26/08/2021
നയാഗ്രയുടെ ഗർജ്ജനം എപ്പോഴും മുഴങ്ങുന്ന നഗരം
(അമേരിക്കൻ സഞ്ചാരം - പാർട്ട്- 66)
സന്തോഷ് ജോർജ് കുളങ്ങര
രാവിലെ വളരെ ഉന്‍മേഷത്തോടെയാണ് കിടക്കവിട്ടുണര്‍ന്നത്. കാരണം രണ്ടാണ്. സഞ്ചാരവഴിയില്‍ അന്‍പത്തിരണ്ടാമത്തെ രാജ്യത്താണ് ഞാനിപ്പോള്‍. രണ്ടാമത്തെ കാര്യം നയാഗ്രാഫാള്‍സിനു സമീപം ഇന്നത്തെ ദിവസം മുഴുവന്‍ ചെലവഴിക്കുന്നു എന്നതുതന്നെ. പതിവിനു വിപരീതമായി ഷൂട്ടിംഗിലെ ധൃതിയെല്ലാം മാറ്റവച്ചിരിക്കുകയാണ്. ഇന്നു നയാഗ്രയില്‍ത്തന്നെ താമസിക്കാനാണു തീരുമാനം. വാടക കുറഞ്ഞ ഹോട്ടല്‍മുറി ലഭിച്ചിരിക്കുന്നു. കാനഡയില്‍ അടുത്തതായി സന്ദര്‍ശിക്കുന്ന നഗരം ടൊറൊന്‍േറായാണ്. ആ വന്‍നഗരത്തില്‍ താമസത്തിനുള്‍പ്പെടെ വലിയ ചെലവ് വരും. ടൊറൊന്‍േറായില്‍ രണ്ടുദിവസം തങ്ങുന്നതിലും നല്ലത് നയാഗ്രയുടെ സൗന്ദര്യം ആസ്വദിച്ച് ഒരു ദിവസംകൂടി ഇവിടെ കഴിയുന്നതാണ്. എട്ടരയോടെ ക്യാമറയുമെടുത്ത് മുറിയില്‍നിന്നിറങ്ങി. വെള്ളച്ചാട്ടത്തിനടുത്തെത്താനുള്ള വ്യഗ്രത കൂടുകയാണ്. അതിനാല്‍ വിശപ്പിനെ അവഗണിച്ച് റോഡിലേക്കിറങ്ങി. വെള്ളച്ചാട്ടത്തിനടുത്തേക്ക് നടന്നുപോകാവുന്ന ദൂരമേയുള്ളൂവെന്ന് ഹോട്ടലിലെ റിസപ്ഷനിസ്റ്റ് പറഞ്ഞിരുന്നു. സ്റ്റാന്‍ലി അവന്യൂവിലൂടെ നേരെ നടന്ന് മുറേ സ്ട്രീറ്റിലെത്തണം. അവിടെനിന്നും ഇറക്കമിറങ്ങിയെത്തുന്നത് വെള്ളച്ചാട്ടത്തി നരികിലേക്കാണ്. സ്റ്റാന്‍ലി അവന്യൂവിലൂടെ നടക്കുമ്പോള്‍ ദൂരെ ഒരു മുഴക്കം കേള്‍ക്കാം. മഴ തകര്‍ത്തുപെയ്യുമ്പോള്‍ മുറിയില്‍ അടച്ചിരിക്കുകയാണെങ്കില്‍ കേള്‍ക്കുന്ന മുഴക്കമില്ലേ! അതുപോലെതന്നെയുള്ള മുഴക്കം. നയാഗ്ര ഫാള്‍സ് സിറ്റിയുടെ കുറേഭാഗം എപ്പോഴും ഈ സംഗീതം കേട്ടാണ് ഉറങ്ങുന്നതും ഉണര്‍ന്നിരിക്കുന്നതും.
രണ്ട് വലിയ വെള്ളച്ചാട്ടങ്ങളാണ് നയാഗ്ര ഫാള്‍സ്. ഒന്ന് കാനഡയുടേതും മറ്റൊന്ന് അമേരിക്കയുടേതും. ഇതുപോലെ 'നയാഗ്രാ ഫാള്‍സ് സിറ്റി' എന്നറിയപ്പെടുന്ന നഗരങ്ങളും രണ്ടുണ്ട്. അമേരിക്കയിലും കാനഡയിലും ഓരോന്നു വീതം. വെള്ളച്ചാട്ടം സമ്പന്നമാക്കിയ നഗരങ്ങളാണ് രണ്ടും!
സ്റ്റാന്‍ലി അവന്യൂവിലൂടെ നടന്ന് മുറേ സ്ട്രീറ്റില്‍ എത്തി. ഇന്നലെ രാത്രിയില്‍ പ്രകാശത്തില്‍ കുളിച്ചുനിന്നിരുന്ന നഗരഭാഗങ്ങളൊക്കെ ഇപ്പോള്‍ ഇളവെയില്‍ പുതച്ച് കിടക്കുകയാണ്. വിശാലമായ പാത. പക്ഷേ, അതില്‍ വാഹനത്തിരക്കോ ജനത്തിരക്കോ ഇല്ല. ഒരു ടൂറിസ്റ്റ് നഗരത്തിന്റെ കാഴ്ചകളെല്ലാം പാതയോരങ്ങളിലുണ്ട്. കറക്കംനിര്‍ത്തി വിശ്രമിക്കുന്ന ജയന്റ് വീല്‍ അങ്ങകലെ കാണാം. സ്‌കൈലോണ്‍ ടവര്‍ എന്നറിയപ്പെടുന്ന നിരീക്ഷണ ഗോപുരം തൊട്ടടുത്ത്. സ്‌കൈലോണ്‍ ടവറിന്റെ കൂറ്റന്‍ തൂണിന്റെ പാര്‍ശ്വത്തിലൂടെ പ്രത്യേക ആകൃതിയിലുള്ള ലിഫ്റ്റ് ഉയര്‍ന്നുപോകുന്നു. മരത്തിന്റെ തായ്ത്തടിയിലൂടെ ഒരു മഞ്ഞവണ്ട് കയറിപ്പോകുന്നതുപോലുണ്ട് ആ കാഴ്ച. വളര്‍ന്നുനില്‍ക്കുന്ന വലിയൊരു കൂണ്‍പോലെയുണ്ട് ഇപ്പോള്‍ ടവര്‍ കണ്ടാല്‍. അതിരാവിലെതന്നെ അതിന്റെ മുകളി ലേക്ക് സഞ്ചാരികള്‍ കയറിത്തുടങ്ങിയിരിക്കുന്നു.
കുറേദൂരം നടന്നിട്ടും വെള്ളച്ചാട്ടം കാണുന്നില്ല. അതിന്റെ മുഴക്കം കൂടിവരു ന്നുണ്ടുതാനും. വഴിതെറ്റിയില്ലെന്ന വിശ്വാസത്തോടെ ഇറക്കം ഇറങ്ങി മുന്നോട്ടുതന്നെ നടന്നു. നഗരത്തില്‍ പലയിടത്തും പുതിയ കെട്ടിടങ്ങളുടെ പണിനടക്കുന്നത് കാണാമായിരുന്നു. വേനല്‍ക്കാലത്ത് ഈ നഗരത്തിന് ഉള്‍ക്കൊള്ളാവുന്നതിന്റെ ഇരട്ടി സഞ്ചാരികളാണ് ഓരോ ദിവസവും നയാഗ്ര ഫാള്‍സ് കാണാനെത്തുക. അതിനാല്‍ പുതിയ േഹാട്ടലുകളും വിനോദകേന്ദ്രങ്ങളുമൊക്കെ പണിതുയര്‍ത്തിക്കൊ ണ്ടിരിക്കുകയാണിവിടെ. മുറേ സ്ട്രീറ്റിന്റെ വലതുഭാഗത്ത് വമ്പന്‍ കാസിനോകള്‍ കാണുന്നു. വിനോദനഗരത്തില്‍ കോടികള്‍ കൊയ്യുന്ന ചൂതാട്ടകേന്ദ്രങ്ങളാണത്. ലക്ഷ്വറി ഹോട്ടലുകളുടെ നിരയാണ് മറ്റൊന്ന്. ഷെറാട്ടന്‍, എംബസി സ്യൂട്ട്, മാരിയട്ട് തുടങ്ങി ലോകപ്രസിദ്ധമായ മിക്ക കമ്പനികള്‍ക്കും നയാഗ്രയില്‍ ഹോട്ടലുകളുണ്ട്.
നയാഗ്ര ഫാള്‍സ് കാണുന്നതിനായി സഞ്ചാരികള്‍ ചെറുസംഘങ്ങളായി എത്തിത്തുടങ്ങിയിരിക്കുന്നു. ജാക്കറ്റും കനത്ത കമ്പിളിക്കുപ്പായവുമൊക്കെയിട്ട് അവര്‍ കുന്നിറങ്ങുകയാണ്. കുന്നിന്റെ മധ്യഭാഗത്തെത്തിയപ്പോള്‍ ഇലപൊഴിഞ്ഞ മരങ്ങള്‍ക്കിടയിലൂടെ തൂവെള്ള നിറമുള്ള ഒരു 'വസ്തു' കാഴ്ചയിലേക്കെത്തി. ക്യാമറാ ലെന്‍സിലൂടെ ഞാനതൊന്ന് സൂം ചെയ്തുനോക്കി. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ പതഞ്ഞുചാടുന്ന ജലമാണത്. മുകള്‍പ്പരപ്പില്‍ മുക്കാല്‍ ഭാഗവും ഐസുപാളികളാണ്. പതഞ്ഞുചാടുന്ന ജലം താഴെ നിന്നും പുകപോലെ പടര്‍ന്നുപൊങ്ങുന്നു. ജലവും ഐസും പുകമഞ്ഞുമൊക്കെ ചേര്‍ന്നതാണ് നയാഗ്ര! കാനഡയെയും അമേരിക്കയെയും വേര്‍തിരിക്കുന്ന നയാഗ്ര നദിയുടെ മറുകരയിലാണ് ആ വെള്ളച്ചാട്ടം. അത് അമേരിക്കയുടെ നയാഗ്ര. കുന്നിറങ്ങി വലതുഭാഗത്തേക്ക് നടന്നാല്‍ കാനഡയുടെ നയാഗ്രഫാള്‍സ് കാണാം. കുന്നിറങ്ങിയെത്തുന്നത് വിശാലമായ ഒരു ഉദ്യാനത്തിലേക്കാണ്. ക്യൂന്‍ വിക്‌ടോറിയ പാര്‍ക്ക്. കനേഡിയന്‍ ഭാഗത്തെ വെള്ളച്ചാട്ടത്തിന്റെ തീരത്താകമാനം വ്യാപിച്ചുകിടക്കുന്ന പാര്‍ക്കാണത്. പഴയ ഏതാനും കെട്ടിടങ്ങളും വിശ്രമകേന്ദ്രങ്ങളു മെല്ലാം പാര്‍ക്കിന്റെ പല ഭാഗങ്ങളിലായുണ്ട്. വിശാലമായ പുല്‍ത്തകിടി. അവിടവിടെ ചെറുതും വലുതുമായ മരങ്ങള്‍. പുല്‍ത്തകിടിയിലൂടെയുള്ള നടപ്പാതയുടെ ഓരത്ത് നിരത്തിയിട്ടിരിക്കുന്ന കോണ്‍ക്രീറ്റ് ബെഞ്ചുകള്‍. മഞ്ഞുകാലം വിക്‌ടോറിയ പാര്‍ക്കിന്റെ ഹരിതാഭ കവര്‍ന്നെടുത്തിരിക്കുന്നു. എങ്കിലും പാര്‍ക്കിന്റെ കാഴ്ചയ്ക്ക് ഒരു പ്രത്യേക ചന്തമുണ്ട്. ഒട്ടേറെ സിനിമകള്‍ക്ക് പശ്ചാത്തലമായിട്ടുള്ള പാര്‍ക്കാണ് ഇത്. അതില്‍ ഏറ്റവും പ്രസിദ്ധമായത് 1953-ല്‍ പുറത്തിറങ്ങിയ മെര്‍ലിന്‍ മണ്‍ട്രോ ചിത്രമായ 'നയാഗ്ര' തന്നെ.
പാര്‍ക്കിലെ പുല്‍ത്തകിടിയില്‍ നിന്നുകൊണ്ട് അമേരിക്കന്‍ ഭാഗത്തെ വെള്ളച്ചാട്ടത്തെ കണ്‍നിറയെ കണ്ടു. പാറക്കൂട്ടങ്ങളില്‍ തല്ലിയാര്‍ത്ത്, പാല്‍പ്പതചിതറി അതങ്ങനെ താഴേക്ക് പതിക്കുന്നു. ദൂരെ നിന്നുകാണുമ്പോള്‍ തകര്‍ന്നുകിടക്കുന്ന ഒരു ഐസുപാറയാണതെന്ന് തോന്നും. പരന്നൊഴുകിയെത്തി കുത്തനെ എഴുപതടി താഴ്ചയിലേക്ക് പതിക്കുന്ന ജലം അന്തരീക്ഷത്തിലേക്ക് പൊങ്ങിപ്പറക്കുന്നതും ഐസ് ഖണ്ഡങ്ങള്‍ക്കിടയിലൂടെ നുരഞ്ഞുനീങ്ങുന്നതും ഒരു കാഴ്ചതന്നെയാണ്.
ഈറി തടാകത്തില്‍നിന്നും ഉത്ഭവിക്കുന്ന നയാഗ്ര നദി താഴേക്കൊഴുകി, ചെറിയൊരു ദ്വീപിനാല്‍ രണ്ടാക്കപ്പെട്ട് രണ്ടുഭാഗങ്ങളിലൂടെ കുത്തനെ ഗര്‍ത്തത്തിലേക്ക് പതിക്കുകയാണ്. ഗര്‍ത്തത്തിലൂടെ പിന്നെയുമൊഴുകുന്ന നദി ഒടുവില്‍ കാനഡയുടെ ഒന്‍േററിയോ തടാകത്തില്‍ ചെന്നുചേരുന്നു. ഇത്തരത്തില്‍ ഒരു തടാകത്തില്‍ നിന്നുത്ഭവിച്ച് മറ്റൊരു തടാകത്തില്‍ ചെന്നുചേരുന്ന നദികള്‍ ലോകത്ത് ധാരാളമുണ്ടായിരിക്കാം. എന്നാല്‍ ഒഴുക്കിനിടയില്‍ നയാഗ്ര നദി തീര്‍ക്കുന്ന ദൃശ്യവിസ്മയമാണ് അതിനെ ലോകപ്രസിദ്ധമാക്കുന്നത്. വിശാലമായ രണ്ടു വെള്ളച്ചാട്ടങ്ങള്‍. അനേകം ജലവൈദ്യുത പദ്ധതികള്‍. കനാലുകള്‍. ടൂറിസ്റ്റ് സങ്കേതങ്ങള്‍. നയാഗ്ര കാനഡയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ ഐശ്വര്യവാഹിനിയാണ്.
അമേരിക്കന്‍ ഭാഗത്തെ നയാഗ്രവെള്ളച്ചാട്ടത്തിനു സമീപം ഒരു കൊച്ചുവെള്ളച്ചാട്ടം കൂടിയുണ്ട്. വലിയ വെള്ളച്ചാട്ടത്തോട് മത്‌സരിക്കാനെന്നോണം അതിലൂടെയും ജലം പ്രവഹിക്കുന്നുണ്ട്. പക്ഷേ, കൊച്ചുവെള്ളച്ചാട്ടത്തിന്റെ മുകള്‍പ്പരപ്പില്‍ മഞ്ഞുറഞ്ഞുകിടക്കുകയാണ്. ലൂണ ഫാള്‍സ് എന്നാണ് ചെറിയ വെള്ളച്ചാട്ടത്തിന്റെ പേര്. അതിനെ രൂപപ്പെടുത്തി ഉയര്‍ന്നുനില്‍ക്കുന്ന കുഞ്ഞുദ്വീപിനെ ലൂണ ഐലന്റ് എന്നും പറയുന്നു. അമേരിക്കന്‍ ഭാഗത്തെ വെള്ളച്ചാട്ടത്തെ കണ്ടും ക്യാമറയില്‍ പകര്‍ത്തിയും കുേറനേരം നിന്നശേഷം വിക്‌ടോറിയ പാര്‍ക്കിന്റെ വഴിയിലൂടെ തെക്കോട്ട് നടന്നു. വലിയൊരു ഗര്‍ത്തത്തിലൂടെയാണ് ഇവിടെ നയാഗ്ര നദി ഒഴുകിക്കൊണ്ടിരിക്കുന്നത്. ഗര്‍ത്തത്തിന്റെ അതിരില്‍ വലിയ കല്ലുകള്‍കൊണ്ട് ഉയരംകുറഞ്ഞ മതില്‍ കെട്ടിയിരിക്കുന്നു. എങ്ങനെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ ശുദ്ധവും വശ്യവുമായി നിലനിര്‍ത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നയാഗ്രയുടെ തീരം. ചിതറിക്കിടക്കുന്ന കുപ്പികളോ, പ്ലാസ്റ്റിക്-കടലാസ് തുണ്ടുകളോ അവിടത്തെ മരച്ചുവട്ടിലും പുല്‍ത്തകിടിയിലുമൊന്നും കാണില്ല. ഓരോ വര്‍ഷവും അഞ്ചരക്കോടിയിലേറെ സഞ്ചാരികളാണ് നയാഗ്ര വെള്ളച്ചാട്ടം കാണാനെത്തുന്നത്. എങ്കിലും ഇവിടെ സഞ്ചാരികളെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ കുരുക്കിയിടുന്ന ബോര്‍ഡുകളൊന്നും കാണുന്നില്ല. തലങ്ങും വിലങ്ങും റോന്തുചുറ്റുന്ന പൊലീസുകാരുമില്ല. സഞ്ചാരം ഒരു സംസ്‌കാരമാണ്. മനുഷ്യന്‍ സ്വയം നിയന്ത്രിച്ചാല്‍ ഏതൊരു പ്രദേശത്തെയും മലിനമാക്കുന്ന ഒന്നും സംഭവിക്കില്ലല്ലോ. ഭരണാധികാരികള്‍ മാര്‍ഗദര്‍ശികളാവുകയാണ് വേണ്ടത്.
(നാളെ: റെക്കോഡ് സ്ഥാപിക്കാൻ നയാഗ്രയിലേക്ക് ചാടിയ വിരുതന്‍മാർ)
സന്തോഷ് ജോർജ് കുളങ്ങരയുടെ പുസ്തകങ്ങൾ വാങ്ങാൻ സന്ദർശിക്കുക: https://www.safaritvchannel.com/buy-videos/buy-safari-tv-books