07/04/2020
അനുഭവിച്ചറിഞ്ഞ അനുഭവകഥ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ജയകാന്തന്റ വയലിൻ കമ്പികൾ .........................................
ഒരു തെങ്ങിൽ തോപ്പിലാണ് ആ കള്ളുഷാപ്പ് ..
കള്ളിനു മാത്രമല്ല ഷാപ്പുകറികൾക്കും പേരുകേട്ടതാ...
പക്ഷേ .. ആ ഷാപ്പിനു ഒരു പ്രത്യേകത ഉണ്ട്...
എപ്പോഴും ശോകമുകമാണ് .. കുടിയൻമാരുടെ ബഹളമേ ഇല്ല ...
മറിച്ച് സങ്കടത്തിന്റെ ഓവുചാലുകീറി ജയകാന്തൻ എന്ന അറുപതുകാരൻ എപ്പോഴും വയലിൻ വായിച്ചിരിക്കും
കേട്ടപ്പോൾ അൽഭുതം തോന്നി
അപ്പോൾ കാണണമെന്നു തോന്നി
എന്റെ ബാല്യകാല സുഹൃത്ത് ആൻറപ്പനു പോലീസിൽ ജോലി കിട്ടിയപ്പോൾ അതിന്റെ സന്തോഷം ഈ ഷാപ്പിൽ വച്ചു പങ്കിടാൻ തീരുമാനിച്ചു...
ആഹാരം അന്നും ഇന്നും എനിക്ക് ദൗർബല്യമാണ്
പ്രത്യേകിച്ച് കപ്പയും പോത്തു കറിയും.''
ഷാപ്പിൽ ചെന്നപ്പോഴേ പുറത്തൂന്നു വയലിന്റെ സംഗീതം കേട്ടു .. ''
എന്തോ മാസ്മരികതാ.''
അകത്തേക്കു ചെന്നപ്പോൾ ഒരു കുടിയൻ കരയുന്നു.'' ... കൂടെ കുടിക്കുന്നു ....
അയാൾ മാത്രമല്ല... പലരും
മരണവീടിന്റെ പശ്ചാത്തലവും ... ശവക്കോട്ടയിലെ മുകതയും ...
ഇങ്ങനെയും ഷാപ്പോ ....
ഞങ്ങൾ ആ മനുഷ്യനെ നോക്കി ...
കണ്ണെടുക്കാതെ ....
കൈ ലിമുണ്ടും നിറം പോയ ഒരു ഷർട്ടും ....മേലേ ചേരാത്ത ഒരു പഴഞ്ചൻ ഓവർ കോട്ടും ...
ഉരുണ്ട മണൽപരപ്പിനെ ഓർമ്മിപ്പിച്ചു തല
അയാൾ എല്ലാം മറന്ന് വയലിൻ മീട്ടുകയാണ്..
സത്യം പറയട്ടെ... കേട്ടിരുന്നു പോകും ...
ടൈറ്റാനിക്ക് സിനിമയിൽ രക്ഷപെടാമാ യിരുന്നിട്ടും അതിനു ശ്രമിക്കാതെ യാത്രക്കാർക്കു വേണ്ടി വയലിൻ വായിക്കുന്ന വയലിനിസ്റ്ററിനെ വെറുതെ ഓർത്തു
ഷാപ്പിലെ മനേജർ സോമൻ ചേട്ടനാ പറഞ്ഞത് ...
നാലു വർഷായി ഇവിടെ കുടിയിട്ടു .. ''
അങ്ങനെ ആരോടും മിണ്ടാറില്ല.''
ഇപ്പോൾ ഈ സംഗീതമാണ് ഈ ഷാപ്പിന്റ പ്രത്യേകത...
വരുന്നവരൊക്കെ വയലിൻ കേട്ടിരിക്കുംiiiചിലർ കരയും ..ചില കിടന്നു ഉറങ്ങിപ്പോകും ....
സോമൻ ചേട്ടൻ മൊത്തത്തിൽ അവിടുത്തെ പറ്റി അവലോകനം ചെയ്തു പറഞ്ഞു...
എന്റെ സാറുമാരെ ... എന്റെ മകളുടെ കല്യാണത്തിനു എത്ര ശ്രമിച്ചിട്ടുംമുഖത്തു ചിരി വന്നില്ല... ദിവസവും ഇതു കേട്ടു കേട്ടു ചിരിക്കാൻ മറന്നു പോയി...
സോമൻ ചേട്ടൻഅവസാനം പറഞ്ഞ കാര്യം സത്യമാണെന്നു എനിക്കും തോന്നി
എങ്കിലും അയാൾക്കതിൽ നിരാശയേ ഇല്ലെന്നു എനിക്കു തോന്നി ..
ചിരിക്കുന്ന മുഖങ്ങളെ ആഷാപ്പിൽ ഞാൻ കണ്ടില്ല.. -
എന്തോ ...ജയകാന്തൻ എന്ന വയലിനിസ്റ്റിനെ ഒന്നു പരിചയപെടണമെന്നു തോന്നി...
ആന്റപ്പൻ തെങ്ങിൻ കള്ളിൽ മീൻചാറു ഒഴിച്ച് കുടിക്കുമ്പോൾ ഞാൻ ചിന്തിച്ചത് ജയകാന്തനെ കുറിച്ചു കൂടുതൽ അറിയാനാ ...
ആകാശദൂത് സിനിമയിലെ രാപ്പാടി ... കേഴുന്നുവോ.'' .. എന്ന പാട്ടിന്റെ വയലിൻ സോളോ അടുത്ത മുറിയിലെ ഒരു കൂട്ടം കുടിയൻമാർക്കു മുന്നിൽ മീട്ടുന്ന ജയകാന്തൻ...
അതിന്റെ ലഹരിയോ ... കള്ളിന്റെ ലഹരിയോ ... അവർ പരസ്പരം കെട്ടിപിടിക്കുന്നു ...
അപ്പോ ദാ വരുന്നു കുര്യച്ചൻറ വരവ്.''..
അയാളെ എനിക്കറിയില്ല... സോമൻ ചേട്ടന്റ പറ്റുപടി കാരൻ
ഒരു കുപ്പി കള്ളു തന്നാൽ ജയകാന്തനെ പറ്റി പറയാം സാറെ.'' ... ഞാനല്ലേ ഇവിടെ കൊണ്ടുവന്നു ആക്കിയത്.. ''
ആൻറപ്പൻ പോലീസാണെന്നറിഞ്ഞപ്പോൾ കുര്യച്ചനു കള്ളു വേണ്ടന്നായി...
പക്ഷേ വാങ്ങി കൊടുത്തു.. ''
അതു കുടിച്ചപ്പോൾ കുര്യച്ചൻ ജയകാന്തന്റ ഭൂതകാലം ഞങ്ങൾക്കു മുന്നിൽ ഗ്ലാസിലേക്കൊഴിക്കും പോലെ ഒഴിച്ചു തന്നു....'......................................
ജയകാന്തനെ പറ്റി കുര്യച്ചൻ പറഞ്ഞത്.. '''''''........................................
കുര്യച്ചനു ആ നാട്ടിൽ ഒരു പേരുണ്ട് ..ഉടായിപ്പ് ...
ആരും കൈവെക്കാത്ത ഉടായിപ്പാണ് അയാളിൽ ..
ഏതു കടയിലും ചെന്ന് സാധനങ്ങൾ ഓർഡറു ചെയ്യും .. മീനൊക്കെ കിലോ കണക്കിനു മുറിപ്പിക്കും ... എടുത്തോ ,ഇപ്പ വരാം എന്നു പറഞ്ഞ് കുര്യച്ൻ പോകും ...
പിന്നെ ആ കടയിലേക്കു വരില്ല...
ഇങ്ങനെ എത്ര കടകൾ ..
എത്ര സാധനങ്ങൾ ...
എത്ര സ്ഥലങ്ങളിൽ ...
തല്ലു കിട്ടിയിട്ടും നിർത്താതെ പുതിയ പുതിയ ദേശങ്ങളിലേക്കു കുര്യച്ചൻ പോയി
ചെയ്യുന്നതെന്തിന് വേണ്ടി എന്നു അയാൾക്കറിയില്ലാരുന്നു.. ''
ത്രിശ്ശൂർ ശക്തൻ സ്റ്റാൻഡിൽ ' ഉടായിപ്പിനു വേണ്ടി കട തിരഞ്ഞു നിൽക്കുമ്പോളാ വയലിൻ വായിച്ചിരിക്കുന്ന ജയകാന്തനെ കുര്യച്ചൻറ കണ്ണിൽ പെട്ടത്.i
ഇന്നത്തെ തന്റെ ഇര ഇയാളാകെട്ടെന്നു കരുതി കുര്യച്ചൻ ജയകാന്തിനെ സമീപിക്കുന്നു
ചില പാട്ടുകളുടെ പേരു പറഞ്ഞിട്ടു വയലിനിൽ പാടാൻ ആവശ്യപെടുന്നു
ആ പാട്ടുകൾ മനോഹരമായി വയലിനിൽ ജയകാന്തൻ മീട്ടി ...
ആളുകൾ അതിൽ ലയിച്ചു
ആദ്യമായി കുര്യച്ചൻ ഒരാൾക്കു മുന്നിൽ തോറ്റു ..
വയലിൽ സംഗീതത്തിനു മുന്നിൽ ..
കുര്യച്ചൻ കൈയിലുള്ള135 രുപ അതേപടി എടുത്തു കൊടുത്തു.. '
ജയകാന്തൻ വാങ്ങിയില്ല..
അന്നു രാത്രി സ്റ്റാൻഡിലെ ഒഴിഞ്ഞ ബസുകൾക്കിടയിൽ ഇരിക്കുമ്പോൾ ജയകാന്തൻ വയലിൻ വായിച്ചു....
കേട്ടിരുന്ന കുര്യച്ചൻ ജീവിതത്തെപ്പറ്റി ഓർത്തു വിഷമിച്ചു.''
മഴയുള്ള ആ രാത്രിയിൽ കറന്റു പോയി
ഇരുട്ടിൽ മുഖമറിയാതെ അവർ സുഹൃത്തുക്കളായി ...
സാറെ .. ആരാത്രിക്കു ശേഷം ഞാൻ ഉടായിപ്പു നിർത്തി സാറെ.'' ..
കുര്യച്ചൻ അടുത്ത ഗ്ലാസ്സ് വായിലേക്കൊഴിച്ചു ...
ആന്റപ്പനു ദേഷ്യം
താൻ ജയകാന്തന്റ ജീവിതം പറയെടോ ...
ഇപ്പോൾ ആൻറപ്പൻ എന്നേക്കാൾ ഫോമിലായി...
കുര്യച്ചൻ പാഞ്ഞു തുടങ്ങി..........................................
കുര്യച്ചനോടു ജയകാന്തൻ പറഞ്ഞു കൊടുത്ത ജീവിതം.....' '............................................
ആലപുഴക്കാരൻ ജയകാന്തൻ തന്റെ ജീവിതത്തിന്റെ 36 വർഷം പുറകോട്ടു ചികഞ്ഞെടുത്തു
കുര്യച്ചനു മുന്നിൽ ...
ആ ഓർമ്മകളിൽ ജയകാന്തൻ ഒരു 24 കാരൻ ആയി ...
അവിടെ അയാൾ ഒരു എൽ എൽ ബി വിദ്യാർത്ഥി ആയിരുന്നു ...
ചെത്തുകാരനായ അപ്പൻ തെങ്ങിൽ നിന്നു വീണു മരിച്ചപ്പോൾ കുടുബം പോറ്റാൻ ജയകാന്തൻ പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ച് തെങ്ങു ചെത്താൻ ഇറങ്ങി ...
നാട്ടിലെ ക്രിസ്താനി പള്ളിയിലെ വികാരി അച്ചന്റെ വീട്ടിലെ തെങ്ങിലും ജയകാന്തൻ തന്നെ ആണ് ചെത്താൻ പോയത് ..
വികാരി അച്ചന്റെ അമ്മച്ചിഎഴുപത്തിരണ്ടുകാരിയായ ശോശാമ്മക്കു ചെത്തി ഇറക്കുന്ന മധുര കള്ളു ഒരു പാട് ഇഷ്ടായിരുന്നു'' ''
വികാരി അച്ചന്റെ പത്തൊൻപതുകാരിയായ അന്നമ്മക്ക് ജയകാന്തനെ സ്കൂളിൽ പഠിക്കുമ്പഴേ ഇഷ്ടാരുന്നു..
ആ പ്രണയം ചെത്താൻ വന്നു തുടങ്ങിയപ്പോൾ അന്നമ്മക്കു വീണ്ടും ജയകാന്തനോടു ഉണ്ടായി..
ശോശാമ്മ കുടിക്കുന്ന മധുര കള്ളിന്റെ മധുരം പോലെ പിരിയാനാവാത്ത വിധം അവർ അടുത്തു .''
അമേരിക്കയിൽ നിന്നുസുവിശേഷ വേലക്കാരന്റ ആലോചന വന്നപ്പോൾ അന്നമ്മ വീട്ടിൽ അവതരിപ്പിച്ചു...
അതോടെ ജയകാന്തന്റ വികാരി അച്ചന്റെ വീട്ടിലുള്ള ചെത്തു നിന്നു...
അന്നു രാത്രിതന്നെ ബണ്ഡു വീട്ടിലേക്കെന്നുപറഞ്ഞ് ട്രാൻസ്പേർട്ട് ബസിൽ ചങ്ങനാശ്ശേരിക്കു വികാരി അച്ചനും ഭാര്യയുംഅന്നമ്മയെ കൊണ്ടു പോയി ...
രാത്രി ഏഴു മണിയോടെ ബസ് എടത്വയിലെത്തിയപ്പോൾ നല്ല മഴ ...
മഴയെന്നു പറഞ്ഞാൽ ഇരുട്ടിലെ വെള്ളിപടർപ്പുപോലെ, അതു പെയ്തു പെയ്തിറങ്ങി...
ഡ്രൈവർ ബസ് റോഡിനു സൈഡുചേർത്തു നിർത്തി..
തനിക്കു ഉറക്കം വരുന്നു .. കുറച്ചു നേരം നിർത്തിയിടണം ...
ഡ്രൈവർ പറഞ്ഞപ്പോൾ ഒരു യാത്രക്കാരൻ വിളിച്ചു പറയുന്നു ...
ഡ്രൈവറുസാറ് കുറച്ചുഉറങ്ങട്ടെ .. അലെങ്കിൽ നമ്മുടെയൊക്കെ ജീവനാ പത്താ.''
ആരെക്കയോ ശരിവെച്ചു
ഡ്രൈവർ ഉറങ്ങി...
പതുക്കെ പതുക്കെ മറ്റുള്ളവരും മയക്കത്തിലേക്കു വീണു...
എപ്പോഴാ കണ്ടക്ടർ ബെല്ലടിച്ചപ്പോഴാണ് വികാരി അച്ചൻ കണ്ണു തുറന്നത്
സീറ്റിലിരുന്ന അന്നമ്മയെ കാണുന്നില്ല ...
ജയകാന്തൻ ആ ബസിൽ നിന്നു അന്നമ്മയെ അടിച്ചു കൊണ്ടു പോകുകയായിരുന്നു
ബസിന്റെ ഡ്രൈവർ ജയ കാന്തന്റെ വകയിലുള്ള അമ്മാവനായിരുന്നു
ആ ബസിൽ അരങ്ങേറിയതു മുഴുവൻ നടകമായിരുന്നു ...
പിറ്റേന്നു അന്ന കുട്ടിയും ജയകാന്തനും തമ്മിൽ കല്യാണം കഴിച്ചു ...
കെട്ടിയ അന്നമ്മുനെ കൊണ്ടു ജയകാന്തൻ നേരേ ഷാപ്പിലേക്കെത്തി..
അവിടെ ഒരു മുറിയിൽ താമസമാക്കി
അതു നാട്ടിൽ വല്യ വാർത്തയായി...
ഒരു ക്രിസ്താനി പെണ്ണിനെ ഒരു ഈഴവ ചെറുക്കൻ ഷാപ്പിൽ താമസിപ്പിക്കുക ..
കരയിളകി ... കരക്കാരു സംഘടിച്ചു .. രണ്ടു ചേരിയായി ....
അതൊരു കലാപത്തിന്റെ വക്കോളമെത്തിയപ്പോൾ അവർ കുട്ടികൾ പേടിച്ചു .
തല്കാലം പിരിഞ്ഞു നിൽക്കുക ..... തീരുമാനം ജയകാന്തൻ തന്നെയാണ് പറഞ്ഞത്
അന്നമ്മ തിരിച്ച് വീട്ടിലെത്തിയപ്പോൾ ജയകാന്തനെ വകവരുത്താൻ ആളിറങ്ങി...
ആ രാത്രിജയകാന്തൻമദ്രാസിലേക്കു നടുവിടേണ്ടി വന്നു
ആറു മാസം കഴിഞ്ഞു ജയകാന്തൻ നാട്ടിലെത്തിയപ്പോൾ വികാരി അച്ചനും കുടുബവും മധ്യപ്രദേശിലേക്കു പോയിരുന്നു
ജയകാന്തൻ തകർന്നതു അവിടെയാ...
അയാളും പോയി അവിടേക്ക് ...'
എവിടെയെക്കയോ അലഞ്ഞു.ii
ആ അലച്ചിലിനിടയിൽ എപ്പോഴോ പഠിച്ചെടുത്തതാണ് വയലിൻ
ആവയലിൻ അന്നമ്മുവാണ്
അതിൽ മീട്ടുന്ന സ്വരം അന്നമ്മുവിന്റെ ശ്വാസമാണ് ...
കഥ പറഞ്ഞു കുര്യച്ചൻ ഞങ്ങളുടെ മുന്നിൽ കരഞ്ഞു പോയി
ഞാനും ആന്റപ്പനും വല്ലാണ്ടായി ....
ഷാപ്പിലെ അടുത്ത മുറിയിലിരുന്ന് ജയകാന്തൻ വയലിൻ വായിക്കുകയാണ്
അന്നമ്മുവിന്റെ നിശ്വാസം അറിയുകയാണ്
പിന്നെ.. എപ്പോഴെങ്കിലും ജയകാന്തൻ അന്നമ്മുവിനെ കണ്ടോ..?
അതിനുള്ള ഉത്തരം കുര്യച്ചൻ അല്ല പറഞ്ഞത്
ജയകാന്തൻ തന്നെ പറഞ്ഞു ..
സോമൻ ചേട്ടൻ ഷാപ്പ sച്ചിട്ടും ഞാനും ആന്റപ്പനും പോയില്ല...
സോമൻ ചേട്ടൻ തന്നെ ജയകാന്തനോടു കാര്യം പറഞ്ഞു
അയാൾ അൽഭുതത്തോടെ എന്നെ നോക്കി ...
ആദ്യമായിട്ടു കാണുന്ന പോലെ .............................................
ജയകാന്തൻ ഞങ്ങളോടു പറഞ്ഞ ബാക്കി ജീവിതം'..........................................
എന്റെ അന്നമ്മുവിനെ ഞാൻ ജീവിതത്തിൽ പിന്നെ ഒരിക്കലും കണ്ടിട്ടില്ല ... ആ ശബ്ദം ഒന്നു കേട്ടിട്ടില്ല ....
അന്നമ്മയെ ഓർത്തു മറ്റൊരു പെണ്ണിനെ ഞാൻ സ്വപ്നം കണ്ടിട്ടില്ല ...
ഈ വയലിൽ കണ്ടോ ... എന്റെ അന്നമ്മുവാ...
മുപ്പത്തഞ്ചു വർഷായി അവളെ കണ്ടിട്ട് ....
അതു പറഞ്ഞപ്പോൾ ജയകാന്തന്റനരച്ച കണ്ണിൽ കണ്ണീരിന്റനനവു് ...
ആദ്യമായി ആ മുഖത്തെ കണ്ണീര് കണ്ടു സോമൻ ചേട്ടനും വല്ലാണ്ടായി ...
പത്തുവർഷം മുൻപ് അന്നമ്മുവിന്റെ വകയിലെ അകന്ന ബന്ധുവിനെ ഞാൻ മുബൈയിൽ വച്ച് കണ്ടു ...
അന്നമ്മുകുടുബമായി ത്രിശ്ശൂർ മണലൂരിൽ താമസിക്കുന്നുണ്ടെന്നു പറഞ്ഞു
തിരക്കിയിറങ്ങാൻ കേരളത്തിലേക്കു ട്രയിനിൽ വരുമ്പോ ഗുണ്ടൂരിൽ വച്ച് ട്രയിനിൽ നിന്നു വീണു ഇടത്തേകലിൻറ പത്തി മറിഞ്ഞു പോയി
അപ്പോഴാണ് ആ കാലു് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത് ...
ആ അപകടത്തിനു ശേഷമാ അന്നമ്മുനെ തേടിയുള്ള യാത്ര അവസാനിപ്പിച്ചത്...
ഇപ്പോൾ അവൾക്കൊരു കുടുബമായി ...
പാവം .. ഭീക്ഷിണിക്കു മുന്നിൽ പിടിച്ചു നിക്കാൻ പററിയിട്ടുണ്ടാവില്ല... അതാ '' ... അവളുടെ ഉള്ളിൽ ഇപ്പോഴും ഞാനാവും.''
എനിക്കു സങ്കടം തോന്നി..
ഇപ്പോഴും ഈ മനസ്സിൽ അന്നമ്മു ആണെന്നു മനസ്സിലായി
പോലീസുകാരനാന്നെങ്കിലും ആൻറ പ്പന്റെ മനസ്സു കൊച്ചു കുട്ടികളുടെ പോലെയാ....
അവനാണ് കാര്യം എടുത്തിട്ടത് ...
ജയകാന്തൻ ചേട്ടനു അന്നമ്മചേച്ചിയെ ഒരിക്കൽ കൂടി കാണണോ...
അങ്ങനെ ഒരു ചോദ്യം അയാൾ ഞങ്ങളിൽ നിന്നു പ്രതീക്ഷിച്ചില്ല
എങ്കിലും അയാൾക്ക് ഉത്തരം ഉണ്ടായിരുന്നു
കാണണം ... നേരിട്ടലെങ്കിലും ഒരു ഫോട്ടോ എങ്കിലും.... മരിക്കുന്നതിനു മുൻപ് അങ്ങനെ ഒരു ആഗ്രഹം മാത്രമേയുള്ളു...
ഞങ്ങൾ അയാളെ നോക്കി ...
അയാൾ കൈകുപ്പി
ആ കൈയിൽ ഞാൻ കയറി പിടിച്ചു ...
കൊണ്ടുവരും.''
ത്രിശ്ശൂർ ട്രയിനിറങ്ങി മണലൂർക്കു പോകുമ്പോൾ എനിക്കും ആന്റോക്കും എങ്ങനെ തുടങ്ങണമെന്നറിയിലായിരുന്നു ..
മണലൂരിൽ നിന്ന് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ജയകാന്തൻ പറഞ്ഞ സ്ഥലത്തെത്താം.''
അവിടെത്തെ പള്ളിയിലാണ് അന്വക്ഷണം ആരംഭിച്ചത്...
അതു ചെന്നു നിന്നത് കോഴിക്കോട് കൊയിലാണ്ടിയിൽ നിന്നു 16 കിലോമീറ്റർ സഞ്ചരിച്ച ഒരു ദേശത്തായിരുന്നു
കണ്ടു ഞങ്ങൾ അന്നമ്മചേച്ചിയെ ...
ജയകാന്തൻ ചേട്ടന്റെ അന്നമ്മുവിനെ ..
നരവീണമുടിയിഴയും പ്രായം കഥ പറഞ്ഞു തുടങ്ങിയ മുഖഭാവത്തോടെയുള്ള ഒരു അൻപത്തഞ്ചുകാരി...
സാമ്പത്തിക ശേഷിയുള്ളവീടിന്റെ പശ്ചാത്തലമായിരുന്നു അന്നമ്മചേച്ചിയുടെ വീടിനു ..
വീടിന്റെ മുന്നിലെ വിശാലമായ പറമ്പിൽ കോഴിഫാം
കോഴി ഓർഡറുചെയ്യാൻ വന്നതാണോ?
ഞങ്ങൾ മിണ്ടിയില്ല...
ഒരു പക്ഷേ, അന്നമ്മചേച്ചി ജയകാന്തൻ ചേട്ടനെ ഓർക്കുന്നുണ്ടാവുമോ ...
ഞാൻ സംശയം മനസ്സിലിട്ടു
ഇന്നു ഒരു കൂട്ടർ വരുമെന്നു മോൻ പറഞ്ഞിരുന്നു ...
ആന്റപ്പൻ ഒരു പോലീസുകാരന്റെ ധൈര്യം കാണിച്ചു ..
ഞങ്ങൾ ജയകാന്തൻ ചേട്ടനു വേണ്ടപ്പെട്ടവരാ.''..
അവരൊന്നു ഞെട്ടിയോ...?
ഞങ്ങളെ കണ്ണെടുക്കാതെ നോക്കി
പിന്നെ സ്വയം എന്തോ ഓർത്തെടുക്കുന്നു
പെട്ടെന്നുള്ള ആവേശ തിരയിളക്കത്തിൽ അവർ ചോദിച്ചു...
എവിടെയാ ആള്.'' ... ജയൻ എവിടെയാ ..
എന്റ കണ്ണുകളും വിടർന്നു
അന്നമ്മചേച്ചിയിലും ഓർമ്മകൾ തിരിച്ചെത്തുന്നു
പെട്ടെന്നാ... സ്ഥലകാലബോധം വന്ന പോലെ അവരിൽ നിശബ്ദത പടർന്നത് ...
ഞങ്ങൾക്കും കാര്യം പിടുത്തം കിട്ടിയില്ല....
അവർ ചുറ്റും നോക്കി ... വീടിനു നേരേ കണ്ണെറിഞ്ഞു ...
അകത്ത് ഭർത്താവുണ്ട്...
മക്കളൊണ്ട് ... പേരകുട്ടിയുണ്ട് ... ഇപ്പോ എന്റെ ലോകം അവർക്കു വേണ്ടിയാ ....
ഞങ്ങൾ വല്ലാണ്ടായി ...
ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചില്ല...
ദൈവത്തെ ഓർത്ത് പറയുകയാ..ഇപ്പോൾ കഴിഞ്ഞ കാലങ്ങൾ ഒന്നും എന്റെ മനസ്സിലില്ലാ... പ്രായത്തിന്റെ എടുത്തു ചാട്ടം ..എന്റെ കുടുബാ എനിക്കു വലുത് ..ജയനും ഒരു കുടുബമായിട്ടു ജീവിക്കുകയായിരിക്കും ..
ഞങ്ങൾ ഞെട്ടി ..
സത്യം വിളിച്ചു പറയാൻ മനസുവെമ്പി ...
നിയന്ത്രിച്ചു...
മക്കളുടെയും മരുമക്കളുടേയും
ഭർത്താവിന്റെയും മുന്നിൽ . അവർ പേടിക്കുന്നതും ഒരു പക്ഷേ അതാവും ....
അവരുടെ കഴിഞ്ഞ കാലം
ഞങ്ങൾ തിരിച്ചിങ്ങി
അന്നമ്മചേച്ചി പുറകീന്നു വിളിച്ചു
ഇനി രെിക്കലും എന്നെ തിരക്കി വരരുത് ... അപേക്ഷയാണ് ...
ഷാപ്പിൽ ഞങ്ങൾ തിരിച്ചെത്തുമ്പോൾ ജയകാന്തന്റെ വയലിൻ സംഗീതം കേൾക്കാമായിരുന്നു
ഞങ്ങളെ കണ്ടപ്പോൾ അയാൾ വായന നിർത്തി
വർഷങ്ങൾക്കു ശേഷമാ നിശബ്ദമായ ഒരു പകല് ഷാപ്പിൽ ഉണ്ടായത്
അയാൾ വയ്യായ്കയിലും ചാടി എണീറ്റു ...
കണ്ടോ മക്കളെ എന്റെ അന്നമ്മൂനെ:...
എവിടെ അവളുടെ ഫോട്ടാ...
ഞങ്ങൾ പരസ്പരം നോക്കി
അതേ ചോദ്യം സോമൻ ചേട്ടനും ചോദിച്ചു.''
പറ സാറെ ..അന്നമ്മ ചേച്ചിയെ കണ്ടോ?
ആന്റ്പ്പനാണു മറുപടിപറഞ്ഞത്
ചേട്ടന്റെ അന്നമ്മചേച്ചി മരിച്ചു പോയി ... നാലുവർഷം മുമ്പ് ...
മഞ്ഞപിത്തമായിരുന്നു
ജയകാന്തൻ ചേട്ടൻ ഞങ്ങളെ നോക്കി.'.
ആന്റപ്പന്റ നുണക്കു സത്യത്തേക്കാൾ ജീവനുണ്ടായിരുന്നു ... അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒലിച്ചിറങ്ങുന്നു
കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു...
ജയകാന്തൻ ചേട്ടൻ കുഞ്ഞിനെ പോലെ കരയുന്നു
സോമൻ ചേട്ടൻ കരയുന്നു
ആ ഷാപ്പു കരയുന്നു ..
കരഞ്ഞു കൊണ്ടു അയാൾ വയലിൻ കയ്യിലെടുത്തു നെഞ്ചിലേക്കൊട്ടി ചേർത്തു ...
തന്റെ അന്നമ്മുവിനെ ചേർത്തു പിടിക്കും പോലെ ..
എന്റെ നെഞ്ചൊന്നു വിങ്ങി
ഷാപ്പിനു പുറത്തേക്കിറങ്ങുമ്പോ ആന്റപ്പൻ പറഞ്ഞു
ലോകത്തിലെ വിഢികളിലൊരാളാ അകത്തു വയലിൻ വായിക്കുന്നെ...
ആന്റപ്പൻ അങ്ങനെ പറയുമ്പോഴും അവൻ റ ശബ്ദം കരഞ്ഞിരുന്നോ?
രണ്ടു വർഷം മുൻപ് ജയകാന്തൻ ചേട്ടൻ മരിച്ചു...
മരിക്കുമ്പോ വ്യദ്ധസദനത്തിലായിരുന്നു
അവസാനമായി എനിക്കുകാണാൻ പറ്റിയില്ല...
ഒരിക്കൽ ഞാൻ വൃദ്ധസദനത്തിൽചെന്നു
അപ്പോൾ അവിടെ ഞാൻ കണ്ടു
ജയകാന്തൻ ചേട്ടന്റെ വയലിൽ...
ഷോക്കേസിൽ വച്ചിരിക്കുന്നു.
ഞാൻ സൂക്ഷിച്ചു നോക്കി
വയലിനിൽ ഞാൻകണ്ടു ... എന്റെജയകാന്തൽ ചേട്ടനെ ..
അന്നമ്മുനെ ചേർത്തു പിടിച്ച് ... ആ നിശ്വാസം അനുഭവിച്ച് .:..
തിരിച്ചിറങ്ങി നടക്കുമ്പോൾ വയലിന്റെ സംഗീതം എനിക്കു ചുറ്റും നിറയുന്നു
മഴയായി...
ആ മഴയിലൂടെ ഞാൻ നടന്നു....
Note - ആ ഷാപ്പ് ഇന്നവിടെ ഇല്ല.
"ഒറിഗാമി - "ORIGAMI"