13/08/2023
എൽദോ എബ്രഹാമും
മാത്യു കുഴലനാടനും
കൈകോർക്കണം.
= = = = = = = = = = =
മൂവാറ്റുപുഴയുടെ നഗരവികസനം സാദ്ധ്യമാക്കുവാൻ, മുൻ എം. എൽ. എ.യും റവന്യൂവകുപ്പ് ഭരിക്കുന്ന ഭരണകക്ഷി പാർട്ടിയുടെ പ്രതിനിധിയും എന്ന നിലയിൽ എൽദോ എബ്രഹാമും, ഇപ്പോഴത്തേ എം. എൽ. എ. ആയ മാത്യു കുഴലനാടനും ഒത്തൊരുമിച്ച് രാഷ്ട്രീയത്തിനതീതമായി ജനങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുപറയാതെവയ്യ.
മൂവാറ്റുപുഴയുടെ രാഷ്ട്രീയ നഭോമണ്ഡലത്തിൽ സജീവമായി തുടരുന്നതും, മൂവാറ്റുപുഴയെ പ്രതിനിധീകരിച്ചവരുമായ ഊർജ്ജ്വസ്വലരായ രണ്ടുയുവാക്കൾ എന്നനിലയിൽ നിങ്ങൾ ആത്മാർത്ഥമായി, ആർജ്ജവത്തോടെ, ഒരുമിച്ച്, മുൻകൈയ്യെടുത്താൽ പരിഹരിക്കുവാൻ സാധിക്കുന്ന പ്രശ്നങ്ങൾ മാത്രമേ ഇപ്പോഴും മൂവാറ്റുപുഴയിൽ അവശേഷിക്കുന്നുള്ളൂ എന്നുള്ളതാണ് ഉറച്ച ബോധ്യം.
മൂവാറ്റുപുഴയുടെ വികസനത്തിനും, മൂവാറ്റുപുഴയിലെ ജനങ്ങളുടെ നന്മയ്ക്കും ആവശ്യമായ പ്രവർത്തനങ്ങളിൽ, രാഷ്ട്രീയവൈരവും പാരസ്പര്യ മത്സരവും മാറ്റിവയ്ക്കുവാനുള്ള സന്മനസ്സും പക്വതയും നിങ്ങളിൽനിന്നും പ്രതീക്ഷിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നതിനൊപ്പം, നിങ്ങൾ ഇതിന് തയ്യാറാകുമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു.
മൂവാറ്റുപുഴയെ സംബന്ധിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുവാൻ ഇത്തരത്തിൽ നിങ്ങൾ ഒരുമിച്ച് മുന്നോട്ടിറങ്ങുന്ന പക്ഷം, വസ്തുതകളെ അതിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ശരിയായി വിലയിരുത്തുന്നതിനും, ഇതിന്റെ പേരിൽ നിങ്ങളിലേതെങ്കിലുമൊരാളെ പുകഴ്ത്തുകയോ അല്ലെങ്കിൽ ഇകഴ്ത്തുകയോ മാത്രം ചെയ്യാതിരിക്കുവാനുമുള്ള ഉയർന്ന ബൗദ്ധികനിലവാരം കൈമുതലായുള്ളവർ തന്നെയാണ് മൂവാറുപുഴക്കാർ.
എന്നുമാത്രമല്ല, കേവലമായ സാമൂഹ്യമാദ്ധ്യമാധിഷ്ഠിത ആക്ഷേപങ്ങളെയും അവകാശ വാദങ്ങളെയും അർഹിക്കുന്ന അകലത്തിൽ നിർത്തി യാഥാർത്ഥ്യബോധത്തോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ശേഷിയുള്ളവരും കൂടിയാണ്.
ഒപ്പം,
പ്രാദേശിക ഭരണ സംവിധാനങ്ങളും, സർവ്വോപരി കക്ഷി - രാഷ്ട്രീയ ഭേദമെന്യേയുള്ള മൂവാറ്റുപുഴയുടെ ജനതതിയും സർവ്വാത്മനാ പിൻതുണയുമായി നിങ്ങളുടെ പിന്നിലുണ്ടാവുകയും ചെയ്യുമെന്നും തന്നെ കരുതുന്നു.
വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ എൽദോ എബ്രഹാമിനെ പരസ്യമായി ക്ഷണിക്കുന്നതിനും അഭിപ്രായം തേടുന്നതിനും ഒരുമിച്ചുപ്രവർത്തിക്കുന്നതിനുമുള്ള മുൻകൈ മാത്യു കുഴലനാടൻ സ്വീകരിക്കേണ്ടതുണ്ട്,
ഇങ്ങനെയൊരു ക്ഷണം മാത്യു കുഴലനാടനിൽ നിന്നും ഉണ്ടാകുന്നപക്ഷം, മൂവാറ്റുപുഴക്കാരുടെ നന്മയെക്കരുതി ഇവിടുത്തെ വികസന പ്രവർത്തനങ്ങൾക്ക് മാത്യുവിനൊപ്പം ചേർന്ന് നേതൃത്വം നൽകുവാൻ എൽദോ എബ്രഹാം തയ്യാറാകേണ്ടതുമുണ്ടെന്നാണ് ഒരു മൂവാറ്റുപുഴക്കാരനെന്ന നിലയിലുള്ള അഭ്യർത്ഥന.
മൂവാറ്റുപുഴയുടെ വികസന പ്രവർത്തനങ്ങൾക്ക് വഴിതെളിക്കുവാൻ പൊതുതാല്പര്യം മുൻനിർത്തിയെങ്കിലും നിങ്ങൾ ഒരുമിച്ചുനിന്നു പ്രവർത്തിക്കുന്ന മനോഹരമായ കാഴ്ചയ്ക്കായി കാത്തിരിക്കുന്നു.
സസ്നേഹം,
Pramodkumar Mangalath.