16/01/2025
ഇന്ന് ഇവിടെ ജനാധിപത്യ സംവിധാനത്തിന്റെ മറവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അരാഷ്ട്രീയാധിപത്യത്തിന്റെ പോരിടങ്ങളാക്കി മാറ്റിയിരിക്കുന്നു. അതിലുപരി ആശങ്കയുണര്‍ത്തുന്നതാണ് ജാതി-മത-തീവ്രവാദാശയങ്ങളുടെ വിലനിലവാരമുള്ള കമ്പോളങ്ങളായി കലാലയങ്ങള്‍ മാറി എന്നതും. ഇതു പറയുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കോ അദ്ധ്യാപകര്‍ക്കോ ഒന്നും രാഷ്ട്രീയം പാടില്ല എന്നല്ല. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രാഷ്ട്രീയവിമുക്തമാവണമെന്നുമല്ല. പക്ഷേ ജനാധിപത്യത്തിന്റെ അര്ത്ഥവിചാരങ്ങള്ക്ക് കരുത്തേകുന്ന സ്വതന്ത്രവും നിര്ഭീകവുമായ രാഷ്ട്രീയാവബോധത്തിന്റെ ഖനിനിക്ഷേപങ്ങളായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാറണം. ഇപ്പോഴെന്നല്ല ഒരിക്കലും നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈ ഒരു തലത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്നതാണ് നേര്. ഇതിന് തെളിവല്ലേ പില്ക്കാലത്ത് ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ കേരളത്തിന്റെ സംഭാവന ശുഷ്ക്കിച്ച് ചൂട്ടുമട്ടമായിപ്പോയത്. കുറവുപറയരുതല്ലോ, അധ്യാപകരുടെ കൈവെട്ടാനും അദ്ധ്യാപികമാരെ വസ്ത്രാക്ഷേപം ചെയ്ത് തെറിയഭിഷേകം നടത്താനും അവര്‍ക്കായി പ്രതീകാത്മക ശവക്കുഴിമെനയാനുമൊക്കെ വിദ്യാര്‍ഥികള്‍ നേടിയെടുത്ത പ്രായോഗിക രാഷ്ട്രീയപടുത നിസ്സാരമല്ല! അതു മറക്കാനും പാടില്ല.
കാലിയാകുന്ന കലാലയങ്ങള്‍-ഡോ. ജി. പ്രഭ
read@ https://kesariweekly.com/46800/