![●നോവൽ: ഡാർക്ക് റൂട്ട്സ്●പബ്ലിക്കേഷൻസ്: സമസ്യ പബ്ലിക്കേഷൻസ്●നോവൽ ടീം: ഹരിഹരൻ പങ്ങാരപ്പിള്ളി, പ്രതീർത്ഥ് ബാലകൃഷ്ണൻ, ഫിനോസ്...](https://img5.medioq.com/752/030/1146158797520301.jpg)
21/12/2024
●നോവൽ: ഡാർക്ക് റൂട്ട്സ്
●പബ്ലിക്കേഷൻസ്: സമസ്യ പബ്ലിക്കേഷൻസ്
●നോവൽ ടീം: ഹരിഹരൻ പങ്ങാരപ്പിള്ളി, പ്രതീർത്ഥ് ബാലകൃഷ്ണൻ, ഫിനോസ് ചാന്ദിരകത്ത്, മഞ്ചു ശ്രീകുമാർ, ബിജു ജോസഫ് കുന്നുംപുറം, സജ്ന അബ്ദുള്ള, ഹരിദാസ് പാച്ചേനി, ആരതി നായർ
●ആസ്വാദനം: അശ്വിൻ മേനോൻ (ഏകാകി)
വായനക്കാരെ ആകാംക്ഷയുടെ മുൾ മുനയിൽ പിടിച്ചിരിത്തുന്ന 'സസ്പെൻസ് ത്രില്ലർ'. മാന്യതയുടെ മുഖം മൂടിയണിഞ്ഞ് ചാരിറ്റിയെ മറയാക്കി രോഗികളേയും, അവരുടെ വേണ്ടപ്പെട്ടവരേയും ചൂഷണം ചെയ്യുന്ന മാഫിയയുടെ ഗൂഢ നീക്കങ്ങളെ ഈ നോവൽ തുറന്ന് കാട്ടുന്നു. ഇവരുടെ ലക്ഷ്യം പലതാണ്. ചാരിറ്റിയുടെ മറവിൽ നടത്തുന്ന തട്ടിപ്പുകളിൽ വഞ്ചിതരാകുന്ന പാവങ്ങളും, ഇത്തരം മാഫിയയുടെ കൈപ്പിടിയിൽ പെടുന്നു. ജനസ്സമ്മതി നേടിയ ഇക്കൂട്ടർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും, പിടിപാടുകളും ഉണ്ട്. പക്ഷേ, ജീവൻ കൊടുത്തും അത്തരക്കാരെ തുറന്ന് കാണിക്കാനും, സത്യം തെളിയിക്കാനും ഒരുമ്പെട്ടാൽ, അതിനെ തടുക്കാൻ മേൽപ്പറഞ്ഞ സ്ഥാനമാനങ്ങൾക്കോ, പിടി പാടുകൾക്കോ സാധിക്കില്ലെന്ന സന്ദേശത്തിൽ പ്രസ്തുത നോവൽ എത്തി നിൽക്കുന്നു. എന്നാൽ, ഈ നോവലിൽ അന്വേഷണവും, സസ്പൻസും മാത്രമല്ല, വായനക്കാരുടെ മനസ്സിൽ തട്ടുന്ന കരളലിയിപ്പിക്കുന്ന ജീവിത ഗന്ധിയായ കുടുംബ ബന്ധങ്ങളും, അവരുടെ വൈകാരിക നിമിഷങ്ങളും വ്യക്തമായി കൂട്ടിച്ചേർത്തിരിക്കുന്നു.
ഈ നോവലിലെ രംഗങ്ങൾ, സംഭാഷണങ്ങൾ, ഓരോ കഥാപാത്രത്തിന്റെ വിവിധ ഭാവങ്ങൾ, ചേഷ്ടകൾ എല്ലാം വായനക്കാരുടെ മനസ്സിൽ പതിക്കും വിധത്തിലുള്ള ശൈലിയാണ് എഴുത്തുകാർ അവലംബിച്ചിരിക്കുന്നത്. കുറ്റാന്വേഷണം, ചോദ്യം ചെയ്യൽ, തെളിവ് ശേഖരണം എന്നിവ എഴുത്തുകാരിലെ അന്വേഷണ വൈദഗ്ദ്യത്തെ ചൂണ്ടിക്കാണിക്കുന്നു. അതെല്ലാം വളരെ കൃത്യമായി അടുക്കി വച്ച്, വായനക്കാരിൽ യാതൊരു ആശയക്കുഴപ്പം സൃഷ്ടിക്കാതെ തൂലിക ചലിപ്പിച്ചത് അഭിനന്ദനാർഹമാണ്. കൂടാതെ, കേസന്വേഷണത്തിന്റെ ഭാഗമായുള്ള രംഗങ്ങളിൽ വാഹന യന്ത്രത്തിന്റെ പ്രവർത്തനങ്ങളും - പ്രതി പ്രവർത്തനങ്ങളും വിശദമായി വിവരിച്ചിരിക്കുന്നു.
ചാരിറ്റി എന്ന് കേട്ടാൽ മറ്റൊന്നും ചിന്തിക്കാതെ നേരിട്ടോ അല്ലാതെയോ തുക സംഭാവന ചെയ്യുന്നവർ ഈ നോവൽ വായിച്ചതിന് ശേഷം ഒരു നൂറ് വട്ടം ചിന്തിക്കും എന്നത് നിസ്തർക്കമാണ്. അങ്ങനെ മാറ്റി ചിന്തിപ്പിക്കുവാൻ കഴിയുന്നത് ഈ നോവലിന്റെ വിജയമാണ്.
എന്തായാലും, 'ഡാർക്ക് റൂട്ട്സ്' ടീമിനും, സമസ്യക്കും എല്ലാ വിധ ആശംസകളും നേരുന്നു. ഇനി, ബിഗ് സ്ക്രീനിൽ കാണാം...!
- ✍️അശ്വിൻ മേനോൻ (ഏകാകി)
#ഡാർക്ക്റൂട്ട്സ്
#സമസ്യപബ്ലിക്കേഷൻസ്
#ഏകാകി