17/05/2022
കോഴിക്കോട് മെഡി: കോളേജിലെ ഫിനാൻസ് ജിഹാദ്
ഡോ:രാധാകൃഷ്ണൻ സാറിന്റെ കുറിപ്പിലൂടെ...
✍🏽 1966-ൽ ആണ്. കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഉദ്ഘാടനം ഔപചാരികമായി കഴിഞ്ഞെങ്കിലും കെട്ടിടത്തിന്റെ പണി മുഴുമിച്ചിരുന്നില്ല. യശശ്ശരീരനായ വെല്ലിങ്ടൺ ആയിരുന്നു അന്ന് ആരോഗ്യമന്ത്രി. വെല്ലിങ്ടൺ ഉദ്ഘാടനത്തിനായി വന്നപ്പോൾ കറുത്ത കൊടിപിടിച്ചതും, അതിന്റെ പേരിൽ ശിക്ഷാ നടപടികൾ അനുഭവിക്കേണ്ടി വന്നതും എല്ലാം ഒരു പേടി സ്വപ്നം പോലെ ഇപ്പോഴും മനസ്സിലൂടെ കടന്നു പോകും.
അന്ന് മെഡിക്കൽ കോളേജ് ആശുപത്രി കാണുവാൻ ഏറെ പേർ എല്ലാ വിഭാഗങ്ങളിലും കറങ്ങി നടക്കും. ആരും അത് നിയന്ത്രിച്ചിരുന്നില്ല, എതിരൊട്ടു പറഞ്ഞിരുന്നുമില്ല. ഒരു നക്ഷത്രത്തിന്റെ ആകൃതിയിലാണ് ആശുപത്രി കെട്ടിടം. അതിൽ രണ്ടു ഭാഗം പണിതിട്ടില്ല, കുറച്ചു കമ്പികൾ ഉയർന്നു നിൽക്കുന്നുണ്ട്. പാകിസ്ഥാൻ ആക്രമണത്തിനു ശേഷമുണ്ടായ മൂല്യച്യുതിയിൽ സാമ്പത്തിക ഞെരുക്കം കാരണം പണി നിർത്തി വച്ചതാണ്. സർക്കാരിന്റെ കയ്യിൽ അഞ്ചു പൈസ ഇല്ല.
ഞങ്ങൾക്ക് ക്ലിനിക്കൽ പോസ്റ്റിങ്ങ് തുടങ്ങിയതും അപ്പോഴായിരുന്നു.
ഒരുദിവസം ഞാനും ജ്ഞാനപ്രകാശനും മെഡിസിൻ പ്രൊഫസറുടെ മുറിയുടെ മുന്നിൽ നിൽക്കുമ്പോഴാണ്, തേഞ്ഞരഞ്ഞ ചെരുപ്പും, പഴയൊരു കാലൻ കുടയും, തലയിൽകെട്ടും, അവിടവിടെ നരച്ച താടിയുമായി ഒരു ഹാജിയാർ അവിടേക്കു വന്നത്. കൂടെ ഒരു സഹായിയും. അത്യാവശ്യം എഴുത്തും വായനയും അറിയുന്ന ആളായിരിക്കണമല്ലോ, ഡോക്ടർമാരുടെ പേര് എഴുതിവച്ചിരുന്ന ബോർഡിൽ നോക്കിയിട്ടു പറഞ്ഞു,
"പടച്ചോനേ, എംബിബിഎസ് ഉള്ള ഒരാളും ഇല്ലല്ലോ."
അന്ന് എംആർസിപി-യുടെ കാലമായിരുന്നു. കേരളത്തിൽ എംബിബിഎസ് മാത്രമേ ഉള്ളു. കാശുള്ളവർ ഇൻഗ്ലണ്ടിൽ പോയി ഒരു എംആർസിപി കരസ്ഥമാക്കി വരും. പിജി എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഓരോരുത്തർ എന്നോട് ചോദിക്കും. വേളൂർ കൃഷ്ണൻ കുട്ടിയുടെ ഒരു കഥ ഞാൻ പറയും: പക്കവാട പരമുനായർ ഉസ്ബക്കിസ്ഥാനിൽ പോയി മടങ്ങി വന്ന സമയം. നായർ ഓരോ ബഡായി ഓരോ ദിവസവും പറയും. ഒരു ദിവസം ചായക്കടയിൽ ഇരിക്കുമ്പോൾ പരമുനായർ പറഞ്ഞു: "ഉസ്ബക്കിസ്ഥാനിൽ കപ്ലങ്ങ കുത്താൻ തോട്ടി വേണ്ട."
അന്നൊക്കെ നല്ല പൊക്കത്തിലുള്ള കപ്ലങ്ങ മരവും, അതിൽ ചാരി വച്ചിരിക്കുന്ന ഒരു തോട്ടിയും മിക്കവാറും എല്ലാ വീട്ടിലും ഉണ്ടാകും. ആളുകൾ തരിച്ചിരുന്നു പോയി. ഒരാൾ ചോദിച്ചു,
"അത്രക്കും പൊക്കമുള്ളവരാണോ"
നായർ പറഞ്ഞു, "ഏയ് അതൊന്നുമല്ല. അവിടെ കപ്ലങ്ങാമരം ഇല്ല."
അവസാനം പിജി ഇവിടെ തുടങ്ങിയപ്പോൾ ഗവൺമെന്റിൽ ജോലിയുള്ളവർക്കു മാത്രമേ അഡ്മിഷൻ കിട്ടിയിരുന്നുള്ളു.
ഹാജിയാർ അറിയാഞ്ഞിട്ടു പറഞ്ഞതല്ല, ഒരു തമാശ പറഞ്ഞതാണെന്ന് മുഖഭാവത്തിലൂടെ അറിയാമായിരുന്നു.
ഹാജിയാർ ഞങ്ങളോട് ചോദിച്ചു,
"ഇവിടെ ഏറ്റവും വലിയ ഡോക്ടർ ആരാണ്, നമുക്കൊന്ന് കാണണം."
ജ്ഞാനപ്രകാശൻ ഹാജിയാരെ ഒന്ന് കളിപ്പിക്കുവാനായി പറഞ്ഞു, "പ്രിൻസിപ്പലാണ് ഇവിടുത്തെ ഏറ്റവും വലിയ ഡോക്ടർ, അനന്ത നായായണൻ സാർ. ഏതു സുഖക്കേടും മാറ്റി തരും. പക്ഷെ കോളേജിൽ പോകേണ്ടി വരും."
അനന്തനാരായണൻ സാർ മൈക്രോബയോളജി ആണ്, ക്ലിനിക്കൽ മെഡിസിൻ ഒന്നും അറിയില്ല, അവിടെ പോയി ഒന്ന് ചമ്മട്ടെ, പ്രിൻസിപ്പാളിനെ ഒന്ന് ചമ്മിക്കുകയും ചെയ്യാം എന്നൊക്കെ ആണ് ഞാനപ്രകാശൻ മനസ്സിൽ കരുതിയത്.
ഹാജിയാർ ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് മെഡിക്കൽ കോളേജിലേക്ക് പോയി.
പ്രിൻസിപ്പലിന്റെ മുറിയിൽ കടന്നതും കുട ഒരു അരികിൽ ചാരി വച്ചു. തലയിൽ കെട്ടഴിച്ചു കയ്യിലേന്തി, പ്രിൻസിപ്പൽ ആംഗ്യം കാണിച്ചപ്പോൾ കസേരയിൽ ഇരുന്നു. സഹായിയായി വന്ന ചെറുപ്പക്കാരൻ ഹാജിയാരുടെ പുറകിൽ നിൽപ്പുറപ്പിച്ചു.
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിഭാശാലിയും, വാഗ്മിയും, കറ കളഞ്ഞ വ്യക്തിത്വവും ഉള്ള അധ്യാപകനാണ് അനന്ത നാരായണൻ സാർ. ഏറ്റവും ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്. രാമചന്ദ്രൻ സാറും, ഗഫൂർ സാറുമെല്ലാം വില കൂടിയ കാറിൽ രാജകീയമായി വന്നിറങ്ങുമ്പോൾ, അനന്തനാരായണൻ സാർ എന്നും ഒരു പഴയ സൈക്കിളിൽ ആണ് വന്നിരുന്നത്. അദ്ദേഹത്തിന്റെ മാഹാത്മ്യം അടുത്ത ഏതാനും നിമിഷങ്ങൾക്കുള്ളിൽ നിങ്ങള്ക്ക് മനസ്സിലാവും.
സാർ സൗമ്യ സ്വരത്തിൽ ചോദിച്ചു, "എന്താ പേര്?"
"കൊറച്ചു ദൂരത്തു വയനാട്ടിൽ നിന്നാണ്, ചേക്കുട്ടിഹാജി."
എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോൾ അങ്ങോട്ടൊരു ചോദ്യമാണ് ഹാജിയാർ ചോദിച്ചത്,
"ഇങ്ങളെന്താ ആസ്പത്രിയുടെ പണി മുഴുമനാക്കത്തത്?"
ഒറ്റ നോട്ടത്തിൽ ഒരു വ്യക്തിയെ അളന്നു മുറിച്ചു മനസ്സിലാക്കുവാൻ കഴിവുള്ള ആളാണ് അനന്തനാരായണൻ സാർ. ഹാജിയാരുടെ ഉദ്ദേശശുദ്ധിയും, മഹത്വവും മനസ്സിലാക്കിയ സാർ മെഡിക്കൽ കോളേജ് പണി തുടങ്ങിയത് മുതലുള്ള ബുദ്ധിമുട്ടുകളും സാമ്പത്തികമായി നേരിട്ട ഞെരുക്കങ്ങളും ഹാജിയാരെ പറഞ്ഞു മനസ്സിലാക്കി.
ഹാജിയാർ പറഞ്ഞു,
"ഞാനൊരു കാര്യം പറഞ്ഞാൽ ഒന്നും തോന്നരുത്. പണി മുഴുമനാക്കാനുള്ള കാശ് നമ്മള് തരാം. അതിനൊരു കാര്യമുണ്ട്. എന്റെ മകൾ ജാസ്മിൻ, കഴിഞ്ഞ കൊല്ലം ഇവിടെ അഡ്മിഷൻ കിട്ടിയതായിരുന്നു. ചേരണെന് മുമ്പൊരു പനി. രണ്ടാം ദിവസം ബോധം പോയി, എളക്കം തുടങ്ങി. ഇങ്ങോട്ടു വരണ വഴിക്ക് എല്ലാം കഴിഞ്ഞു."
ഹാജിയാർ തല താഴ്ത്തി ഏറെ നേരം മൗനമായി ഇരുന്നു. സാർ ഹാജിയാർ പറയുന്നത് കേൾക്കുവാൻ കാത്തിരുന്നു.
"കഴിഞ്ഞയാഴ്ച ഞാൻ എന്റുമ്മാനേം കൂട്ടി ഈ ആസ്പത്രി കാണാൻ വന്നു. അപ്പോഴാ പണി തീരാതെ കിടക്കണ ബിൽഡിംഗ് കണ്ടത്. ഉമ്മ പറഞ്ഞിട്ടാ ഞാനിന്നു വന്നത്. എത്ര ഉറുപ്പ്യ ആകും പണി തീർക്കാൻ?"
അന്തനാരായണൻ സാർ എക്സിക്യൂട്ടീവ് എഞ്ചിനീയർ, സൂപ്രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ - ഇവരെയെല്ലാം വിളിച്ചു വരുത്തി.
പൊതുവെ മലബാറിൽ ഹാജിയാരുടെ സമുദായത്തിൽ പൈസ ബാങ്കിലിടാൻ പാടില്ല എന്നൊരു ധാരണയുണ്ട്. അതുകൊണ്ടു സാർ പറഞ്ഞു, "മുപ്പത് ലക്ഷം വരും. രൂപയായി തന്നാൽ എനിക്ക് സ്വീകരിക്കാൻ കഴിയില്ല."
അന്ന് ഞങ്ങൾക്ക് ഒരു മാസത്തെ മെസ്സ് ഡ്യൂസ് 35 രൂപ. അപ്പോൾ 30 ലക്ഷത്തിന്റെ വലുപ്പം ഊഹിക്കാവുന്നതേ ഉള്ളു.
ഹാജിയാർ എല്ലാത്തിനും വ്യക്തതയുള്ള ആളായിരുന്നു.
"അതിനെന്താ, കിട്ടണ കാശ് ഞാൻ ബാങ്കിലിടുന്നുണ്ട്. കൃത്യമായി ടാക്സ് കൊടുക്കുന്നൂണ്ട്."
മുപ്പതു ലക്ഷത്തിന്റെ ചെക്ക് എഴുതി കൊടുത്തിട്ടാണ്ഹാജിയാർ പോയത്. പോകുന്നതിനു മുൻപ് ഹാജിയാർ പറഞ്ഞു,"ബാങ്കിലേക്കൊന്ന് വിളിച്ചു നോക്കിക്കോളൂ, ചെക്ക് മടങ്ങുമോ എന്ന്. "അനന്തനാരായണൻ സാർ പറഞ്ഞു,"അതിന്റെ ആവശ്യമില്ല. ഒരാളെ കണ്ടാൽ അയാളുടെ സത്യം എനിക്ക് മനസ്സിലാവും.”
ആസ്പത്രിയുടെ പണി കഴിഞ്ഞതിനു ശേഷം അനന്തനാരായണൻ സാർ സൂപ്രണ്ടിനേയും കൂട്ടി ചേക്കുട്ടി ഹാജിയെ കാണുവാൻ പോയി. ബത്തേരി വരെ ബസ്സിൽ. അവിടെ നിന്നും ടാക്സിയിൽ. '' പോകുന്ന വഴി ടാക്സി ഡ്രൈവർ പറഞ്ഞു,
"ഈ കാണുന്ന തോട്ടങ്ങളെല്ലാം ചേക്കുട്ടി ഹാജിയുടെയാണ്. ഇക്കണ്ട സ്വത്തൊക്കെ ചേക്കുട്ടി ഹാജീടെ വാപ്പ ഉണ്ടാക്കീതാ. നല്ല മനുഷ്യൻ. ഹാജിയാരുടെ സഹായം കിട്ടാത്തവർ ഇവിടെ ആരുമില്ല."
അനന്തനാരായണൻ സാർ വിരുന്നു ചെന്നത്, ഹാജ്യാർക്ക് ഏറെ സന്തോഷമായി....
✍🏾 Dr.Radhakrishnan
ഒരു സമുദായത്തിനെതിരെ ഉൽബുദ്ധ കേരളത്തിൽ പോലും വെറുപ്പും വിദ്വേഷവും നിരന്തരം ചർദ്ദിക്കുകയും അത് ചിലർ വാരി തിന്നുകയും ചെയ്യുമ്പോൾ ഇത് കൂടി എല്ലാവരും അറിയണം.
-കടപ്പാട് -