09/10/2024
ഒരു മഹിന്ദ്ര ജീപ്പ് ഈ എസ് എം നഗർ സ്കൂളിനു മുന്നിലുള്ള 'മാട കടയ്ക്കു' മുന്നിൽ വന്നു നിന്നു, 'മെലിഞ്ഞു നീണ്ടു'വെളുത്ത ഒരാൾ ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തിറങ്ങി കടയിലേക്ക് വന്നു രണ്ട് പായ്ക്കറ്റ് 'വിൽസ് നേവികട്ട്'സിഗററ്റും ഒരു തീപ്പെട്ടിയും വാങ്ങിച്ചു, അപ്പോൾ ആ കടയിൽ ഉണ്ടായിരുന്ന ഞാൻ ചോദിച്ചു എങ്ങോട്ടാ? കളംകുന്നിലേക്കാ വരുന്നോ?സാധാരണ ഇത്തരം കറക്കങ്ങളൊക്കെ പതിവാണ് അത് കൊണ്ട് മറ്റ് പരിപാടികളൊന്നും ഇല്ലാതിരുന്ന ഞാൻ കൂടെ പോകാമെന്ന് കരുതി ജീപ്പിനടുത്തേക്ക് നടന്നു, മുന്നിൽ "ജനറൽ"എന്നൊരു സ്റ്റിക്കർ പതിച്ചിട്ടുള്ള, എഞ്ചിൻ ഒരു പ്രത്യേക രീതിയിൽ ശബ്ദക്രമീകരണം നടത്തിയിട്ടുള്ള ഈ ജീപ്പ് ആ പ്രദേശത്തുള്ള ഏതണ്ടെല്ലാവർക്കും സുപരിചിതമാണ്,എത്ര അകലത്തുകൂടിപോയാലും ആ വാഹനം പ്രദേശവാസികൾക്ക് ശബ്ദം കൊണ്ട് തിരിച്ചറിയാനാകും, കാരണം പുനലൂരിന്റെ പ്രീയപ്പെട്ട എം. എൽ. എ.ആയിരുന്ന "സാം ഉമ്മൻ" അവർകളുടേതായിരുന്നു ആ ജീപ്പ്,
വ്യക്തി പ്രഭാവം കൊണ്ട് ശത്രുക്കളെ പോലും മിത്രങ്ങളായിമാറ്റുന്ന അസാമാന്യ വ്യക്തി ആയിരുന്നു അദ്ദേഹം!
സാധാരണ 'രാജേന്ദ്രൻ'എന്നൊരാളാണ് ഈ വാഹനം ഡ്രൈവ് ചെയ്യാറുള്ളത് ഇന്ന് ഞായറാഴ്ച ആയതിനാൽ അയാൾ അവധിയിൽപോയിട്ടുണ്ടാകാം ഞാൻ ഏതായാലും ജീപ്പിനടുത്തേക്ക് പോയി മുൻപിൽ ആരോ ഉള്ളത് പോലെ തോന്നി അതിനാൽ പുറക് വശത്ത് കയറാമെന്ന് കരുതി ആ ഭാഗത്തേക്ക് ആണ് പോയത് പുറകിലെ ഡോറിൽ കൈവെച്ച ഞാൻ പെട്ടന്ന് പിന്നിലേക്ക് മാറി 'തൊളി വെള്ളത്തിൽ കടവിറങ്ങി'യവന്റെ മുഖഭാവമായിരുന്നു അപ്പോഴെനിക്ക്, ചിരിക്കണോ കരയണോ എന്ന് നിശ്ചയമില്ലത്ത ഒരു മരവിപ്പ്! പുറകിലെ സീറ്റിൽ ഇരുന്നത് "എ. പി.നൈനാൻ. മെമ്മോറിയൽ ഹൈസ്ക്കൂളി"ലെ എന്റെ ക്ളാസ് ടീച്ചർ കൂടിയായിരുന്ന അദ്ധ്യാപകനും കൂടെ വേറോരദ്ധ്യാപകനും, മുൻസീറ്റിൽ സ്കൂളിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരെ താമസിക്കുന്ന ഇംഗ്ലീഷ് പഠിപ്പിക്കുന്നഅദ്ധ്യാപകനും!
എന്റെ പരുങ്ങൽ മനസ്സിലായ
അവർ പറഞ്ഞു 'എന്താഡേ ഒരു വൈക്ളബ്യം' പോലെ പേടിക്കേണ്ട വാ വന്ന് കയറിക്കോളൂ, എന്നിട്ടും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇത്തരം ഒരു കണ്ടുമുട്ടലൊന്നും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കുന്നതല്ലല്ലോ? ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആൾ പറഞ്ഞു പേടിക്കേണ്ടധൈര്യമായി കേറിക്കോ സാറന്മാരും അങ്ങോട്ടാ, പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്നും മുക്തനായപ്പോൾ ഞാനും ഒരു 'വികലമായ' ചിരിയോടെ കയറിക്കൂടി ആ ജീപ്പിനുള്ളിൽ, ജീപ്പ് സാവധാനം മുന്നോട്ട് പോയി,ജീപ്പിനുള്ളിലെ മൂകത മാറാനെന്നവണ്ണം അക്കാലത്തെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൊന്നായ, പാകിസ്താനി പോപ് ഗായിക "നസ്സിയ ഹസ്സന്റെ" 'ആപ് ജൈസാ കോയി മേരി സിന്ദഗീ മേം ആയേ ഓ.. ബാത് ബൻജായേ'എന്ന ഗാനം കാർസ്റ്റീരിയോയിൽ നിന്നും ഒഴുകിത്തുടങ്ങി,ഷോലെ യ്ക്ക് ശേഷം വൻജനസമ്മതി നേടിയ മറ്റൊരു ഹിന്ദി ചിത്രമായിരുന്നു 'ഖുർബ്ബാനി'ഇതിലെ ഗാനങ്ങൾ എല്ലാം ഒന്നിനൊന്നു ശ്രവണ സുഖം നല്കുന്നവയായിരുന്നു, ജീപ്പ് നെടുവണ്ണൂർകടവിലെത്തി അവിടെ നിന്നും രണ്ട് പേർകൂടി കയ്യിൽ ചെറിയ രണ്ട് പ്ളാസ്റ്റിക് സഞ്ചി കളുമായി ജീപ്പിൽ കയറി അവർ ഞങ്ങളെല്ലാവരെയും(അവർ എ പി എൻ എം എച്ച് എസ്സിൽ പഠിച്ചിട്ടുള്ള വരല്ല) 'വിഷ്'ചെയതു, തിരികെ ഞങ്ങളും, ജീപ്പ് വീണ്ടും യാത്ര തുടർന്നു ഇപ്പോൾ ഞങ്ങൾ ബ്രിട്ടീഷ് നിർമ്മിതിയായ, "ഒരു നൂറ്റാണ്ടു" കടന്ന 'നെടുവണ്ണൂർകടവ് പാലം' പിന്നിട്ട് മീൻമൂട് ഭാഗത്ത് എത്തി,സഞ്ചിയുമായി കയറിയവർ നല്ല മുങ്ങൽ വിദഗ്ധരും 'തോട്ട' പൊട്ടിച്ച് പുഴയിൽ നിന്നും മീൻപിടിക്കുന്നതിൽ പ്രാവീണ്യമുള്ള വരുമാണ്, (ഇവരെയൊക്കെ നേരത്തേ തന്നെ സെറ്റപ്പ് ആക്കിയിരുന്നു വാഹനം ഇപ്പോൾ നിയന്ത്രിച്ചുകൊണ്ടുപോകുന്ന നീണ്ടു മെലിഞ്ഞ് വെളുത്ത 'ആൾ')അവരിൽ ഒരാൾ വളരെക്കാലം വടക്കേ ഇന്ത്യയിലായിരുന്നു, അത് കൊണ്ട് തന്നെ അല്ലറചില്ലറ ഹിന്ദി പാട്ടും ഡാൻസും ഒക്കെ അറിയാം, ഞങ്ങൾ 'മീൻമുട്ടി'യും പിന്നിട്ടു, ഇവിടെ മീൻമൂട്ടിൽ ഇടതു ഭാഗത്ത് ഒരു വലിയ 'പാറ ക്വാറി' ഉണ്ടായിരുന്നു, ധാരാളം പേർ വിവിധ തലങ്ങളിൽ ഇവിടെ തൊഴിൽ ചെയ്തിരുന്നു, ഇനി രണ്ട് വളവുകൾ കൂടി കഴിഞ്ഞാൽ കളംകുന്ന് ജംഗ്ഷനായി(മുക്ക്), കളംകുന്ന്,വണ്ടലോഡ്, ആറാം നമ്പർ(ബ്ലോക്ക്),മാമ്മൂട്, ഈസ്ഥലങ്ങളിലൊക്കെ മുമ്പ് വലിയ 'കരിമ്പിൻ' തോട്ടങ്ങളുണ്ടായിരുന്നു, കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിൽ നിന്നും ഈ കരിമ്പിൻ തോട്ടങ്ങളിൽ പണി എടുക്കാനായി ധാരാളം പേർ എത്തിയിരുന്നു, കരിമ്പ് നടാൻ കുഴി എടുക്കൽ,അടിക്കാട് തെളിക്കൽ, കരിമ്പ് മുറിച്ചെടുക്കൽ,ലോറികളിലേക്ക് ലോഡ്ചെയ്യൽ തുടങ്ങി പലതരം ജോലികൾ ഇവിടെ ധാരാളമായിഉണ്ടായിരുന്നു, കൂടാതെ 'കല്ലട ഇറിഗേഷൻ പ്രൊജക്ടി'ലും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു, അതോടൊപ്പം ശ്രീ മതി ഇന്ദിരാഗാന്ധിനടപ്പിലാക്കിവന്ന കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ "റീഹാബിലിറ്റേഷൻ പ്ളാൻേറഷൻസ് ലിമിറ്റഡി"ന്റെ 2000ത്തോളം ഹെക്ടർ ഭൂമിയിൽ റബ്ബർ തോട്ടങ്ങൾ വെച്ചു പിടിപ്പിക്കാനുള്ള റബ്ബർ കൃഷി പദ്ധതികളും ആരംഭിച്ചിരുന്നു, മാത്രമല്ല ഏതാണ്ട് ഇക്കാലയളവിൽ തന്നെ ഇൻഡോ സ്വിസ് പ്രൊജക്റ്റിന്റെ(കന്നുകാലി വളർത്തൽ കേന്ദ്രം) പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു വളരെയധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നതിനാൽ അക്കാലത്ത് പലരുടെയും 'മിനി ഗൾഫായി' മാറുകയായിരുന്നു നമ്മുടെ നാട്, ബിസിനസ്സൊക്കെ നല്ലവണ്ണം പുഷ്ടിപെട്ടിരുന്നകാലം, ടൗണിലും സിനിമാതീയേറ്ററിലുമൊക്കെ വൻ ജനാവലിയുണ്ടായിരുന്നകാലം!
ഇപ്പോൾ ഇവിടെ കരിമ്പ് കൃഷികളൊന്നും ഇല്ല,കല്ലട ഡാം പ്രൊജക്ടിന്റെ ജലസംഭരണ പ്രദേശമാണിപ്പോൾ ഈ പ്രദേശങ്ങളെല്ലാം, ഡാം കമ്മീഷൻ ചെയ്യുമ്പോൾ ഈ ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലേക്ക് എന്നെന്നേക്കുമായി മറയും, ഞങ്ങളിപ്പോൾ കളംകുന്ന് ജംഗ്ഷനിൽ എത്തിച്ചേർന്നു, ജംഗ്ഷനിൽ നിന്നും ഇടത്തേക്കുള്ള ചെറു റോഡിലേക്ക് തിരിഞ്ഞാൽ ചെറിയൊരു കയറ്റമാണ് കയറ്റം കയറി കുറച്ച് ദൂരം മുന്നോട്ട് പോയാൽ അവിടെ മറ്റൊരു നിർമ്മിതി കാണാം 'കണ്ണാടി കെട്ടിടം' എന്നറിയപ്പെടുന്ന ഒരു ബ്രിട്ടീഷ് നിർമ്മിതി (ഇതേക്കുറിച്ച് എനിക്ക് പരിമിതമായ അറിവുകളേയുള്ളൂ കൂടുതലറിയാവുന്നവർ ഇവിടെ വിശദീകരിച്ചാൽ നന്നായിരിക്കും) ഞങ്ങൾ ജീപ്പിൽ നിന്നും ഇറങ്ങി ലേശം കൂടി മുന്നോട്ട് നടക്കുമ്പോൾ വലത് വശത്തായി താഴെ കല്ലടയാറിൽ ഒരു 'കുളിക്കടവു'ണ്ട് അതിന്റെ പരിസരങ്ങളിലാണ് ഞങ്ങൾമീൻ പിടിക്കാനായി ഉദ്ദേശിച്ചിട്ടുള്ളത്, മൂന്ന് അദ്ധ്യാപകരും ഒരു മുങ്ങൽ വിദഗ്ധനും കൂടി താഴേക്ക് പോയി തോട്ട പൊട്ടിക്കേണ്ട സ്ഥലത്ത് തീറ്റ വെച്ച് മീനുകളെ അവിടേയ്ക്ക് ആകർഷിക്കുകയാണ് അവരുടെ ലക്ഷ്യം, കുറച്ച് സമയങ്ങൾക്ക് ശേഷം, മീനുകൾ വന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ അവിടെ തോട്ട പൊട്ടിച്ച് മീൻ പിടിക്കും,
തോട്ട തയ്യാറാക്കുന്നതും പൊട്ടിക്കുന്നതും ഞങ്ങൾക്ക് ഒപ്പമുള്ള മുങ്ങൽ വിദഗ്ദ്ധരിലെ 'ബോംബേവാല'യാണ്
താഴേക്ക് പോയവരുടെ പക്കലുള്ള പ്ളാസ്റ്റിക് സഞ്ചിയിൽ വറുത്ത് പൊടിച്ച ഉലുവ,ചാണകം, ഉണങ്ങിയ കപ്പ ഇല തുടങ്ങിയ ഐറ്റങ്ങൾ ഉണ്ടായിരുന്നു, ഈ ഐറ്റങ്ങൾ എല്ലാം കൂടി മിക്സ് ചെയ്ത ശേഷം ചെറിയ ഉരുളകളാക്കി മീനുകൾ നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെള്ളത്തിൽ ഇറക്കി വെയ്ക്കും, ഒരു മരകോൽ അടയാളമായി വെയ്ക്കും ആപ്രദേശത്തുള്ള മീനുകളൊക്കെ ഈ തീറ്റയിലേക്ക് ആകർഷിക്കപ്പെട്ട് ഇവിടേക്ക് വരും, സമയബന്ധിതമായി തോട്ടയിട്ടാലേ മീൻ ലഭിക്കുകയുള്ളൂ,ഈ വക കാര്യങ്ങൾ ഇവിടെ നടക്കുമ്പോൾ ബോംബെ വാല 'തോട്ട' സെറ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു
അതിന് മുന്നോടിയായി അയാൾക്ക് ഒരല്പം 'ഊർജ്ജം'വരുത്തേണ്ടതുണ്ട് അയാൾ കൊണ്ട് വന്ന പ്ളാസ്റ്റിക് സഞ്ചി അഴിച്ച് അതിൽനിന്നും ഒരു 'കുപ്പി' പുറത്തേക്ക് എടുത്തു, നല്ല ഒന്നാന്തരം 'വാറ്റ്' ചാരായം പരിസര മൊക്കെ വീക്ഷിച്ചശേഷം അയാൾ നിന്നുകൊണ്ട് തന്നെ ആകുപ്പിയുടെ 'കോർക്ക് 'കൊണ്ടുള അടപ്പ് കടിച്ചു വലിച്ചൂരി ദൂരേക്ക് തുപ്പി ശേഷം കുപ്പി ഉയർത്തി വായ്ക്ക് നേരെ ചരിച്ചു പിടിച്ചു കൊണ്ട് കുറേശ്ശെയായി വായിലേക്ക് കമഴ്ത്തി!ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു അത്, ഏതാണ്ട് 750 മില്ലിയുടെ ഒരു കുപ്പി ചാരായം അയാൾ ഒറ്റ നിൽപ്പിൽ അങ്ങനെ നിന്നുകൊണ്ട് കുടിച്ചു തീർത്തു! കുപ്പി കാലിയായതും തമിഴ് നാട്ടിൽ നിന്നും വരുന്ന ചെറിയ പ്ളാസ്റ്റിക് കവറിലെ രണ്ട് നാരങ്ങ അച്ചാർ പൊട്ടിച്ച് വായിലേക്ക് ഒഴിച്ചു,ശുഭം! ഒരു കുപ്പി ചാരായം അയാളുടെ ആമാശയത്തിനുള്ളിലൂടെ കടന്നു പോയി,ചിലപ്പോഴൊക്കെ അയാൾ സ്വയം അയാളെ തന്നെ വിളിക്കുന്നത് 'ഇരട്ടചങ്കൻ'എന്നാണ്,ഇക്കാഴ്ച ഞങ്ങളാരും പ്രതീക്ഷിച്ചതേയല്ല, വിശ്വസിക്കാൻ തന്നെ പ്രയാസം, പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ അയാൾ 'തോട്ട' സെറ്റ് ചെയ്യാൻ ആരംഭിച്ചു,എന്തൊക്കെയായാലും അയാളുടെ ഉള്ളിൽ നല്ല 'കത്തൽ'ഉണ്ടായിരിക്കുമെന്ന് ഞങ്ങൾധരിച്ചു, പക്ഷേ ആ മനുഷ്യൻ ഒരുതുള്ളി വെള്ളം പോലും കുടിച്ചതുമില്ല,എന്തൊരു ധൈര്യം!
ക്യാപ്പ് ,പശ,തിരി, ഇത് മൂന്നും ചേർന്നതാണ് 'തോട്ട' ഇത് സെറ്റ് ചെയ്യുന്നത് വളരെ അപകടം നിറഞ്ഞൊരു പ്രോസസ്സാണ്, ചെറിയ ഒരശ്രദ്ധ മതി മരണമോ അംഗവൈകല്യമോ സംഭവിക്കാൻ!
വലിയ പാറകൾ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് ഈ 'തോട്ട'കൾ,സ്ഫോടകവസ്തു വിൽ തീ പടർത്തുമ്പോഴോ,അമർത്തുമ്പോഴോ ഉണ്ടാകുന്ന പൊട്ടിത്തെറിയോ, ശക്തിഏറിയ പ്രകമ്പനങ്ങളോആണ് (വെള്ളത്തിൽ)' ജീവ നാശം' സംഭവിക്കുന്നതിന്നാധാരം,
ബോംബേ വാലയ്ക്ക് 'ഊർജ്ജം' ലഭിച്ചതോടെ കാര്യങ്ങൾ ത്വരിതഗതിയിൽ ആയി മൂന്ന് സെറ്റ് 'തോട്ടകൾ' റെഡിയായി അപ്പോഴേക്കും താഴെ നിന്നും വിളി വന്നു ഇവിടെ എല്ലാം സെറ്റാണ് നിങ്ങൾ താഴേക്ക് പോന്നോളൂ, ഇവിടെ 'ഊർജ്ജസംഭരണം''നടന്നതൊന്നും താഴെ അദ്ധ്യാപകരും മറ്റും അറിഞ്ഞിട്ടില്ല! ഏറെ താമസിയാതെ ആദ്യത്തെ തോട്ട പൊട്ടി,വലിയ മെച്ചം ഒന്നും ഉണ്ടായില്ലെങ്കിലും ഒരദ്ധ്യാപകന്റെ ഒരു കാല് ചെളിയിൽ പുതഞ്ഞു! ഒരുവിധം അത് ഊരി എടുത്തു, കുറച്ച് മാറി രണ്ടാമത്തെ തോട്ടയും പൊട്ടിച്ചു, അതിൽ ധാരാളം മീൻ ലഭിച്ചു,എല്ലാവർക്കും ഹാപ്പി ശേഷം മൂന്നാം തോട്ടയും പൊട്ടിച്ചു അതിലും തരക്കേടില്ലാത്ത രീതിയിൽ മീൻ കിട്ടി, സമയം ഉച്ചയ്ക്ക് 2 മണികഴിഞ്ഞു എല്ലാവരും കുളിക്കടവിലിറങ്ങി കുളിച്ചു ഫ്രഷ് ആയി,ജീപ്പിനടുത്ത് എത്തുമ്പോൾ അവിടെ കപ്പ പുഴുങ്ങിയതും മുളക് ചമ്മന്തിയും കട്ടൻ ചായയും റെഡി, അതും കഴിച്ചു ഞങ്ങൾ മടങ്ങി, ഇന്ന് ഈപ്രദേശങ്ങൾ എല്ലാം,ഒരു മലയോര ഗ്രാമം മുഴുവനും വെള്ളത്തിനടിയിലാണ്, ഇനി ഒരിക്കലും തിരിച്ച് കിട്ടാത്തവണ്ണം! ധാരാളം ഓർമ്മകൾ അവശേഷിപ്പിച്ച് 'കളംകുന്ന് ഗ്രാമം' വെള്ളത്തിനടിയിൽ ഉറങ്ങുന്നു!
Jalal Anchal