04/11/2024
മുനമ്പത്തെ പ്രശ്‌നപരിഹാരത്തിന് തടസം നിൽക്കുന്നതാര്?
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ
വഖഫ് അവകാശവാദങ്ങളെ തുടർന്ന് പ്രതിസന്ധിയിൽ അകപ്പെട്ട മുനമ്പം നിവാസികൾ പരിഹാരം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്ളീം സംഘടനകൾ ഒരുമിച്ചുകൂടുകയും പ്രതികരണം അറിയിക്കുകയും ചെയ്തിരിക്കുന്നത് സ്വാഗതാർഹമാണ്. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുന്നോട്ട് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം എന്നാണ് മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. സമവായത്തിലെത്താനുള്ള ശ്രമങ്ങൾക്കും സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്കും പൂർണ്ണ സഹകരണമാണ് അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ചെറായി - മുനമ്പം വഖഫ് അവകാശവാദങ്ങളെ തുടർന്നുള്ള ആശങ്കകൾ ഇനിയും പരിഹരിക്കപ്പെടാതെ തുടരുമ്പോൾ പ്രകടമായ ഒരു അനൈക്യം വിവിധ സമുദായങ്ങൾക്കിടയിൽ രൂപപ്പെടുന്നത് അത്യന്തം അപകടകരമായ ഒരു അവസ്ഥയാണ് എന്നതിൽ തർക്കമില്ല. വഖഫ് അവകാശവാദം ഉയർത്തിയിരിക്കുന്ന പ്രദേശത്തെ അറുനൂറിൽപരം കുടുംബങ്ങൾക്ക് നീതി ലഭിക്കുന്നതിനുള്ള യുക്തമായ ഇടപെടലുകളാണ് സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സമുദായ സംഘടനകളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടത്. അതേസമയം, രാഷ്ട്രീയമായും വർഗീയമായും ചേരിതിരിവുകൾ സൃഷ്ടിച്ച് പരസ്പരം പഴിചാരുകയും മുതലെടുപ്പ് ശ്രമങ്ങൾ നടത്തുകയും തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയും ചെയ്യുന്നത് ആർക്കും ഗുണകരമല്ല. പ്രശ്നത്തിന്റെ പ്രാധാന്യത്തെയും അതിന്റെ വസ്തുതകളെയും യാഥാർഥ്യബോധത്തോടെ സമീപിക്കുന്നതിന് പകരം, വർഗീയ ധ്രുവീകരണവും വിദ്വേഷ ചിന്തകളും വളർത്തുന്ന വിധത്തിലുള്ള ഇടപെടലുകളും പ്രചാരണങ്ങളും നടത്തുന്നവർ വലിയ ദ്രോഹം ചെയ്യുന്നത് പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന ആ സമൂഹത്തോടുതന്നെയാണ്.
രാഷ്ട്രീയപാർട്ടികളുടെ നിലപാടുകൾ
കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലിനെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം എതിർക്കുന്ന അതേ പശ്ചാത്തലത്തിലാണ് മുനമ്പം വഖഫ് അവകാശവാദം വിവാദമായി മാറിയിരിക്കുന്നത് എന്നതാണ് കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ പാർട്ടികളെ ഒരുപോലെ വെട്ടിലാക്കിയിരിക്കുന്നത്. ഒരേസമയം ഇരയ്ക്കും വേട്ടക്കാർക്കും വേണ്ടി സംസാരിക്കേണ്ടി വരുന്ന വിചിത്രമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. നിലവിലുള്ള വഖഫ് നിയമവും മുനമ്പം സ്വദേശികളുടെ പ്രതിസന്ധിയും പരസ്പരബന്ധമില്ലാത്തതാണ് എന്ന പൊള്ളയായ ആരോപണമാണ് ഇരുകൂട്ടരും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് ഒരു മുസ്ളീം സംഘടനയും അവകാശപ്പെടുന്നില്ലെന്നും മുനമ്പം സ്വദേശികൾക്ക് നീതി നടപ്പാക്കണമെന്നാണ് എല്ലാവരും ഒന്നുപോലെ ആഗ്രഹിക്കുന്നതെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സംസാരിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. അതേ നിലപാട് തന്നെ പലപ്പോഴായി ഭരണകക്ഷി നേതാക്കളും ആവർത്തിക്കുന്നുണ്ട്. എന്നാൽ, ഇതിന് തികച്ചും വിരുദ്ധമായ നിലപാട് ചില മുസ്ലീം സംഘടനകളും വഖഫ് ബോർഡും ആവർത്തിച്ചിരിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ട്.
ബിജെപിയും സംഘപരിവാർ സംഘടനകളും മുനമ്പം നിവാസികളുടെ സമരത്തിന് നൽകുന്ന പിന്തുണയെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വലിയ ആശങ്കയോടെയാണ് വീക്ഷിക്കുന്നത് എന്നതിൽ തർക്കമില്ല. മുനമ്പം പ്രദേശവാസികൾക്കുവേണ്ടി മുന്നിട്ടിറങ്ങാൻ ആരുമില്ലാതിരുന്ന സാഹചര്യത്തിൽ അവർക്കുവേണ്ടി സംസാരിച്ചുതുടങ്ങുകയും തുടർന്ന് മുന്നിട്ടിറങ്ങുകയും ചെയ്ത കത്തോലിക്കാ സഭാ നേതൃത്വവും സംഘടനകളും പിന്നീട് മാത്രം ഈ വിഷയത്തിൽ സജീവമായ ബിജെപി നേതൃത്വവുമായി ഒത്തുകളിക്കുകയാണ് എന്ന ആരോപണമാണ് കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ അനുയായികൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആവർത്തിക്കുന്നത്. വ്യക്തമായ നിലപാട് സ്വീകരിക്കാനും നടപടികൾ കൈക്കൊള്ളാനും വരുത്തുന്ന അമാന്തമാണ് മുതലെടുപ്പുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയാൻപോലും ഇടതു വലതു രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കഴിയാതെ പോകുന്നത് പരിതാപകരമാണ്.
മുസ്ളീം സംഘടനകളുടെ വിരുദ്ധാഭിപ്രായങ്ങൾ
മുസ്ളീം സർവീസ് സൊസൈറ്റിയുടെ സ്റ്റേറ്റ് കമ്മിറ്റി, മുനമ്പം ഭൂമിക്ക് മേലുള്ള വഖഫ് അവകാശവാദം അവർത്തിച്ചുകൊണ്ട് പ്രസ്താവന പ്രസിദ്ധീകരിച്ചത് ഒക്ടോബർ 31 നാണ്. അതേ അവകാശവാദം പിഡിപിയും എസ്ഡിപിഐയും പോലുള്ള സംഘടനകൾ ആവർത്തിക്കുകയുണ്ടായി. ഏതാനും ദിവസങ്ങൾക്കുമുമ്പ്‍ മുനമ്പത്തെ ഭൂസംരക്ഷണ സമിതി പ്രതിനിധികൾ ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദുറഹിമാനെ സന്ദർശിച്ചപ്പോൾ അവർക്കുമുന്നിൽ അദ്ദേഹവും ആവർത്തിച്ചത് മുനമ്പത്തേത് വഖഫ് ഭൂമിയെന്ന അവകാശവാദമാണ്.
ഈ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങൾ, പ്രത്യേകമായി, മീഡിയ വൺ ചാനൽ ഒക്ടോബർ 31 ന് നടത്തിയ ചർച്ചയിൽ ആദ്യന്തം സ്ഥാപിക്കാൻ ശ്രമിച്ചതും ഇതേ ആശയമാണ്. മുനമ്പം നിവാസികളുടെ പൂർവ്വികർ ഒരു നൂറ്റാണ്ടിന് മുമ്പുമുതൽ അവിടെ ജീവിച്ചിരുന്നവരാണെന്ന വസ്തുത നിലനിൽക്കെ, ഇപ്പോൾ അവകാശവാദം ഉന്നയിച്ചിരിക്കുന്നവർ സ്ഥലം കയ്യേറ്റക്കാരാണ് എന്നാണ് ചർച്ചയിലെ പ്രധാന പ്രഭാഷകൻ പറഞ്ഞുവച്ചത്. ചുരുക്കം ചില സാധാരണക്കാർ കഴിഞ്ഞാൽ എറിയപങ്ക് ഭൂമിയും ഭൂ - റിസോർട്ട് മാഫിയകളുടെ കയ്യിലാണെന്ന പച്ചക്കള്ളവും ചിലർ മാധ്യമങ്ങളിലൂടെ ആവർത്തിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെ വഖഫ് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ വഖഫ് ബോർഡ് എടുത്ത നിലപാട് 'മുനമ്പത്തെത് വഖഫ് ഭൂമി തന്നെയാണെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നു'മാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള ചന്ദ്രിക ദിനപത്രം പോലും മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നല്കിയിരുന്നു. ഈ വിവാദങ്ങൾക്കിടയിൽ ചങ്ങനാശ്ശേരി മഹല്ല് കമ്മിറ്റി ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ പ്രസ്താവനയിൽ ക്രൈസ്തവ സ്ഥാപനങ്ങളും സഭകളുടെ സ്വത്തുക്കളും നിയന്ത്രിക്കാൻ സർക്കാർ സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിരുന്നു. ഇത്തരത്തിലുള്ള അതിരുകടന്ന അഭിപ്രായപ്രകടനങ്ങളും നിലപാടുകളിലെ വൈരുദ്ധ്യവും സാമൂഹികഐക്യം നഷ്ടപ്പെടുത്തുകയും പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയും പരിഹാരം ദുഷ്കരമാക്കുകയും ചെയ്യും.
രഹസ്യ ചർച്ചകളല്ല, വേണ്ടത് പരസ്യ പ്രതികരണങ്ങൾ
സമീപകാലത്ത് രൂപീകരിക്കപ്പെട്ട ചില സംഘടനകളുടെ നേതൃത്വത്തിൽ മുസ്ലീം സമുദായ പ്രതിനിധികൾ ആരംഭഘട്ടം മുതൽ പലപ്പോളായി ക്രൈസ്തവ നേതാക്കന്മാരുമായി സമവായ ചർച്ചകൾക്ക് മുന്നിട്ടിറങ്ങുകയും മുനമ്പം വഖഫ് അവകാശവാദം നിലനിൽക്കുന്നതല്ലെന്ന് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നെങ്കിലും വിഷയം ഏറെ വഷളാകുന്നതുവരെ ആരുംതന്നെ പരസ്യപ്രതികരണത്തിന് തയ്യാറായില്ല. രഹസ്യമായി സമവായ ചർച്ചകൾക്ക് എത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും, എന്നാൽ പരസ്യമായി ഈ വിഷയങ്ങളെ കുറിച്ച് ഇതുവരെയും നിശബ്ദത പാലിക്കുകയും ചെയ്ത നേതാക്കന്മാർക്ക് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന സാമൂഹിക അനൈക്യത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല.
സമുദായ നേതാക്കൾ അനീതിക്കും അവാസ്തവങ്ങൾക്കും മുന്നിൽ കണ്ണടക്കാതെ, നീതിക്കും സത്യത്തിനുമൊപ്പം നിലകൊള്ളാൻ സമുദായ അംഗങ്ങളെ ഉത്ബോധിപ്പിക്കുകയും സാമൂഹിക ഐക്യവും മനുഷ്യാവകാശങ്ങളും മുൻനിർത്തി പൊതുസമൂഹത്തോടും മാധ്യമങ്ങളോടും സംസാരിക്കാൻ തയ്യാറാവുകയും വേണം. സാദിഖ് അലി തങ്ങളുടെ നേതൃത്വത്തിൽ ഒരുകൂട്ടം മുസ്ളീം നേതാക്കൾ നടത്തിയിരിക്കുന്ന പ്രതികരണത്തിന് വിപരീതമായ അഭിപ്രായങ്ങൾ പുലർത്തുകയും ആശയപ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്ന മറ്റു മുസ്ളീം സംഘടനകളും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുകയും തങ്ങളുടെ അനുയായികളെ ബോധവൽക്കരിക്കുകയും ചെയ്യുന്നത് ഈ ഘട്ടത്തിൽ ഉചിതമാണ്.
അടിയന്തരമായ സർക്കാർ ഇടപെടലുകൾ
കർണാടകയിലെ വിജയപുരയിൽ 1200 ഏക്കർ കൃഷിഭൂമി വഖഫ് ഭൂമിയായി വിജ്ഞാപനം ചെയ്തതിനെതിരെ ജനങ്ങൾ രംഗപ്രവേശം ചെയ്തപ്പോൾ നടപടി തിരുത്താൻ ഉടനടി കർണ്ണാടക സർക്കാർ തീരുമാനമെടുത്തത് കഴിഞ്ഞ ദിവസമാണ്. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഔദ്യോഗിക സമിതിയാണ് വഖഫ് ബോർഡ് എന്നതിനാൽ സംസ്ഥാന സർക്കാർ ഇടപെടലിന് വലിയ സാധ്യതയുണ്ട്. മുനമ്പം വിഷയത്തെ നിഷ്പക്ഷമായി സമീപിച്ചാൽ ആർക്കും വ്യക്തമാകുന്ന സത്യാവസ്ഥകൾ പരിഗണിച്ച് ഇപ്പോൾ വഖഫ് ബോർഡ് ഉന്നയിച്ചിരിക്കുന്ന അവകാശവാദങ്ങൾ പിൻവലിക്കാൻ തയ്യാറായാൽ ആ നിമിഷം ഈ പ്രതിസന്ധികൾ അവസാനിക്കും.
യുക്തമായ നിലപാട് സ്വീകരിച്ചുകൊണ്ടും നടപടികൾക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടും വളരെ മുമ്പേ തന്നെ അവസാനിപ്പിക്കാമായിരുന്ന ഒരു വിവാദത്തെ ഒരു സങ്കീർണ്ണ പ്രതിസന്ധിയാക്കിമാറ്റിയിരിക്കുന്നതിൽ സർക്കാർ സംവിധാനങ്ങളുടെയും ജനപ്രതിനിധികളുടെയും നിഷ്ക്രിയാവസ്ഥയ്ക്ക് പങ്കുണ്ട്. തങ്ങൾ അകപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ ജനപ്രതിനിധികളെയും അധികാരികളെയും മന്ത്രിമാരെയും മാറിമാറി സമീപിച്ചുകൊണ്ടിരുന്ന മുനമ്പം ജനത അവസാന ഘട്ടത്തിലാണ് സമരമുഖത്തേയ്ക്കിറങ്ങിയത്. തങ്ങൾക്ക് പലപ്പോഴായി പലരും നൽകിയ വാക്ക് പാലിക്കപ്പെടുന്നില്ല എന്ന് തിരിച്ചറിഞ്ഞ് മറ്റൊരു വഴിയുമില്ലാതെയാണ് അവർ അപ്രകാരം ചെയ്തത്. ഈ വിഷയം പൊതുസമൂഹത്തിന് മുന്നിൽ എത്തുന്നതിന് വളരെ മുമ്പുതന്നെ ഇപ്പോൾ പരസ്യ പ്രതികരണത്തിന് തയ്യാറായിരിക്കുന്ന പലർക്കും അതേക്കുറിച്ച് അറിയാമായിരുന്നു എന്നുള്ളതാണ് വാസ്തവം. പ്രക്ഷോഭത്തിനിറങ്ങിയാൽ മാത്രമേ ഒരു ന്യായമായ അതിജീവനപ്രശ്നം ഈ ജനാധിപത്യ രാജ്യത്ത് പരിഹരിക്കപ്പെടൂ എന്ന അവസ്ഥ ദയനീയമാണ്.
മതസൗഹാർദ്ദവും സഹവർത്തിത്വവും - സഭാ നിലപാട്
വഖഫ് അവകാശവാദ വിഷയത്തിൽ മുനമ്പത്തെ അറുനൂറിൽപരം കുടുംബങ്ങൾക്ക് നീതി ലഭിക്കുക എന്ന ലക്ഷ്യമാണ് ആരംഭംമുതൽ കേരള കത്തോലിക്കാ സഭാനേതൃത്വത്തിനുള്ളത്. ഭൂമിയുടെമേൽ ഏകപക്ഷീയമായി അവകാശവാദം ഉന്നയിക്കുന്നതു നിമിത്തം ജനങ്ങൾ തെരുവിലേക്കിറങ്ങാൻ നിർബ്ബന്ധിതരാവുന്ന സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ തിരുത്തലുകൾ നിലവിലുള്ള വഖഫ് നിയമത്തിൽ ഉണ്ടാകണമെന്ന നിലപാടും കേരളകത്തോലിക്കാ സഭ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ, ഭരണഘടനാനുസൃതമായ മതസ്വാതന്ത്ര്യത്തിന് വിഘാതമാകുന്ന വിധത്തിലുള്ള നിയമങ്ങൾ ഒരു മതസമൂഹത്തിന് മേലും അടിച്ചേല്പിക്കപ്പെടാൻ പാടില്ല എന്നുള്ളതും സഭയുടെ എക്കാലത്തെയും നിലപാടാണ്.
മതസൗഹാർദ്ദവും സാമൂഹിക, സാമുദായിക സഹവർത്തിത്വവും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം എല്ലാ മതനേതൃത്വങ്ങൾക്കും സാമുദായിക, രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഉണ്ട്. സമൂഹത്തിൽ വിഭാഗീയതകൾ സൃഷ്ടിച്ചുകൊണ്ട് മുതലെടുപ്പുകൾ നടത്താനുള്ള ഒരു ശ്രമവും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടുള്ളതല്ല. സാമുദായിക മൈത്രിയും മത സൗഹാർദ്ദവും ഒരു കൂട്ടുത്തരവാദിത്തമാണ്. എല്ലാ സമുദായ, രാഷ്ട്രീയ നേതൃത്വങ്ങളും ഇക്കാലഘട്ടത്തിൽ ഈ ചുമതലയ്ക്ക് അടിയന്തിര പ്രാധാന്യം നൽകി ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മുനമ്പം വിഷയത്തിൽ ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക നിയമം മറ്റു സമുദായ അംഗങ്ങളായ അനേകർക്ക് വലിയ പ്രതിസന്ധിക്ക് കാരണമായി മാറിയിരിക്കുന്നു എന്നത്, സമുദായങ്ങൾ തമ്മിലുള്ള സംഘർഷമായി വളരാതിരിക്കാനുള്ള ജാഗ്രത നേതൃത്വങ്ങൾ പുലർത്തേണ്ടിയിരിക്കുന്നു. പരിഹരിക്കപ്പെടാതെ നീളുന്ന പ്രതിസന്ധികളാണ് മുതലെടുപ്പുകൾക്കുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ട്, എത്രയും വേഗം മുനമ്പം നിവാസികൾക്ക് നീതി ലഭ്യമാക്കാൻ സർക്കാരും സമുദായ നേതൃത്വങ്ങളും തയ്യാറാകണം.
ശാശ്വതമായ പരിഹാരം മുനമ്പം നിവാസികൾക്ക് ഉറപ്പുവരുത്താൻ സർക്കാരിനും സമുദായ നേതൃത്വങ്ങൾക്കും കഴിയേണ്ടതുണ്ട്. ഇപ്പോഴുള്ള കോലാഹലങ്ങൾ ഒതുങ്ങിയതിന് ശേഷം നിയമത്തിൽ അവശേഷിക്കുന്ന പഴുതുകൾ ഉപയോഗിച്ച് വീണ്ടും മറ്റാരെങ്കിലും അവരുടെ അവകാശത്തെ ചോദ്യം ചെയ്യാൻ തുനിഞ്ഞിറങ്ങിക്കൂടാ. അടിസ്ഥാന രഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കപ്പെടുന്നതിലൂടെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിൽ അകപ്പെടുത്തപ്പെടുന്ന സംഭവങ്ങൾക്ക് ഒരു ഉദാഹരണം മാത്രമാണ് മുനമ്പത്തെ സംഭവപരമ്പരകൾ എന്നുള്ള വസ്തുതയും ഇവിടെ പ്രസ്താവ്യമാണ്. ഇന്ത്യയിൽ എവിടെയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും നിലവിൽ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന ജനങ്ങൾക്ക് നീതിലഭിക്കാനും മുനമ്പം ജനതയുടെ അനുഭവം ഒരു പാഠമായിരിക്കട്ടെ.