13/01/2024
ഇത് മറക്കണ്ടാ കേട്ടോ…
ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ഒറ്റയ്ക്ക് ടൗണിൽ പോകുന്നത്. തിരിച്ചുവന്നപ്പോൾ രാത്രിയായി. യാത്രയ്ക്കിടെ ബസ്സിലിരുന്നു ഉറങ്ങിപ്പോയി. ഇറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞു മറ്റൊരു ജംക്ഷനിലാണു അന്ന് ഞാൻ ഇറങ്ങിയത്. ഇരുട്ടത്ത് തിരിച്ചു നടന്നുവന്നത് ഇന്നും ഞാൻ മറന്നട്ടില്ല. അന്ന് പപ്പാ എന്നെ ഒത്തിരി വഴക്ക് പറഞ്ഞു. എന്തുകൊണ്ടാണ് വണ്ടിയിലിരുന്ന് ഉറങ്ങിയതെന്നും അടുത്തിരുന്ന ആളോട് പറഞ്ഞുവയ്ക്കാതിരുന്നതെന്തെന്നും ചോദിച്ചു പപ്പാ എന്നെ നന്നായി വഴക്ക് പറഞ്ഞിരുന്നു.
അന്നുമുതൽ ബസ്സിൽ കയറിയാൽ ഞാൻ ഒരാളോട് പറയാൻ തുടങ്ങി. അടുത്തിരിക്കുന്നയാളോടല്ല പകരം കാവൽ മാലാഖയോട്. അതിനുശേഷം ഇന്നുവരെ എനിക്കങ്ങനെ പറ്റിയിട്ടില്ല. ഇന്നുവരെ മുടങ്ങാതെ കൃത്യമായി കാവൽമാലാഖ എന്നെ വിളിച്ചെഴുന്നേൽപ്പിച്ചിട്ടുണ്ട്. യാത്രയിൽ മാത്രമല്ല മറന്നുപോയേക്കാവുന്ന പലകാര്യങ്ങളിലും. ഇതെന്റെ അനുഭവത്തിൽ നിന്നാണ് കുറിക്കുന്നത്. നിങ്ങൾക്ക് ഒരുകാര്യം മറക്കാതിരിക്കണമെന്നു വിചാരിക്കുക, അല്ലെങ്കിൽ ചെറിയൊരു വിളിച്ചുണർത്തൽ അങ്ങനെയെന്തെങ്കിലും, ഏറ്റവും നല്ലത് നമ്മുടെ കാവൽമാലാഖയോട് പറഞ്ഞിടുക എന്നതാണ്. സംശയമുണ്ടെങ്കിൽ ഇന്നുതന്നെ പറഞ്ഞുനോക്കുക.
എന്‍റെ ദൂതന്‍ നിങ്ങളുടെ കൂടെയുണ്ട്. അവന്‍ നിങ്ങളുടെ ജീവന്‍ കാത്തു സൂക്ഷിക്കുന്നു. (ബാറൂക്ക് 6:7)
പിന്നെ, യാത്രകളിൽ ഈ വചനം ചൊല്ലാൻ മറക്കണ്ടാ കേട്ടോ !
✍🏽 ഒരു PDM ബ്രദർ