01/02/2019
സര്‍വം തകര്‍ന്നുനില്‍ക്കുന്നൊരു മനുഷ്യനെ, അയാളിലെ ശൂന്യതയെ മമ്മൂട്ടിയോളം മികച്ചതായി മറ്റൊരു നടന്‍ അവതരിപ്പിച്ചിട്ടില്ല. സ്നേഹവും സഹനവും കാര്‍ക്കശ്യവും വാല്‍സല്യവുമൊക്കെ ഭാവസൂക്ഷ്മതകളായി ഞൊടിയിടെ മാറിമറിയുന്ന മമ്മൂട്ടിയുടെ അച്ഛന്‍ കഥാപാത്രങ്ങളുണ്ട്. മമ്മൂട്ടിയിലെ അഭിനേതാവിനെ പലകാലങ്ങളിലായി കൂടുതലായും പഠനവിധേയമാക്കിയിട്ടുള്ളത് ഇത്തരം റോളുകളിലാണ്. തിരസ്‌കൃതനും സ്നേഹയാചകനുമായ മനുഷ്യനായി മമ്മൂട്ടിയുടെ പകര്‍ന്നാട്ടങ്ങള്‍ ഈ പറഞ്ഞവയോളം വിലയിരുത്തപ്പെട്ടിട്ടില്ല. മമ്മൂട്ടി നടിക്കുന്ന കാലത്തിനൊപ്പവും, കഥ പറച്ചിലിന്റെ ശൈലീമാറ്റത്തിനൊപ്പവും തന്നിലെ നടനെ പുതുക്കി, പുതിയ ഉയരങ്ങളിലെത്തിക്കുന്നതിന്റെ കാഴ്ചയാണ് പേരന്‍പ് എന്ന തമിഴ് ചിത്രം. മമ്മൂട്ടി അഭിനയത്താല്‍ അനശ്വരമാക്കിയ എല്ലാ മുന്‍കഥാപാത്രങ്ങളെ മാറ്റി വച്ചാല്‍ പോലും ഈ നടന്റെ അഭിനയചാതുരിയെ വിലയിരുത്താന്‍ പാകത്തിലൊരു സിനിമയുമാണ് പേരന്‍പ്.
തരാമണിക്ക് ശേഷം റാം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പേരന്‍പ്. വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ തമിഴ് സിനിമ.ദളപതിയും അഴകനുമാണ് മമ്മൂട്ടിയുടെ തമിഴ് സിനിമകളില്‍ പ്രിയപ്പെട്ടവ. തമിഴിലെത്തുമ്പോഴും മലയാളത്തോളം വഴക്കം ഭാഷയിലും ശരീരഭാഷയിലും തമിഴ്താരങ്ങളുമായുള്ള കോമ്പിനേഷനുകളിലും മമ്മൂട്ടി അനുഭവപ്പെടുത്തിയിട്ടുമുണ്ട്. പേരന്‍പിലെ അമുദന്‍ കഥാപാത്രനിര്‍മ്മിതിയിലും മമ്മൂട്ടി എന്ന അഭിനേതാവിലൂടെയുള്ള വിനിമയരീതിയിലും മുന്‍മാതൃകകള്‍ ഓര്‍മ്മയിലെത്താത്ത സൃഷ്ടിയാണ്. പേരന്‍പ് കേന്ദ്രീകരിച്ചിരിക്കുന്നതും അമുദവന്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിലാണ്.
കട്രത് തമിഴിലും, തങ്കമീന്‍കളിലും,തരാമണിയിലും കൂട്ടംതെറ്റി മേയുന്ന മനുഷ്യരുടെ ആത്മസങ്കടങ്ങള്‍ക്കൊപ്പമായിരുന്നു റാമിന്റെ സഞ്ചാരം. ബാലു മഹേന്ദ്രയുടെ സിനിമാ രീതികളോട് അടുപ്പം പുലര്‍ത്തുന്ന ശിഷ്യനെന്ന് പറയാം. ആള്‍ക്കൂട്ടത്തില്‍ തനിയെ ആയ മനുഷ്യരുടെ വൈകാരിക ലോകത്തേക്ക് പ്രവേശിപ്പിച്ച് അവിടെയുള്ള അടിതെറ്റലും, അതിജീവനവുമെല്ലാം സൂക്ഷ്മമായി അനുഭവപ്പെടുത്തുന്ന ക്രാഫ്റ്റ്മാന്‍ഷിപ്പും റാമിനുണ്ട്. നഗരവല്‍ക്കരണവും സാങ്കേതിക വിപ്ലവവും വേഗം കൂട്ടിയ പുതിയ കാലത്തിനൊത്ത് സഞ്ചരിക്കാന്‍ പാടുപെടുന്ന ആളുകളെയാണ് റാം പ്രധാനമായും പിന്തുടരാറുള്ളത്. പ്രക്ഷുബ്ധരായ, ആന്തരിക സംഘര്‍ഷങ്ങളെ നേരിടാനാകാതെ കലഹിക്കുന്ന മനുഷ്യരുടെ ചിത്രീകരണവുമായിരുന്നു തരാമണിയും കട്രത് തമിഴും തങ്കമീന്‍കളും. മുന്‍സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായ ഭാവപരിസരമാണ് പേരന്‍പിന്. പന്ത്രണ്ട് അധ്യായങ്ങളിലായാണ് സിനിമ. നായക കഥാപാത്രമായ മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദവനിലൂടെയാണ് ആഖ്യാനം.
അമുദവന്‍ തന്നെ അയാളുടെ ജീവിതം പറയുകയാണ്. തന്റെ ജീവിതത്തിലെ ചില ഏടുകളിലേക്ക് കൂടെ വരികയാണെങ്കില്‍ നിങ്ങളുടേത് എത്രത്തോളം അനുഗൃഹീതമായ ജീവിതമാണ് മനസിലാകുമെന്ന് അമുദവന്‍. അമുദവനും മകള്‍ പാപ്പായും ഒരു ബോട്ടില്‍ പ്രശാന്തസുന്ദരമായൊരു തടാകതീരത്തേക്ക് വരികയാണ്. മനോഹരമായ പ്രകൃതിദൃശ്യങ്ങളില്‍ നിന്ന് റാം നൊമ്പരപ്പെടുത്തുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് യാത്ര തുടങ്ങുകയാണ്. ഇത്തരമൊരു അപ്രതീക്ഷിതത്വം റാം സിനിമകളുടെ പതിവാണ്. പക്ഷേ അത് മാറുന്നത് തുടര്‍ന്നുള്ള ആഖ്യാനത്തിലാണ്. അലിവില്ലാത്ത പ്രകൃതിയെന്ന് നിര്‍വചിക്കുന്ന ആദ്യ അധ്യായത്തില്‍ നിന്ന് ഗള്‍ഫില്‍ ടാക്‌സി ഡ്രൈവറായി കുറച്ചുകാലം ജോലി ചെയ്ത അമുദവന്‍ നാട്ടിലേക്ക് തിരികെയെത്തിയതിന്റെയും മകളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തതിന്റെ കാരണം വിശദീകരിക്കുന്നു. പന്ത്രണ്ട് അധ്യായങ്ങളിലായി പേരന്‍പ് അഥവാ സ്‌നേഹനിറവിനെ റാം നിര്‍വചിക്കുമ്പോള്‍ അമുദവന്റെയും പാപ്പായുടെയും മാത്രം കഥയല്ല, മാനുഷികതയുടെയും മനുഷ്യന്റെ ആര്‍ദ്രതലങ്ങളുടെയും ഹൃദ്യമായ അവതരണമാണ് സിനിമയെന്ന് മനസിലാകും.
വൈദ്യുതിയോ, വാര്‍ത്താ വിനിമയ സങ്കേതങ്ങളോ ഇല്ലാത്ത പ്രകൃതിയുടെ മടിത്തട്ടെന്ന് തോന്നുന്ന ഇടത്തേക്ക് അമുദവനും പാപ്പായും എത്തിപ്പെടുത്തിന് ചില കാരണങ്ങളുണ്ട്. എല്ലാവര്‍ക്കും ഒരു പോലെ ഇടവും പരിഗണനയും കിട്ടാത്ത ലോകത്ത് നിന്നുള്ള ഒളിച്ചോട്ടവുമായിരുന്നു ആള്‍പ്പാര്‍പ്പില്ലാത്ത ഇടത്തെ ജീവിതം. അവിടെ അമുദവന് ആദ്യം പരിചിതനാകേണ്ടത് പാപ്പായ്ക്ക് മുന്നിലാണ്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒളിച്ചോടി അഭയം തേടിയ, സ്വാസ്ഥ്യജീവിതത്തിനായി തെരഞ്ഞെടുത്ത ഇടം അയാളെ ആക്രമിച്ചും ചതിച്ചും പുറത്താക്കുന്നതും പിന്നീട് കാണുന്നുണ്ട്. അലിവില്ലാത്ത പ്രകൃതിയില്‍ നിന്ന്, നിത്യത സമ്മാനിക്കുന്ന പ്രകൃതിയിലേക്കും, മാനുഷികതയുടെ പുതിയ ഉറവുകളിലേക്കുമൊക്കെ അമുദവന്‍ സഞ്ചാരം തുടരുമ്പോള്‍ ധ്യാനാത്മകമായ ആസ്വാദനാനുഭവമായി പേരന്‍പ് മാറുന്നുണ്ട്. മനസിന്റെ അടിത്തട്ടിനെ തൊടുന്നു സിനിമ.
കഥാപാത്രങ്ങളുടെ പ്രകടനങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ. പാപ്പായുമായി അടുപ്പമുണ്ടാക്കാന്‍ അമുദവന്‍ നടത്തുന്ന ശ്രമങ്ങള്‍ ഓരോന്നും പരാജയപ്പെടുത്തുന്നതിന്റെ രംഗാവിഷ്‌കാരമാണ് ആദ്യഭാഗത്ത് ഏറ്റവും ഭാവതീവ്രമെന്ന് പറയാവുന്നത്. അമുദവന്‍ എന്ന അച്ഛന്റെ സഹനമല്ല, മകള്‍ എത്രത്തോളം കഷ്ടപ്പെടുന്നുവെന്ന് മനസിലാക്കിയ പിതാവിന്റെ നിസഹായതയിലാണ് കഥ മുന്നേറുമ്പോള്‍ റാം ആഖ്യാനം കേന്ദ്രീകരിക്കുന്നത്. മകളുടെ സമാധാനത്തിനും ആഹ്ലാദത്തിനും മീതെ യാതൊന്നും അയാളുടെ ആഗ്രഹമാകുന്നില്ല. അത്രയേറെ നേര്‍മയുള്ള, ആര്‍ദ്രമനോതലങ്ങളുള്ള മനുഷ്യനായാണ് റാം അമുദവനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മകള്‍ പാപ്പായില്‍ നിന്ന് എത്രത്തോളം സുതാര്യനായ മനുഷ്യനാകാമെന്നാണ് അയാള്‍ പഠിക്കുന്നത്, അവളുടെ ലോകം സുന്ദരമായിരിക്കാനും, ആ പ്രശാന്തതയുടെ ഭാഗമായി ജീവിക്കാനുമാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടിയുടെ കാലത്തെ അതിജീവിക്കുന്ന കഥാപാത്രവും പ്രകടനവും. ചേര്‍ത്തുപറയേണ്ട പ്രകടനമാണ് പാപ്പായുടെ റോളിലെത്തിയ സാധനയുടേത്. തങ്കമീന്‍കളിലെ കേന്ദ്രകഥാപാത്രമായിരുന്നു സാധന. ഇവിടെ സെറിബ്രല്‍ പാര്‍സി ബാധിച്ച കഥാപാത്രമായി അത്തരമൊരു രോഗാവസ്ഥയെ നേരിടുന്ന കുട്ടിയാണെന്ന് പൂര്‍ണമായും വിശ്വസിപ്പിക്കുന്ന തരത്തിലുള്ള പകര്‍ന്നാട്ടം. അത്രമേല്‍ പക്വവുമാണ് സാധനയുടെ പ്രകടനം.
തന്റെ ലോകത്തേക്കാള്‍, തനിക്ക് ചുറ്റുമുള്ളവര്‍ ഉള്‍പ്പെടുന്ന ലോകത്തെ ഉള്‍ക്കൊളളുന്ന മനുഷ്യനായാണ് അമുദവനെ ചിത്രീകരിച്ചിരിക്കുന്നത്. മകളെ മനസിലാക്കാതെയും ഉള്‍ക്കൊള്ളാതെയും പോകുന്നവരോടും അയാള്‍ക്ക് പരിഭവമില്ല, വിജിയോട് നിര്‍ണായക സന്ദര്‍ഭത്തില്‍ അമുദവന്‍ പറയുന്ന സംഭാഷണത്തില്‍ (സ്‌പോയിലര്‍ അലര്‍ട്ട് ആയതിനാല്‍ രംഗവിശദീകരണം ഒഴിവാക്കുന്നു), റാം കഥാപാത്രനിര്‍മ്മിതിയില്‍ പുലര്‍ത്തിയ സൂക്ഷ്മതയുണ്ട്.
148 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം ഇമോഷണല്‍ ഡ്രാമയാണ്, ഒട്ടുമേ മെലോഡ്രാമയല്ല. സിനിമാറ്റിക് ആയി വൈകാരിക ലോകം സൃഷ്ടിക്കുമ്പോള്‍ കഥാപാത്രസൃഷ്ടിയിലും സംഭാഷണങ്ങളിലും രംഗസൃഷ്ടിയിലുമെല്ലാം അതിവൈകാരികത ഇരച്ചുകയറുന്നതാണ് പലപ്പോഴുമുള്ള അനുഭവം. ആഖ്യാനത്തെ ഇത് ദുര്‍ബലപ്പെടുത്തുകയും ചെയ്യും. സീന്‍ കൊറിയോഗ്രഫിയിലും കാസ്റ്റിംഗിലും സംഭാഷണങ്ങളിലുമെല്ലാം ചലച്ചിത്രകാരന്റെ ഇടപെടല്‍ സുപ്രധാനമാണ്. അക്കാര്യത്തില്‍ റാം ആദ്യം വിജയിക്കുന്നത് മമ്മൂട്ടിയെന്ന നടന്റെ കാസ്റ്റിംഗിലാണ്. രണ്ടാം വിജയം സാധനയുടെ കാര്യത്തിലും. അഞ്ജലി അമീറും, അഞ്ജലിയും തുടങ്ങി പിന്നീടുള്ള ഓരോ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലും കൃത്യതയുടെ വിജയമുണ്ട്.
റാം എന്ന സംവിധായകന്‍ ലിംഗരാഷ്ട്രീയത്തെയും, ലൈംഗികതയെയും, സ്ത്രീപക്ഷരാഷ്ട്രീയത്തെയുമൊക്കെ എത്രത്തോളം പുരോഗമനപരമായാണ് സമീപിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ആര്‍ത്തവം അയിത്തമെന്ന് ചിന്തിക്കുന്നവരുടെ എണ്ണത്തിലും കുറവില്ലെന്നിരിക്കെ കേവലമൊരു ജൈവിക പ്രക്രിയയായി ആര്‍ത്തവത്തെ ഉള്‍ക്കൊള്ളുന്ന അച്ഛന്‍ കഥാപാത്രത്തെ/ ആണ്‍ കഥാപാത്രത്തെ റാം സൃഷ്ടിച്ചിരിക്കുന്ന വിധവും അയാളെ ആ ചിന്തയിലേക്ക് പരുവപ്പെടുത്തുന്ന രംഗങ്ങളും അത്രമേല്‍ പ്രസക്തമാണ്. സ്ത്രീകളിലെ ശാരീരികമായ ഈ സവിശേഷത തന്നിലെ പുരുഷനും പിതാവും തിരിച്ചറിയേണ്ടതുണ്ടെന്ന് മനസിലാക്കുന്ന അമുദനെയാണ് റാം അവതരിപ്പിക്കുന്നത്. തികച്ചും സ്വാഭാവികമായാണ് ഈ രംഗങ്ങളുടെ അവതരണമെന്നതും എടുത്തുപറയേണ്ടത് തന്നെ. ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായ മീരയെ അവതരിപ്പിക്കുന്നതിലും അവരുടെ ജീവിതം സ്വാഭാവികമായി ചിത്രീകരിച്ചിടത്തുമുണ്ട് റാമിലെ ചലച്ചിത്രകാരന്റെ സത്യസന്ധതയും ഉള്‍ക്കാഴ്ചയും. നല്ല രീതിയില്‍ ഗവേഷണം നടത്തിയാണ് കഥാപാത്രസൃഷ്ടിയും ട്രാന്‍സ് സമൂഹത്തിന്റെ ജീവിതപരിസരങ്ങളുടെ അവതരണവുമെന്ന് മനസിലാകും. മീര തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്ന ഒറ്റ രംഗത്തിന് ആഴവുമേറെ. സിനിമയിലെ പാപ്പായും വിജിയും ആദ്യഭാര്യയും ഉള്‍പ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളുടെ വ്യാഖ്യാനവും രാഷ്ട്രീയമാനങ്ങളോടെയാണ്. സ്ത്രീയെയും പുരുഷനെയും ലൈംഗികതയെയുമൊക്കെ പ്രകൃതിയുമായി ബന്ധിപ്പിച്ചാണ് റാം അവതരിപ്പിച്ചിരിക്കുന്നതും.
ആഖ്യാനഘടനയിലുംം ക്രാഫ്റ്റിലും റാമിന്റെ മുന്‍സിനിമകളില്‍ നിന്ന് ഉയരെയാണ് പേരന്‍പ്. രണ്ടാംപകുതിയേലേക്കെത്തുമ്പോള്‍ ഗാനശകലങ്ങള്‍ പശ്ചാത്തല സംഗീതമായി കടന്നുവരുമെങ്കിലും അക്വസ്റ്റിക് ഗിത്താറില്‍ നിന്നൊഴുകുന്ന ഹൃദ്യസംഗീതമാണ് പേരന്‍പിന്റെ ഭാവാന്തരീക്ഷം. റാമിന്റെ മുന്‍സിനിമകളെ പിന്തുടരുന്നവര്‍ക്ക് അമുദവന്റെയും പാപ്പായുടെയും യാത്ര ചില രംഗങ്ങളിലെങ്കില്‍ ദുരന്തത്തിലേക്ക് അടുക്കുകയാണോ എന്ന സന്ദേഹമുണ്ടാകും. അവിടെയും റാം അമുദവന്
ബാറ്റണ്‍ വിട്ടുകൊടുക്കുകയാണ്. പേരന്‍പിന് റാം നല്‍കിയ ഇംഗ്ലീഷ് പേര് resurrection (ഉയിര്‍ത്തെഴുന്നേല്‍്പ്പ) എന്നാണ്.
പൂര്‍ണതയുണ്ടെന്ന് പൊതുബോധം വിശ്വസിക്കുന്ന മനുഷ്യരെക്കാള്‍ ഉള്‍ക്കാഴ്ചയുള്ള ചിലരിലേക്കുള്ള യാത്രയുമാണ് പേരന്‍പ്.
സിനിമയില്‍ ഭൂരിഭാഗം സമയത്തും പാപ്പായെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിശ്ചയമില്ലാത്ത, അത്തരം ശ്രമങ്ങളേറെയും പരാജയപ്പെടുന്ന പിതാവാണ് അമുദവന്‍. അയാള്‍ പരിഭവപ്പെടുന്നതും, നിസംഗതയിലേക്കും നിസഹായതയിലേക്കും
പിന്‍വലിയുന്നതുമെല്ലാം അമുദവന്‍ എന്ന കഥാപാത്രത്തിന്റെ പ്രകനടത്തിലൂടെ മാത്രം വിവരിക്കപ്പെടേണ്ടതാണ്. അമുദവന്റെ ഭാവവിന്യാസങ്ങളില്‍ കൂടെയാണ് റാമിന്റെ കഥ പറച്ചില്‍ നടക്കുന്നത്. മമ്മൂട്ടിയില്ലെങ്കില്‍ പേരന്‍പ് ഉപേക്ഷിക്കുമായിരുന്നുവെന്ന സംവിധായകന്റെ വാക്കുകള്‍ അതിശയോക്തിയല്ലെന്ന് അതുകൊണ്ട് തന്നെ അനുഭവപ്പെടുത്തുന്നുണ്ട് സിനിമ. താന്‍ അനുഭവിക്കുന്ന ശൂന്യതയെക്കാള്‍ എത്രയോ ഇരട്ടിയാണ് മകള്‍ ഓരോ നിമിഷവും നേരിടുന്ന പ്രതിബന്ധങ്ങളെന്ന് തിരിച്ചറിയുന്ന നിമിഷത്തിലാണ് അമുദവന്‍ അയാളിലെ അച്ഛനെ വീണ്ടെടുക്കുന്നത്. താരതമ്യമോ, സാമ്യമോ സാധിക്കാത്തത്ര ഭാവഭദ്രവുമാണ് പേരന്‍പിലെ മമ്മൂട്ടി. മകള്‍ക്ക് തന്നോടുള്ള അപരിചിതത്വവും അകലവും മാറ്റാനായി, പാപ്പയെ സന്തോഷിപ്പിക്കാനായി അമുദന്‍ അവള്‍ക്ക് മുന്നില്‍ സാധ്യമാകുന്നതെല്ലാം ചെയ്യുന്നൊരു സിംഗിള്‍ ഷോട്ടുണ്ട്. പല ഭാഷകളിലായി പാടുന്ന, പാട്ടിനൊത്ത് പലമട്ടില്‍ ചുവടുവയ്ക്കുന്ന, ഒടുവില്‍ അവള്‍ക്ക് പരിചിതമായൊരു ശബ്ദത്തിലേക്ക് തിരിച്ചുവരുന്നു. അതും ഫലിക്കാതെ വരുമ്പോള്‍ നിസഹായത ശരീരഭാഷയാക്കി, ഇടറിയും, ഹൃദയം പൊടിഞ്ഞും,ഉള്ളിലെ സങ്കടക്കലടത്രയും പുറന്തള്ളുന്നൊരു ശൂന്യനായ മനുഷ്യന്‍. അമുദവനെ നിശ്വാസത്തില്‍ പോലും വിട്ടുപോകാതെയാണ് മമ്മൂട്ടിയുടെ പെര്‍ഫോര്‍മന്‍സ് എന്ന് മനസിലാകുന്ന രംഗം കൂടിയാണിത്. കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ, ഉള്ളു തുറന്ന് ഇടപെടാന്‍ പോലും ഒരാളില്ലാത്ത ഏകാന്തതയില്‍ അമുദവന്‍ പുലര്‍ത്ത നിസംഗതയെ സ്വാംശീകരിക്കുന്ന ഭാവസൂക്ഷ്മത കാണാം. പുറമേക്ക് അഭിനയിക്കുന്നതിനേക്കാള്‍ കഥാപാത്രത്തെ ആഴത്തില്‍ ഉള്‍ക്കൊണ്ട് ഇടപെടുകയാണ് മമ്മൂട്ടി. അമുദവന് അയാളുടെ തേങ്ങലുകളെയും ഉള്‍വ്യഥയെയും പരിഭവങ്ങളെയും തുറന്നുവിടേണ്ടത് തനിക്ക് മുന്നില്‍ തന്നെയാണ്. അല്ലെങ്കില്‍ പ്രകൃതിക്ക് മുന്നിലാണ് അമുദവന്റെ വിനിമയങ്ങളത്രയും. മമ്മൂട്ടി എന്ന നടന് മേല്‍ കഥാപാത്രമെന്ന നിലയ്ക്കുള്ള ദൗത്യം വലുതാണ്. മുമ്പ് കൈകാര്യം ചെയ്യാത്തൊരു കഥാപാത്രസൃഷ്ടിയുമാണ് ഈ രീതിയില്‍ നോക്കിയാല്‍ അമുദവന്‍.
ശബ്ദനിയന്ത്രണത്തിലും, വൈകാരികതയുടെ ഭിന്നതലങ്ങളെ വോയ്‌സ് മോഡുലേഷനിലൂടെ പ്രതിഫലിപ്പിച്ചും മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ മുന്നേറിയിട്ടുണ്ട്. ന്യൂഡല്‍ഹിയുടെ ജികെ നിര്‍ണായക വേളകളിലെല്ലാം ശബ്ദമായി മാത്രമാണ് മമ്മൂട്ടിയുടെ പൗരുഷ നായകത്വമായി നിലനിന്നിരുന്നത്. ഇവിടെ നിസംഗതയില്‍ നിശബ്ദനായ അമുദന്‍, അയാള്‍ ഒച്ചയിട്ട് കരഞ്ഞാല്‍ പാപ്പാ അറിയുകയോ, ഉണരുകയോ ചെയ്യും. ഒരു അഭിനേതാവ് എന്ന നിലയ്ക്ക് മമ്മൂട്ടിക്കുള്ള ആനുകൂല്യങ്ങളെ കൂടെ വെട്ടിച്ചുരുക്കിയാണ് റാം അമുദവനെ സൃഷ്ടിച്ചിരിക്കുന്നത്. ഉള്ളില്‍ തേങ്ങുന്ന, വിങ്ങുന്ന, നെഞ്ചു പൊടിഞ്ഞു നില്‍ക്കുന്ന മനുഷ്യനെ അതുല്യമാക്കിയിട്ടുണ്ട് ഈ വേളകളില്‍ മമ്മൂട്ടി.
അഞ്ജലി അമീര്‍ അവതരിപ്പിച്ച മീര എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ഗംഭീര പെര്‍ഫോര്‍മന്‍സിന്റേതുമാണ്. മനുഷ്യരെ നിസ്വാര്‍ത്ഥമായി മനസിലാക്കുന്നതില്‍ വിജയിക്കുന്ന കഥാപാത്രങ്ങളായി റാം ചിത്രീകരിച്ചിരിക്കുന്നത് പാപ്പായെയും മീരയെയുമാണ്. പ്രിയപ്പെട്ട സിനിമകളുടെ പട്ടികയില്‍, മമ്മൂട്ടിയെന്ന നടന്‍ പ്രകടനത്താല്‍ അമ്പരപ്പിച്ച സിനിമകളുടെ പട്ടികയില്‍ തലപ്പൊക്കമുണ്ടാകും പേരന്‍പിന്. നഗരവും കാടും പ്രകൃതിയുമെല്ലാം മനുഷ്യര്‍ അവയുടെ ഭാവത്തിനൊത്ത് ഇടപഴകുമ്പോഴാണ് പ്രശാന്തവും സുന്ദരവുമാകുന്നതെന്ന് പ്രഖ്യാപിക്കുന്നുണ്ട് റാം. വൈദ്യുതിയും വാര്‍ത്താ വിനിമയ സൗകര്യങ്ങളുമില്ലാത്ത വനപ്രദേശത്തെ ഒറ്റവീട്ടില്‍ നിന്ന് അമുദവന്‍ പുറത്താക്കപ്പെടുന്നത് പ്രകൃതിയുടെ ദയാരാഹിത്യം കൊണ്ടല്ല, പ്രകൃതിയെ രൂപപ്പെടുത്തുന്ന മനുഷ്യരുടെ കനിവില്ലായ്മയില്‍ ആണ്.
കയ്യൊതുക്കത്തോടെ വൈകാരിക പ്രതലമൊരുക്കുന്നതിലും, സംഗീതാര്‍ദ്രമായുള്ള രംഗസൃഷ്ടിയിലും സംഭാഷണങ്ങളേക്കാള്‍ പ്രകടനങ്ങളില്‍ ഊന്നിയുള്ള ആഖ്യാനത്തിലും തര്‍ക്കോവിസ്‌കിയന്‍ ശൈലിയെ പ്രചോദനമാക്കി റാമിനെ കാണാം.തേനി ഈശ്വര്‍ എന്ന ഛായാഗ്രാഹകനെയും യുവന്‍ ഷങ്കര്‍ രാജയെയും മികച്ച രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട് റാം. മെര്‍ക്ക് തൊടര്‍ച്ചി മലൈയ്ക്ക് ശേഷം തേനി ഈശ്വരിന്റേതായി പുറത്തുവരുന്ന സിനിമയാണ് പേരന്‍പ്. ആളുകളില്‍ നിന്ന് അകന്നുള്ള റാമിന്റെയും പാപ്പായുടെയും ജീവിതം ചിത്രീകരിക്കുമ്പോള്‍ പ്രകൃതി മനോഹാരിതയുടെ വൈഡ് ഫ്രെയിമുകളില്‍ രണ്ട് ധ്രുവങ്ങളില്‍ കഴിയുന്ന മനുഷ്യരായാണ് പാപ്പായെയും അമുദവനെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. നഗരത്തിലെത്തുമ്പോള്‍ തേനിയുടെ ദൃശ്യപരിചരണരീതിയിലും ആഖ്യാനരീതിയില്‍ വരുന്ന മാറ്റം അനുഭവപ്പെടുന്നുണ്ട്.
നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ് പേരന്‍പ്. അത് കണ്ണീര്‍ക്കഥയോ, ദുരന്തനാടകമോ അല്ല, ഉറവയുടെ തണുപ്പുള്ള ആര്‍ദ്രാനുഭവമാണ്.
copied