16/11/2023
തമ്പാനൂരത്തെ ബാറിൽ നിന്ന് ഒന്നെര വോഡ്ഗ അടിച്ച് ബസ്സ്റ്റാൻഡിൽ വന്നപ്പോൾ തൃശൂർ വണ്ടി കിടക്കണു. കണ്ടക്ടറോട് ചോദിച്ചപ്പോൾ ഈ വണ്ടിക്ക് മുന്നേ വേറെ വണ്ടിയുണ്ടെന്ന് പറഞ്ഞു. സാരമില്ല..ഈ വണ്ടിക്ക് സുഖമായ് ഇരുന്നുപോകാമല്ലോയെന്ന് കരുതി ഈ വണ്ടിയിൽ തന്നെ യാത്ര ഉറപ്പിച്ചു. മൂന്ന്പേർക്ക് ഇരിക്കാവുന്ന സീറ്റിലെ സൈഡ് സീറ്റിൽ ഇരിന്നു...മദ്യം പതുക്കെ സിരകളെ തഴുകിയപ്പോൾ കണ്ണുകൾ പതിയെ അടഞ്ഞു. വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദത്തിൽ പാതിമയക്കത്തിൽനിന്ന് ഉണർന്നപ്പോൾ ബസ്സ് നിറയെ ആളുകൾ. എന്റ സീറ്റിൽ, എന്നോട് ചേർന്നൊരു സുന്ദരിയായ മധ്യവയസ്ക. അതിന് അപ്പുറമായ് ഒരു യുവകോമളൻ. എതിർവശത്ത് സുന്ദരിയായ കന്യാസ്ത്രീ..തിരുവസ്ത്രത്തിന്റ ശുഭ്രതയുളള അവളുടെ ചിരി
സ്റ്റാൻഡ് വിട്ട വണ്ടി കരിവണ്ടിന്റ മൂളലോടെ യാത്ര തുടർന്നു. കണ്ടക്ടർ ടിക്കറ്റുമായ് എത്തി. ഞാൻ കൂത്താട്ടുകുളവും, എന്നോട് ചേർന്നിരുന്ന സ്ത്രീ വെഞ്ഞാറമൂടും ടിക്കറ്റെടുത്തു.
കേശവദാസപുരത്ത് എത്തിയപ്പോൾ ഒരു യുവതി കൈക്കുഞ്ഞുമായ് വണ്ടിയിൽ കയറി. വേഗത്തിൽ ഓടുന്ന വണ്ടിയിൽ ബാലൻസ് തെറ്റാതെ കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ച് അവൾ ഒരു സീറ്റിനായ് സഹയാത്രികരെ നോക്കി.
കന്യാസ്ത്രീയെ നോക്കിയപ്പോൾ അവൾ കൊന്തയെടുത്ത് കണ്ണടച്ച് ജപം ആരംഭിച്ചു. ചില യാത്രികർ പുറംകാഴ്ചയിലേക്കും, മറ്റുചിലർ ഉറക്കാഭിനയത്തിലേക്കും വഴുതി വീണു. മദ്യം ഉണർത്തിയ സഹാനുഭൂതിയിൽ ഞാൻ എന്റ സീറ്റ് അവൾക്ക് നല്കി.
അടുത്തിരിക്കുന്ന സ്ത്രീയോട് സംസാരിച്ച്, കുഞ്ഞുമായ് കയറിയ സ്ത്രീ അവൾ ഇറങ്ങുന്ന സ്ഥലം ചോദിച്ചു മനസ്സിലാക്കി. അവൾ ഇടക്ക് പുറകോട്ട് നോക്കി അവിടെമറ്റൊരു സീറ്റിൽ ഇരിക്കുന്ന ഭർത്താവിനെ നോക്കി ചിരിക്കുന്നുണ്ട്. വെഞ്ഞാറമൂട് അടുക്കുന്നതിന് മുന്നേ അവൾ മൊബൈൽ ഫോണിലൂടെ സഹയാത്രിക വെഞ്ഞാറമൂടിൽ ഇറങ്ങുമെന്ന് അറിയിച്ചു. അയാൾ തന്റെ സീറ്റ് ഉപേക്ഷിച്ച് അവൾ ഇരിക്കുന്ന സീറ്റിന് അരുകിൽ എത്തി. അയാളുടെ സീറ്റ് മറ്റൊരാൾ കൈയ്യടക്കി. വെഞ്ഞാറമൂട് എത്തിയപ്പോൾ സഹയാത്രിക എഴുന്നേറ്റ ഒഴുവിൽ ഞാൻ ഇരിക്കാൻ ശ്രമിച്ചു. അവൾ അവളുടെ ബാഗ് സീറ്റിൽ വെച്ചിട്ട് ഇതെന്റെ ഭർത്താവിന് ഇരിക്കാനുള്ള ഇടമാണെന്ന് പറഞ്ഞു. അയാൾ എന്നെ തള്ളിമാറ്റി ആ സീറ്റിൽ ഇരുന്നു. കന്യാസ്ത്രീ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് ജപിച്ചു കൊണ്ടിരുന്ന കൊന്ത വിശുദ്ധ കുപ്പായത്തിന്റ പോക്കറ്റിൽ ഇട്ടു... കൂത്താട്ടുകുളം വരെ പോകേണ്ട ഞാൻ സ്വന്തം സീറ്റ് നഷ്ടമാക്കി കുന്തം പോലെ നിന്നു.
വണ്ടി ചടയമംഗലം കഴിഞ്ഞപ്പോൾ ഞാൻ ചാരി നിന്ന സീറ്റിലെ സഹയാത്രികൻ എന്റ ദേഹത്ത് തട്ടി പറഞ്ഞു..
"ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങും...ഇവിടെ ഇരിക്കാം...മദ്യപിച്ചിട്ടുണ്ടല്ലേ.."
"ഉം."
"അതാണ് മനസ്സ് ആർദ്രമായി ആ അമ്മക്കും, കുഞ്ഞിനും തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്തത്...
ഞങ്ങളാരും മദ്യപിച്ചിട്ടില്ല..അതുകൊണ്ട് ഞങ്ങളുടെ മനസ്സ് ആർദ്രമായില്ല ...അതാണ് മദ്യം പാപമാണെന്ന് വിശുദ്ധ ഗ്രന്ഥങ്ങൾ പറയാൻ കാരണം... മദ്യപാനി സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ഇതുപോലെ കുന്തം വിഴുങ്ങിയവനെപ്പോലെ നില്ക്കും. ഞങ്ങൾ സൻമാർഗ്ഗവാദികൾ പ്രശനസമയത്ത് പുറം കാഴ്ചകാണും.. ദൈവത്തിന്റെ സ്വന്തം ആളുകൾ ഈ സമയത്ത് കൊന്ത ജപിച്ച് സ്വർഗ്ഗീയത തേടും..."
"സാർ..ഞാൻ ഈ നിനിഷം മുതൽ മദ്യപാനം നിർത്തുന്നു.. മനസ്സുള്ളവനെ മദ്യപാനിയാകാൻ കഴിയൂ... അവൻ മറ്റുള്ളവരുടെ മുന്നിൽ കോമാളിയാകുന്നു...വെറുതേ അന്യരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് കുന്തം വിഴുങ്ങി നില്ക്കുന്നു.. എനിക്കും പുറം കാഴ്ച കാണുന്നവരിൽ ഒരുവനായാൽ മതി..."
ഈ സമയത്ത് കന്യാസ്ത്രീ എന്റ നേരേ നോക്കി പോക്കറ്റിൽ നിന്ന് കൊന്തയെടുത്ത് വീണ്ടും ജപം ആരംഭിച്ചു