ്രിയദർശൻലാൽ രേഖപ്പെടുത്തിയിട്ടുണ്ട്. അബുൾഫിദയുടെ കുറിപ്പുകളിൽ മംഗലാപുരത്തുനിന്നു തെക്കോട്ടുള്ള യാത്രയിൽ ആദ്യത്തെ ലക്ഷ്യം ഹേലിമുനമ്പെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധലോകസഞ്ചാരി മാർക്കോപോളോ ഏഴിമലയെ വിസ്തൃതമായി പരാമർശിച്ചിട്ടുണ്ട്. കന്യാകുമാരിയിൽനിന്ന് 300 മൈൽ മാറി കടലിലോട്ട് തള്ളിനില്ക്കുന്ന രാജ്യമാണ് ഏലിമലയെന്നും കടൽക്കൊള്ളക്കാരുടെ സങ്കേതമാണിതെന്നും സൂചിപ്പിച്ചിരിക്കുന്നു. 1342-ലാണ് ഇബിൻബത്തൂത്ത ഏഴിമലയിലെത്തുന്നത്. പ്രകൃതിമനോഹരമായ ഭൂവിഭാഗമാണ് ഏലിമലയെന്നും വലിയ ചൈനീസ് കപ്പലുകൾപോലും വന്നണയുന്ന പ്രദേശമാണിതെന്നും സൂചിപ്പിച്ചിരിക്കുന്നു.

💢പെരുമാളമ്പലപ്രശസ്തി
പയ്യന്നൂരിന്റെ പ്രശസ്തിയ്ക്ക് ഏറ്റവും നിദാനമായി വർത്തിക്കുന്ന നാടുവാഴിക്ഷേത്രമാണ് ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. വടക്കൻ പഴനിയെന്നനിലയിലുമുണ്ട് പ്രശസ്തി. ക്ഷേത്രകേന്ദ്രിതമായ ഭരണക്രമം നിലനിന്നിരുന്ന പഴയകാലത്ത് ഊർക്കകത്തെ ക്ഷേത്രങ്ങൾക്കെല്ലാം മേലെ അധീശക്ഷേത്രമായിട്ടായിരുന്നു ഇതിന്റെ നില. കാലം മാറിയെങ്കിലും ആചാരക്രമങ്ങൾക്ക് വലിയ മാറ്റമില്ലാത്തതിനാൽ ഊരാളത്തനില തുടർന്നുപോരുന്നുണ്ട്. മിത്തുകളും സങ്കല്പങ്ങളും പഴംകഥകളും നിറഞ്ഞ നാട്ടിൽ കില്ലാനദി കടന്നെത്തുന്ന ദൈവസങ്കല്പങ്ങൾക്കും മരക്കപ്പലിൽ കരയടുക്കുന്ന അമ്മദൈവങ്ങൾക്കും ഊർക്കകത്ത് സ്ഥാനം കിട്ടാൻ പെരുമാളുടെ അനുമതി വേണമായിരുന്നു. പെരുമയുള്ള ആളാണ് പെരുമാൾ. കേരളത്തിലെ അറിയപ്പെടുന്ന ക്ഷേത്രദേവന്മാരിൽ പെരുമാൾപട്ടം ചാർത്തികിട്ടിയ അപൂർവ്വം ദേവന്മാരിൽ പയ്യന്നൂർ പെരുമാളുണ്ട്. കേരളത്തിലെ ബ്രാഹ്മണാധിവേശകാലത്തോളം പഴക്കമുള്ള ക്ഷേത്രത്തിന്റെ ഊരായ്മ ബ്രാഹ്മണർക്കും കാരായ്മ പൊതുവാളർക്കുമാണ്. പരശുരാമൻ തന്ത്രാവകാശം നല്കിയനുഗ്രഹിച്ച തരണനെല്ലൂർ ബ്രാഹ്മണർക്ക് ഇവിടെ തന്ത്രിസ്ഥാനമുണ്ട്. പരശുരാമപ്രതിഷ്ഠയാണിവിടെ എന്ന വിശ്വാസം നിലനില്ക്കുന്നതിനാൽ ക്ഷത്രിയർക്ക് നാലമ്പലപ്രവേശം നിഷിദ്ധമാണിവിടെ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ക്ഷേത്രത്തെ ഏ. ഡി. 1838-ൽ പുനരുദ്ധരിപ്പിച്ച് പുനഃപ്രതിഷ്ഠ ചെയ്യിപ്പിച്ച് ഇന്നത്തെ നിലയിലാക്കി.

💢സംസ്കൃതപാരമ്പര്യമുദ്രകൾ
കേരളത്തിലെ ആര്യാധിനിവിഷ്ടഭൂമികളിൽ പ്രധാനപ്പെട്ട ഭൂമിയാണിതെന്നതിനാൽ ആര്യഭാഷയായ സംസ്കൃതത്തിന്ന് ഇവിടെ നീണ്ട വേരോട്ടം തന്നെയുണ്ടെന്നുവേണം പറയാൻ. പയ്യന്നൂരമ്പലത്തിന്റെ പരിസരത്തു സ്ഥാപിക്കപ്പെട്ടതായി കരുതുന്ന വേദപാഠശാലകൾ കാലഗതിയിലെപ്പോഴോ നാമം പോലും അവശേഷിപ്പിക്കാതെ മറഞ്ഞു. നാട്ടുവഴക്കങ്ങളിലൂടെ തലമുറകളിലേക്ക് കൈമാറിപ്പോകുന്ന വിശ്വാസങ്ങളിൽ പരശുരാമൻ, കൗശികൻ, കണ്വൻ തുടങ്ങി നിരവധി മഹർഷിമാരുടെ താപസഭൂമിയാണിതെന്ന് പെരുമയുണ്ട്. ഉദയവർമ്മചരിതം. ജംബൂദ്വീപോത്പത്തി തുടങ്ങിയ കൃതികളിലെല്ലാം ബ്രാഹ്മണാഗമനം സൂചിതമായിട്ടുണ്ട്. കിട്ടിയേടത്തോളം കൃതികൾ വെച്ചു പരിശോധിക്കുമ്പോൾ ഏറ്റവും പ്രാചീനമായ ഉത്തരകേരളത്തിലെ സംസ്കൃതകൃതി മൂഷികവംശമാണ്. സംസ്കൃതത്തിൽ ഇത്രയും ബൃഹത്തും കാവ്യരസം തുളുമ്പുന്നതുമായ ഒരു കൃതി പ്രസിദ്ധീകരിച്ചതിൽനിന്നുതന്നെ അക്കാലത്തെ സംസ്കൃതപ്രഭാവം നമുക്ക് അനുമാനിക്കാവുന്നതാണ്. വായനക്കാരില്ലെങ്കിൽ ഒരു കൃതിയും പ്രസിദ്ധിയിലെത്തുകയില്ല. മൂഷികവംശത്തിന്റെ പ്രശസ്തി അതിന്നുണ്ടായ വായനക്കാരുടെ വ്യാപ്തിയെ കാണിക്കുന്നു. അങ്ങനെയെങ്കിൽ സംസ്കൃതജ്ഞന്മാരായ നിരവധി പേർ അക്കാലത്ത് ഇന്നാട്ടിലുണ്ടായിരിക്കണമെന്ന് ഊഹിക്കാം. സംസ്കൃതവൈദികപാഠശാലയെക്കുറിച്ചുള്ള ചിന്തകൾക്ക് പ്രസക്തിയുണ്ടാകുന്നത് ഈയടിസ്ഥാനത്തിലാണ്. എന്തായാലും അന്നുമുതൽക്കിങ്ങോട്ട് സമ്പന്നമായ സംസ്കൃതപാരമ്പര്യം പയ്യന്നൂരിന്നുണ്ടായിട്ടുണ്ട്.

സൂര്യസ്തുതിയെന്ന വിശിഷ്ടകൃതിയുടെ കർത്താവായ പോത്തേര എഴുത്തച്ഛൻ, ശങ്കരനാഥജ്യോത്സ്യർ, മാടമന എഴുത്തച്ഛൻ, തുടങ്ങിയവർ ഇന്നാട്ടിലെ സംസ്കൃതപണ്ഡിതരിൽ പ്രഥമഗണനീയരാണ്. ആനിടിൽ എഴുത്തച്ഛൻ, വിദ്വാൻ തിരുമുമ്പ്, കാനായെഴുത്തച്ഛന്മാർ, കരിപ്പത്തെഴുത്തച്ഛന്മാർ, മമ്പലം ഗുരുക്കന്മാർ, കാരയിലെഴുത്തച്ഛൻ, കണ്ടമ്പത്ത് ശേഖരനെഴുത്തച്ഛൻ, കാമ്പ്രത്തെഴുത്തച്ഛൻ, ഉത്തമന്തിലെഴുത്തച്ഛന്മാർ, സാഹിത്യതിലകൻ പി. കെ. കൃഷ്ണൻ നമ്പ്യാർ, വി. പി. ശ്രീകണ്ഠപ്പൊതുവാൾ, പുത്തലത്ത് കമ്മാരനെഴുത്തച്ഛൻ, എം. നാരായണൻ അടിയോടി, കെ. വി. നാരായണപ്പൊതുവാൾ, അപ്പാടെഴുത്തച്ഛൻ, ശങ്കരൻ നമ്പൂതിരി തുടങ്ങിയ വൻനിര തന്നെ കഴിഞ്ഞ നൂറ്റാണ്ടിലെ പയ്യന്നൂരിന്റെ സംസ്കൃതപണ്ഡിതന്മാരായിട്ടുണ്ട്. ഗണിതപ്രകാശികാ കർത്താവായ വാച്ചാക്കര എഴുത്തച്ഛൻ, വിദ്വാൻ ഏ. കെ. കൃഷ്ണൻമാസ്റ്റർ, വ്യാകരണശിരോമണി ഒ. കെ. മുൻഷി, പണ്ഡിതരാജൻ കല്ലിടിലെഴുത്തച്ഛൻ, ഗണിതജ്യോതിഷചക്രവർത്തി വി. പി. കെ. പൊതുവാൾ, പ്രാശ്നികരത്നം സി. പി. കുഞ്ഞിരാമൻ തുടങ്ങി നിരവധി പേർ മുൻതലമുറയിലുമുണ്ടായിട്ടുണ്ട്.

സംസ്കൃതത്തിൽ അഗാധപാണ്ഡിത്യം നേടിയ അനവധി പൂരക്കളിപണ്ഡിതന്മാർ പയ്യന്നൂരിന്റേതായിട്ടുണ്ട്. ടി. ടി. രാമൻ പണിക്കർ, രാമന്തളി കൃഷ്ണൻ പണിക്കർ തുടങ്ങിയവർ ഇക്കൂട്ടത്തിൽ പ്രഥമഗണനീയരാണ്.

💢ജ്യോതിഷത്തിലെ പയ്യന്നൂർപ്പടി
ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന എത്രയോ ജ്യോതിഷപണ്ഡിതന്മാർ പയ്യന്നൂരിലുണ്ടായിട്ടുണ്ട്. ജ്യോതിഷജ്ഞനായ സുബ്രഹ്മണ്യന്റെ നാട്ടിൽ കൃത്യമായ ഫലപ്രവചനം കിട്ടുന്നുവെന്ന് പുറന്നാട്ടുകാർ സമ്മതിക്കുന്നു. അതിനാൽ രാജകീയപ്രൗഢിയോടെയാണ് ഇവിടുത്തെ ജ്യോതിഷികൾ ആദരിക്കപ്പെടുന്നത്. ഇന്ത്യാഗവർമ്മെണ്ടിന്റെ രാഷ്ട്രീയപഞ്ചാംഗത്തിന്റെ മലയാളം പതിപ്പ്, മാതൃഭൂമി പഞ്ചാംഗം തുടങ്ങി പഞ്ചാംഗങ്ങളും കലണ്ടറുകളും തയ്യാറാക്കുന്ന നാടായി പയ്യന്നൂർ അറിയപ്പെടുന്നു.
പയ്യന്നൂർ കോൽക്കളി
നാടൻകലകളുടെ കൂട്ടത്തിൽ ശ്രദ്ധേയമായ സ്ഥാനമാണ് കോൽക്കളിയ്ക്കുള്ളത്. കേരളത്തിന്റെ പലഭാഗങ്ങളിലും കോൽക്കളിയുണ്ട് താനും. മുസ്ലിം സമുദായത്തിന്റെ വിനോദകലാരൂപത്തിൽ കോൽക്കളിയുണ്ട്. യാദവരുടെ പാരമ്പര്യകലയായും കോൽക്കളിയുണ്ട്. എന്നാൽ അവയിൽനിന്നെല്ലാം വ്യത്യസ്തമായി പയ്യന്നൂരിന്ന് തനതാ

സദസ്സ് നിശ്ശബ്ദമായി...ക്ഷിപ്ര കോപിയായ മലരാജൻവെള്ളാട്ടം അരങ്ങിൽ എത്തിയപ്പോൾ... ദിഗന്ദം നടുങ്ങുന്ന ശബ്ദംഅരങ്ങിനെ ഒരു നിമിഷ...
07/04/2024

സദസ്സ് നിശ്ശബ്ദമായി...ക്ഷിപ്ര കോപിയായ മലരാജൻ
വെള്ളാട്ടം അരങ്ങിൽ എത്തിയപ്പോൾ... ദിഗന്ദം നടുങ്ങുന്ന ശബ്ദം
അരങ്ങിനെ ഒരു നിമിഷം സ്‌തബ്ദമാക്കി.
വളരെ അപൂർവ്വമായ മലരാജൻ്റെ വരവ് കാണൂ...
ആലപ്പടമ്പ ചെറുവള്ളി ഇല്ലം കളിയാട്ടം.
കോലധാരി : ജിഷ്ണു ആലപ്പടമ്പ

ക്ഷിപ്ര കോപിയായ മലരാജൻവെള്ളാട്ടം അരങ്ങിനെ നിശ്ശബ്ദമാക്കി. വാചാലം സദസ്സിനെ വിറപ്പിക്കുന്ന ശബ്ദത്തിൽ മുഴങ്ങി.....

07/04/2024

വയലിൻ മാന്ത്രികൻ ശബരീഷ് പ്രഭാകർ ജനമനസ കീഴടക്കി പയ്യന്നൂരിൽ... ദൃശ്യ സംഘടിപ്പിച്ച വയലിൻ ഫ്യൂഷൻ പരിപാടിയിൽ നിന്നും.
വീഡിയോ : സി വി രാജു

06/04/2024

കുഞ്ഞിമംഗലം കുതിരുമ്മൽ ശ്രീ കതിവന്നൂർ വീരൻ ദൈവം കളിയാട്ടം.
തിടങ്ങൽ തോറ്റം കോലധാരി 11 വയസ്സ് പ്രായമായ വിനു പെരുവണ്ണാൻ്റെ രണ്ടാമത്തെ മകൻ ശ്രീനന്ദ്

06/04/2024

യുവതികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും അമിതഭാരം നിയന്ത്രിച്ച് ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനും രോഗപ്രതിരോധശക്തി കൈവരിക്കുന്നതിനും വർദ്ധിച്ചു വരുന്ന മാനസിക സമ്മർദ്ദം ഇല്ലാതാക്കുന്നതിനും മികച്ച ആരോഗ്യം നിലനിർത്തുന്നതിന്നും വേണ്ടി കാങ്കോൽ ഫാസ്റ്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ Zumb a Fitness Training കാങ്കോൽ ഇ.എം.എസ് മന്ദിരത്തിൽ ആരംഭിച്ചു - രാവിലെ 7 മണി മുതൽ 8 മണി വരെ ആഴ്ചയിൽ മൂന്നു ദിവസ മാണ് പരിശീലനം. Zumba Licence Trainer നിഷ യാണ് പരിശീലക - പയ്യന്നൂരിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 50 ൽ പരം 15 വയസിന് മുകളിലുള്ള യുവതികൾ പരീശീലനത്തിൽ പങ്കെടുക്കുന്നുണ്ട് - ഏപ്രിൽ5വരെ പ്രവേശനം തുടരുമെന്ന് സംഘാടകർ അറിയിച്ചു Contact 9495894004

06/04/2024

ഇത് തളിപ്പറമ്പ് ചുടലയിൽ സംഭവിച്ച അപകടമാണ്.ഇത്തരത്തിൽ ഓവർ ലോഡ് കൊണ്ട് പോകാൻ അനുമതി എവിടുന്ന് കിട്ടുന്നു. അല്ലെങ്കിൽ ഹൈവേ പോലീസ് ഇത് അനുവദിക്കാൻ പാടുണ്ടോ?

ഇത്തരം ഓവർ ലോഡെടുത്ത് പോകുന്ന വാഹനങ്ങളെ നമ്മൾ ഓവർട്ടേക്ക് ചെയ്യുമ്പോഴും സൈഡ് കൊടുത്ത് പോകുമ്പോഴും പ്രെത്യേകിച്ച് വളവിലും വളരെ മുൻകരുതൽ എടുത്ത് നാം നമ്മുടെ വാഹനം ഓടിക്കുക കാരണം ഇത്തരം വാഹനങ്ങൾ ഏത് നിമിഷവും നിയന്ത്രണം വിട്ട് വരികയും മറിയുകയും ചെയ്യാം സൂക്ഷിക്കുക.

06/04/2024

ശബരീഷ് പ്രഭാകർ ഇന്ന് പയ്യന്നൂരിൽ... ദൃശ്യ സംഗീത വിസ്മയം കാണാൻ പയ്യന്നൂർ ബോയ്സ് സ്കൂൾ ഗ്രൗണ്ടിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

04/04/2024

കരിഞ്ചാമുണ്ടി തെയ്യവും വളരെ അപൂർവ്വമായ ആലി മുസ്‌ല്യാറിൻ്റെ കോലവും കെട്ടിയാടുന്ന പയ്യന്നൂർ മമ്പലം കാനം മിന്നാടൻ തറവാട്.
കോലധാരി : സിനീഷ് അന്നൂർ
വീഡിയോ കടപ്പാട് : പ്രദീപ് വെള്ളൂർ.
ഉത്തര മലബാറിലെ കാവുകളിൽ കെട്ടിയാടുന്ന കാട്ടുമൂർത്തിയായ വനദേവതയാണ് കരിഞ്ചാമുണ്ടി തെയ്യം. പായ്യത്ത് മലയിൽ താമസിച്ചിരുന്ന ആലി മാപ്പിളയുടെ ഭാര്യയ്ക്ക് പേറ്റു നോവ് തുടങ്ങിയപ്പോൾ വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയ ആലി മലയാടിവാരത്തിൽ വെച്ച് സുന്ദരിയായ ഒരു യുവതിയെ കണ്ടു മുട്ടി അവൾ താൻ വയറ്റാട്ടിയാണെൻ പറഞ്ഞു അലിയുടെ കൂടെ വീട്ടിലെത്തി. ഏറെനേരം കഴിഞ്ഞിട്ടും ഭാര്യയുടെ നിലവിളിയല്ലാതെ മറ്റൊന്നും കേട്ടില്ല, കുറച്ചു സമയം കഴിഞ്ഞപ്പോൾ, ആലി വാതിൽ പടിയോരത്ത് നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കണ്ടു, വാതിൽ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയ ആലി ചോരയിൽ കുളിച്ചു വയർ പിളർന്നു കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകരരൂപമാണ് മുന്നിൽ കണ്ടത്. ആലി തൻ്റെ സർവ്വ ശക്തിയുമെടുത്ത് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി.
അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ അവളെ കുപിതനായ ആലി പിന്തുടരുകയും തൻ്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്ക കൊണ്ട് ആ ഭീകര രൂപത്തെ മർദ്ദിക്കുകയും ചെയ്തു.
തലയ്ക്ക് അടികൊണ്ട ആ ഭീകര രൂപം വലിയ ശബ്ദത്തിൽ അലറിയപ്പോൾ ആ ഗ്രാമം തന്നെ വിറച്ച് പോയി. അതോടെ അവൾ ആലിയെ തൂക്കി എടുത്ത് പാല മുകളിൽ കൊണ്ട് പോയി ആലിയുടെ ചുടു ചോര കുടിച്ചു ശരീരം താഴെ ഇട്ടു. ആലിയുടെ ജീവൻ അപഹരിച്ചിട്ടും വനദേവത തൃപ്തിയടഞ്ഞില്ല. പിന്നെയും ദുരന്തങ്ങൾ കാണപ്പെട്ടു. ഒടുവിൽ നാടുവാഴിയുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരം കണ്ടെത്തി. ദുർദേവതക്ക് കാവും സ്ഥാനവും നൽകി ആദരിച്ചു. അതാണ് കരിഞ്ചാമുണ്ടി തെയ്യം. പുലയ സമുദായത്തിൻ്റെ കരിഞ്ചാമുണ്ഡി ഇത്തരമൊരു ഐതിഹ്യം സൂക്ഷിക്കുമ്പോൾ നമ്പ്യാർ മാടങ്ങളിൽ സാക്ഷാൽ മഹാദേവിയായാണ് സങ്കൽപ്പം. ശുംഭ നിസുംഭാസുരന്മാരോട് ഏറ്റുമുട്ടുന്ന മഹാപരാശക്തി ദേവിയാണ് ഇവർക്ക് കരിഞ്ചാമുണ്ഡി തെയ്യം. സോമേശ്വരി ദേവിയുടെ പരിവാര ദേവിയാണ് കരിഞ്ചാമുണ്ടി . തടൈക്കടവൻ, വണ്ണാൻ, പുലയൻ എന്നിവർ ഈ തെയ്യം കെട്ടിയാടുന്നു.

https://openinyoutu.be/0iYZ_E1uPtU?si=zoFz9HBTdIOLS1Dy

Address

Payyanur
670307

Alerts

Be the first to know and let us send you an email when Payyanur Diaries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Payyanur Diaries:

Videos

Share