ചരിത്രം
പ്രാദേശിക ചരിത്രം
സ്ഥലനാമത്തിന്റെ കാര്യത്തില്‍ ഭിന്നാപ്രായം ഉണ്ടെങ്കിലും ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും സന്ധിക്കുന്ന മുക്ക് എന്ന പ്രദേശം മുക്കമായതാവണമെന്ന നിഗമനമാണ് പ്രബലമായത്. നീരിലാക്ക് മുക്ക്, പൂഴായിമുക്ക് എന്നും ഈ പ്രദേശം അറിയപ്പെട്ടിരുന്നു. കോഴിക്കോട് സാമൂതിരിമാരുടെ ഭരണാധിപത്യം സ്വീകരിച്ചിരിക്കുന്ന പുഴവായ് നായന്മാരുടെ ഭരണത്തിന്റെ കെട്ടുപാടിലായിരുന്നു. അതിനാല്‍ പഴയ പുഴവായ് നാട്ടിലെ മണ്
ണിലേടത്ത് നായന്മാരുടെ മേല്‍ക്കോയ്മാ പ്രദേശങ്ങളില്‍പെട്ടു വരുന്ന ഭാഗമാണിത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പാലക്കാട് കോട്ടയിലേക്കുള്ള പടയോട്ടം താമരശ്ശേരി ചുരം വഴി അമ്പലക്കണ്ടി, മണാശേരി (വട്ടോഴി, മാമ്പറ്റ, കച്ചേരി, ചേന്ദമംഗല്ലൂര്‍, കോട്ടമ്മല്‍, പിന്നിക്കോട്) വഴികളിലൂടെ കടന്ന് തൃക്കളയൂര്‍ വഴി പോയതിന് ചരിത്ര രേഖകളുണ്ട്. സമുദായാചാരങ്ങളില്‍ നിഷ്ഠയും ഭ്രഷ്ടും കല്‍പ്പിക്കാന്‍ മണ്ണിലിടം നായന്മാര്‍ എന്ന നാടുവാഴികള്‍ക്ക് അധികാരം സാമൂതിരി കല്പിച്ചു നല്‍കിയിരുന്നു. അവര്‍ക്കിവിടെ ക്ഷേത്രങ്ങളും ആസ്ഥാനങ്ങളും സ്വത്തുക്കളുമുണ്ടായിരുന്നു. മണ്ണിലിടത്തുകാരുടെ മേല്‍നോട്ടത്തിലുള്ള പ്രസിദ്ധമായ വട്ടോളി ഭഗവതി ക്ഷേത്രത്തിലെ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന പാട്ടുല്‍സവം ഈ ഗ്രാമപ്രദേശത്തെ ഏറ്റവും വലിയ ഉല്‍സവമായിരുന്നു. ഭൂമി പൂര്‍വ്വികമായി ദേവസ്വവും ബ്രഹ്മസ്വവും കൈയടക്കിയിരുന്നു. ബ്രാഹ്മണരായിരുന്നു ജന്മിമാര്‍. ഒറ്റി, കാണം, കൈചൂണ്ടി, വാക്കാല്‍ ചാര്‍ത്ത് തുടങ്ങിയ പേരുകളില്‍ ഭൂമി കുടിയാന്‍മാര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. മുടിയാട്ടം, വട്ടക്കളി, പരിചമുട്ടുകളി, കോല്‍ക്കളി, ഐവര്‍ക്കളി തുടങ്ങിയ തനതായ നാടന്‍ കലകള്‍ക്ക് പുറമെ തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലകളും ഈ ഗ്രാമത്തിന്റെ സൌഭാഗ്യങ്ങളായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ വരെ നെയ്ത്തു തറികളുണ്ടാക്കുന്ന പ്രദേശമായിരുന്നു മുക്കം. വിദ്യാഭ്യാസ രംഗത്ത് ഈ മേഖലയിലെ ഒരു കുതിച്ചുചാട്ടം ദര്‍ശിച്ച കാലമായിരുന്നു അത്. പൊതുവിദ്യാലയങ്ങളുടെ ഒരു ശ്രേണി തന്ന മേഖലയിലടക്കം രൂപപ്പെട്ടുവന്ന സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്. 1956-ല്‍ സൊസൈറ്റീസ് ആക്ട് പ്രകാരം മുക്കം മുസ്ളീം അനാഥശാല, വി.മൊയ്തീന്‍കോയ ഹാജിയുടെ സമുജ്ജ്വലമായ നേതൃത്വത്തില്‍ ഉയര്‍ന്നു വന്നു. ഈ അനാഥാലയം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ യത്തീംഖാനയായി വളര്‍ന്നിരിക്കുന്നു.
വിദ്യാഭ്യാസ ചരിത്രം
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ് ഔപചാരിക വിദ്യാഭ്യാസത്തിന് ഗ്രാമത്തില്‍ നാന്ദികുറിക്കുന്നത്. നാട്ടെഴുത്തശ്ശന്മാരും കുടിപ്പള്ളിക്കൂടങ്ങളും ഇതിന് മുമ്പ് തന്ന അവിടവിടെയായി സ്ഥാനം പിടിച്ചിരുന്നു. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ പുരാണ ഗ്രന്ഥങ്ങളും നാട്ടെഴുത്തും മണിപ്രവാളവുമൊക്കെ എഴുത്തശ്ശന്മാര്‍ പഠിപ്പിച്ചിരുന്നു. ചുരുങ്ങിയ തോതിലാണെങ്കിലും മേലാളവിഭാഗത്തില്‍പ്പെടാത്തവരായ സ്ത്രീപുരുഷന്മാര്‍ രാമായണ വായനക്കാരായുണ്ടായിരുന്നു. ഈ പ്രദേശത്തെ ആദ്യ വിദ്യാലയമായ മണാശേരി സ്കൂള്‍ 1908-ലാണ് സ്ഥാപിതമായത്. ബോയ്സ് ഹിന്ദു എലിമെന്ററി സ്കൂളായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം പിന്നീട് ബോര്‍ഡ് സ്കൂളായും, ഗവ.യു.പി.സ്കൂളായും മാറി. കുങ്കന്‍ മാസ്റ്ററായിരുന്നു ആദ്യകാല അധ്യാപകന്‍. തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട താഴക്കോട് എലിമെന്ററി സ്ക്കൂളിലെ പ്രഥമാധ്യാപകന്‍ മാമ്പെയില്‍ ശങ്കരന്‍ മാസ്റ്ററായിരുന്നു. ദശകങ്ങള്‍ പിന്നിട്ടാണ് എ.യു.പി.എസ് താഴക്കോടും (അഗസ്ത്യന്‍മൂഴി) ബി.പി ഉണ്ണിമോയിന്റെ മുന്‍കൈയാല്‍ രൂപം കൊണ്ട ആദ്യ സെക്കന്ററി സ്കൂളായ മുക്കം ഹൈസ്കൂളും സ്ഥാപിക്കപ്പെടുന്നത്. അന്‍പതുകളില്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായ ഉണര്‍വ്വ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ രൂപീകരണവും പ്രവര്‍ത്തനങ്ങളും മൂലമാണ്. ഈ സമയത്തും തുടര്‍ന്നും ഗ്രാമപഞ്ചായത്തില്‍ നിരവധി സ്കൂളുകള്‍ പ്രവര്‍ത്തനാമാരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനമാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നാമധേയത്തില്‍ അറിയപ്പെടുന്ന മണാശേരി എം.എ.എം.ഒ. കോളേജ്.
സാംസ്ക്കാരിക ചരിത്രം
ഇന്ന് കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്രധാന വാണിജ്യകേന്ദ്രമായി തീര്‍ന്നിരിക്കുന്ന മുക്കത്തിന് ദശകങ്ങള്‍ക്ക് മുമ്പ് ചരിത്രത്തില്‍ ഇത്തരമൊരു സ്ഥാനമുണ്ടായിരുന്നില്ല. അനുഷ്ഠാന കലകള്‍ക്കൊപ്പം നാടന്‍കലകള്‍ക്കും ഏറെ പ്രാമുഖ്യം കല്‍പ്പിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. തുലാവര്‍ഷത്തിനുശേഷം വിളവെടുപ്പ് കഴിഞ്ഞ പാടത്തും കൊയ്തിട്ട കളങ്ങളിലും അമ്പലപ്പറമ്പുകളിലും മറ്റും ഉത്സവങ്ങളുടെ അരങ്ങേറ്റമായി. തിറ, തെയ്യാട്ട്, വട്ടക്കളി, പരിചക്കളി, ചെറുമര്‍കളി, കോല്‍ക്കളി, മുടിയാട്ടം, കുമ്മി, വെരിക്കളല എന്നിവയായിരുന്നു പ്രധാന കലകള്‍. കണ്ടപുലി, കരിവില്ലി, ഗുളികന്‍, കുട്ടിച്ചാത്തന്‍, ഭഗവതി എന്നിവയായിരുന്നു പ്രധാന തിറ വേഷങ്ങള്‍. നിലമെഴുത്തും തോറ്റവും മറ്റുമുള്ള പ്രധാന ചടങ്ങായിരുന്നു വെരിക്കളം. നമ്പൂതിരിയില്ലങ്ങളില്‍ അവര്‍ തന്നെ നടത്തിയിരുന്ന ഒരു പ്രാചീന കലയായിരുന്നു പാന കളി. ആരാധനാലയവുമായി ബന്ധപ്പെട്ട് തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രിയുത്സവവും മണാശ്ശേരി ചെമ്പ്രാട്ട് കാവിലെ തിറയുത്സവവുമായിരുന്നു പണ്ടു മുതല്‍ക്കേ നടത്തി വന്നിരുന്ന പ്രധാന ഉത്സവങ്ങള്‍. മേല്‍പറഞ്ഞ വിവിധ ക്ഷേത്ര നാടന്‍ കലാരൂപങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ഈ നാട്ടില്‍ വെള്ളരിനാടകങ്ങളും, വണ്‍സ്മോര്‍ നാടകങ്ങളും ഉണ്ടാവുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിതമായി പരിശ്രമമുണ്ടാകുന്നത് 1936-ല്‍ അഗസ്ത്യന്‍മൂഴി കേന്ദ്രീകരിച്ച് രൂപം കൊണ്ട തൂമ്പോണ നാടകക്കമ്പനിയുടെ വരവോടെയാണ്. പുരാണ ചരിത്ര നാടകങ്ങളായിരുന്നു ഇവര്‍ പ്രധാനമായും അവതരിപ്പിച്ചിരുന്നത്. 50കളുടെ ആദ്യപകുതിയിലാണ് പില്‍ക്കാലത്ത് കേരളത്തിലെ സാമൂഹ്യരംഗത്തെ സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകിയ ജനകീയ നാടകങ്ങള്‍ വ്യാപകമായി അരങ്ങേറുന്നത്. ഇത്തരം നാടകങ്ങളില്‍പെട്ട പി.ജെ.ആന്റണിയുടെ ഇന്‍ക്വിലാബിന്റെ മക്കള്‍, തോപ്പില്‍ ഭാസിയുടെ നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി, ചെറുകാടിന്റെ നമ്മളൊന്ന് തുടങ്ങിയവ അതേ കാലഘട്ടത്തില്‍ തന്നെ മുക്കത്ത് അരങ്ങേറുകയുണ്ടായി. ഇതോടൊപ്പം ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകം നെല്ലിയോട്ട് കുഞ്ഞന്റെ നേതൃത്വത്തില്‍ മുക്കത്ത് അവതരിപ്പിക്കുകയുണ്ടായി. എസ്.കെ.പൊറ്റക്കാടിന് നാടന്‍ പ്രേമം എഴുതാന്‍ പ്രചോദനമരുളിയ നാടാണ് മുക്കം. മുക്കത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിക്കുമ്പോള്‍ സ്മരിക്കപ്പെടേണ്ട പേരാണ് ചേതന ഫിലിം സൊസൈറ്റിയുടേത്. ഒരു പുതിയ സിനിമാ സംസ്ക്കാരം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഒരു പറ്റം പുരോഗമന ചിന്താഗതിക്കാര്‍ 1980-കളില്‍ മുക്കം കേന്ദ്രമായി രൂപീകരിച്ചതാണ് ഇത്. ഇതിന്റെ ആഭിമുഖ്യത്തില്‍ ദേശീയ അന്തര്‍ദേശീയ പ്രസിദ്ധങ്ങളായ ഇരുപതോളം ചിത്രങ്ങള്‍ മുക്കത്ത് പ്രദര്‍ശിപ്പിക്കുകയുണ്ടായി. വായനശാല കലാ കായിക സാംസ്ക്കാരിക സംഘടനാ എന്നീ മേഖലകളിലെ ആദ്യമായുണ്ടായ കാല്‍വെയ്പ് 1952-ല്‍ മുക്കത്ത് വെച്ച് രൂപീകരിക്കപ്പെട്ട അബ്ദുറഹിമാന്‍ മെമ്മോറിയല്‍ റീഡിംഗ് റൂം ആയിരുന്നു. 1953-ല്‍ മണാശേരിയില്‍ ഒരു വായനശാല പ്രവര്‍ത്തനമാരംഭിച്ചു. 1956-ല്‍ മുക്കം ലൈബ്രറി നിലവില്‍ വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ നിലവില്‍ വന്ന മണാശേരി സ്കൂളും താഴക്കോട് എല്‍.പി.സ്കൂളുമാണ് പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാലയങ്ങള്‍. തുടര്‍ന്ന് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കാലത്താണ് ഇവിടെ പൊതുവിദ്യാലയങ്ങള്‍ കൂടുതലായി ഉയര്‍ന്നുവന്നത്. പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് വ്യക്തമായ സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് മുക്കം മുസ്ളീം ഓര്‍ഫനേജ്.