28/12/2018
Syed Shiyaz Mirza
കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി എന്ന വക്കം അബ്ദുൽ ഖാദർ മൗലവി. അഞ്ചുതെങ്ങിൽ നിന്ന് സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിച്ചത് വക്കം മൗലവി ആയിരുന്നു.
ജീവിതരേഖ:
1873 ജനനം
1905 'സ്വദേശാഭിമാനി' തുടങ്ങി
1906 'മുസ്‌ലിം' മാസിക തുടങ്ങി
1910 'സ്വദേശാഭിമാനി' നിരോധിച്ചു;
1918 'അൽ ഇസ്‌ലാം' തുടങ്ങി
1921 ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിൽ
1923 മുസ്‌ലിം ഐക്യസംഘം രൂപീകരിച്ചു
1925 ഗാന്ധിജിയെ സന്ദർശിച്ചു
1932 മരണം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന സ്ഥലത്ത് 1873-ൽ ജനിച്ചു. മൗലവിയുടെ പിതാവിൻറെ മാതൃകുടുംബം മധുരയിൽനിന്നും തെക്കൻ തിരുവിതാംകൂറിലെ കുളച്ചൽ, കളീക്കരയിൽ വന്ന് താമസിച്ചിരുന്നവരാണ്. ഇദ്ദേഹത്തിന്റെ പിതാവിന്റെ മാതൃകുടുംബം മധുര സുൽത്താനേറ്റിലെ ഒരു ഖാസിയുടെ തലമുറയാണ്. മൗലവിയുടെ മാതാവ് ഹൈദരബാദിൽനിന്നും തിരുവിതാംകൂറിൽ വന്നു താമസമാക്കിയ ഒരു കുടുംബത്തിൽ പെട്ടവരാണ്. ആ കുടുംബത്തിലെ പല അംഗങ്ങളും തിരുവിതാംകൂർ ഗവൺമെന്റിന്റെ പട്ടാളവകുപ്പിൽ ഉദ്യോഗം വഹിച്ചിരുന്നു.
അബ്ദുൽഖാദർ മൗലവി അറബി, ഹിന്ദുസ്ഥാനി, തമിഴ്, പേർഷ്യൻ, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി. മുസ്‌ലിംകളുടെ സാമൂഹികോന്നതിക്കും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാള പത്രപ്രവർത്തനമേഖലയിൽ അദ്ദേഹത്തിന്റെ സ്വദേശാഭിമാനി പത്രം ശ്രദ്ധേയമായിരുന്നു.
പത്രപ്രവർത്തനരംഗത്ത്:
1905 ജനുവരി 19ന് സ്വദേശാഭിമാനിപത്രം പുറത്തിറക്കി. ബ്രിട്ടിഷ് കോളനിയായിരുന്ന അഞ്ചുതെങ്ങിൽ നിന്നുമാണ് സ്വദേശാഭിമാനി പത്രവും പ്രസ്സും പ്രവർത്തനം ആരംഭിച്ചത്. ചിറയിൻകീഴ് സ്വദേശി സി.പി. ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യത്തെ പത്രാധിപർ. 1906-ൽ സ്വദേശാഭിമാനിയുടെ പ്രവർത്തനം വക്കത്തേക്കു മാറ്റപ്പെട്ടു. കെ. രാമകൃഷ്ണപിള്ളയെ ആണ് മൗലവി അപ്പോൾ സ്വദേശാഭിമാനിയുടെ പത്രാധിപരായി തിരഞ്ഞെടുത്തത്. 1907-ൽ രാമകൃഷ്ണപിള്ളയുടെ വിദ്യാഭ്യാസസൌകര്യത്തിനുവേണ്ടി അദ്ദേഹത്തിന്റെ അഭീഷ്ടപ്രകാരം സ്വദേശാഭിമാനി തിരുവനന്തപുരത്തേക്കു മാറ്റപ്പെട്ടു. 1910 സെപ്റ്റംബർ 26-ന് രാമകൃഷ്ണപിള്ളയെ സർക്കാർ ഒരു വിളംബരംമൂലം നാടുകടത്തുകയും പ്രസ് കണ്ടുകെട്ടുകയും ചെയ്തു. കേരളത്തിലെന്നല്ല ഇന്ത്യയിലെങ്ങും ഇത്ര സുധീരമായി പ്രവർത്തനം നടത്തിയിട്ടുള്ള പത്രങ്ങൾ അധികമുണ്ടാകില്ല. സർക്കാർ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് 1958-ലാണ് മൗലവിയുടെ അവകാശികൾക്ക് തിരിച്ചുകൊടുത്തത്.
നവോത്ഥാനരംഗത്ത്:
ചെമ്പഴന്തി ഗ്രാമക്കാരനായിരുന്ന ശ്രീനാരായണഗുരുവുമായി ഗാഢബന്ധമുണ്ടായിരുന്നു മൗലവിക്ക്. വീട്ടിലെ പതിവു സന്ദർശകനും അച്ഛന്റെ സുഹൃത്തുമായിരുന്നു നാരായണഗുരു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും ദൈന്യതയുമാണ് വക്കം മൗലവിയെ പൊതുരംഗത്തേക്കും നവോത്ഥാന പ്രവർത്തനങ്ങളിലേക്കും നയിച്ചത്. പഠിച്ച് സ്വതന്ത്രരാകാനും സംഘടിച്ച് ശക്തരാകാനും നാരായണഗുരുവിന്റെ മാതൃകയിൽ മൗലവി മുസ്‌ലിംകളോട് ആവശ്യപ്പെട്ടു.
ഈജിപ്ഷ്യൻ നവോത്ഥാന നായകന്മാരായ മുഹമ്മദ് അബ്ദു, റഷീദ് രിദ എന്നിവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് മൗലവി തിരുവിതാംകൂറിലേയും, മലബാറിലേയും നവോത്ഥാനരംഗത്തേക്ക് കടന്നുവന്നത്.
സ്വദേശാഭിമാനിക്കുശേഷം മൗലവി മുസ്‌ലിം സമുദായത്തിന്റെ സാംസ്കാരിക നവോത്ഥാനത്തെ ലക്ഷ്യമാക്കി 1906 ജനുവരിയിൽ മുസ്‌ലിം, 1918-ൽ അൽ ഇസ്‌ലാം. 1931-ൽ ദീപിക എന്നീ മാസികകൾ പ്രസിദ്ധപ്പെടുത്തി. അബ്ദുൽഖാദർ മൗലവി കേരളീയ മുസ്‌ലിം സമുദായത്തിലെ ഒരു സാമൂഹികപരിഷ്കർത്താവായി അറിയപ്പെടുന്നു. അറബി-മലയാള ലിപി പരിഷ്കരണത്തിന് അൽ ഇസ്‌ലാം മാസികവഴി ഇദ്ദേഹം വലിയ സേവനം നിർവഹിച്ചു. തിരുവിതാംകൂർ മുസ്‌ലിം മഹാസഭ, ചിറയിൻകീഴ് താലൂക്ക് മുസ്‌ലിം സമാജം തുടങ്ങിയ സംഘങ്ങൾ മൗലവി സ്ഥാപിച്ചു. തിരുവിതാംകൂർ ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്ന അറബിക് ബോർഡിന്റെ ചെയർമാനായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മരണം:
അബ്ദുൽഖാദർ മൗലവി, ഉദരരോഗം മൂലം 1932-ൽ നിര്യാതനായി.