01/11/2020
The Malayali Verse
പ്രിയരെ,
സത്യാനന്തര കാലഘട്ടത്തിന്‍റെ അതിതീവ്രമായ പരീക്ഷണങ്ങളിലൂടെ-യാണ് ഇന്ന് ലോകം മുഴുവൻ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സങ്കീർണ്ണമായൊരു ലോകക്രമവും അത്യന്തം ക്ലേശകരമായ ജീവിതസാഹചര്യങ്ങളും ശരാശരി മനുഷ്യന്‍റെ ജീവിതം ലോകത്തെവിടെയും ദുഷ്കരമാക്കികൊണ്ടിരിക്കുന്നു. മതപരമോ, രാഷ്ട്രീയമോ ആയ പക്ഷം ചേരലുകൾക്ക് അതീതമായി മനുഷ്യന്‍റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനുള്ള കഴിവ് പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും, സംഘടനകൾക്കുമെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
പക്ഷം പിടിക്കാതെ, വസ്തുതകളെ വസ്തുനിഷ്ഠമായി പരിശോധിക്കുവാനുള്ള ഒരു പരിശ്രമം അതാണ് "The Malayali Verse” എന്ന ഉദ്യമം. ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ, വിവിധ വിഷയങ്ങളെ സംബന്ധിച്ച് നിരീക്ഷണങ്ങളും, വിശകലനങ്ങളും പങ്കുവയ്ക്കുന്ന ഒട്ടനവധി വേദികൾ നിലവിലുണ്ടെങ്കിലും ലോകമെമ്പാടുമുള്ള മലയാളികൾക്ക് സത്യസന്ധമായ നിലപാടുകളും ആശങ്കകളും പൊതുവായി പ്രകടിപ്പിക്കാനുള്ള വേദികൾ വിരളമാണ്. മാതൃഭാഷയായ മലയാളത്തെ മാധ്യമമാക്കിക്കൊണ്ട് അത്തരമൊരു സാമൂഹ്യ പരിസരം സൃഷ്ടിക്കുവാനാണ് "Malayali Verse" ശ്രമിക്കുന്നത്.
നിയമവിദ്യാർത്ഥികളും, അഭിഭാഷകരും, ഗവേഷകരും, അധ്യാപകരും, പത്രപ്രവർത്തകരും, അക്കാദമിക് വിദഗ്ദ്ധരും ഒക്കെ ചേർന്ന് കുറച്ചുപേർ മുൻവിധികളില്ലാതെ സമ്മേളിക്കുകയാണ് ഇവിടെ. "Academic Nature" എന്ന Social Justice Foundation ന്റെ ഭാഗമായിട്ടാണ് "Malayali Verse" അവതരിക്കപ്പെടുന്നത്. ആശയ പ്രകാശനവും, സംവാദവും, സാമൂഹ്യപ്രശ്നങ്ങൾക്ക് സംഭാഷണങ്ങളിലൂടെ പരിഹാരം തേടലുമാണ് “Malayali Verse" എന്ന Online Writing Platform ന്‍റെ ലക്ഷ്യം.
മണ്ണിനെയും, മാതൃഭാഷയെയും, മനുഷ്യന്‍റെ, പ്രശ്നങ്ങളെയും മാനുഷികമായി സമീപിക്കുന്ന ഓരോരുത്തരും ഇതിനൊപ്പം ചേരും എന്ന് തന്നെയാണ് പ്രതീക്ഷ. കേരളപ്പിറവി, "Malyalai Verse" ന്‍റെയും കൂടി പിറവിയാകുമ്പോൾ നമുക്ക് ഓരോരുത്തർക്കും ഇനിയുള്ള ദിവസങ്ങൾ വർധിച്ച ഉത്തരവാദിത്തങ്ങളുടേതാവുകയാണ്. "Malayali Verse" ന്‍റെ തലവാചകത്തിൽ കുറിക്കപ്പെട്ടിരിക്കുന്ന പോലെ "വാക്കുകളുടെ സഹയാത്രികരായി” നമുക്ക് വരും നാളുകളെ ചിന്തയുടെയും അറിവിന്‍റെയും പുലരികളാക്കിത്തീർക്കുവാൻ ഒന്നിക്കാം.
ഇന്ന് നമ്മൾ ഈ കൂട്ടായ്മയ്ക്കൊപ്പം യാത്ര തുടങ്ങുകയാണ് .... സഹവർത്തിത്വവും സഹപ്രവർത്തനവും നമുക്കേവർക്കും പരസ്പരം ഉറപ്പു നൽകാം ....
സ്നേഹാദരങ്ങളോടെ .....
Team Malayali Verse🙏