21/11/2022
ആ പുഞ്ചിരിയും മാഞ്ഞു,ആ തണലും നീങ്ങി, ആ താരകവും അസ്തമിച്ചു.
"ആരെങ്കിലും ബൈക്കിൽ പോവുമ്പോ വഴീന്ന് ഉസ്താദേ പോര്ന്നോ എന്ന് ചോയ്ച്ചാൽ ഞാൻ പോവൂല്ല കാരണം അതിൻ്റെ അർത്ഥം ഉസ്താദ് പോര്ന്നില്ലെങ്കിൽ എനിക്ക് പോയിറ്റ് വേറെ പണിണ്ട് എന്നാണ്, അയില് ഞാൻ കേറൂല്ല, "വേഗം കേറീ ഉസ്താദേ" എന്ന് പറഞ്ഞാല് മാത്രേ ഞാൻ കേറൂ"....
വിറാസിലെ ബുഖാരി ദർസിനിടയിൽ ഒരു ഹദീസ് വിശദീകരിക്കുന്നതിനിടയിൽ ആണ് ഉസ്താദ് ഇത് പറഞ്ഞത്. വളരെ ചിലപ്പോഴൊക്കെയേ ഉസ്താദ് തികച്ചും വ്യക്തിപരമായ സംഭവങ്ങളോ അനുഭവങ്ങളോ ഒക്കെ പറയൂ.അത് തന്നെ വിദ്യാർഥികൾക്ക് അതുകൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാവുമെന്ന് തോന്നിയാൽ മാത്രം.
"എൻ്റെ പെണ്ണ്ങ്ങൾ എപ്പളും പറയൂ, "ങ്ങൾ ബല്ലാത്തൊരു മനുഷ്യൻ ആണ്, എനിക്ക് കിട്ടിയ ഒരു സ്ഥലോം ങ്ങൾ ഒന്ന് തിരിഞ്ഞ് നോക്കൽ പോലൂല്ല"
തൻ്റെ ഭാര്യക്ക് കിട്ടിയ ഭൂസ്വത്ത് താൻ ഒന്നും ചെയ്യാത്തതിൽ ഉള്ള വിഷമം ഭാര്യ പറഞ്ഞത് അത്പോലെ ഉദ്ധരിച്ച് ഉസ്താദ് പറഞ്ഞു "ക്യ് അത് മാണ്ട, അത്രന്നെ..."
എന്നിട്ട് ഉസ്താദ് തുടർന്നു "അന്യൻ്റെ ഒന്നും ആഗ്രഹിക്കര്ത് കുട്ട്യേളേ, ആരെ മിന്നത്തും (ഔദാര്യം) സ്വീകരിക്കര്ത്..."
ഇത് പോലെയുള്ള ഒരു ലൈഫ് ഫിലോസഫി എങ്കിലും പറയാത്ത ഒരൊറ്റ ക്ലാസ് പോലും ഉസ്താദിൻ്റെത് കഴിഞ്ഞ് പോയത് എനിക്ക് ഓർമയില്ല.
സദാ പുഞ്ചിരി തൂകുന്ന മുഖം, തികഞ്ഞ പാണ്ഡിത്യം, അതീവ കുശാഗ്രബുദ്ധി, യുക്തിഭദ്രവും പ്രായോഗികവുമായ വിഷയാവതരണം, അങ്ങേയറ്റത്തെ ലാളിത്യം...
ഒരു മഹാപണ്ഡിതനെ ഇതിലും വ്യക്തമായി എങ്ങനെ നിർവചിക്കാൻ ആവുമെന്ന് എനിക്കറിയില്ല. ഇതായിരുന്നു വിനീതനെപ്പോലെയുള്ള ആയിരക്കണക്കിന് ശിഷ്യർക്ക് *ചെറിയ എ.പി ഉസ്താദ്* എന്ന ആ മഹാമനീഷി.
ഓർമകൾ ചികയുമ്പോൾ ഉള്ളം പിടക്കുന്നു. മർകസ് നോളജ് സിറ്റിയിലെ വിറാസിലെ ആദ്യ സഖാഫി ബാച്ച് എന്ന നിലക്ക് ശൈഖുന കാന്തപുരം ഉസ്താദ് ഉൾപ്പടെയുള്ള ഒരുപാട് മുതിർന്ന ഉസ്താദുമാരുടെ ക്ലാസുകളും പ്രത്യേക പരിഗണനയും ലഭിച്ചിരുന്നു എന്നത് ഞങ്ങൾക്ക് കിട്ടിയ എടുത്ത് പറയേണ്ട ഒരു മഹാസൗഭാഗ്യം തന്നെയാണ്. സുബ്ഹിക്ക് 6 മണിക്കോ അതിന് മുമ്പോ ഒക്കെ തുടങ്ങുന്ന ക്ലാസിന് പലപ്പോഴും ഉസ്താദിനെ കാറിൽ നിന്നിറങ്ങി വരുമ്പോ കൈ പിടിച്ച് കൊണ്ട് വരാൻ വിനീതന് സാധിച്ചിരുന്നു, ചിലപ്പോ നല്ല ജലദോഷമുണ്ടാവും, ചിലപ്പോ തൊട്ടാൽ പൊള്ളുന്ന പനിയുണ്ടാവും, അല്ലെങ്കിൽ എന്തെങ്കിലും ദേഹാസ്വസ്ഥ്യങ്ങൾ ഉണ്ടാവും, അതൊന്നും പുറത്ത് കാണിക്കാതെ, ആരോടും പറയാതെ ഉസ്താദ് വന്ന് ക്ലാസെടുക്കും. 'ഒരു കാലി പ്ട്ടും മധുരമില്ലാത്ത പാൽ ചായയും' കിട്ടിയാൽ ഉസ്താദിന് പിന്നെ വേറൊന്നും വേണ്ട. പരാതികളില്ല, പരിഭവങ്ങളില്ല, രണ്ട് വർഷത്തിനിടയിൽ ഉസ്താദിൻ്റെ കാരണം കൊണ്ട് ഒരിക്കൽ പോലും ദർസ് മുടങ്ങിയത് ഓർമയിൽ ഇല്ല.
ഓർമ ശരിയാണെങ്കിൽ ഉസ്താദിനെ ആദ്യമായി കാണുന്നതും കേൾക്കുന്നതും പൂനൂരിൽ എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ്. പിന്നീട് കാന്തപുരത്ത് അസീസിയ കോളേജിൽ പഠനമാരഭിച്ചപ്പോൾ രിയാളുസ്വാലിഹീൻ ഓതി ദർസ് തുടങ്ങിത്തന്നത് ഉസ്താദായിരുന്നു. പിന്നീട് കോളേജ് യൂണിയനിൽ ഉണ്ടായിരുന്ന കാലത്ത് സമസ്തയുടെ ഫത്‌വ ബോർഡിലെ പ്രധാന അംഗം കൂടിയായ ഉസ്താദിൻ്റെ ദീർഘ കാലത്തെ ഫത്‌വകളുടെ സമാഹാരമായ 'ഫതാവാ അസീസിയ' യുടെ പിന്നണിയിൽ സുഹൃത്തുക്കളോടൊപ്പം പ്രവർത്തിക്കാൻ ചെറിയ നിലക്കെങ്കിലും ഭാഗ്യം ലഭിച്ചിരുന്നു.
നീണ്ട മൂന്നര പതിറ്റാണ്ട് കാലം ഉസ്താദ് ദർസ് നടത്തിയ കാന്തപുരത്ത് രണ്ട് കൊല്ലം പഠിച്ചത് കൊണ്ട് തന്നെ ഉസ്താദിനെപറ്റി നാട്ടുകാരിൽ നിന്ന് ഒരുപാട് അറിയാൻ സാധിച്ചു. ഇരുപത്തിയഞ്ച് കൊല്ലം കാന്തപുരത്ത് ദർസ് നടത്തിയപ്പോൾ അവേലത്ത് തങ്ങളെ കണ്ട് ഉസ്താദ് ദർസ് മാറുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ "ഞാൻ ഉണ്ടാക്കിയത് മുഴുവൻ ങ്ങൾ ഇല്ലാണ്ടാക്കുകയാണോ?" എന്ന ഗൗരവതരമായ ചോദ്യത്തിന് മുമ്പിൽ ഉസ്താദിന് ഒന്നും പറയാനില്ലായിരുന്നു. പിന്നെയും നീണ്ട പത്ത് വർഷം ഉസ്താദ് കാന്തപുരത്ത് തന്നെ സേവമനുഷ്ടിച്ചു. ഉസ്താദ് എപ്പോൾ വന്നാലും നാട്ടുകാർക്ക് ഒരു വീട്ടുകാരനെപ്പോലെയാണ്. അവേലത്ത് തങ്ങളുടെ നാമധേയത്തിൽ നൽകിപ്പോരുന്ന സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ പ്രഥമ അവാർഡ് സ്വീകരിച്ച് കൊണ്ട് നടത്തിയ ഹൃദ്യമായ പ്രഭാഷണത്തിൽ ഉസ്താദ് അവേലത്ത് സാദാത്തുക്കളുടെയും നാട്ടുകാരുടെയും സ്നേഹത്തെക്കുറിച്ച് കരഞ്ഞ് കൊണ്ട് പറയുന്നുണ്ട്. 2007 ലാണ് ഉസ്താദ് മർകസിലേക്ക് മാറുന്നത്.
പലരിൽ നിന്നും കേട്ടറിഞ്ഞ ഉസ്താദിനെ പിന്നീട് എനിക്ക് ഒരുപാട് തവണ അനുഭവിക്കാനായി. ഓരോ തവണ കാണുമ്പോഴും ഉസ്താദിലെ മുദരിസിനെ, മുഫ്തിയെ, പ്രസംഗകനെ, സരസനെ, കർഷകനെ, സുഹൃത്തിനെ കൂടുതൽ വ്യക്തമായിക്കണ്ടു. കാണുന്നവരോടൊക്കെ ചിരിച്ച് തോളത്ത് കൈവെച്ച് സംസാരിക്കും, പലരും വീട്ടിൽ കാണാൻ പോയാൽ പറമ്പ് കിളക്കുന്ന ഉസ്താദിനെ ആവും കാണുക, അങ്ങാടിയിൽ ചിലപ്പോൾ പച്ചക്കറിയും മീനും വാങ്ങിപ്പോവുന്നത് കാണാം, ഏതെങ്കിലും ബൈക്കിൻ്റെ പുറകിൽ ഇരുന്ന് പോവുന്നത് കാണാം, ഒരു പച്ചയായ മനുഷ്യനെ കാണുന്നിടങ്ങളിൽ മുഴുവൻ ഉസ്താദിനെ കാണാമായിരുന്നു.
ഉസ്താദിൻ്റെ ദർസിൽ സുന്നത്ത് ജമാഅത്തിൻ്റെ ഖണ്ഡിതമായ പ്രമാണങ്ങൾ (ഖുർആൻ, ഹദീസ്) വെച്ച് തന്നെയായിരുന്നു അധിക വിഷയങ്ങളും സമർത്ഥിച്ചിരുന്നത്. വേണ്ടിടത്ത് ഹാഫിളുകളെ കൊണ്ട് ഖുർആൻ ആയത്ത് ഓതിപ്പിക്കും, അല്ലെങ്കിൽ ഉസ്താദ് തന്നെ ഓതി വിശദീകരണം പറയും. ഹദീസുകളിൽ നിന്ന് വിഷയങ്ങൾ ഗവേഷണം ചെയ്ത് കണ്ടെത്താനുള്ള ഉസ്താദിൻ്റെ സാമർത്ഥ്യവും ആഴവും പരപ്പുമുള്ള അറിവനുഭവവും ക്ലാസിലിരിക്കുന്ന ആരെയും അമ്പരപ്പിക്കും. എന്തെങ്കിലും വിഷയങ്ങൾ പറയുമ്പോ "ഇയാളുടെ നാട്ടിൽ അങ്ങിനെയാണ്" എന്ന് പറയും" പിന്നെയാണ് " ഇയാളെ നാട് എവിടെയാണ് " എന്ന് ചോദിക്കുക, കുട്ടികളെ രസിപ്പിക്കാനും ശ്രദ്ധ തിരിക്കാനുമുള്ള ഒരു ചെപ്പടിവിദ്യ കൂടിയായിരിക്കും അത്.
ആദർശ വൈരികളുടെ നല്ല വശങ്ങൾ പറയാനും ഉസ്താദിന് മടിയുണ്ടായിരുന്നില്ല, അവരെ ഉദ്ദരിച്ച് നെല്ലും പതിരും വേർതിരിച്ച് തരാനും ഉസ്താദ് വളരെയധികം ശ്രദ്ധിച്ചിരുന്നു. നബിയുടെ ഭാര്യമാരെ മാത്രമേ അഹ്ലുബൈത്ത് എന്ന് പറയാനൊക്കൂ എന്ന ചേകന്നൂർ മൗലവിയുടെ ബാലിശവാദത്തിൻ്റെ മുനയൊടിച്ചത് സ്വഹീഹ് ബുഖാരിയിൽ വന്ന ഹദീസിൽ മുത്ത് നബി തങ്ങൾ ബീവി ഫാത്തിമയോട് എൻ്റെ അഹ്ലൂബൈത്തിൽ നിന്ന് ഞാനുമായി ആദ്യം സമാഗമിക്കുക മോളായിരിക്കും എന്ന ഹദീസ് വിശദീകരിക്കുമ്പോഴായിരുന്നു (...وإنك أول أهل بيت لحاقا بي...)
ബുഖാരിയിലെ മറ്റൊരു ഹദീസിൽ "ഞാൻ കാണുന്നത് നിങ്ങൾ കാണുന്നുണ്ടോ?" എന്ന മുത്ത് നബി തങ്ങളുടെ ചോദ്യത്തിന് ഇല്ല എന്ന് സ്വഹാബത്ത് മറുപടി പറഞ്ഞത് ഉദ്ധരിച്ച് ഉസ്താദ് മഹാന്മാർക്ക് മറഞ്ഞ കാര്യങ്ങൾ അറിയാൻ കഴിയും എന്ന് സ്ഥാപിച്ചു. അതുപോലെ സൂറത്ത് യാസീനിലെ ഹബീബുന്നജ്ജാറിൻ്റെ സംഭവം വിവരിച്ചുകൊണ്ട് ഒരിക്കൽ ഉസ്താദ് പറഞ്ഞു " സ്വർഗ്ഗത്തിലെത്തിയ ഹബീബുന്നജ്ജാർ എൻ്റെ ആളുകൾ ഇത് അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് ആഗ്രഹിക്കുന്നുണ്ട്, അതാണ് ഔലിയാക്കളുടെ സ്വഭാവം, സാധാരണക്കാർ മരിച്ച് അവർ സ്വർഗ്ഗത്തിലെത്തിയാൽ അതോടെ അവരുടെ ചിന്തകൾ കഴിഞ്ഞു, എന്നാൽ മഹാത്മാക്കൾ സ്വർഗ്ഗത്തിൽ എത്തിയാലും സാധുജനങ്ങളെക്കുറിച്ച് ആശങ്കാ കുലരായിരിക്കും...". എത്ര ഭംഗിയിലാണ് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ 'ഓടി പ്പോവുന്ന' ഭാഗങ്ങൾ വരെ ഇത്ര മനോഹരമായി ഉസ്താദ് ഗവേഷണം ചെയ്ത് അവതരിപ്പിക്കുന്നത്.
മുത്ത് നബിയുടെ മാതാപിതാക്കൾ നരകത്തിലാണ് (അസ്തഗ്ഫിറുള്ളാഹ്!) എന്ന വൃത്തികെട്ട വഹാബി വാദത്തെ പൊളിച്ചടുക്കാൻ സുബുലുൽ ഹുദാ വറശാദ് എന്ന പ്രാമാണിക സീറാഗ്രന്ഥ ത്തിൽ ബീവി ആമിന വഫാത്ത് വേളയിൽ തൻ്റെ ആറ് വയസ്സായ മുത്ത് മുഹമ്മദ് മോനെ അരികിലേക്ക് വിളിപ്പിച്ച് " ബാറക ഫീകല്ലാഹു മിൻ ഗുലാമിൻ..." എന്ന് തുടങ്ങുന്ന വരികളിലൂടെ ഉപ്പാപ്പയായ ഇബ്രാഹിം നബിയുടെ ദീനിൽ ഉറച്ച് നിൽക്കാനും ഞാൻ കണ്ട സ്വപ്നം സത്യമെങ്കിൽ മോൻ ലോകരിലേക്ക് നിയോഗിക്കപ്പെട്ടവരാണ് എന്ന സത്യസാക്ഷ്യവും വസ്വിയ്യത്ത് ആയി നൽകിയത് വിവരിക്കുമ്പോൾ ഉസ്താദിലെ പ്രവാചകസ്നേഹം അനുവാചകരിലേക്ക് പരന്നൊഴുകും. ബീവി ആമിന എന്ന ഒരു മഹാ പ്രസ്ഥാനത്തിൻ്റെ വലിപ്പം അറിഞ്ഞ ഹൃദയങ്ങളിൽ നിന്ന് രക്തം കണ്ണീരോട് ചേർന്ന് ചാലിട്ടൊഴുകും. പ്രവാചകത്വം എന്ന ഭാരിച്ച ഉത്തരവാദിത്വം പേറിയതിൻ്റെ പേരിൽ മാത്രം സ്വന്തം കുടുംബവും നാട്ടുകാരും പോലും മുത്ത് നബിയെ ആട്ടും തുപ്പുമായി ഇറക്കിവിട്ടപ്പോൾ അവിടുത്തേക്ക് കുളിരായത് ആറാം വയസ്സിൽ തന്നെ ചേർത്ത് പിടിച്ച് തൻ്റെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തിയ ആമിന ഉമ്മയുടെ വാക്കുകളാവും. ആ മഹതിയിൽ പോലും ശിർക്ക് ആരോപിച്ച വഹാബിപരിഷകൾ ഇതൊക്കെ എവിടെക്കൊണ്ട് പോയി കഴുകിക്കളയും;റബ്ബ് നമ്മെ കാക്കട്ടെ, ആമീൻ.
അല്ലാഹ്, ഇനി ആ ശബ്ദമില്ല, ഈ വേർപാട് മുഹമ്മദീയ ഉമ്മത്തിന് താങ്ങാനാവുന്നില്ലല്ലോ റബ്ബേ...
എതിരാളികളുടെ തെളിവുകൾ ഉദ്ധരിച്ച് തന്നെ അവർക്ക് മറുപടി കൊടുക്കുന്ന ശൈലിയും ഉസ്താദിൻ്റെ അറിവിൻ്റെയും പരന്ന വായനയുടെയും വലിപ്പമാണ് കാണിച്ചിരുന്നത്; അതുകൊണ്ട് തന്നെ ഇബ്നു ബാസും, ഇബ്നു ഉസൈമീനും സി. എൻ അഹ്മദ് മൗലവിയും സയ്യിദ് ഖുത്ബും ചേകന്നൂർ മൗലവിയും മൗദൂദിയുമെല്ലാം ഉസ്താദിൻ്റെ ദർസിൽ കടന്ന് വന്നിരുന്നു. സുന്നി ലോകത്തിന് നേരെയുള്ള ശീഈ ആക്രോശങ്ങൾക്കെല്ലാം ഉസ്താദിൻ്റെ പക്കൽ മറുപടികൾ ഉണ്ടായിരുന്നു.
സരളവും സരസവുമായ ഉദാഹരണങ്ങൾ അർത്ഥശങ്കക്കിടയില്ലാത്ത വിധം ഉസ്താദ് പറയുമ്പോൾ പലപ്പോഴും നമ്മൾ അൽഭുതപ്പെട്ട് ഇരിക്കാറുണ്ട്. ഇസ്ലാമിക നിദാനശാസ്ത്രത്തിലെ ഒരു പ്രധാന തത്വമായ " ഏതൊരു പൊതു നിയമം പറയുമ്പോഴും അത് ബാധകമല്ലാത്ത ചില വിഷയങ്ങളുണ്ടാവും" എന്നത് സംബന്ധിച്ച് പറയുമ്പോൾ ഉദാഹരണമായി ഉസ്താദ് പറഞ്ഞു " ഈ ബസ് ഡ്രൈവർമാരെ കണ്ടിട്ടില്ലേ, അവർക്ക് ടിക്കറ്റ് എടുക്കണ്ടല്ലോ" ഉടൻ കുട്ടികളിൽ നിന്നാരോ വിളിച്ച് പറഞ്ഞു " അത് ഉസ്താദേ, കണ്ടക്ടർക്കും എടുക്കണ്ടല്ലോ...". "മൂപ്പരെ അടുത്ത് കൊറേ ടിക്കറ്റ് ആദ്യേ ഇല്ലേ ചങ്ങായിയേ..." കൂസലില്ലാതെ ഉസ്താദിൻ്റെ മറുപടി വന്നു. കുട്ടികൾ വിടാൻ ഒരുക്കമില്ല, "അപ്പോ കിളിയോ ഉസ്താദേ?" , "ഞാൻ മൻഷമ്മാരെ ക്കുറിച്ചാണ് പറയ്ന്നത്". അതോടെ എല്ലാരും പത്തിമടക്കി.
ആർക്കും എന്തും ചോദിക്കാം, തമാശക്കാണെങ്കിൽ അതേ നാണയത്തിൽ തന്നെ മറുപടി, വിഷയം അറിയാനാണെങ്കിൽ ഖണ്ഡിതമായ പ്രമാണങ്ങൾ നിരത്തി നാടൻ ശൈലിയിൽ രസകരമായ മറുപടി, എന്തായാലും വിഷയം മനസ്സിലാക്കി തരാതെ മുന്നോട്ട് പോവില്ല. മുത്വാലഅ (റഫറൻസ്) ചെയ്യണമെന്ന് നിരന്തരം ഉസ്താദ് പറയുമായിരുന്നു. ഒപ്പം ഒരുപാട് ലൈഫ് ഫിലോസഫികളും. ജീവിതത്തിൻ്റെ പ്രായോഗികവശങ്ങളെ ക്കുറിച്ച് മാത്രമായിരുന്നു ഉസ്താദ് എപ്പോഴും സംസാരിച്ചിരുന്നത്. ഒരിക്കലും ഉസ്താദ് ഒരു അതികായനാവാൻ ശ്രമിച്ചില്ല, "എനിക്ക് ശൈഖ് ഹസൻ ഹസ്റത്ത് സുഹ്രവർദി ത്വരീഖത്തും അതിൻ്റെ വളാഇഫുമെല്ലാം തന്നിട്ടുണ്ട്, കുറച്ച് കൂടി പ്രായമായിട്ട് ചൊല്ലാം എന്ന് വിചാരിച്ച് ഞാൻ എടുത്ത് വെച്ചിട്ടുണ്ട്..." എന്ന് പറയുമ്പോൾ ഉസ്താദ് തൻ്റെയുള്ളിലെ ആത്മീയത പൂർണ്ണമായും തുറന്ന് കാട്ടാൻ അവസരമുള്ള തൻ്റെ പ്രിയ വിദ്യാർഥികൾക്ക് മുന്നിൽ പോലും അത് മറച്ചുവെക്കാൻ ശ്രമിക്കുകയായിരുന്നു.
ദർസ് കഴിഞ്ഞ് പോകുമ്പോ സുഖമില്ലാതെ ആരെങ്കിലും ഹോസ്പിറ്റലിൽ ഉണ്ടെന്ന് അറിഞ്ഞാൽ അവരെയും പോയി സന്ദർശിക്കും,എന്നിട്ടാണ് മടങ്ങുക.
ശൈഖുന കാന്തപുരം ഉസ്താദിനെക്കുറിച്ച് പറയുമ്പോൾ ഉസ്താദ് എപ്പോഴും വല്ലാതെ വാചാലനായി കാണപ്പെട്ടു. ഉസ്താദിൻ്റെ അവസാനത്തെ പ്രഭാഷണവും വന്ദ്യ ഗുരുവിനെക്കുറിച്ചുള്ളതായിരുന്നല്ലോ. നാടും വീടുമെല്ലാം വ്യത്യസ്തമായപ്പോഴും ജ്യേഷ്ഠാനുജന്മാരെന്ന് ദ്യോതിപ്പിക്കുന്ന മട്ടും ഭാവവും ശബ്ദവുമെല്ലാം ആ ആത്മബന്ധത്തെ വിളിച്ചറിയിക്കുന്ന അടയാളങ്ങളാണ്.
ദർസ് കഴിഞ്ഞ് കാറിലേക്ക് കയറിക്കഴിഞ്ഞാൽ ഒരു നോട്ടം കൂടി പ്രതീക്ഷിച്ച് നിൽക്കുന്ന പ്രിയശിഷ്യൻ്റെ മുഖത്തേക്ക് നോക്കി കൈ കാണിച്ച് കൊണ്ട് ഉസ്താദിൻ്റെ ഒരു ചിരിയുണ്ട്, ഒരു ജീവിതം മുഴുവൻ സാർഥകമാവാൻ ആ പുഞ്ചിരി മതി. "സ്വയം ചെറുതാവുന്തോറും ഞാൻ വലുതാക്കുമെന്ന" റബ്ബിൻ്റെ പ്രഖ്യാപനത്തിൻ്റെ ഏറ്റവും ഒടുവിലത്തെ നേർസാക്ഷ്യമാണ് ഉസ്താദ്.
പണ്ഡിതകേരളം ആ വാക്കുകളോടും അക്ഷരങ്ങളോടും വല്ലാതെ കടപ്പെട്ടിരിക്കുന്നു. കഴിയുന്നവർ ആ ഖബറിടത്ത് ചെന്ന് ഒരു യാസീൻ ഓതി ദുആ ചെയ്യണം, ഖത്മുകളും തഹ്ലീലുകളും ഹദ് യ നൽകി ആ മണ്ണറ മണിയറയാക്കണം. ദീനി നെ ശക്തിപ്പെടുത്താൻ വേണ്ടി മാത്രം തൻ്റെ കൗമാരവും യുവത്വവും വാർദ്ധക്യവും ചെലവഴിച്ച ആ മഹാമനീഷിക്ക് പേടിക്കാൻ എന്തുണ്ട്. ഇത് നമുക്കാണ് പരീക്ഷണത്തിൻ്റെ നാളുകൾ, കാവൽപ്പടയാളികൾ ഓരോന്നായി പിരിഞ്ഞുപോവുന്ന ഈ സൈന്യത്തെ ഇനിയാര് നയിക്കും. ഞങ്ങൾക്ക് നീ സ്വാലിഹീങ്ങൾ ആയ പണ്ഡിതരെ പകരം നൽകണേ റഹ്മാനേ....
മുത്ത് നബിയേ, അവിടുന്ന് പറഞ്ഞതെത്ര സത്യം , ദുനിയാവിലെ ഓരോ നിമിഷങ്ങളും ഞങ്ങൾ ഇപ്പോൾ അത് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. "ഒരു പണ്ഡിതൻ്റെ വിയോഗം ഒരിക്കലും പരിഹരിക്കാനാവാത്ത ഒരു പരീക്ഷണമാണ്, ഒരിക്കലും അടക്കാനാവാത്ത ഒരു പഴുതാണ്, ഒരു താരകം അസ്തമിച്ചതിന് തുല്യമാണ്; ഒരു ഗോത്രം മുഴുവൻ ഇല്ലാതായി പോവുന്നതിനേക്കാൾ ക്ലേശകരമത്രെ ഒരു പണ്ഡിതൻ്റെ മരണം..." (ത്വബ്റാനി)
പ്രിയപ്പെട്ട ഉസ്താദിൻ്റെ ഖബറിടം നീ സ്വർഗ്ഗമാക്കണം റഹ്മാനേ, അവിടുത്തെ പൊരുത്തത്തിലായി അവിടുന്ന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട മുത്ത് നബി തങ്ങളോടൊപ്പം ഞങ്ങളെ സുഖലോകജന്നാത്തിൽ ഒരുമിച്ച് കൂട്ടണേ നാഥാ...ആമീൻ
ഹാശിം ജീലാനി
9544854902