10/25/2024
സ്വ. ലേ. മാരിലെ സൂപ്പർസ്റ്റാർ
എക്കാലവും പത്രങ്ങളുടെ 'ശക്തിയും ബലഹീനതയു'മാണ് പ്രാദേശിക ലേഖകർ. ചിലയിടത്ത് പാർട്ട് ടൈമർമാർ, ചിലയിടത്ത് സ്ട്രിങ്ങർമാർ. പലപ്പോഴും സ്വ. ലേ. എന്ന ഈ സ്വന്തം ലേഖകന്മാർ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പത്രത്തിന്റെ നാട്ടിലെ ഏജന്റോ പ്രാദേശിക ലേഖകനോ ആകാം. അതുംകഴിഞ്ഞെ അവർക്ക് സച്ചിദാനന്ദമൂർത്തിയും കെ. ആർ. ചുമ്മാറുമൊക്കെയുള്ളു… കേരളരാഷ്ട്രീയത്തെ ഒരു കാലത്ത് ഉള്ളൻകയ്യിലിട്ട് അമ്മാനമാടിയ ചുമ്മാർസാർ ഒരു നാട്ടിൻപുറത്ത് എത്തിയാലും അവിടുത്തുകാരെ സംബന്ധിച്ചിടത്തോളം സ്വ. ലേ. കഴിഞ്ഞിട്ടെ ഇവർക്കു സ്ഥാനമുണ്ടാകൂ. പിന്നെ രാഷ്ട്രീയ നേതാക്കളിൽ പലരുടെയും പിറവി ഇവരുടെ പേനത്തുമ്പിൽനിന്നാകും… ഇന്നും അതിന് മാറ്റമുണ്ടാവില്ല.
പലരും കുറച്ചുകാലത്തക്കാകും ഈ കുപ്പായമണിയുക. മറ്റൊരു ജോലി കിട്ടുംവരെ, ഗൾഫിൽ പോകുംവരെ, അതുമല്ലെങ്കിൽ മാധ്യമസ്ഥാപനങ്ങളിൽ സ്റ്റാഫ് ആകുംവരെയൊക്കെ… പ്രാദേശിക ലേഖകനായിരിക്കെ ഉണ്ടാക്കിയ ബന്ധങ്ങളിൽനിന്നു വലിയ ഉദ്യോഗത്തിലേക്കു പോയവർ ഉൾപ്പെടെ ഇത്തരത്തിൽ പലർക്കൊപ്പവും ജോലി ചെയ്യാനും പ്രവർത്തിക്കാനുമൊക്കെ സാഹചര്യമുണ്ടായിട്ടുണ്ട്.
ഈ കുറിപ്പിനൊപ്പമുള്ള പത്രക്കുറിപ്പിലെ കൃഷ്ണേട്ടൻ മലയാള മനോരമയുടെ ചാലക്കുടിയിലെ ന്യൂസ് റപ്രസന്റേറ്റീവ് ആയിരുന്നു. സ്വ. ലേയും പ്രാദേശിക ലേഖകനുമൊക്കെ മാറി ന്യൂസ് റപ്രസന്റേറ്റീവ് ഒക്കെ ആയതുതന്നെ സമീപകാലത്താണ്. അതിനുപിന്നിലും പിന്നാമ്പുറ കഥകൾ ഏറെ…
എന്തായാലും ഏഴു പതിറ്റാണ്ടോളം ഒരു പത്രസ്ഥാപനത്തിന്റെ സ്ഥലത്തെ പ്രധാന പയ്യൻസ് ആകുകയെന്നതു കുട്ടിക്കളിയല്ല. ലോയൽറ്റി അഥവാ വിശ്വസ്തത, അതാണ് എല്ലാമെല്ലാം. ആ അർഥത്തിൽ ന്യൂസ് റപ്രസന്റേറ്റീവുമാരിലെ മെഗാ സ്റ്റാറാകും കൃഷ്ണേട്ടൻ. മനോരമയുമായി ചേർന്നു പ്രവർത്തിക്കുംമുൻപേ പല പത്രങ്ങളിലും കൃഷ്ണേട്ടൻ അൻപതുകൾക്കു മുൻപ് പ്രവർത്തിച്ചിരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവാണ്. ഒരു ട്രെയിനി റിപ്പോർട്ടർ ഏതെങ്കിലും യൂണിറ്റിൽ ചെന്നാൽ, അവർ ഏറ്റവുമധികം ബന്ധപ്പെടേണ്ടിവരിക പ്രാദേശിക ലേഖകരെയാകും. എന്റെ തൃശൂർ കാലത്ത് സ്പോർട്സ് ആയാലും രാഷ്ട്രീയം ആയാലും പല കാര്യങ്ങൾക്കും ചാലക്കുടി ഒരു തട്ടകമായിരുന്നു. അതുകൊണ്ടുതന്നെ അവിടെ ആയിരിക്കുമ്പോഴെക്കെ തുടക്കത്തിൽ കൃഷ്ണേട്ടനും പിൽക്കാലത്ത് ശ്രീഹരി തിരുമേനിയുമൊക്കെ വഴികാട്ടികളായിരുന്നു. കൃഷ്ണേട്ടനെപ്പോലെതന്നെ ചാലക്കുടിയിൽ മനോരമയ്ക്കായി കീർത്തിമുദ്ര പതിപ്പിച്ച ശ്രീഹരി മൂർക്കന്നൂർ പിൽക്കാലത്ത് ഗുരുവായൂർ മേൽശാന്തിയായി. പത്രത്തിന്റെ പ്രാദേശിക ലേഖകരായിരുന്നവരിൽ മേൽശാന്തി മാത്രമല്ല, പാർലമെന്റംഗം വരെയുണ്ടെന്ന് സാന്ദർഭികമായി പറയട്ടെ. ഓരോ പത്രം ഓഫിസിലും സ്വ. ലേ. യുമായി ബന്ധപ്പെട്ട ഒട്ടേറെ രസകരമായ കഥകളുമുണ്ടാകും. ഇതിൽ ഏറ്റവും രസകരമായത് ഒരു പക്ഷേ തോമസ് ജേക്കബ്സാർ ഒരിക്കകൽ കഥക്കൂട്ടിൽ പരാമർശിച്ച വ്യക്തിയാകാം- ഗാന്ധിജിയുടെ മരണവാർത്ത റേഡിയോയിൽ കേട്ട് മനോരമ ഓഫിസിൽ വിളിച്ചറിയച്ചശേഷം, ചെങ്ങന്നൂർ ഡേറ്റ്ലൈനിൽ ആ വാർത്ത കൊടുക്കണമെന്ന് നിർദേശിച്ച വ്യക്തി!
രണ്ടു പതിറ്റാണ്ടോളം മുൻപ് ചാലക്കുടി പാലം പുതുക്കിപണിയുന്ന കാലത്ത് കൃഷ്ണേട്ടന്റെ ബന്ധങ്ങൾ വാർത്തകൾക്കപ്പുറവും അടുത്തറിയാൻ സാധിച്ചിട്ടുണ്ട്. ചാലക്കുടി പാലം എന്നു കേട്ടാൽ എനിക്ക് ഇപ്പോഴും ആദ്യം ഓർമയിലെത്തുക കൃഷ്ണേട്ടന്റെ പേരാണ്. ലുക്കിൽ മാത്രമല്ല, വാക്കിലും പ്രവൃത്തിയിലുമെല്ലാം കൃഷ്ണേട്ടനിൽ ആഢ്വത പ്രകടമായിരുന്നു. പത്രത്തിലെ ഓർമക്കുറിപ്പിൽ പറയുംപോലെ പത്രപ്രവർത്തനത്തിന്റെ വിവിധ കാലഘട്ടങ്ങൾക്ക് നേർസാക്ഷ്യംവഹിച്ച ഒരു വ്യക്തികൂടിയാണ്. കൃഷ്ണേട്ടന് പ്രണാമം, പ്രാർഥന.
,