30/01/2023
വരയും കുറിയും
മുരളി പുളിക്കൽ
1987 ൽ കൊണ്ടോട്ടിയിൽ നിന്നും
'വര' നടത്തുന്ന കാലം മുതൽ
2006 - 2012
വർത്തമാനം ദിനപത്രത്തിൻ്റെ
കോ-ഓഡിനേറ്റിംഗ് എഡിറ്ററായി സേവനം തുടർന്ന നാളുകളിൽ
2012 മുതൽ കൊണ്ടോട്ടി ടൈംസ് നടത്തിയ ദിവസങ്ങളിലൊക്കെ മുരളി പുളിക്കൽ എന്ന മുരളി മാഷിനെ എനിക്ക് നേരിട്ടറിയാം.
ആൾക്കൂട്ടങ്ങളിൽ അലിഞ്ഞു ചേരാതെ ഒറ്റയ്ക്ക് നിന്ന് സമൂഹത്തെ 'സ്കാൻ' ചെയ്യുന്ന ചിത്രകാരൻ.
വർത്തമാനത്തിൽ ഞാൻ എഴുതിയിരുന്ന ആക്ഷേപഹാസ്യ പ്രതിവാര കോളത്തിന് കാരിക്കേച്ചർ മാഷ് വരയ്ക്കുന്നതായിരുന്നു. ഒരാശയം സൂചിപ്പിച്ചാൽ വരയായി ഡസ്ക്കിലെത്തും.
വർത്തമാനം' ഡസ്ക്കി'ലേക്ക് Deadline തെറ്റാതെFAX ൽ 'ചൂണ്ടാണി'വരുന്ന കാലം.( പതിറ്റാണ്ടുകൾക്ക് മുമ്പൊന്നുമല്ല. നോക്കിയാൽ കാണുന്ന പിന്നിട്ട കാലത്ത് എന്നോർക്കണം. അന്ന് കാർട്ടൂൺ വരച്ച് വീട്ടിൽ നിന്നും മാഷ് പത്രം ഓഫീസിലേക്ക് FAX ചെയ്യുന്ന രീതിയായിരുന്നു)
മാഷിൻ്റെ 'വര'
മലപ്പുറത്ത്
'വരയും കുറിയു'മായി
പ്രദർശിപ്പിക്കുമ്പോൾ അതിൻ്റെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുണ്ട്.
മാഷ് ക്ഷണിച്ചു.
'ഇനിയില്ല പൊതുവേദിയിൽ ' എന്നു ഞാൻ പ്രഖ്യാപിച്ചതിൽ ഭേദഗതിയില്ലാത്തതിനാൽ ഉദ്ഘാടന - സമാപന ചടങ്ങുകളിൽ സാന്നിധ്യം ഉണ്ടാവില്ല.
തീർച്ചയായും പ്രദർശനം കാണാൻ മലപ്പുറത്ത് വരും.
'വരയും കുറിയും'
മനോഹരമാകട്ടെ എന്നാശംസിക്കുന്നു.
മാഷേ,
എനിക്ക് Headline ചാനലിനായി മാഷിൻ്റെ ഒരഭിമുഖം വേണം.
മാഷിൻ്റെ 'വര'യനുഭവങ്ങൾ യൂട്യൂബിലും കിടക്കട്ടെ.
തിരുവനന്തപുരത്തു നിന്നും തിരിച്ചെത്തിയ ശേഷം ബന്ധപ്പെടാം.
പി. കു.
(പിൻകുറിപ്പ്)
കേരള ലളിതകലാ അക്കാദമിയിലെ ചിത്രപ്രദർശന ഗാലറികൾ ചിത്രകാരന്മാർക്കുള്ളതാണ്. ചിത്രകാരന്മാർ ചിത്രപ്രദർശന താല്പര്യം പ്രകടിപ്പിച്ച് അപേക്ഷ സമർപ്പിച്ചാൽ അത് അനുവദിക്കുന്നത് പ്രദർശനം സെക്ഷൻ കൈകാര്യം ചെയ്യുന്ന കേന്ദ്ര ഓഫീസിലെ (തൃശൂർ) ജീവനക്കാരുടെ മനോധർമ്മമാകരുത്.
കേരള ലളിതകലാ അക്കാദമിയുടെ സിസ്റ്റം ആയിരിക്കണം. സംസ്ഥാനത്തെ ഒരു അക്കാദമിയെ 6 വർഷം നോക്കി നടത്തിയതിൻ്റെ അനുഭവം എനിക്കുണ്ട്. പാർട്ടി ഓഫീസുകളിൽ നിന്നും നേരിട്ട് നിയമിക്കുന്ന ദിവസ വേതനക്കാർക്ക് കൂറ് ആ പാർട്ടിയോടും പാർട്ടി പ്രത്യയശാസ്ത്രത്തോട് പോലുമാകില്ല. ആ പാർട്ടി ഓഫീസിനോടും പാർട്ടി നിയമനത്തിന് ശുപാർശ നൽകിയ പാർട്ടിക്കാരനോടും മാത്രമായിരിക്കും.
ദിവസ വേതനത്തിന് അർഹതയ്ക്കുള്ള 8 മണിക്കൂർ ജോലി ചെയ്യണമെന്ന് ശഠിച്ചാൽ പരാതിപ്പെടുന്നത് പാർട്ടി ഓഫീസിൽ. പാർട്ടിക്കാരൻ പാർട്ടി ഓഫീസിലേക്ക് വിളിച്ചു വരുത്തി അധ്യക്ഷ സാന്നിധ്യത്തിൽ തന്നെ'അഡ്ജസ്റ്റ്മെൻ്റിന് 'ശുപാർശ ചെയ്യും.
5-6 മണിക്കൂർ തട്ടിമുട്ടി ഒരു ദിവസത്തെ വേതനത്തിന് അർഹത ഭാവിക്കുമ്പോൾ ഓൺ ലൈനിൽ സമർപ്പിക്കുന്ന ചിത്രകാരൻ്റെ പ്രദർശന മോഹത്തിൽ മഷി പടരും. ചിത്രകാരൻ പരിചയക്കാരെ വിളിച്ച് ലളിതകലാ അക്കാദമി ചെയർമാൻ, സെക്രട്ടറി എന്നിവരുടെയൊക്കെ ഫോൺ നമ്പർ പരതും. 'വര' മാത്രമല്ല, വാചകമിടുക്കും ഉണ്ടെങ്കിലേ ചിത്രകാരന് ലളിതകലാ അക്കാദമി ഗാലറികൾ പ്രദർശനത്തിന് കിട്ടൂ എന്നുകിൽ സംഭവിക്കുന്നതാണ് അക്കാദമിയുടെ തനത് ഫണ്ടിലെ കുറവ്. ഗാലറിയിൽ പ്രദർശനം നടന്നാലും ഇല്ലേലും ജീവനക്കാർക്ക് വേതനം കിട്ടുമെങ്കിൽ പിന്നെ പ്രദർശനമെന്തിനെന്ന് പാർട്ടി ഓഫീസിൽ നിന്നും നിയമിക്കപ്പെട്ടവർ.
വെറുതെ ഇരുന്നു ശീലിച്ചവരെ കൊണ്ട് പണിയെടുപ്പിക്കാൻ ശ്രമിച്ചവരൊക്കെ പഴി കേട്ടിരിക്കുമെന്നതും നേര്.
പഴക്കമില്ലാത്ത ഒരു നേരനുഭവം.
(റസാഖ് പയമ്പറോട്ട്)
2023 ജനുവരി 31