17/12/2021
ആലപ്പാട് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠേന ഐ.ആർ.ഇയ്ക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ തീരുമാനിച്ചു.
ആലപ്പാട് പഞ്ചായത്തിന്റെ പരിസ്‌ഥിതിയെ മുച്ചൂടും തകർത്ത് കൊണ്ട്, ഇവിടുത്തെ മനുഷ്യരുടെ ജീവനും, സ്വത്തിനും വരെ ഭീഷണി ഉയർത്തി കൊണ്ട് ഐ.ആർ.ഇ ഖനനം തുടരുകയാണ്.
നിലവിലെ ആലപ്പാട് പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ കയറിയതിന് ശേഷം പലതവണ, പല രൂപത്തിൽ ഐ.ആർ.ഇ യ്ക്ക് മുന്നറിയിപ്പ് നൽകിയതാണ്.
പഞ്ചായത്ത് പണിത റോഡും, ഓടയും ഖനനത്തിൽ തകർന്നതുമായി ബന്ധപ്പെട്ടും, അംഗനവാടി കെട്ടിടവുമായി ബന്ധപ്പെട്ട വിഷയത്തിലും ഒക്കെ അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പിഴവ് ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യത്തെ ഒരു ഖനന നിയമവും തണ്ണീർ തടങ്ങളിൽ ഖനനം ചെയ്യുന്നതിനെ അനുവദിക്കുന്നില്ല. എന്നാൽ അവർ ജലാശയങ്ങളിലും, തണ്ണീർ തടങ്ങളിലും വരെ ഖനനം നടത്തിയിരുന്നു. ഇതും പഞ്ചായത്ത് ചൂണ്ടിക്കാട്ടിയിട്ടും നിഷേധാത്മകമായ നിലപാടാണ് ഐ.ആർ.ഇ കൈ കൊണ്ടത്.
ആലപ്പാട് കരിമണൽ ഖനന വിരുദ്ധ സമരം നടന്ന കാലഘട്ടത്തിൽ ആണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സീ വാഷിങ് നിർത്തലാക്കിച്ചത്. അത് അവർ ഇടയ്ക്ക് തുടങ്ങാൻ ശ്രമം നടത്തുകയും പഞ്ചായത്ത് ഇടപെടീൽ മൂലം തൽക്കാലം നിർത്തി വെക്കുകയും ചെയ്തു എങ്കിലും വീണ്ടും അത് തുടരാനുള്ള സമ്മർദ്ദം പല ഇടങ്ങളിലും ചുമത്തുന്നത് കൃത്യമായി നമുക്ക് അറിവ് കിട്ടിയിട്ടുണ്ട്. മാത്രമല്ല റോഡിന്റെ പടിഞ്ഞാറ് വശത്തായി പുലിമുട്ടുകൾക്കും, സീ വാളുകൾക്കും ഇടയിലായിട്ടാണ് അവർ ഇപ്പോൾ ഖനനം നടത്തുന്നത്. ഇത്തരം പ്രവർത്തികളിൽ കൂടി പഞ്ചായത്ത് ഭരണസമിതിയെ മാത്രമല്ല, ആലപ്പാട് ജനതയെ ഒന്നടങ്കം അവർ വെല്ലുവിളിയ്ക്കുകയാണ്.
2018ൽ നടന്ന പബ്ലിക് ഹിയറിങ്ങുകളിൽ ഒക്കെ ആലപ്പാട് ജനത ഇനി ഇവർക്ക് ഖനനത്തിന് അനുമതി കൊടുക്കരുത് എന്ന് വാദിച്ചത് ആണ്.
2021ൽ മാത്രം അനുമതി കിട്ടിയ മേഖലയിൽ പോലും അവർ വർഷങ്ങൾക്ക് മുൻപേ ഖനനം ആരംഭിച്ചിരുന്നു. എന്നാൽ അത് കൃത്യമായി മനസ്സിലാക്കി നടപടി എടുക്കേണ്ട ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങൾ അത് ചെയ്തില്ല എന്നത് വേദനാജനകമായ കാര്യമാണ്.
ഈ പശ്ചാത്തലത്തിൽ ആണ് ആലപ്പാട് പഞ്ചായത്ത് ശക്തമായ നടപടി എടുക്കണം എന്ന തീരുമാനത്തിലേക്ക് എത്തിയത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച്ച പഞ്ചായത്ത് കമ്മിറ്റി കൂടിയിരുന്നു. അന്ന് ചില അംഗങ്ങൾ അഭിപ്രായപ്പെട്ട പ്രകാരം കൂടുതൽ ചർച്ചകൾക്കായി ഇന്നത്തേക്ക് നീട്ടി വെക്കുകയും. ഇന്ന് വീണ്ടും കമ്മിറ്റി കൂടുകയും ചെയ്തു. പല തരത്തിലുള്ള സാങ്കേതികമായ പ്രശ്നങ്ങൾ ചർച്ചയിൽ പ്രതിപക്ഷ മെമ്പർമാർ ഉൾപ്പെടെ ഉള്ളവരിൽ നിന്നും ഉയർന്ന് വന്നുവെങ്കിലും ചർച്ചകൾക്ക് ഒടുവിൽ പതിനാറ് കമ്മിറ്റി അംഗങ്ങളും ഐകകണ്ഠേന സ്റ്റോപ്പ് മെമ്മോ കൊടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തി ചേരുകയായിരുന്നു.
ഒപ്പം നിന്ന മുഴുവൻ സഹപ്രവർത്തകർക്കും നന്ദി കൂടി ഈ അവസരത്തിൽ അറിയിക്കുന്നു.
ഇത് കൊണ്ട് എല്ലാം പൂർണമായി എന്ന അർത്ഥമില്ല. വരും ദിവസങ്ങളിൽ മെമ്മോ കൊടുത്ത് കഴിഞ്ഞാൽ ശക്തമായ നിയമ പോരാട്ടങ്ങൾ ഉൾപ്പെടെ വേണ്ടി വരും. ഇത് തുടക്കം മാത്രമാണ്. നമുക്ക് നമ്മുടെ നാട് നില നിർത്തിയേ മതിയാവൂ. ഇത് വ്യക്തിപരമായ പ്രശ്നമോ, വൈരാഗ്യങ്ങളോ ഒന്നുമല്ല. ഒരു ജനതയ്ക്ക് അവരുടെ മണ്ണിൽ അവകാശങ്ങളോടെ ജീവിക്കാനുള്ള ശ്രമമാണ്.
എല്ലാവരും ഒപ്പമുണ്ടാകണം എന്ന അഭ്യർഥനയോടെ
യു.ഉല്ലാസ്
ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്