01/06/2018
കോഴിക്കോട് അതീവ ജാഗ്രത.
നിപ്പ വൈസ് ബാധയെ തുടര്‍ന്ന് രണ്ടുപേർക്കൂടി മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോട് ബാലുശേരിയിലെ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും ജീവനക്കാർക്കും അവധി നൽകി. ഒപി പ്രവർത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും കഴിഞ്ഞ രണ്ടുദിവസമായി മരിച്ച മൂന്നുപേരുമായി അടുത്ത് ഇടപഴകിയവര്‍ നിപ്പ സെല്ലുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ഓസ്ട്രേലിയയില്‍നിന്ന് ഇന്നു കോഴിക്കോട്ടെത്തും.11 ദിവസം, 17 മരണം. നിപ്പ വൈറസാണ് വില്ലനെന്നു കണ്ടെത്താനായെങ്കിലും വൈറസിന്റെ ഉറവിടം കണ്ടെത്താനോ പകരുന്നതു തടയാനോ ആരോഗ്യവകുപ്പിനായിട്ടില്ല. കഴിഞ്ഞ ദിവസം മരിച്ച റസിനു വൈറസ് പകര്‍ന്നതു ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നാണ്. ഇതു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നും മാത്രമാണു വൈറസ് പകര്‍ന്നതെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ഇതുവരെയുള്ള കണക്കൂകൂട്ടല്‍.1353 പേരാണു നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. രണ്ടു പേര് ചികില്‍സയിലുണ്ട്. ഒൻപതു പേര് നിരീക്ഷണത്തിലും. ഓസ്ട്രേലിയയില്‍നിന്നു വൈറസിനെ പ്രതിരോധിക്കാനുള്ള 50 ഡോസ് മരുന്ന് ഇന്നെത്തും. ഒരാള്‍ക്ക് മൂന്നു ഡോസ് മരുന്നു മതിയാകും.കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിലും സിടി സ്കാൻ റൂമിലും വെയിറ്റിങ് റൂമിലും മെയ് അഞ്ചിനു രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും 14നു രാത്രി 7 മുതൽ രാത്രി 9 വരെയും 18, 19 തീയതികളിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് 2 വരെയും സന്ദർശനം നടത്തിയിട്ടുള്ളവർ സ്റ്റേറ്റ് നിപ്പാ സെല്ലിൽ ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സ്റ്റേറ്റ് നിപ്പാ സെൽ നമ്പർ - 0495–2381000