14/12/2025
യുഡിഎഫുകാർക്ക് ഇഷ്ടമാവില്ല, എന്നാലും.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുന്ന വിജയം നേടിയത് വോട്ടർമാർക്ക് യുഡിഎഫിനോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഇല്ല കെട്ടോ, എൽഡിഎഫിനോടുള്ള അനിഷ്ടമാണ് യുഡിഎഫിനുള്ള വോട്ടായി മാറിയത്. ഭരണ വിരുദ്ധ വികാരമുണ്ടാവുക സ്വഭാവികമാണ് എന്നാൽ ഇടത് പക്ഷത്തെ ജനങ്ങൾ ഇത് പോലെ വെറുത്തൊരു കാലം മുമ്പുണ്ടായിട്ടില്ല.
തോറ്റാലും ജയിച്ചാലും പോയാലും വന്നാലും പിന്നിൽ ജമാഅത്തെ ഇസ്ലാമി എന്ന് പറയുന്ന ഗോവിന്ദന്മാരെ ജനങ്ങൾ കോമഡി പീസുകളായി മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷേ മലപ്പുറത്ത് മറ്റു മതക്കാർക്ക് ശ്വാസം കിട്ടുന്നില്ല എന്ന് പറയുന്ന, ശബരി മലക്കാലത്ത് കറുപ്പ് വസ്ത്രം വിൽക്കാൻ സാധിക്കുന്നില്ല, പൊതു ഖജനാവ് മുസ്ലിംകൾ വാരിക്കൊണ്ട് പോകുന്നു എന്നൊക്കെ വിളിച്ചു പറയുന്ന ഒരുത്തനെ പൊന്നാടയണിയിച്ച് സ്റ്റേറ്റ് കാറിൽ കൊണ്ട് നടന്നാൽ ജനങ്ങൾ വെറുക്കും. മുസ്ലിംകൾ മാത്രമല്ല സകല മനുഷ്യരും വെറുക്കും, മുസ്ലിംകൾക്കെതിരെ വർഗീയത പറയുന്നത് മറ്റു മതക്കാർക്ക് ഇഷ്ടമാണ് എന്നൊരു ധാരണ പലർക്കുമുണ്ട്. സംഘി മനസ്സുള്ള അഥവാ മുസ്ലിം വെറുപ്പുള്ള അപൂർവം മനുഷ്യർക്കൊഴികെ കേരളത്തിലെ മഹാ ഭൂരിപക്ഷം മനുഷ്യർക്കും വർഗീയത പറയുന്നതും പ്രവർത്തിക്കുന്നതും ഇഷ്ടമല്ല, അവരെ എതിർക്കുകയും തുറന്ന് കാണിക്കുകയും ചെയ്യുന്നവരെയാണ് ജനങ്ങൾ ഇഷ്ടപ്പെടുക എന്ന് ഇടത് പക്ഷക്കാർ മാത്രമല്ല കോൺഗ്രസുകാരും മനസ്സിലാക്കണം.
നിങ്ങൾ റിജിൽ Rijil Chandran Makkutty യുടെ വിജയം ശ്രദ്ധിച്ചുവോ? അവിടെ സിപിഎമ്മും ബിജെപിയും റിജിലിനെതിരെ ഉന്നയിച്ചത് ഒരേ ആരോപണമാണ്. അയാൾ ഗോമാതാവിനെ കൊന്നവനാണ്! കേരളത്തിൽ ആയിരക്കണക്കിന് അറവ് ശാലകൾ പ്രവർത്തിക്കുന്നുണ്ട്, ഓരോ ദിവസവും ആയിരക്കണക്കിന് പശുക്കളെയും കാളകളെയും അറുക്കുന്നുണ്ട്, എല്ലാ മതക്കാരും തിന്നുന്നുണ്ട്. ബീഫ് കയ്യിൽ വെച്ചു എന്നാരോപിച്ച് മനുഷ്യരെ തല്ലിക്കൊല്ലുന്നതിനെതിരെ പ്രതിഷേധിക്കാൻ പരസ്യമായി കാളയെ അറുത്ത റിജിലിനോട് അതൽപ്പം കൂടി പോയി എന്ന് പറഞ്ഞവരിൽ കോൺഗ്രസുകാരുമുണ്ട് , പക്ഷേ ജനങ്ങൾ എങ്ങനെയാണ് ആ വിഷയത്തെ സമീപിച്ചത് എന്ന് തെരെഞ്ഞെടുപ്പിൽ കണ്ടില്ലേ? അബ്ദുള്ളക്കുട്ടി ഉൾപ്പെടെയുള്ള BJP നേതാക്കളും സഖാക്കളും കൊണ്ട് പിടിച്ച ദുഷ്പ്രചരണങ്ങൾ നടത്തിയിട്ടും 90 ശതമാനം ഹിന്ദുക്കളുള്ള ബൂത്തുകളിൽ പോലും റിജിലിന് വൻഭൂരിപക്ഷം ലഭിച്ചു, മൃദുഹിന്ദുത്വ വോട്ടുകളുടെ പത്തിരട്ടി മതേതര വോട്ടുകൾ ഹിന്ദു സമുദായത്തിലുണ്ട് എന്ന് മനസ്സിലാക്കാനുള്ള വിവേകം കോൺഗ്രസിന് ഉണ്ടായാൽ അക്കാര്യം ജനങ്ങൾക്ക് ബോധ്യമായാൽ ബിജെപിയുടെ ഭാഷയിൽ സംസാരിക്കുന്ന മൃദു ഹിന്ദുത്വ പാർട്ടിയായ സിപിഎമ്മിനെ കയ്യൊഴിയുന്നവർ ആശങ്കയില്ലാതെ യുഡിഎഫിന് വോട്ട് ചെയ്യും.
ഈ തെരെഞ്ഞെടുപ്പ് വിജയം കൊണ്ട് നിയമസഭാ ഇലക്ഷൻ ഈസിയായി വിജയിക്കാമെന്ന് യുഡിഎഫ് കരുതുന്നുണ്ടോ? സിജെപി കൃത്യമായി പണിയെടുത്താൽ അവർ ജയിക്കും കോൺഗ്രസ് നിസ്സഹായരാകും എന്നതിന് തെളിവാണ് തിരുവനന്തപുരം കോർപറേഷൻ. അവിടെ ബിജെപിയെ വിജയിപ്പിക്കാൻ നടത്തിയ തന്ത്രങ്ങളിൽ ഒന്നാമത്തേത് വാർഡ് വിഭജനമായിരുന്നു. ബിജെപി ജയിക്കാൻ ഇടയില്ലാത്ത, ന്യൂനപക്ഷ വോട്ടുകൾ കൂടുതലുള്ള വാർഡുകളെ ഒന്നിച്ചു ചേർത്ത് ജംബോ വാർഡുകൾ ഉണ്ടാക്കി, ഉദാഹരണം ബീമാപ്പള്ളി, അവിടെ 17500 വോട്ടർമാരാണ് ഒരു വാർഡിൽ. ബിജെപി വോട്ടർമാരുള്ള സ്ഥലങ്ങളിൽ 4000 പേർക്കാണ് ഒരു വാർഡ്.
ഈ ചെയ്യുന്നത് അനീതിയാണ്, ഇങ്ങനെ ജംബോ വാർഡുകൾ ഉണ്ടാക്കുന്നതിന്റെ മാനദണ്ഡം എന്താണ് എന്ന് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? വാർഡ് വിഭജനം സത്യസന്ധമായി നടന്നിരുന്നുവെങ്കിൽ 10 സീറ്റുകൾ എങ്കിലും യുഡിഎഫിന് കൂടുതൽ കിട്ടുമായിരുന്നു, അനധികൃതമായി ചേർക്കപ്പെട്ട വോട്ടുകളെ കുറിച്ച് പല തവണ ചർച്ചകൾ വന്നുവെങ്കിലും വോട്ട് ചോരി മുദ്രാവാക്യം സ്വന്തമായുള്ള കോൺഗ്രസ അക്കാര്യം ശ്രദ്ധിച്ചിട്ടില്ല. ഇത് പോലുള്ള തന്ത്രങ്ങൾ നിയമസഭാ ഇലക്ഷനിൽ സിപിഎം-ബിജെപി കൂട്ട്കെട്ട് മുന്നോട്ടുവെക്കും എന്നുറപ്പാണ്. പാർലമെന്റ് തെരെഞ്ഞുപ്പിൽ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് വന്ന നിയമസഭാ മണ്ഡലങ്ങളിൽ അവർ പണി തുടങ്ങിക്കഴിഞ്ഞു. SIR കൂടി വരുന്നതോടെ യുഡിഎഫ് വോട്ടുകൾ വ്യാപകമായി വെട്ടിപ്പോകും. യുഡിഎഫ് ഇക്കാര്യം മനസ്സിലാക്കുന്നുണ്ടോ? SIR നെതിരെ ഒരു റാലിയെങ്കിലും കേരളത്തിൽ നടന്നിട്ടുണ്ടോ?
തൃശൂർ പാർലമെന്റ് മണ്ഡലവും തിരുവനന്തപുരം കോർപറേഷനും ബിജെപി-സിപിഎം ഡീലിന്റെ ഭാഗമായി ബിജെപിക്ക് കാണിക്ക വെച്ചതാണ്, അതിനുള്ള പ്രതിഫലം നിയമസഭാ ഇലക്ഷനിൽ അവർ സിപിഎമ്മിന് കൊടുക്കും,
ഇലക്ഷന്റെ തലേ ദിവസം പെൻഷൻ വിതരണം ചെയ്യുന്നത് ഉൾപ്പെടെ എല്ലാ ആയുധങ്ങളും അവർ പുറത്തെടുക്കും, ഇലക്ഷൻ കമ്മീഷന്റെ നിർലോഭമായ സഹകരണമുണ്ടും. അതിനെയെല്ലാം അതിജീവിച്ച് കൊണ്ട് വിജയിക്കാൻ യുഡിഎഫുകാർ പണിയെടുക്കേണ്ടി വരും.
നിങ്ങൾ റോഡിലിറങ്ങി ജനങ്ങളോട് ചോദിച്ച് നോക്കൂ,
എൽഡിഎഫിനെതിരെ വോട്ട് ചെയ്യാൻ അവർ നൂറു കാരണങ്ങൾ പറയും. എന്നാൽ യുഡിഎഫിന് വോട്ട് ചെയ്യാൻ LDF നെ തോൽപിക്കാനുള്ള ഏക ഓപ്ഷൻ എന്നല്ലാതെ മറ്റുകാരണങ്ങൾ ഉണ്ടാവില്ല. ആ കാരണങ്ങൾ ഉണ്ടാക്കിയെടുക്കാൻ UDF ന് കഴിഞ്ഞില്ലെങ്കിൽ നിയമസഭാ തെരെഞ്ഞെടുപ്പ് വിജയംഎളുപ്പമാകുമെന്ന് കരുതേണ്ട.
CPM-BJP മുന്നണിയെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പ്രസ്താവന ഇന്നലെ എംവി ഗോവിന്ദൻ നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് കോൺഗ്രസ് പിന്തുണയോടെ ഭരിക്കില്ല! തലസ്ഥാന നഗരി ബിജെപി ഭരിക്കാതിരിക്കാൻ ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുടെ ഘടക കക്ഷിയായ കോൺഗ്രസിന്റെ പിന്തുണ സ്വീകരിക്കില്ല, ബിജെപി ഭരിക്കട്ടെ എന്ന തീരുമാനമെടുക്കുന്ന പാർട്ടിയും മുന്നണിയും രാജ്യത്തെ ഹിന്ദുത്വ-കോർപറേറ്റ് കമ്പനി ഭരണത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്,
അവരെ മറിച്ചിടുക ഒട്ടും എളുപ്പമാവില്ല.
-ആബിദ് അടിവാരം