04/04/2022
ബിജെപിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യന്‍ ആര്‍മി അനുഭവിക്കുന്നത് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ആള്‍ക്ഷാമം. ഒരു ലക്ഷത്തിലധികം ഒഴിവുകളാണ് നിലവില്‍ സേനയില്‍ നിലനില്‍ക്കുന്നത്. പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും രാജ്യം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സേനയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ പട്ടാള ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കപ്പെടാതെ നില്‍ക്കുന്നത്.
1,04,653 ഒഴിവുകളാണ് ഇന്ത്യന്‍ ആര്‍മിയില്‍ നിലവിലുള്ളതെന്നാണ് കഴിഞ്ഞ ഡിസംബറില്‍ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പാര്‍ലമെന്ററില്‍ വ്യക്തമാക്കിയത്. 7,476 ഓഫീസര്‍മാരുടെയും 97,177 ജവാന്മാരുടെയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഫീല്‍ഡ് ഓപ്പറേഷനുകളിലുള്‍പ്പെടെ നിര്‍ണായക സ്ഥാനമുള്ള ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരുടെയുള്‍പ്പെടെ നിരവധി ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നത് സേനയില്‍ വലിയ പ്രതിസന്ധികള്‍ക്കിടയാക്കും.