21/10/2021
ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത : ജാഗ്രത പാലിക്കണം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പ്രകാരം ഒക്‌ടോബര്‍ 25 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത നിലനില്‍ക്കെ അതീവ ജാഗ്രത പുലർത്തണം.
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 വരെ സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കരുത്. ജനലും വാതിലും അടച്ചിട്ട് അവയ്ക്കടുത്ത് നിന്ന് മാറണം. കെട്ടിടത്തിനകത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കുന്നതാണ് ഉചിതം.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം, സാമീപ്യവും ഒഴിവാക്കണം. കുട്ടികള്‍ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യാനും പാടില്ല. ഇടിമിന്നലുള്ളപ്പോള്‍ വാഹനത്തിനകത്ത് തുടരണം. കൈകാലുകള്‍ പുറത്തിടരുത്. സൈക്കിള്‍, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണം. സുരക്ഷിതമായ കെട്ടിടത്തില്‍ കഴിയണം.
തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ പോകരുത്. കുളിക്കുന്നത് ഒഴിവാക്കണം. പൈപ്പുകളിലൂടെ മിന്നല്‍ സഞ്ചരിക്കാമെന്നതിനാല്‍ ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കരുത്. ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. മല്‍സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവയും ഒഴിവാക്കണം. ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടാനോ വലയെറിയാനോ പാടില്ല. പട്ടം പറത്തുകയും അരുത്. ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സഹായകമാണ്. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടറും.
മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് വൈദ്യ സഹായം ഉടന്‍ എത്തിക്കണം.
കാറ്റുള്ളപ്പോഴും ജാഗ്രത പാലിക്കണം. മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ ചില്ലകള്‍ വെട്ടിയൊതുക്കണം. പൊതു ഇടങ്ങളിലുള്ളവ തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യാനുസരണം വെട്ടി ഒതുക്കണം.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, വൈദ്യുതി പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയ്ക്ക് അരികിലും പോകരുത്.
വാഹനങ്ങളും നിര്‍ത്തിയിടരുത്.
കാറ്റ് വീശി തുടങ്ങുമ്പോള്‍ ജനലുകളും വാതിലുകളും അടച്ചിടണം. ടെറസിലേക്ക് പോകരുത്. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.
വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടി വീണാല്‍ കെ.എസ്.ഇ.ബിയുടെ 1912, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 നമ്പരിലോ അറിയിക്കണം. പത്രം-പാല്‍ വിതരണക്കാര്‍ ഉള്‍പ്പടെ അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളില്‍ വൈദ്യുതി ഇല്ലെന്ന് ഉറപ്പാക്കണം. നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി താത്ക്കാലികമായി നിര്‍ത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറണം. നിർദ്ദേശങ്ങളെല്ലാം പാലിച്ച് ജാഗ്രതയോടെ കരുതിയിരിക്കുക, അപകടങ്ങൾ ഒഴിവാക്കാം.