02/10/2020
കുഞ്ഞേ, മാപ്പ് മാപ്പ്. മാപ്പ്.!
കൊല്ലത്ത് യുവഡോക്ടർ ആത്മഹത്യ ചെയ്തു.
35 വയസ്. നീണ്ട 10 വർഷം അതികഠിന തപസ്യയോടെ വൈദ്യ വിദ്യാഭ്യസം പിന്നെ കുറെയേറെ നാളത്തെ പ്രായോഗിക പരിശീലനം. സ്വന്തമായി ഒരു ഓർത്തോ സെൻ്റ്ർ തുടങ്ങാനും അവിടെ സർജറി ഉൾപ്പെടെ ചെയ്യാനുമുള്ള (ഇന്നത്തെക്കാലത്ത് ) അപൂർവ്വമായ ആത്മധൈര്യം. തീർച്ചയായും നീ മിടുക്കനായ ഒരു ഡോക്ടർ ആയിരിക്കും. അനേകായിരങ്ങൾക്ക് നിൻ്റെ സേവനം ഭാവിയിൽ ലഭ്യമാകുമായിരുന്നു. ഒരു ഡോകടർ മരിക്കുമ്പോൾ ലക്ഷങ്ങളെ സേവിക്കേണ്ടിയിരുന്ന മഹത്തായ ഒരു രാഷ്ട്ര സമ്പത്ത് നഷ്ടമാകന്നു എന്ന സത്യം നിൻ്റെ രക്തത്തിന് വേണ്ടി കൊലവിളി വിളിച്ച പലരുമറിയുന്നില്ല എന്നതാണ് ദു:ഖസത്യം .എൻ്റെ മക്കളുടെ പ്രായം .
മകനേ നീ ചെയ്തത് ശരിയല്ല എന്നു വിചാരിക്കുമ്പോഴും ഈ ഗതി കെട്ട കാലത്ത് അധാർമ്മികളുടെ ഇടയിൽ ,വിവരദോഷികൾ വിവരദോഷികളെ നയിക്കുന്ന നാട്ടിൽ , നിനക്ക് ഇതൊക്കെ താങ്ങാനുള്ള ചങ്കുറപ്പ്പ്പ ഉണ്ടാകാൻ പ്രായമായില്ല എന്നു മാത്രമേ ചിന്തിക്കാൻ കഴിയൂ. . ഈ കനൽവഴികൾ താണ്ടി വരാതെ ഇവിടെ ഒരു ഡോക്ടർക്കും മനസ്സമാധാനത്തോടെ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് എന്ന ദു:ഖസത്യം നിന്നെക്കാൾ കൂടുതൽ അറിയാവുന്നവരാണ് ഇവിടെത്തെ മിക്കവാറും ഡോക്ടർമാരും . എങ്കിലും എല്ലാം സഹിച്ച് ,ഭയന്നു് വിറച്ച് ,പലപ്പോഴും അജ്ഞാതമായ ഭീഷണിയുടെ ഇടയിൽ ദൈവീകമായ ഈ തൊഴിൽ ചെയ്യുമ്പോൾ വർഷങ്ങൾ നീണ്ടു നിന്ന വൈദ്യ വിദ്യാഭ്യാസമെന്ന തപസ്യയുടെ വിലയില്ലായ്മയിലാണ് പലർക്കും സങ്കടം തോന്നുന്നത്.
റോഡുകളിൽ അനേകായിരങ്ങൾ അനാസ്ഥ കൊണ്ടു മരണമടയുമ്പോഴും സഹജീവികളെ കത്തിക്കും വടിവാളിനും ബോംബുകൾക്കും വിധേയരാക്കി ഛിന്നഭിന്നമാക്കുമ്പോഴും ,സഹോദരിമാരെ മൃഗീയ തൃഷ്ണക്ക് വിധേയരാക്കി പരലോകത്തേക്ക് അയക്കുമ്പോഴും ഒന്നും തോന്നാത്ത കലിപ്പാണ് ചികിത്സക്കിടയിൽ ഉണ്ടാകുന്ന അസാധാരണമായി സംഭവിക്കുന്ന ,ചില അപകടങ്ങൾ കാരണം അവിചാരിതമായി സംഭവിക്കുന്ന അനിവാര്യമായ മരണങ്ങളുണ്ടാകുമ്പോൾ സമൂഹത്തിലെ കപട സംരക്ഷകർക്കുണ്ടാകുന്നത്.
വൈദ്യശാസ്ത്രം ഒരു നിയതമായ, പൂർണ്ണമായും ആഗ്രഹിക്കുന്നതോ പ്രതീക്ഷിക്കുന്നതോ ആയ തരത്തിൽ മാത്രം ഫലം തരുന്ന അമൃത കുംഭമോ കാമധേനുവോ ഒന്നുമല്ല. വൈദ്യശാസ്ത്രത്തിൽ ഒന്നും ഒന്നും കുട്ടിയാൽ എല്ലായ്പോഴും രണ്ടു തന്നെ എന്ന ഉത്തരമുണ്ടാകില്ല. ചിലപ്പോൾ അത് മൂന്നാകാം ചിലപ്പോൾ സീറോ ആകാം. അപൂർവ്വമായി മൈനസ് ഒന്നുമാകാം.
വൈദ്യ ശുശ്രൂഷയുടെ ഭാഗമായി ഉണ്ടാകാൻ സാദ്ധ്യതയുള്ള അപകടങ്ങളെപ്പറ്റി രോഗിയോടും ബന്ധുക്കളോടും എഴുതിക്കൊടുത്ത ഒരു സമ്മതപത്രത്തിൻ്റെ സാംഗത്യത്തിൽ വിശ്വസിച്ചു കൊണ്ടാണ് ഏതൊരു സർജനും അനസ്തറ്റിസ്റ്റും ജോലി ചെയ്യുന്നത്. മരണം വരെ സംഭവിക്കാവുന്ന അപകടങ്ങൾ അവിചാരിതമായി ഉണ്ടാകാമെന്നും അങ്ങിനെ ഉണ്ടായാൽ അതിന് നൽകുന്ന ചികിത്സ ക്രമങ്ങൾ എല്ലായ്പോഴും വിജയ ക ര മാ യ പ രിസമാപ്തിയിൽ എത്തില്ല എന്നും രോഗിയെയും ബന്ധുക്കളെയും എഴുതി അറിയിച്ച് ഒപ്പിട്ടു വാങ്ങിയിട്ടാണ് ഏത് ആസ്പത്രിയിലും ഏതു ഡോക്ടറും. ഓരോ ഓപ്പറേഷനും ചെയ്യുന്നത്. വായിച്ചു മനസ്സിലാക്കാൻ കഴിവുള്ളവരായ അഭ്യസ്തവിദ്യരായ ആളുകൾ പോലും പലപ്പോഴും ഇത് വായിച്ചു നോക്കാറില്ല. വായിച്ചാൽ തന്നെ അത് തനിക്ക് ഒരിക്കലും സംഭവിക്കില്ല എന്ന് വിശ്വസിക്കും. അതേപോലെ തന്നെ വൈദ്യശാസ്ത്ര ചരിത്രത്തിൽ ഇതൊക്കെ അപൂർവ്വമായി സംഭവിക്കാറുണ്ടെങ്കിലും തൻ്റെ രോഗിക്ക് അതു സംഭവിക്കില്ലാ എന്നാണ് ഓരോ ഡോക്ടറും വിശ്വസിക്കുന്നതും ,ആ ആത്മവിശ്വാസത്തിലാണ് അവൻ ഓരോ രോഗിയെ ചികിത്സിക്കുന്നതും, ഓപ്പറേഷൻ ചെയ്യുന്നതും , പ്രസവമെടുക്കുന്നതും .
അഗാധമായ ആ പരസ്പര വിശ്വാസത്തിൽ ഊന്നിയാണ് ഈ പ്രകിയ നടക്കുന്നത് ,രോഗിക്ക് ഡോക്ടറെ വിശ്വസിച്ചാൽ മാത്രം മതി. ഡോക്ടർക്ക് രോഗിയേയും ബന്ധുക്കളെയും അവൻ പഠിച്ച ശാസ്ത്രത്തിനെയും വിശ്വസിച്ചേ പറ്റൂ. നിർഭാഗ്യവശാൽ ഡോക്ടർ വിശ്വസിക്കുന്ന മൂന്നു സംഗതികളും ഒരു ഗുരുതര പ്രശ്നമുണ്ടാകുമ്പോൾ ഡോക്ടറെ കൈ ഒഴിയും .ഗതി കെട്ട ആ സമയത്ത് ഈശ്വരനോട് കേണപേക്ഷിക്കാനും ആത്മബലത്തോടെ പ്രവർത്തി തുടരാനും മാത്രമേ അവനു കഴിയൂ. എല്ലാം കഴിഞ്ഞ് കുറ്റപ്പെടുത്തലുകൾ ഉണ്ടാകുമ്പോൾ അവൻ അവനെത്തന്നെ ചീത്ത വിളിക്കും, കുറ്റപ്പെടുത്തും , ഈ നന്ദികെട്ടവർക്ക് വേണ്ടി ഈ തൊഴിൽ ചെയ്യേണ്ടി ഇരുന്നില്ല എന്ന് . അവൻ സ്വയം തപിക്കും , ഈ രോഗിയെ ചികിത്സിക്കാൻ സ്വീകരിച്ച തൻ്റെ നിർഭാഗ്യത്തെ ഓർത്ത്.
മനുഷ്യന് സഹിഷ്ണുതയും മറ്റൊരാളുടെ നന്മയെ മനസ്സിലാക്കാനുമുളള കഴിവും നശിച്ചു കഴിഞ്ഞ കാലഘട്ടമാണിത്. .ഇവിടെ വിദ്വേഷവും സംശവുമാണ് ഉൽപാദിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നത്. ഇവിടെ എല്ലാം പണത്തൂക്കത്തിൽ മാത്രം വിലയിരുത്തപ്പെടുന്നു.
അടുത്ത തലമുറ ഡോകടർമാർ ശപിക്കപ്പെട്ടവരാണ് എന്ന് തോന്നിപ്പോകുന്നു. പക്ഷേ അതിനേക്കാൾ ഭയാനകമാണ് അടുത്ത തലമുറ രോഗികളുടെ കാര്യം .ഇത്തരം വിവരക്കേടുകൾ കൊണ്ട് അവൻ നേരായ ചികിത്സ നേരായ സമയത്ത് (മാനവികതയും നൈതികതയും അനുകമ്പയും ഉള്ള ഡോക്ടർമാരിൽ നിന്ന്) കിട്ടാതിരിക്കാനുള്ള വഴികൾ തേടുകയാണ്. Defensive മെഡിസിൻ പ്രാക്ടീസും , അനാവശ്യ പരിശോധനകളും, പഞ്ചനക്ഷത്ര ആശുപത്രി സംസ്കാരവും, വൈദ്യശാസ്ത്ര കൊള്ളയും , അവയവയവ കൊള്ളയും, അറിയാതെയുള്ള മരുന്നു പരീക്ഷണത്തിന് വിധേയരാകലും , ഒക്കെ അവൻ്റെ തലമുറയെ കാത്തിരിക്കുന്നു. rating ന് വേണ്ടി വാർത്ത നിർമ്മിക്കുന്ന മാദ്ധ്യമ ഫാക്ടറികളും ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും ഓടുന്ന രാഷ്ട്രീയക്കാരനുമൊന്നും ഇതിൽ നിന്ന് മോചനമുണ്ടാകില്ല.
ധർമ്മം നശിച്ചാൽ എല്ലാം നശിച്ചതായി കണക്കാക്കണം. ആരും രക്ഷപ്പെടില്ല.
വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് നമ്മൾക്ക് ഒപ്പം നീങ്ങാം. ,ചാടാം. ,വെന്തെറിയാം.
പറഞ്ഞറിയിക്കാൻ വയ്യാത്ത ദ്വേഷ്യത്തോടും സങ്കടത്തോടും വൈദ്യശാസ്ത്ര വിദദ്ധരും അതി വിദഗ്ദ്ധരുമായ നാലു ഡോക്ടർമാരുടെ അച്ഛനും സ്വയം ലക്ഷക്കണക്കിന് രോഗികളെ വിശ്രമമറിയാനെ പരിചരിച്ച ഒരു വിദഗ്ദ്ധൻ.
Dr.രാധാകൃഷ്ണൻ നായർ ,ആറ്റിങ്ങൽ