10/09/2023
കാശ്മീരിൽ നിന്ന് തുടങ്ങിയ എസ് എസ് എഫ് സംവിധാൻ യാത്ര 21 സംസ്ഥാനങ്ങളിലെ സ്വീകരണം പിന്നിട്ട് ഇന്ന് ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ സമാപിക്കുകയാണ്. എസ്എസ്എഫ് കർണാടക സംസ്ഥാന വിദ്യാർത്ഥി സമ്മേളനവുമാണിന്ന്. ഈ ചരിത്ര മുഹൂർത്തത്തിൽ സംബന്ധിക്കാനായി ബംഗളൂരുവിൽ എത്തിയതാണിപ്പോൾ. 1973 ൽ കേരളത്തിലെ ഗ്രാമങ്ങളിൽ നിന്ന് തുടങ്ങി, ഇന്ന് ഇന്ത്യ മുഴുവൻ സാന്നിധ്യം അറിയിച്ച വിദ്യാർത്ഥി സംഘടനയായി എസ് എസ് എഫ് വളർന്നു കഴിഞ്ഞു. ആ വളർച്ചയുടെ ആഴവും പരപ്പും വിളിച്ചറിയിക്കുന്ന സ്വീകരണങ്ങളാണ് സംവിധാൻ യാത്രക്ക് വിവിധ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ ലഭിച്ചതെന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ട്. കേരളത്തിലെ സുന്നി സംഘടനകളും ഉലമാക്കളും സാധിച്ച ഈ സാമൂഹിക മുന്നേറ്റത്തിന് ദേശീയ തലത്തിൽ കിട്ടുന്ന സ്വീകാര്യത കാണുമ്പോൾ വളരെയേറെ ഊർജവും ഉന്മേഷവും തോന്നുന്നു.
1965 ലാണ് ഞാൻ ആദ്യമായി ഉത്തരേന്ത്യയിലേക്ക് യാത്ര ചെയ്യുന്നത്. അജ്മീരിലേക്കുള്ള ആ യാത്രയിൽ ബോംബയിൽ രണ്ടു മൂന്നു ദിവസം തങ്ങി. കോഴിക്കോട്ടെ എന്റെ ആദ്യകാല സുഹൃത്തുക്കളിൽ ഒരാളും എസ് വൈ എസിൽ ദീർഘകാലം സഹപ്രവർത്തകനുമായിരുന്ന കെ എം മുഹമ്മദ് കോയ മാത്തോട്ടം ആയിരുന്നു എന്റെ സഹയാത്രികൻ. വെല്ലൂർ ബാഖിയാത്തിൽ നിന്നും പഠനം പൂർത്തിയാക്കി മുദർരിസ് ആയി സേവനം തുടങ്ങി ഒരു വർഷം പൂർത്തിയായിട്ടേ ഉണ്ടായിരുന്നുള്ളു. വാർഷികാവധിക്ക് ദർസ് അടച്ച സമയത്താണ് യാത്ര. 1954 ൽ താനൂർ ഇസ്‌ലാഹുൽ ഉലൂം മദ്രസയിൽ വെച്ച് നടന്ന സമസ്ത ഇരുപതാം വാർഷിക സമ്മേളനത്തിൽ ഒരു യുവജന സംഘടന രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ അതിനു വേണ്ടി തിരഞ്ഞെടുത്ത അഞ്ചംഗ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു കെ എം മാത്തോട്ടം. സംഘടനാപരമായ ചില ചുമതലകൾ നിർവഹിക്കാൻ കൂടി ഉദ്ദേശിച്ചായിരുന്നു ആദ്യത്തെ ഈ ഉത്തരേന്ത്യൻ യാത്ര. സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ മുഖ പത്രമായിരുന്ന സുന്നി ടൈംസിനു പുറമെ അറബി മലയാളത്തിൽ മറ്റൊരു പ്രസിദ്ധീകരണം കൂടി ആരംഭിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുന്നത് 1965 ലാണ്. കെ വി മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ മുമ്പ് തിരൂരിൽ നിന്നും പ്രസിദ്ധീകരിച്ച, പിന്നീട് നിലച്ചു പോയ അൽ ബുർഹാൻ മാസിക ഏറ്റെടുത്തു നടത്താം എന്നതായിരുന്നു എസ് വൈ എസിന്റെ ആലോചന. മാസികക്കു ഉത്തരേന്ത്യൻ മലയാളികളിൽ നിന്നും വരിക്കാരെ കണ്ടെത്തലായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഒരു പക്ഷെ, കേരളത്തിലെ ഒരു സുന്നി സംഘടനയുടെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ നടന്ന ആദ്യകാല പ്രവർത്തനങ്ങളിൽ ഒന്ന് ഇതായിരിക്കണം. കൂത്തുപറമ്പുകാരനായ അബു ഹാജിയായിരുന്നു വരിക്കാരെ കണ്ടെത്താൻ ഞങ്ങളെ സഹായിച്ചത്. ബോംബെയിലെ അദ്ദേഹത്തിന്റെ ആതിഥ്യം ഇന്നലെയെന്നപോലെ ഓർമ്മയിൽ നിൽക്കുന്നുണ്ട്. സുന്നി ടൈംസിനും അൽ ബുർഹാൻ മാസികകക്കും നിരവധിപേരെ ആ യാത്രയിൽ വരി ചേർത്തു.
പിന്നീട്, 1976 ൽ സമസ്തയുടെ സെക്രട്ടറിയായിരുന്ന കാലത്ത്, സമസ്തയുടെ പ്രവർത്തനങ്ങൾ അഖിലേന്ത്യാ തലത്തിൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചപ്പോൾ വാണിയമ്പലം അബ്ദുറഹിമാൻ മുസ്‌ലിയാരെയും, ഇ കെ അബൂബക്കർ മുസ്‌ലിയാരെയും എന്നെയും ആണ് അതിനു ചുമതലപ്പെടുത്തിയത്. ആ തീരുമാനത്തിന്റെ ഭാഗമായും നിരവധി യാത്രകൾ നടത്തുകയുണ്ടായി. ഉത്തരേന്ത്യയിൽ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സുന്നി സംഘടനകളെയും ഉലമാക്കളെയും കണ്ടെത്തി അവരുടെ ഒരു ദേശീയ കൂട്ടായ്മ രൂപീകരിക്കാൻ കഴിയുമോ എന്നതിൽ ആയിരുന്നു ഞങ്ങളുടെ ശ്രദ്ധ. ഇതേ വർഷം കോഴിക്കോട് ടൗൺ ഹാളിൽ ചേർന്ന സുന്നി യുവജന സംഘം ജനറൽ ബോഡിയിലേക്ക് കേരളത്തിനു പുറത്തു നിന്നും പ്രതിനിധികളെ ക്ഷണിക്കാനും ഓൾ ഇന്ത്യാ സുന്നി യുവജന സംഘം രൂപീകരിക്കാനും തീരുമാനിച്ചു. പിന്നീട് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അതിനു വേണ്ടി ഒരു പ്രത്യേക കമ്മിറ്റിയെ തന്നെ ചുമതലപ്പെടുത്തി. അതിലും ചില ഉത്തരവാദിത്വങ്ങൾ വഹിക്കാനുണ്ടായിരുന്നു. മർകസിന്റെ പ്രചരണാർത്ഥം 1970 കളുടെ അവസാനത്തിൽ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നടത്തിയ യാത്രകളാണ് ഈ വഴിക്കുണ്ടായ മറ്റൊരു പരിശ്രമം. കെ പി ഉസ്മാൻ സാഹിബ്, ഐ സി എസ് ബീരാൻ മുസ്‌ലിയാർ എന്നിവരോടൊപ്പവും ചില യാത്രകൾ നടത്തിയിരുന്നു. കൂടുതൽ മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന കേന്ദ്രമെന്ന നിലയിൽ അലിഗഢ് കേന്ദ്രീകരിച്ച് എൺപതുകളുടെ അവസാനത്തിൽ തന്നെ മുസ്‌ലിം വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചിരുന്നു. അതിന്റെ ആദ്യകാല യോഗങ്ങളിലും സംബന്ധിക്കാനായീട്ടുണ്ട്. ഈ യാത്രകളിലെല്ലാം അതത് പ്രദേശങ്ങളിലെ സമൂഹികാവസ്ഥ മനസ്സിലാക്കുകയും പുരോഗതിക്കാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ സ്വദേശികളായ പണ്ഡിതരെയും സമ്പന്നരെയും കണ്ട് ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. പിൽകാലത്ത് കശ്മീർ, പഞ്ചാബ്, ഡൽഹി, ഗുജറാത്ത്, വെസ്റ്റ് ബംഗാൾ, ആസാം എന്നിവിടങ്ങളിലും സന്ദർശിക്കുകയും വിവിധ ഉദ്യമങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.
1979 ൽ തന്നെ സമസ്തക്ക് കർണാടകയിൽ കമ്മറ്റി ഉണ്ടായിട്ടുണ്ട്. മംഗലാപുരം ബദ്‌രിയ്യ ഹൈസ്‌കൂളിൽ വെച്ചു നടന്ന വിപുലമായ ഒരു സമ്മേളനത്തിൽ ഉള്ളാൾ സയ്യിദ് അബ്ദുറഹിമാൻ കുഞ്ഞിക്കോയ തങ്ങൾ ആണ് കർണാടക ജംഇയ്യത്തുൽ ഉലമ നിലവിൽ വന്നതായും പുതിയ ഭാരവാഹികളെയും പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലെ പണ്ഡിതന്മാരുമായി സമസ്തക്ക് നേരത്തെ തന്നെ ബന്ധം ഉണ്ടായിരുന്നു. ഈ ശ്രമങ്ങളുടെയെല്ലാം ഭാഗമായാണ് നേരത്തെ നിലവിലുണ്ടായിരുന്ന ഓൾ ഇന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയെ സമസ്തയുടെ കൂടെ പിന്തുണയോടെ പുനഃസംഘടിപ്പിച്ചു വിപുലീകരിക്കാനുള്ള വഴിയൊരുക്കിയത്. 1963 ൽ തന്നെ ഓൾ ഇന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ പതാക, അതിലുള്ള എഴുത്ത് ഒഴിവാക്കി സ്വന്തം പതാകയാക്കി സ്വീകരിക്കാൻ സമസ്ത തീരുമാനമെടുത്തിരുന്നു. അതാണ് സമസ്ത ഇപ്പോഴും അതിന്റെ ഔദ്യോഗിക പതാകയായി ഉയർത്തിപ്പിടിക്കുന്നത്.
പിന്നീട് ഓൾ ഇൻഡ്യാ മുസ്‌ലിം എഡ്യൂക്കേഷണൽ ബോർഡ് സ്ഥാപിച്ചു വിവിധ ഭാഷകളിൽ മദ്രസാ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. മർഹൂം ശാഹുൽ ഹമീദ് ബാഖവി ശാന്തപുരത്തിന്റെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന ജാഗരണ പ്രവർത്തനങ്ങളാണ് സംഘടനക്ക് താഴേതട്ടിൽ സ്വാധീനം ഉണ്ടാക്കിയെടുക്കാൻ സഹായിച്ചത്. ഓർക്കേണ്ട മറ്റൊരാൾ മർഹൂം പി എം കെ ഫൈസിയാണ്. ഇന്നിപ്പോൾ ഓരോ സംസ്ഥാനത്തെയും പ്രധാന കേന്ദ്രങ്ങളിൽ എല്ലാം തന്നെ നമ്മുടെ പ്രസ്ഥാനത്തിന് സാന്നിധ്യവും സ്ഥാപനങ്ങളും ഉണ്ട്. ഗുജറാത്തിലും രാജസ്ഥാനിലും കാശ്മീരിലും ഡൽഹിയിലും പഞ്ചാബിലും ഹരിയാനയിലും മധ്യപ്രദേശ് തുടങ്ങി ബീഹാർ, പശ്ചിമ ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലെല്ലാം നമുക്ക് കേരളത്തിനേത് സമാനമായ സംഘടനാ സംവിധാനം വിപുലപ്പെട്ടു വരുന്നുണ്ട്. എസ് എസ് എഫ് സാഹിത്യോത്സവുകൾ ഇന്ന് ഉത്തരേന്ത്യയിലെ ഓരോ ഗ്രാമങ്ങളിലും ആഘോഷ പൂർവ്വം നടക്കുന്നു. നമ്മുടെ യുവതലമുറ രൂപപ്പെടുത്തിയ വിവിധ സന്നദ്ധ സംഘടനകൾ ഓരോ ഗ്രാമങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ച് വളരെ ഭംഗിയായ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നു.
അറുപതുകളിൽ തുടക്കം കുറിച്ച ഒരു പരിശ്രമത്തിന്റെ തുടർച്ച എന്ന നിലക്കാണ് എസ് എസ് എഫിന്റെ സംവിധാൻ യാത്രയെ ഞാൻ കാണുന്നത്. ആ പരിശ്രമങ്ങൾ കൂടുതൽ കൂടുതൽ വിജയങ്ങളിലേക്ക് എത്തുന്നതിലുള്ള സന്തോഷം നിങ്ങളോടെല്ലാം പങ്കുവെക്കാനാണ് ഒരു ദീർഘ ചരിത്രം ഹൃസ്വമായി ഇവിടെ എഴുതിയത്. കൂടുതൽ അനുഭവങ്ങൾ മറ്റൊരു സന്ദർഭത്തിൽ പങ്കുവെക്കാം. നമ്മുടെ പരിശ്രമങ്ങൾ വെറുതെയായില്ലല്ലോ എന്ന സന്തോഷമുണ്ട്. അൽഹംദുലില്ലാഹ്. നിരവധി പേരെ ഇപ്പോൾ ഓർക്കാനുണ്ട്. ഈ പ്രയാണത്തിന്റെ ഭാഗമായ ഏവർക്കും പ്രതിഫലം ലഭിക്കട്ടെ, നമ്മുടെ പ്രവർത്തങ്ങൾ അല്ലാഹു സ്വീകരികട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ മുന്നേറ്റങ്ങൾ വലിയ ലക്ഷ്യത്തിൽ എത്തുകതന്നെ ചെയ്യും. ഇൻശാ അല്ലാഹ്.